"എത്രാം ക്ലാസ്സിലാ മോനെ പഠിക്കുന്നെ?" എന്ന ചോദ്യത്തിന് മറുപടിയായി ഞാന്‍
"ഏഴി" എന്നു പറഞ്ഞുനടന്നിരുന്ന കാലം.
അഥവാ ...
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുപിടിച്ച പരിപാടി ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷ പാസ്സാകുക എന്നുള്ളതല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, വേണമെങ്കില്‍ പറയുന്നവനിട്ട് ഒരു തല്ല് കൊടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്ന കാലം...( പറയുന്ന ആളുടെ സൈസിനും ആരോഗ്യത്തിനും അനുസരിച്ച് മാത്രം)
സ്കൂളിലെ ഏറ്റവും വലിയ അടികാരനും ദേഷ്യക്കാരനും, അന്നത്തെ ഞങ്ങളുടെ ക്ലാസ് ടീച്ചറും, കുട്ടികളുടെയെല്ലാം പേടിസ്വപ്നവും ആയിരുന്ന വിനോദ് സാര്‍ ആയിരുന്നു ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് എന്നത് മാത്രമല്ല ഇംഗ്ലീഷ് പരീക്ഷയെ ഞാന്‍ ഇത്രയധികം പേടിക്കാന്‍ കാരണം ...
പിന്നെന്താ ??? ഇംഗ്ലീഷില്‍ ഞാന്‍ അന്നും (ഇന്നും) ഒരു പുപ്പുലിയായിരുന്നു.. അതു തന്നെ....
പരീക്ഷ, അത് ഓണപ്പരീക്ഷയാകട്ടെ, ക്രിസ്തുമസ് പരീക്ഷയാകട്ടെ, വെറുമൊരു ടെസ്റ്റ് പേപ്പര്‍ ആകട്ടെ... അത് വിനോദ് സാറിന്റെ വിഷയത്തിന്റെയാണെങ്കില്, പരീക്ഷ കഴിഞ്ഞ് ക്ലാസ്സ് ഉള്ള ആദ്യ ദിവസം തന്നെ, ആന്‍സര്‍ പേപ്പറും ഒപ്പം മാര്‍ക്ക് കുറഞ്ഞവര്‍ക്കുള്ള അടിയും ഉറപ്പ്...
അതായിരുന്നു അവസ്ഥ... ആണ്‍കുട്ടികള്‍ക്കു തുടയില്‍ അടി കിട്ടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അതു കയ്യില്‍ ആയിരിക്കുമെന്നു മാത്രം...
സംഭവ ബഹുലമായ ആ വര്‍ഷത്തെ ഓണപ്പരീക്ഷയ്ക്ക് ശേഷം ഓണാഘോഷവും, കളികളും എല്ലാം കഴിഞ്ഞ് സ്കൂള്‍ തുറന്നു. (ആ ഓണപ്പരീക്ഷ സംഭവ ബഹുലമായതെങ്ങനെയെന്നു അടുത്തൊരു പോസ്റ്റില്‍ പറയാം..)
ഫസ്റ്റ് പീരീഡ് തന്നെ സാര്‍ എത്തി. പരീക്ഷാപേപ്പറും അതിനു എസ്കോര്‍ട്ടായി വരുന്ന ചൂരലും ഒന്നും പക്ഷേ സാറിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.!!!!
... സ്കൂള്‍ തുറന്ന ദിവസം സാര്‍ വടിയും ആന്‍സര്‍ പേപ്പറും ഇല്ലാതെ വരുന്നത് , ആദ്യ സംഭവമാണ്!!!
എന്താണ് കാര്യം എന്നു മനസിലായില്ല....
സാര്‍ നന്നാവാന്‍ തീരുമാനിച്ചോ... അതോ ഞങ്ങളെ നന്നാക്കുന്നത് നിര്‍ത്തിയോ??...
എന്തായാലും ആശ്വാസം...
അറ്റന്റന്‍സ് എടുത്ത ശേഷം, സാറ് ക്ലാസ്സിലെ ബാക്ക് ബഞ്ചു കാരുടെ അഭിമാനഭാജനമായ ഹംസയെ അടുത്ത് വിളിച്ചു. ഒരു 50 രൂപ നോട്ട് അവന്റെ കയ്യില്‍ കൊടുത്തു.
പരീക്ഷക്ക് രണ്ടക്കമല്ല, രണ്ട് മാര്‍ക്ക് പോലും കിട്ടില്ലെന്ന് 150 ശതമാനം ഉറപ്പുള്ള ആ മാന്യദേഹം വിനീത വിധേയനായി സാറിനോട് ഇങ്ങനെ ചോദിച്ചു.
"എനിക്കാണോ സാറേ ക്ലാസ്സില്‍ ഫസ്റ്റ്? അതിന്റെ സമ്മാനമായിരിക്കും അല്ലേ ഇത്?"
[അദ്ധ്യാപകരുടെ അടുത്ത്, തമാശ പറയാനും നമ്പറിടാനുമെല്ലാം ധൈര്യമുള്ള ഒരേയൊരു കുട്ടിയാണ് ഹംസ എന്നകാര്യം സമ്മതിക്കാതെ വയ്യ. കാരണം ഞങ്ങള്‍ വെറും രണ്ടര വര്‍ഷമായി കാണുന്ന അദ്ധ്യാപകരെ ഒക്കെ അവനു നാലര വര്‍ഷമായി അറിയാം. (രണ്ട് കൊല്ലം തോറ്റതു കൊണ്ടുള്ള ഒരു ചെറിയ പ്രയോജനം.)]
പക്ഷേ ഹംസയുടെ ഉരുളക്ക് സാറിന്റെ ഉപ്പേരി ഉടന്‍ തന്നെ എത്തി.
"ഇത് സമ്മാനമല്ല... പക്ഷേ, നിനക്കൊക്കെ ഒരു ഫസ്റ്റ് സമ്മാനം തരാന്‍ വേണ്ടിയാ ആ കാശ്. നാളെ രാവിലെ വീട്ടില്‍ നിന്ന് വരുന്ന വഴി ഈരാറ്റുപേട്ട മാര്‍ക്കറ്റില്‍ നിന്നും നല്ല ഒരു ചൂരല്‍ വാങ്ങിക്കൊണ്ട് വരണം."
അപ്പൊ അതാണ് കാര്യം. ഓണം ഒക്കെ കഴിഞ്ഞതല്ലേ. നല്ല ഫ്രഷ് ചൂരലുവെച്ച് കലാപരിപാടി തുടങ്ങാം എന്നു കരുതിയാണ് സാര്‍ പേപ്പര്‍ കൊണ്ടുവരാത്തത്.
"നാളെ ഇത് മറന്നെന്നും പറഞ്ഞിങ്ങ് വന്നാല്‍ നീ എന്റെ കയ്യീന്ന് മേടിക്കും" സാര്‍ കൂടച്ചേര്‍ത്തു.
അദ്ധ്യാപകര്‍ക്ക് ഇത്തരം സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നതു ഹംസയുടെ ഒരു വീക്ക്നെസ്സ് തന്നെയാണ്... ഇനി അങ്ങനെയല്ലെങ്കിലും ഹംസ ഇക്കാര്യം മറക്കില്ലെന്ന് എല്ലാവര്ക്കും ഉറപ്പായിരുന്നു. അതിനു കാരണമുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, എല്ലാ ദിവസവും പീരീഡൊന്നിന് മിനിമം മൂന്ന് അടി വെച്ച് കണ്‍സിസ്റ്റന്റ് ആയി വാങ്ങിപ്പോരുന്ന, ഒരു അടിക്കുപകരം ഒരു രൂപ എന്നകണക്കിലായിരുന്നു കിട്ടിയിരുന്നതെങ്കില്‍ ആ ചെറു പ്രായത്തില്‍ തന്നെ കുറഞ്ഞത് ഒരു ഡബിള്‍ ലക്ഷാധിപതി എങ്കിലും ആയിത്തീരേണ്ടിയിരുന്ന ആ മൊതലിനെ സംബന്ധിച്ചടത്തോളം , ഈ ഒരു ചെറിയ ചൂരല്‍ വാങ്ങിക്കാതെ വരുന്നതുകൊണ്ട്, റ്റാറ്റായുടെ എസ്റ്റേറ്റിലെ ഒരു തേയിലയുടെ തല ആട് തിന്നാല്‍, പുള്ളിയുടെ(ആടിന്റെയല്ല) വരുമാനത്തില്‍ ഉണ്ടാവുന്ന വ്യത്യാസമേ ഉണ്ടാകാന്‍ പോകുന്നുള്ളു എന്നതായിരുന്നു സത്യം...
