സാധാരണ ഞാന്‍ വീട്ടിലാണെങ്കില്‍ രാവിലെ എട്ടരേമുക്കാല്‍, ഒന്‍പത്, ഒന്‍പതരേ മുക്കാല്‍ തുടങ്ങിയ സമയങ്ങളിലാണ് എഴുന്നേല്‍ക്കുന്നത്.
(എന്താന്നറിയില്ല എന്റെ വീട്ടില്‍ 8 മണിക്കാണ് കോഴികൂവുന്നത്..കോഴീടെ ഒരു കാര്യം... )
ഇന്നു പക്ഷേ രാവിലെ പതിവിനു വിപരീതമായി 7 മണിക്ക് എഴുന്നേറ്റു. ഒറ്റ ഉദ്ദേശമേ ഉള്ളൂ..
തൊടുപുഴയില്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുക..
കാര്യം ഒട്ടുമിക്ക ബ്ലോഗര്‍മാരും എന്നെ അറിയില്ലെങ്കിലും,എന്റെ പേരു പറഞ്ഞാല്‍ വേറേ പേരിലാണോ ബ്ലോഗ് ചെയ്യുന്നേ എന്നാണ് പലരും ചോദിക്കാറ് എങ്കിലും,
ബ്ലോഗില്ലാത്ത എന്റെ പല കൂട്ടുകാരുടേയും മുന്‍പില്‍ ഞാന്‍
വലിയ ബ്ലോഗര്‍ ആണ്.. (അവരുടെ അറിവില്ലായ്മ)
വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയേ ഉള്ളൂ തൊടുപുഴവരെ. രാവിലെ എട്ടേകാല്‍ ആയപ്പോ വീട്ടില്‍ നിന്നിറങ്ങി.
തൊടുപുഴ എത്താറായപ്പോള്‍, ബസ്സില്‍ അടുത്തിരുന്ന ചേട്ടനോട്, വെറുതെ, ഈ അര്‍ബന്‍ ബാങ്ക് എവിടെയാണെന്ന് ചോദിച്ചു എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..
“പ്രൈവറ്റ് സ്റ്റാന്റിന്റെ തൊട്ടടുത്താ.. ഞാന്‍ കാണിച്ചു തരാം” ചേട്ടന്‍ മൊഴിഞ്ഞു.
പിന്നെ വേറെ ആരോടെങ്കിലും ചോദിക്കാനോ, അതിനു മുന്‍പിറങ്ങാനോ ആ നല്ല മനുഷ്യന്‍ സമ്മതിച്ചില്ല.
അങ്ങനെ ഞാന്‍ പ്രൈവറ്റ് സ്റ്റാന്റില്‍ തന്നെ ഇറങ്ങി. അപ്പോള്‍ പക്ഷേ നമ്മുടെ ചേട്ടനെ കാണുന്നില്ല.
പിന്നെ ഞാന്‍ മറ്റൊരാളോട് ചോദിച്ചു..
‘ഓ ഇവിടെ അടുത്താ.. 2 കിലോമീറ്ററേ ഉള്ളൂ.. ‘
ഹോ എനിക്കങ്ങു രോമാഞ്ചം വന്നു പോയി