അത് മാത്രമല്ല മറന്നിട്ടു വന്നാല്‍ വേറെ അടികിട്ടും എന്നും പറഞ്ഞിട്ടുണ്ട്..
എങ്കില്‍ പിന്നെ നല്ല അന്തസ്സായിട്ട്, പുതിയ ചൂരല്‍കൊണ്ട് തല്ലു കൊണ്ടുകൂടെ...
വടിയും അടിയും നാളെ എത്തും എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഉള്പ്പേടിക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ ഉടായിപ്പ് ഉദ്ദേശം മനസ്സിലാക്കിയിട്ടെന്നവണ്ണം, സാര്‍ ഇത്രയും കൂടി പറഞ്ഞു.
"നാളെ പനിയാണെന്നോ വല്ലോം പറഞ്ഞ് വരാതിരിക്കാന്‍ ആര്‍ക്കെങ്കിലും പരിപാടിയുണ്ടെങ്കില്‍, അവര്‍ പിന്നെ വീട്ടില്‍ നിന്നും ആളെ കൂട്ടിക്കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാമതി."
ഹും.. വീട്ടില്‍ നിന്ന് ആളെ കൊണ്ടുവരാന്‍....
നല്ല കഥയായി...
തല്ലുകൊള്ളാതെ ഞാന്‍ മുങ്ങിയതിന്റെ സന്തോഷം പങ്കിടാന്‍ സാറിനുഅച്ഛനെ ഒന്നു കാണണംന്ന് പറഞ്ഞു എന്നു പറഞ്ഞ്, അച്ഛനെ ഒരു ദിവസം ലീവെടുപ്പിച്ച് കൂട്ടിക്കൊണ്ടു വന്നിട്ട്, എനിക്ക് തല്ലു കിട്ടുന്നതിനു എന്റെ പാവം അച്ഛനെ ദൃക്ക്സാക്ഷിയാക്കാന്..
എന്നിട്ടുവേണം "ഹൊ.. ഇത്ര സ്റ്റൈലായിട്ടൊക്കെ പിള്ളേരെ തല്ലാന്‍ പറ്റുവോ?" എന്നൊരു തികച്ചും ന്യായമായ സംശയം അച്ഛനില്‍ ഉണ്ടാവാന്‍... അതു അച്ഛന് സാറിനോട് ചോദിക്കാന്‍... പിന്നെ 'ശാസ്ത്രീയമായി കുട്ടികളെ എങ്ങനെ തല്ലാം' എന്ന വിഷയത്തില്‍ സാര്‍, അച്ഛനു ഒരു ക്ലാസ്സ് എടുക്കാന്‍ ...
അങ്ങനെ പുതിയ ടെക്നിക്കുകളൊക്കെ പഠിച്ച് മിടുക്കനായി വീട്ടിലെത്തുന്ന അച്ഛന്, പറമ്പില്‍ സുലഭമായി കിട്ടുന്ന കാപ്പിയുടെയോ , പുളിയുടെയോ ഒരു വടി ഒക്കെ സെറ്റപ്പ് ചെയ്തു, വഴിക്കണ്ണുമായി എന്നെ കാത്തിരിക്കാന്‍... വൈകിട്ടു ഞാന്‍ വീട്ടിലെത്തുന്നതോടെ ആ പുതിയ ടെക്നിക്കുകളൊക്കെ എന്റെ മേല്‍ പരീക്ഷിക്കാന്‍.... ഞാന്‍ ഒരു 'അവശ' ഗിനിപ്പന്നിയായി മാറാന്‍..
ഹയ്യട....സാറിന്റെ വേല മനസിലിരിക്കട്ടെ ... എന്റെ അച്ഛന് അശാസ്ത്രീയമായ അടിയേ വശമുള്ളൂ എന്ന കുറവല്ലേ ഉള്ളൂ.... അതു ഞാനങ്ങ് സഹിച്ചോളാം... എന്റെ കൊക്കിനുജീവനുണ്ടെങ്കില് ഞാന്‍ നാളെ ക്ലാസില്‍ വരും .. തല്ലും കൊള്ളും...ഹല്ല പിന്നെ...
അങ്ങനെ മാന്യമായി വന്ന് പുത്തന്‍ ചൂരലുകൊണ്ടുള്ള അടി വാങ്ങാം എന്നുഞാന്‍ തീരുമാനിച്ചു.
പരീക്ഷയുടെ ചോദ്യങ്ങളുടെ എല്ലാം ഉത്തരങ്ങള്‍ കൂടി നാളെ പഠിച്ചു കൊണ്ടു വന്നേക്കണം എന്ന് ഓര്‍മ്മിപ്പിച്ചിട്ടാണ് സാര്‍ വിട വാങ്ങിയത്...
പിറ്റേന്ന് രാവിലെ സ്കൂളിലെത്തിയപ്പോള്‍, ഞങ്ങളെ തല്ലാനുള്ള ചൂരല്‍ എല്ലാവരെയും കാണിച്ച് ഹംസ ഷൈന്‍ ചെയ്യുന്നുണ്ടായിരുന്നു... നല്ല ഒന്നാന്തരം വള്ളിച്ചൂരല്... പൊട്ടീര് വല്യ മോശം വരില്ല എന്നുറപ്പായി .
അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. അന്നേദിവസം തങ്ങളുടെ തുടയില്‍ അരങ്ങേറാന്‍ പോകുന്ന പാണ്ടി, പഞ്ചാരിമേളങ്ങളുടെ ആഘാതം അല്പമെങ്കിലും കുറക്കാന്‍ വേണ്ടി പാന്റ്സിനുള്ളില്‍ ഒരു നിക്കര്‍ കൂടിയിട്ടാണ് പലരും വന്നിരിക്കുന്നത്. എനിക്കെന്തുകൊണ്ടോ അങ്ങനെ ഒരു ബുദ്ധി തോന്നിയില്ല.
ഓരോരുത്തരോടും അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ഡെസ്പ് ആയിക്കൊണ്ടിരുന്നു... കാരണം സാമ്പത്തിക ശേഷിക്കും, തല്ലില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹത്തിനും അനുസരിച്ച്, ഒന്നു മുതല്‍ മൂന്ന് നിക്കര്‍ വരെ അഡീഷണലായി ഇട്ട വീരന്മാര് ഉണ്ടായിരുന്നു.
എന്തിനേറെ, വീട്ടില്‍ നിന്നും സ്കൂളില്‍ വരെ എന്റെ ഒപ്പം ഉണ്ടായിരുന്ന എന്റെ അയല്‍വാസികൂടിയായ ഹരി പോലും ഇട്ടിട്ടുണ്ടായിരുന്നു 2 നിക്കര്‍. പക്ഷേ അതാ കാലമാടന് എന്നോട് പറയുന്നത് സ്കൂളില്‍ എത്തിക്കഴിഞ്ഞാണെന്നുമാത്രം.
നമുക്കാണെങ്കില്‍, ഒരു സാദാ സെക്കന്റ് പേപ്പര്‍ മാത്രമുണ്ട് ഉള്ളില്‍ ... (സത്യായിട്ടും അതുണ്ടായിരുന്നു!!!)..
അതിന്റെ ഏരിയ ഒഫ് കവറേജും, തിക്ക്നസ്സും ഒക്കെ, ഒരു നിക്കറിനെ സംബന്ധിക്കുമ്പോള്‍ എത്ര പരിമിതം?
ചുരുക്കിപ്പറഞ്ഞാല്‍, ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ വന്നതു ഞാനും പിന്നെ ഹംസയേയും ദിലീപിനെയും നൗഷാദിനെയും പൊലെ, "ഇതിലും ബെല്യ പെരുന്നാളു ബന്നിട്ടും ബാപ്പ പള്ളീപ്പോയിട്ടില്ല.. പിന്നാ ഇതു.." എന്ന ഭാവത്തിലുള്ള കുറച്ചു പേരും.... അവര്‍ക്ക് ഈ അടി ഒരു പ്രശ്നമല്ലായിരിക്കും.. പക്ഷേ എനിക്ക് അങ്ങനെയാണോ...?
പണ്ട് ബൂട്ടില്ലാതെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ കളിക്കാന്‍ പോയ ഇന്ത്യക്കാരുടെ അവസ്ഥയിലാണ് ഞാന്‍...
അന്ന് അവരുടെ കാലിലെ തൊലി ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കളിക്കാര്‍ തോണ്ടിയെടുത്ത് കൊണ്ടുപോകുന്നതിനു മുമ്പുതന്നെ, "ബൂട്ടില്ലാതെ കോഴിക്കാലും കാണിച്ച് കളിക്കാന്‍ വന്നിരിക്കുന്നോ?.. ഇന്ത്യ അങ്ങനെയിപ്പൊ ഒണ്ടാക്കണ്ട..." എന്ന് തീരുമാനിച്ച ഫിഫ, "ക്വിറ്റ് ഇന്ത്യാ" (ഇന്ത്യ പുറത്തു പോകുക) എന്നും പറഞ്ഞു ഇന്ത്യയെ ഇറക്കി വിട്ടെന്നാണു കേട്ടിട്ടുള്ളത്.
അത് ഇന്ത്യക്കാരുടെ ഭാഗ്യം, ഉള്ള തൊലി കയ്യിലിരുന്നു.. (ഐ മീന്‍ കാലിലിരുന്നു)...
പക്ഷേ എന്നോട്, " നിക്കറില്ലാതെ അടിവാങ്ങാന്‍ വന്നിരിക്കുന്നോ, നിനക്കു ലജ്ജയില്ലെ?.... നിന്നെ തല്ലാന്‍ എനിക്ക് മനസ്സില്ല" എന്നു സാര്‍ ഒരിക്കലും പറയാന്‍ പോകുന്നില്ല...
പിന്നെയുള്ള ഒരേയൊരു വഴി, "സാറെ ഇവരെല്ലാം അകത്ത് നിക്കറിട്ട് പ്രതിരോധം തീര്‍ത്ത് സാറിനെ പറ്റിക്കുവാ... " എന്നു പറഞ്ഞ് ഒരു മൂരാച്ചിയാകുക എന്നുള്ളതാണ്.
പക്ഷേ, ആ ക്ലാസിലെ മൊത്തം ആണ്പിള്ളേരും കൂടി എന്നെ ഇടിച്ച് ചവുട്ടി മെതിച്ച്, ഒടുവില്‍ എല്ലുപൊടി പരുവത്തിലാകുന്ന എന്നെ വാരിക്കൂട്ടി കൊണ്ടുപോയി ഫുള്‍ ബോഡി വെള്ള പ്ലാസ്റ്റര്‍ ഒക്കെയിട്ട് , അങ്ങനെ സ്വതവേയുള്ള എന്റെ ഗ്യാരന്റി കളറിന്റെ എക്സ്പോഷറിന് വിഘാതം സൃഷ്ടിക്കാന്‍ വല്യ താല്‍പ്പര്യം തോന്നാത്തതുകൊണ്ട് അതു വേണ്ടെന്നുവച്ചു...
അല്ലെങ്കില്‍ തന്നെ നമ്മുടെ സുഹൃത്തുക്കളെ ചതിച്ചിട്ട്... ഛെ... അതൊക്കെ മോശമല്ലേ?? .
അപ്പോപിന്നെ സാറിന്റെ കയ്യില്‍ നിന്നും, ഉള്ളതു വാങ്ങുക തന്നെ....
നല്ല പേടിയുണ്ട്.. പക്ഷേ അതു പുറത്ത് കാണിക്കാനും വയ്യ.. നമ്മള് അഭിമാനിയാണല്ലോ....
ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് സാര്‍ ക്ലാസ്സിലെത്തി. വിത്ത് ആന്‍സര്‍ പേപ്പര്‍...
ശ്രീരാമനുമുന്നില്‍ ഹനുമാന് എന്ന പോലെ , ഹംസ വിനയകുനയനായി വന്ന്, വടിയും ബാക്കി പണവും സാറിനു സമര്‍പ്പിച്ചു.
തിരിച്ച് സുഖമായി സീറ്റില്‍ വന്നിരിക്കാന്‍ ആ പാവത്തിനു യോഗമുണ്ടായില്ല.. അതിനു മുന്‍പ് തന്നെ സാര്‍ ഹംസയെ തിരിച്ചുവിളിച്ചു. അദ്ദേഹം വാക്കു പാലിച്ചു. ആദ്യത്തെ പേപ്പറും, പിന്നെ തുടയില്‍ സാമാന്യം ഭേദപ്പെട്ട രണ്ട് അടിയും.. ഒന്നാം സമ്മാനം.....
പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ മാര്‍ക്കാണ് ഹംസക്കു കിട്ടിയത്... അവനു കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന, കാലങ്ങളായി അവന് വാങ്ങിപ്പോന്നിരുന്ന സ്ഥിരം മാര്‍ക്കിനെ എത്ര വച്ച് മള്‍ട്ടിപ്ലൈ ചെയ്താലും കിട്ടാത്ത "ഒന്നര" മാര്‍ക്ക് !!!!!
അപ്രതീക്ഷിതമായി കിട്ടിയ ഒന്നരയുടേയാണോ, അതോ ചൂരല്‍ വാങ്ങിക്കൊടുത്തു കിട്ടിയ രണ്ടിന്റെയാണോ എന്നറിയില്ല, ബഹുത് ഖുശി ആയാണ് ആള് തിരിച്ചെത്തിയത്.
അതൊരു തുടക്കം മാത്രമായിരുന്നു. പെണ്‍കുട്ടികളുടെ കയ്യിലും, ആണ്‍കുട്ടികളുടെ തുടയിലുമായി പടക്കങ്ങള്‍ പൊട്ടിക്കൊണ്ടേയിരുന്നു. എല്ലാവര്ക്കും മാര്‍ക്ക് കുറവായിരുന്നതുകൊണ്ട് എല്ലാവര്ക്കും രണ്ട് അടി തന്നെ. സമ്പൂര്‍ണ്ണ സോഷ്യലിസം.
അതിനിടയില്‍ അപ്പുറത്ത് സമാധാനപരമായി പഠിപ്പിച്ചുകൊണ്ടിരുന്ന രത്നമ്മ ടീച്ചര്‍, എന്താ ഇവിടെ സംഭവം എന്നറിയാന്‍ സ്ക്രീനിന്റെ സൈഡിലൂടെ ഒന്നു നോക്കുകയും, വിനോദുകുമാരന്റെ പ്രഭാതവ്യായാമാണ് സംഗതി എന്നുമനസിലാക്കി തിരിച്ചുപോകുകയും ചെയ്തു.
അങ്ങനെ എന്റെ ഊഴവും വന്നെത്തി.
ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ ഉള്ള ബോധം പോകും എന്നു തോന്നി. ആ അടിയുടെ ആഘാതത്തില്‍ എനിക്കെന്റെ തലയില്‍ നിന്ന് ഒരു കിളി പറന്നു പോകുന്നതുപോലെ തോന്നുകയും ഒപ്പം ഉള്ളില്‍ നിന്നും ഒരു നിലവിളി വെളിയിലേക്കു കുതിക്കുകയും ചെയ്തു.
പക്ഷേ നമ്മള് പണ്ടേ അഭിമാനി ആയതു കൊണ്ട് സഹപാഠികളൂടെ മുന്നില്‍ മാനം നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി ഞാന്‍ അതിനെ തൊണ്ടയില്‍ വെച്ച് സകല ശക്തിയും സംഭരിച്ച് തടഞ്ഞു. എന്റെ അഭിമാനവും നിലവിളിയും തമ്മില്‍ അങ്ങനെ ഒരു മത്സരം തന്നെ നടന്നു. ഇഞ്ചോടിഞ്ചു പോരാട്ടം... ഒടുവില്‍ അഭിമാനം ജയിച്ചെന്നു തന്നെ പറയാം...
പക്ഷേ അങ്ങനെ തോറ്റുകൊടുക്കാന്‍ നിലവിളിയും തയ്യാറല്ലായിരുന്നു. അതു അവിടെ വെച്ചു ലിക്വഫൈഡ് ആയി കണ്ണീരായി കണ്ണിലൂടെ പുറത്തു ചാടാന്‍ ശ്രമിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ അതും തടഞ്ഞു. (കണ്ണിലൂടെ ആയതു ഏതായാലും നന്നായി അല്ലെങ്കില്‍ ചിലപ്പോ തടയാന്‍ പറ്റില്ലായിരുന്നു..)
പക്ഷേ എന്നെ തല്ലിയ സാര്‍ തികച്ചും നിരാശനായിരുന്നു... അതിനു കാരണമുണ്ട്....
ഉള്ളില്‍ രണ്ടും മൂന്നും നിക്കര്‍ ഇട്ടവന്മാരെ തല്ലിയപ്പോള്‍ ഉണ്ടായ ശബ്ദഗാംഭീര്യം (ബാസ്സും ട്രിബിളും ഒന്നും)എനിക്കിട്ടു കിട്ടിയ ആദ്യ പൊട്ടീരില് ഉണ്ടായിരുന്നില്ല.
യേശുദാസിന്റെ ഹരിമുരളീരവത്തിനിടയില് കാസറ്റ് വലിഞ്ഞതു പോലെ....
സാറിന്റെ മുഖത്ത് ഒരു സംശയം നിഴലിച്ചു...
ഇവന് എന്തു സൈലന്‍സര്‍ ആണെടാ 'അവിടെ' ഫിറ്റ് ചെയ്തെ എന്ന രീതിയില്‍ എന്റെ മുഖത്തേക്കും, അടി ഭാഗത്തേക്കും (ഐ മീന്‍ അടി കൊണ്ട ഭാഗം) ഒരോ നോട്ടം പായിച്ചു....
ഞാന്‍ ഉള്ളില്‍ നിക്കര്‍ ഇട്ടു വന്നെന്നായിരിക്കും സാര്‍ കരുതിയത്.. ദൈവമേ!!!!!!!
അവിടെ വച്ച് എന്റെ പാന്റ്സ് ഊരി നോക്കാന്‍ പറ്റാത്തതുകൊണ്ട്,
അടുത്ത അടി അല്പം കൂടി സ്ട്രോങ്ങ് ആക്കുക തന്നെ എന്ന കട്ട തീരുമാനം സാര്‍ എടുത്തു...
ഇത്തവണ എന്റെ അഭിമാനത്തിന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല... നിലവിളി ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്ക് അഭിമാനത്തെ ചവിട്ടിക്കൂട്ടിക്കളഞ്ഞു.....
അതു ഒരു മോങ്ങലായി പുറത്തു വന്നു... ഒപ്പം നാലഞ്ചു തുള്ളി കണ്ണീരും(അധികം ഒന്നുമില്ല)..
ഇത്തവണയും ഭാഗ്യത്തിന് മറ്റ് "അടിയൊഴുക്കുകള്‍" ഒന്നും ഉണ്ടായില്ല.. (സത്യം..)
അടിയുടെ ശബ്ദം പഴയതു പോലെ തന്നെ പൂവര്‍ ആയിരുന്നെങ്കിലും കരച്ചിലിന്റെ ശബ്ദം സാറിനെ സന്തുഷ്ടനാക്കി... അത്രയും നേരം ആരും കരഞ്ഞിരുന്നില്ല എന്ന സാറിന്റെ വിഷമവും മാറി...
അങ്ങനെ മാനവും അഭിമാനവും എല്ലാം നഷ്ടപ്പെട്ട് ഞാന്‍ പവലിയനില്‍ തിരിച്ചെത്തി...
യാതൊരു പവര്‍ ലോസ്സും ഇല്ലാതെയാണ് അടികള്‍ എന്റെ ശരീരത്തില്‍ എത്തിയതെന്നു സാറിനു മാത്രം മനസ്സിലായില്ല.. പക്ഷെ അതു ബഞ്ചിലിരുന്നപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി....
എന്നെപ്പോലെ തന്നെ അടിവാങ്ങിയതാണ് എല്ലാവരുമെങ്കിലും, മറ്റാരും കരയുന്നില്ല എന്നതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.
കഷ്ടം... പെണ്‍കുട്ടികള്‍ പോലും കരയുന്നില്ല.
അതിനിടയില്‍ ഒരു പെണ്‍കുട്ടി കരഞ്ഞപ്പോള്‍ ഒരല്പം ആശ്വാസമായെങ്കിലും, അവള് കരഞ്ഞത് വേദനകൊണ്ടല്ല, കഴിഞ്ഞ ഉത്സവത്തിനുവാങ്ങിയ ഗുരുവായൂരപ്പന്റെ പടമുള്ള മോതിരം അടികൊണ്ട് പൊട്ടിയതുകൊണ്ടാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ കൂടുതല്‍ തകര്‍ന്നു പോയി...
ആ പീരീഡിലെ വെടിക്കെട്ട് അങ്ങനെ കഴിഞ്ഞു. ഞാന്‍ മാത്രം കരഞ്ഞതില്‍ എനിക്ക് ചെറുതല്ലാത്ത വിഷമം ഉണ്ടായിരുന്നു.
ഉച്ചക്കു ശേഷം നടക്കാനിരിക്കുന്ന അതി ഗംഭീരമായ ചോദ്യോത്തര പംക്തിയിലും, തുടര്‍ന്നു നടക്കുന്ന ചൂരല്‍ സല്‍ക്കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ച ശേഷമാണ് സാര്‍ മടങ്ങിയത്.
അതുവരെ നടന്നത് വെറും സാമ്പിള്‍ മാത്രമായിരുന്നു എന്നു മനസ്സിലായി...
വീട് സ്കൂളിന്റെ അടുത്തായതുകൊണ്ട് ഞാന്‍ സാധാരണ ഉച്ചക്ക് വീട്ടില്‍ പോയിയാണു ഊണുകഴിക്കുന്നത്. അതുകൊണ്ട് ഉച്ചകഴിഞ്ഞുള്ള അടിയെക്കുറിച്ചുകേട്ടപ്പോള് എനിക്ക് പേടിയേക്കാളേറെ സന്തോഷമാണുതോന്നിയത്...
ഉച്ചയ്ക്ക് വീട്ടില്‍ പോയി നിക്കറൊക്കെ വലിച്ചുകേറ്റി വന്നിട്ടുവേണം, അടികൊണ്ടിട്ടും, ചിരിച്ചു കൊണ്ടിരിക്കാന്.... ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
അങ്ങനെ രണ്ടുനിക്കറുകളുടെ രക്ഷാകവചവുമായാണ് ഞാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ എത്തിയത്..
പക്ഷേ നമ്മുടെ ഗതികേട്.. അല്ലാതെന്ത് പറയാന്‍... ഉച്ചക്കുശേഷം ഒന്ന് കളം മാറ്റിച്ചവിട്ടാന്‍ സാറ് തീരുമാനിച്ചു. ആണ് പെണ് ഭേദമില്ലാതെ എല്ലാവര്ക്കും ഉള്ളം കയ്യില്‍ തന്നെ അടി !!!
ഞാന്‍ ബുള്ളറ്റ് പ്രൂഫ് ഇട്ടുവന്നകാര്യം അറിയാവുന്ന ഹരി എന്നെ നോക്കി, ആക്കി ഒന്നു ചിരിച്ചു.
വൃത്തികെട്ടവന് ... അവനിട്ട് പത്ത് അടിയെങ്കിലും കിട്ടണേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.
എന്തായാലും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ അടിയേ കിട്ടിയുള്ളൂ ...
രാവിലെ സാറിന്റെ മാനം രക്ഷിച്ച ഒരേ ഒരാള്‍ എന്ന പരിഗണനയില്‍ സാറ് പതിയെ താങ്ങിയതാണോ എന്നറിയില്ല, ഇത്തവണ വലിയ വേദന ഒന്നും എനിക്ക് തോന്നിയില്ല.. പക്ഷേ, രാവിലെ കിട്ടിയ രണ്ടടിയിലും വേദന അനുഭവിക്കാത്ത ഹരി ഇത്തവണ കമഴ്ന്നു കിടന്ന് കൈ തിരുമ്മുകയാണ്. ടോപ് സ്കോറര്‍ പദവിക്ക് ഹംസയും ദിലീപും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കുന്നുണ്ട്...
രണ്ടാമത്തെ ബഞ്ചില്‍ രണ്ടാമതായാണ് ഞാന്‍ ഇരിക്കുന്നത്. ഒന്നാമത് ഹരിയാണ്...
സാര്‍ ചോദ്യം ചോദിച്ച്, മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമതിരിക്കുന്ന ഷാബുവിന്റെ അടുത്തെത്തി.
ഉച്ചക്കുശേഷം തന്നെ മൂന്നടി വാങ്ങിക്കഴിഞ്ഞ ഷാബു, ചോദ്യം പോലും മുഴുവന്‍ കേള്‍ക്കാതെ തന്നെ അടുത്ത അടിക്കായി കൈ നീട്ടി.
ആ അഹങ്കാരം സാറിനത്ര ഇഷ്ടമായില്ല... നല്ല ഉശിരന്‍ ഒരു കീറുതന്നെ കൊടുക്കുവാന്‍ സാറ്തീരുമാനിച്ചു.
ഷാബുവിന്റെ കൈ മാക്സിമം മുന്നിലേക്ക് നീട്ടി പിടിപ്പിച്ചു. വടി കൊണ്ട് കൈ മെല്ലെ ഒന്നു താഴ്ത്തി. എന്നിട്ട് വടി നന്നായി ഉയര്‍ത്തി. ഷാബുവിന്റെ കണ്ണുകളില്‍ ഒരു ഭീതി ഓളം വെട്ടുന്നത് കാണാമായിരുന്നു.
ആ ദയനീയ ദൃശ്യം കാണാന്‍ വയ്യാതെ ഞാന്‍ മുന്നോട്ട് തിരിഞ്ഞിരുന്നു.
ഒരു നിമിഷം എല്ലാവരെയും സസ്പെന്സില് നിര്‍ത്തിയ ശേഷം സാര്‍ ആഞ്ഞടിച്ചു.
ഹോ.. ഇത്രയും മുഴക്കമുള്ള അടിയോ എന്നു ഞാന്‍ വിചാരിച്ചു തീരുന്നതിനുമുന്‍പുതന്നെ,
ഏറുകൊണ്ട പട്ടി മോങ്ങും പോലെ ഒരു ശബ്ദം കൂടി കേട്ടു...
ഇങ്ങനെ കരയാന്‍ ഷാബുവിന് നാണമില്ലേ എന്നു ചിന്തിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ ഞാന്‍ അതിനുമുന്‍പുതന്നെ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു. എന്റെ അടുത്തു ഡെസ്ക്കില്‍ കൈവച്ച് കമിഴ്ന്നു കിടന്നിരുന്ന ഹരി പുളയുന്നു, പുറത്തു കൈ എത്തിച്ച് തൊടാന്‍ ശ്രമിക്കുന്നു, അന്തരീക്ഷത്തില്‍ രണ്ടിഞ്ച് ഉയര്‍ന്നശേഷം ചാടി എഴുന്നേല്ക്കുന്നു.
അവന്റെ വായില്‍ നിന്നാണ് ഈ കരച്ചിലും വരുന്നത്..
അപ്പോഴാണ് എനിക്കു കാര്യങ്ങള്‍ വ്യക്തമായത്...
അടിയുടെ ശക്തി മുന്നില്‍ കണ്ട ഷാബു അവസാന നിമിഷം കൈ വലിക്കുകയും, ഫുള്‍ ശക്തിയില്‍ അടി ഹരിയുടെ നടുപ്പുറത്തു തന്നെ കൊള്ളുകയും ചെയ്തിരിക്കുന്നു ...
ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായതുകൊണ്ട് ഇത്രയൊക്കെ പരാക്രമങ്ങള്‍ കാണിക്കാനേ ആ പാവത്തിന് സാധിച്ചുള്ളൂ...കമിഴ്ന്നു കിടന്നതുകൊണ്ട്, കാറല്‍ അങ്ങോട്ട് സ്റ്റൈല്‍ ആക്കാന്‍ പറ്റാത്തതിന്റെ വിഷമം മാറ്റാനായി ഹരി എഴുന്നേറ്റ് നിന്നു നല്ല വൃത്തിയായി കരഞ്ഞുതുടങ്ങിയിരുന്നു...
ക്ലാസ്സില്‍ എല്ലാവരുടെയും മുഖത്ത് ഒരു ചെറുചിരി ആയിരുന്നു ഭാവം (ഒരുത്തന് അടികൊണ്ട് കരഞ്ഞു എന്നു കരുതി എല്ലാവരും കരഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ?)
എനിക്കാണെങ്കില്‍ രാവിലെ മുതല്‍ ഉണ്ടായ എല്ലാ മാനഹാനിയുടെയും വിഷമം ഒറ്റയടിക്ക് മാറി...
പാവം സാര്‍ മാത്രം ആ കാഴ്ച കണ്ട് സെന്റിയായി... ഹരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ സാര്‍ വിഷമിച്ചു.
ഒടുവില്‍ സാര്‍ ഒരു പോംവഴി കണ്ടെത്തി... ആ പോംവഴിയുടെ ഫലമായി, ഹംസയേയും ദിലീപിനേയും നിഷ്പ്രഭരാക്കിക്കൊണ്ട്, അന്നത്തെ റ്റോപ് സ്കോറര്‍ സ്ഥാനം ഷാബു നേടി...
****************************************
ഇത്രയും വായിച്ചുതീര്‍ക്കാന്‍ ക്ഷമ കാണിച്ചവരോട് ഒരു വാക്ക്..
അന്നത്തെ ഞങ്ങളുടെ ബാച്ചില്‍ പഠിച്ച ആരോടെങ്കിലും, ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകന് ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും വിനോദ് സാറിന്റെ പേരുതന്നെ പറയുമായിരുന്നു.
പഠനകാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു മയവും ഇല്ലെങ്കിലും, കുട്ടികളോട് അദ്ദേഹത്തിനുള്ള സ്നേഹവും ആത്മാര്‍ത്ഥതയും അത്രയ്ക് വലുതായിരുന്നു .....
******* ******* ********
വളരെക്കാലം കൂടിയാണ് ഞാന്‍ ഒരു പോസ്റ്റ് ഇടുന്നത്...
ഇതു വായിച്ച നിങ്ങള്‍ക്ക്, തോന്നുന്നതെന്തായാലും അതൊരു കമന്റായി ഇടാന്‍ താല്പര്യപ്പെടുന്നു....
Subscribe to:
Post Comments (Atom)
47 comments:
എഴുത്ത് കുറെയധികം നീണ്ട് പോയെങ്കിലും, സംഭവം രസകരമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്..
രണ്ടും മൂന്നും നിക്കറിട്ടു വന്ന് കൂസലില്ലാതെ അടി വാങ്ങിക്കുന്ന കാര്യം ഇഷ്ടപ്പെട്ടു. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
ക്ഷ പിടിച്ചു....ചൂരലു കാണുമ്പോള്‍ ഒന്നു തൊട്ടുഴിയാന്‍ തോന്നും,പക്ഷെ ന്നെ തല്ലണ്ട, സാറീന്റെ കഞ്ഞികുടി മുട്ടും എന്ന ഭീഷണി ചെവിയില്‍ മുഴങ്ങുന്നു വെയിറ്റേജ്,സസ്പെന്ഷന് പെന്ഷന് എന്നിങ്ങനെ പലതാണാന്റെ വിചാരങ്ങള്‍..അതിനാല്‍ പ്രിയ വിനോദ് മാഷെ,ചെറുപ്പത്തിലിതിലപ്പുറം തോന്നും എന്നോളമായാലടങ്ങും എന്ന കഷായം മൂന്നു നേരം സേവിച്ചാല്‍...പെന്‍ഷനു ബുദ്ധിമുട്ടുണ്ടാവില്ല.ഒളിക്യാമറയുമായി പാപ്പരാസികള്‍ നിനക്കു പിറകിലുണ്ട്
ഇന്നലെ ഇതുപോലെ ഒരെണ്ണം എഴുതി വച്ത്തെ ഉള്ളു. പോസ്റ്റ് ചെയ്തില്ല.
പത്താം ക്ലാസ്സില്‍ ഞങ്ങള്‍ എല്ലാം മുണ്ടു ധാരികള്‍ ആകുന്നതിന്റെ കാരണം ഒരു രവി സാര്‍ ആയിരുന്നു. മുണ്ടിനടിയില്‍ നല്ല രണ്ടു കാക്കി നിക്കറുകള്‍ ഇടുമ്പോള്‍ ശക്തി അല്പം കുറയും! നല്ല ഓര്‍മ്മക്കുറിപ്പുകള്‍. അല്പം നീളം കുടിയോ എന്നൊരു സംശയം.
||ഉച്ചക്കുശേഷം തന്നെ മൂന്നടി വാങ്ങിക്കഴിഞ്ഞ ഷാബു, ചോദ്യം പോലും മുഴുവന്‍ കേള്‍ക്കാതെ തന്നെ അടുത്ത അടിക്കായി കൈ നീട്ടി||
ഹ ഹ! ച്ചിരി നീണ്ടു പോയെങ്കിലും സംഗതി മനോഹരനായിത്തന്നെ എഴുതീട്ടുണ്ട്. :)
നല്ല ഓര്‍മ്മണ്ട് ഇത്തരം സംഭവങ്ങളൊക്കെ!
'പാവം കുട്ടികള്‍ക്ക് അടി കിട്ടുന്നത് വായിച്ചു ചിരിച്ച കശ്മലേ..' എന്നൊക്കെ എന്നെപറ്റി വിചാരിച്ചാലും കുഴപ്പമില്ല..ഇതു വായിച്ച് കുറെ ചിരിച്ചൂന്നുള്ള സത്യം ഞാനിതാ വിളിച്ചു പറയുന്നു :-)
ഹ ഹ ഹ ഓര്‍മ്മക്കൂറിപ്പ് കസറി
ഒരുപാട് ഓര്‍മ്മകള്‍ക്ക് തിരി കൊളുത്തി ധനേഷെ ഈ പോസ്റ്റ്....വളരെ വളരെ ഇഷ്ടപ്പെട്ടു.......:)
നീ എന്താ പറഞ്ഞത് നീ അഭിമാനി ആയിരുന്നെന്നോ..ഹാ കൊള്ളാം ....ഏതായാലും അതങനെ തന്നെ ഇരിക്കട്ടെ. ..അന്നൊക്കെ എന്തു രസമായിരുന്നു. നിനക്കിട്ടൊക്കെ അടി കിട്ടത്ത ഒരു ദിവസം പോലുമില്ലായിരുന്നല്ലൊ. നീ ഒക്കെ മിക്കവാറും ക്ലാസ്സിനു പുറത്ത് ...
അന്ന് ഒന്നര മാര്‍ക്ക് മേടിച്ചോണ്ടിരുന്ന നമ്മുടെ ഹംസ ഇപ്പോള്‍ സ്വന്തം കാറും ലോറിയുമൊക്കെ ഉള്ള വലിയ തടി വ്യാപാരി ആണ്....
Hey Dhanesh ,
Story is very interesting !!!!
Congrats ........
But being your friend for last 4/5 years ,I can't believe your next comment ("നമുക്കാണെങ്കില്‍, ഒരു സാദാ സെക്കന്റ് പേപ്പര്‍ മാത്രമുണ്ട് ഉള്ളില്‍ ... (സത്യായിട്ടും അതുണ്ടായിരുന്നു!!!).. ).
Anyway very good man !!!!!!!!
we are waiting for your next release ..............
കൊള്ളാം... കലിപ്പ്...
കുഞ്ഞ് ബഷീറാവ്വാ...??
കലക്കീട്ടോ എഴുത്ത്. അടിപൊളി. നല്ല ശൈലി.
“അതിനിടയില്‍ അപ്പുറത്ത് സമാധാനപരമായി പഠിപ്പിച്ചുകൊണ്ടിരുന്ന രത്നമ്മ ടീച്ചര്‍, എന്താ ഇവിടെ സംഭവം എന്നറിയാന്‍ സ്ക്രീനിന്റെ സൈഡിലൂടെ ഒന്നു നോക്കുകയും, വിനോദുകുമാരന്റെ പ്രഭാതവ്യായാമാണ് സംഗതി എന്നുമനസിലാക്കി തിരിച്ചുപോകുകയും ചെയ്തു.”
“ഉച്ചക്കു ശേഷം നടക്കാനിരിക്കുന്ന അതി ഗംഭീരമായ ചോദ്യോത്തര പംക്തിയിലും, തുടര്‍ന്നു നടക്കുന്ന ചൂരല്‍ സല്‍ക്കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ച ശേഷമാണ് സാര്‍ മടങ്ങിയത്.”
ശരിയ്ക്കു ചിരിപ്പിച്ചു.
:)
ആദ്യമായി ഇതു വായിച്ച എല്ലാ നല്ല മനസ്സുകല്ക്കും നന്ദി... ഇത്രയും പേര് ഇതു വായിച്ചെന്നു, കമന്റിയെന്നും അറിയുമ്പോള്‍ തന്നെ വളരെയധികം സന്തോഷമുണ്ട്...
ഈ പൊസ്റ്റിനു 2 ദിവസം മുന്‍പു ഇതൊന്നു പോസ്റ്റിയതാണ്..
പക്ഷേ ബ്ലോഗറില്‍ പണി പഠിക്കുന്ന വഴിക്കു അതു ഡിലീറ്റ് ആയിപ്പോയി...
ആദ്യം പോസ്റ്റിയപ്പോള്‍ കമന്റിയ വിഷ്ണു, കൃഷ്, മൂര്‍ത്തി എന്നിവര്‍ക്കു ആദ്യമേ തന്നെ നന്ദി.(കമന്റ് ഡിലീറ്റായതിന് ക്ഷമാപണം)
മീനാക്ഷി : ഒരല്പം നീണ്ടു പോയി എന്നു മനസിലാക്കുന്നു.. :) .. പുതിയ കഥക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...
ദേവതീര്‍ത്ഥ : പോട്ടേ... സാറൊരു പാവമല്ലേ... :)
ശ്രീവല്ലഭന് : താങ്ക്സ്...
പപ്പൂസ് : ഒരായിരം നന്ദി.. :)
കൊച്ചുത്രേസ്യ : നിങ്ങളെയൊക്കെ ചിരിപ്പിക്കാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്ന സത്യം ഞാനും..
പ്രിയ : നന്ദി
ജാബു: വളരെ സന്തോഷം
നസ്രാണി : ഹംസ അത്രേം വല്യ പുള്ളിയായി അല്ലേ.. നമ്മളിപ്പോളും കംപ്യൂട്ടറിന്റെ മുന്നിലിരുന്നു കൊട്ടുന്ന തൊഴിലാളി.. :)
നോയല്‍ : (മറുപടി മറുമൊഴിയാക്കുന്നില്ല.. നേരില്‍ അറിയിച്ചിട്ടുണ്ട് :) )
ether : ഏയ് അങ്ങിനെയൊന്നുമില്ല...
ശ്രീ :വളരെ നന്ദി ... ശ്രീ യുടെ കമന്റിന്റെ ഐശ്വര്യം അങ്ങനെ എന്റെ ബ്ലോഗിലും ആയി .. :)
സുഹൃത്തേ, കിടിലമായിട്ടുണ്ട്. [എന്റെ ബ്ലോഗില്‍ വന്നതിനുള്ള മറുപടി അഭിനന്ദനമല്ല :) ഇതു വായിച്ച് ശരിക്കും രസിച്ചു.] നീളം കുറഞ്ഞിരുന്നെങ്കില്‍ ചിരിയും കുറഞ്ഞേനെ, അത് കൊണ്ട് length is okay..
ഇതു വായിക്കുമ്പോള്‍ ഞാന്‍ ശരിക്കും എന്റെ ഹൈസ്കൂള്‍ കാലത്തില്ക്കൂടെ കടന്നുപോവുകയായിരുന്നു. ഒരു സ്കൂള്‍കുട്ടിയുടെ വികാരവിചാരങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍
പോസ്റ്റിന് നീളം കൂടിപ്പോയി. കുറച്ചുകൂടി കാച്ചിക്കുറുക്കി ഇത്രതന്നെ നര്‍മ്മത്തോടെ എഴുതാവുന്നതേയുള്ളൂ. ചിലപ്പോഴൊക്കെ തമാശയ്ക്കായി മാത്രം വാചകങ്ങള്‍ കൂടുന്നതായും തോന്നി. ഇനി ശ്രദ്ധിക്കുമല്ലോ.
അങ്ങനെ പുതിയ ടെക്നിക്കുകളൊക്കെ പഠിച്ച് മിടുക്കനായി വീട്ടിലെത്തുന്ന അച്ഛന്, പറമ്പില്‍ സുലഭമായി കിട്ടുന്ന കാപ്പിയുടെയോ , പുളിയുടെയോ ഒരു വടി ഒക്കെ സെറ്റപ്പ് ചെയ്തു, വഴിക്കണ്ണുമായി എന്നെ കാത്തിരിക്കാന്‍...
എനിക്കും കിട്ടിയിട്ടുണ്ട് അടി,പക്ഷെ പറമ്പില്‍ സുലഭമായി കിട്ടുന്ന കുരുമുളകിന്റെ വള്ളികൊണ്ടാണെന്നു മാത്രം. ഞാന്‍ അച്ഛനായപ്പോള്‍ എന്റെ മകളിലും ഞാന്‍ ഈ ശിക്ഷണനടപടി പരീക്ഷിച്ചിട്ടുണ്ട്...
നന്നായിരിക്കുന്നു.
പഴയ കാര്യങ്ങളൊക്കെ പിന്നീടു ഓര്‍ക്കുമ്പോള്‍ എത്ര ലാഘവമായി കാണാന്‍ സാധിയ്ക്കുന്നു, അല്ലെ? നല്ല വിവരണം...
ധനേഷ് എഴുത്ത് നിര്‍ത്തണം, ഞാന്‍ തുടങ്ങി.
usthadഹയ്യട....സാറിന്റെ വേല മനസിലിരിക്കട്ടെ ... എന്റെ അച്ഛന് അശാസ്ത്രീയമായ അടിയേ വശമുള്ളൂ എന്ന കുറവല്ലേ ഉള്ളൂ.... അതു ഞാനങ്ങ് സഹിച്ചോളാം... എന്റെ കൊക്കിനുജീവനുണ്ടെങ്കില് ഞാന്‍ നാളെ ക്ലാസില്‍ വരും .. തല്ലും കൊള്ളും...ഹല്ല പിന്നെ...
വായിച്ചു കുറേ ചിരിച്ചു......അവസാനമായപ്പോഴേക്കും എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ച ജോണ്‍ മാഷെ ഓര്‍മവന്നു....
ugran post :) [Sorry, keyman failed!]
കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
(Chettan entha puthiya post onnum idathathu?)
അങ്ങനെ തോറ്റുകൊടുക്കാന്‍ നിലവിളിയും തയ്യാറല്ലായിരുന്നു. അതു അവിടെ വെച്ചു ലിക്വഫൈഡ് ആയി കണ്ണീരായി കണ്ണിലൂടെ പുറത്തു ചാടാന്‍ ശ്രമിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ അതും തടഞ്ഞു
പക്ഷെ എനിക്കു കണ്ണീര് തടയാന്‍ പറ്റിയില്ലാട്ടോ. ഈ കണ്ണീര് വന്നതു ചിരിച്ചിട്ടാണെന്നു മാത്രം. നന്നായിട്ടുണ്ട് എഴുത്ത്.
വായിച്ചു മുഴുവനാക്കാന്‍ ഞാന്‍ ക്ഷമ കാണിച്ചത് നന്നായി എന്ന് തോന്നുന്നു
വളരെ നല്ല പോസ്റ്റ് . ഓര്‍മ്മിക്കാന്‍ എനിക്കും ഉണ്ടൊരു ഹംസയും ഒരു വിനീത്കുമാര്‍ സാറും . ഫലിതതിലൂടെ ഇത് അവതരിപിച്ചത് അതിലേറെ നന്നായി
ormakal pinnottu payumbol ithupolonnu ente school jeeviththilum undayirunnallo ennu santhoshathode orkkunnu ... ormipichathinu nandhi.
Deepak
Hahaha...angane njan HAMSA yude Fan aayi...
sherikkum superb post! liked it very much...
awaiting for new ones..
താങ്ങളുടെ ബ്ലോഗ് നന്നായിരിക്കുന്നു, എന്റെ ബ്ലോഗ് http://itworld-malayalamincomputer.blogspot.com/ കണ്ട് അഭിപ്രായങ്ങള്‍ അയക്കണമേ, പക്ഷെ എന്തേ http://www.ckalari.com ല്‍ കണ്ടില്ല? വേഗം താങ്ങളുടെ ബ്ലോഗ് www.ckalari.com ലെ മലയാള ബ്ലോഗ് ജാലകത്തില്‍ സമര്‍പ്പിച്ച് ബ്ലോഗ് പ്രസിദ്ധമാക്കൂ
കൊള്ളാം
ചൂരല്‍ക്കഷായം മേമ്പൊടി ഇച്ചിരി കൂട്യോ. ഒരു തുണ്ട് കരിപ്പട്ടി അല്ലെങ്കില്‍ ഒരുപൊട്ടിനോളം കല്‍ക്കണ്ടം വെച്ചു നീട്ടാമായിരുന്നു. കല്‍ക്കണ്ടവും ഇന്തുപ്പും മാറിപ്പോക്കതെ സൂക്ഷിച്ചാല്‍ മതി.
പോരട്ടെ. ഇത്തരം ഐറ്റംസ് ഇനിയും പോരട്ടെ.
എന്റെ അളിയാ ...
നീ ഈ പണിയും തുടങ്ങിയോ ??
തള്ളെ .. നീ പുലി തന്നെടെ .. ഇനി എന്തൊക്കെ കാണണം
നിന്റെ കൂടെ ഒന്നാം ക്ലാസില്‍ ഒരുമിച്ചു പഠിച്ച സുഹൃത്ത്..
അനൂപ്
( ആര് ഐ ടി യില്‍ ലാമ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു ..ഇപ്പോളും എല്ലാരും വിളിക്കുന്നത് അങ്ങനെ ഒക്കെ തന്നെ)
എഴുതിയത് നന്നായി
ഇനി മറുവശം..
ഒരു ചലച്ചിത്രം നന്നായില്ലങ്കില്‍ അതു സംവിധായകന്റെ കഴിവുകേട്...
ഒരു സര്‍ജറി പാളിയാല്‍ ഡോക്ടറുടെ തെറ്റ്..
കെട്ടിടം പൊളിഞ്ഞാല്‍ എഞ്ചിനീയറുടെ കുഴപ്പം.
പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ ടിച്ചറിന്റെ കഴിവു കേടാണ് .......
എന്തുകൊണ്ട് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിക്ക് അതു മനസ്സിലായില്ല? എന്ന് ചിന്തിക്കണം .
വിദ്യാഭ്യാസം: കഴിവുകള്‍ വികസിപ്പിക്കുകയാണ്.
Education is developing the skills.
ചെറിയ വായ് വട്ടമുള്ള ഒരു കുപ്പിയിലേക്ക് ദ്രാവകം നിലത്ത് കളയാതെ പകരുന്നതു പോലെ ആവണം അദ്ധ്യാപകന് പഠിപ്പിക്കുന്നത്,തന്റെ അറിവ് സൂക്ഷ്മമായി ആ ചെറിയ ബുദ്ധിയ്ക്കുള്ളിലേക്ക് കടത്തി വിടണം അതിലാണ് വിജയം കുട്ടിയുടെ അല്ല അദ്ധ്യാപകന്റെ,
ഒരിക്കലും ശരീര പീഢനം ഒരു പരിഹാരമല്ല....
എന്തു കൊണ്ട് ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കുറഞ്ഞു എന്ന് സ്വയം ചോദിക്കുക. പാളിച്ച പലപ്പോഴും കുട്ടിയുടെതാവില്ല,ചിലപ്പോള്‍ ആ കുട്ടിക്ക് ഗ്രഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവും
[slow learner]അതറിഞ്ഞ് സഹായിക്കണം .
വിനോദ് മാഷ് പരീക്ഷ കഴിഞ്ഞ് അടിച്ചത് ശരിയല്ല.സ്വന്തം കുറ്റബോധം ആണ് ആ അടി.
വര്‍ഷത്തില്‍ ഒരു പോസ്റ്റേ എഴുതുകയുള്ളോ മാഷേ? ഇതെവിടെ പോയി?
ഒരു കഥ ഒരു വര്‍ഷം... കിണര്‍ നിറയാന്‍ ഒരു വര്‍ഷം... ഉറവ കുറവാണോ മാഷേ... പക്ഷെ കഥ കൊള്ളാം... എഴുതാന്‍ മടിയാണെങ്കില്‍ അതിന്റെ നഷ്ടം വായനക്കാര്ക്കാ.
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും വീണ്ടും നന്ദി..
കമന്റുകള്‍ക്ക് മറുപടിനല്കാന് (അന്യായ) കാലതാമസം നേരിട്ടതില്‍ ഖേദിക്കുന്നു...
കാലമാടന്: വളരെ നന്ദി...
അപ്പു: താങ്ക്സ്.. എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട കമന്റായി ഇതിനെ കണക്കാക്കുന്നു... അടുത്ത പോസ്റ്റില്‍ ഇംപ്രൂവ് ചെയ്യാം.. (അടുത്ത റിലീസില്‍ പെര്‍ഫോമന്‍സ് കൂടുമെന്ന് ഞങള്‍ IT ക്കാര് ക്ലൈന്റിനോട് ചുമ്മാ തള്ളുന്ന പോലെ അല്ല കേട്ടൊ..)
വയനാടന്‍: നന്ദി ..
jyothirmayi: :-)
maramaakri: മാക്രി പറഞ്ഞകൊണ്ടാ .. ഇല്ലെങ്കില്‍ എത്ര പോസ്റ്റിടാനുള്ള സമയമായ്...
തോന്ന്യാസി: സന്തോഷം
Manoj എമ്പ്രാന്തിരി: പിന്നല്ലാതെ...
തസ്കരവീരന്: കാണണം..
annamma: നന്ട്രി...
Devidas: ക്ഷമ കാണിച്ചതില്‍ സന്തോഷം.. ദേവിദാസിനു അങ്ങനെ തന്നെ വേണം...
Deepak: ദീപക്കിനോട് എന്നാ നന്ദി പറയാനാ...
Technopark Live: :-)
itkuttan : :-)
രുധിരമാല: അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം.. :-)
ചേട്ടായി: hmm...
പവനായി: അളിയാ.. ഇതെങ്ങനെ കണ്ടുപിടിച്ചു?
താങ്ക്സ്...
മാണിക്യം: വിശദമായ കമന്റിനു നന്ദി...
പ്ക്ഷേ മറ്റൊരു കാര്യം.. എന്നെപ്പോലൊരു വിവരം കെട്ടവന് എഴുതിയ ഒരു സംഭവം മാത്രം കണക്കിലെടുത്തു, വളരെയധികം നല്ല ഗുണങ്ങളുള്ള അദ്ദേഹത്തെ വിലയിരുത്തരുത് എന്നപേക്ഷിക്കുന്നു.. പോസ്റ്റിന്റെ അവസാന ഭാഗം ഒരിക്കല്‍ കൂടി ശ്രദ്ധിക്കുക.. pls.. :-)
ശ്രീ: നോം ഇവിടുണ്ടേ...
പുതിയ ഒരു പോസ്റ്റുമായി ഉടന്‍ എത്താന്‍ ശ്രമിക്കുന്നതായിരിക്കുന്നതായിരിക്കും...
ദീപക് രാജ് : ഉറവയില്ല എന്നതു തന്നെ സത്യം..(സീക്രട്ട്)..
പിന്നെ ആരെങ്കിലും ചോദിച്ചാല്‍ പണിത്തിരക്കാണെന്നും താല്പര്യമില്ലെന്നുമൊക്കെ പറയും.. :-)
എന്താടോ...
വര്‍ഷം ഒന്നു കഴിയുന്നു താന്‍ ഇതില്‍ എന്തെങ്കിലും ചാമ്പിയിട്ടു. ഒരു ചെറുകഥയെങ്കിലും ഇടു മാഷെ... ഇനി അതു എനിക്കുള്ള പണിയാണെങ്കിലും ഞാന്‍ അതങു സഹിച്ചോളാം.
ഇതൊരുമാതിരി നമ്മുടെ സാഹിത്യകാരണവന്മാരെപ്പോലെ...
(ഇതില്‍ ഞാനെങനെ കമന്റാതെപോയി എന്നു ഇപ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല)
എന്തിനെറേ പോസ്റ്റുന്നു ഇത് പോലൊരെണ്ണം പോരെ പൊളിച്ചടുക്കാന്‍ ...
പഴയ തല്ല് വാങ്ങല്‍ ഓര്‍മ്മകളിലേക്ക് പോയി.... :)
വല്ലപ്പോഴും ഇവിടെ ഒന്നു അപ്ഡേറ്റ് ചെയ്തു കൂടെ ?? ഇങ്ങനെ മടി പിടിച്ചിരുന്നാല്‍ നീ എങ്ങനെ പ്രശസ്തനാകും ?
kidilam blog. chirichu chirichu oru vazhikkayi. 2007 il ezhuthiya article vaayichu. this one is better.
That was really funny.. I couldn't stop laughing....
ഡേയ്... നീയിങ്ങനെ ആണ്ടിനും സംക്രാന്തിക്കും മാത്രം എഴുതാന്‍ തുടങ്ങിയാല്‍ ആമ്പിള്ളേര് കേറി ഫേമസ് ആകും കേട്ടോ. കൊച്ചുണ്ണി ഒരു മാസത്തിനുള്ളില്‍ ഇപ്പൊ മൂന്നാമത്തെ പോസ്റ്റും ഇട്ടു കഴിഞ്ഞു. ഇതൊന്നും പോരാ എന്നേ എനിക്ക് പറയാനുള്ളൂ.
സംഭവം കൊള്ളാം...
another one i saw http://santhosh77.blogspot.com/
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...!!
ആശംസകള്‍...
സംഭവം കലക്കി മാഷെ...
എന്നാലും എഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഇത്തിരി പഠിച്ചില്ലന്നു വച്ച് അടി കൊടുത്തു നന്നാക്കാന്‍ പോണത് ഒരു നല്ല കലാപരിപാടി അല്ല. ഹംസയൊകെ എത്രകാലം ആയിട്ട് ഇരുന്നു കൊണ്ടതാ? എന്നിട്ട് ആ ഒരു ഒന്നൊന്നര മാര്കിന്നു പ്രത്യേകിച്ച് improvements ഒന്നും ഇണ്ടായില്ലല്ലോ...ഇമ്മാതിരി കണ്ണില്‍ ചോര ഇല്ലാത്ത ടീച്ചേര്സ്നോടുള്ള എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു... :( :((
ധനേഷേ കുഴി മടിയാ....
വര്‍ഷത്തില്‍ ഒരു പോസ്റ്റ് എലും ഇടടാ
അടിപൊളി ആണ് കേട്ടോ ! ഇത്രയും വലിയ പോസ്റ്റ് ആയിട്ടും ഒറ്റയിരിപ്പില്‍ ഞാന്‍ വായിച്ചു.. അത്രയ്ക്ക് നന്നായിരുന്നു..
Keep posting this kind of experiences..
എല്ലാ പോസ്റ്റും അടിപൊളി..
എഴുത്ത് (സാറിന്റെ തല്ലും) ‘കൊള്ളാം’... പലരും പറഞ്ഞതു പോലെ അല്പം നീണ്ടുപോയോ... എന്ന് സംശയം പറയുന്നില്ല. സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യം.
shabuchettan eppozhum angane thannee........njan ..aa pazhaya vinodh sirinte classilekku veendum nadannu kayariiii.......orayiram nandhiiii dhaneshettoooooooooo.....
Post a Comment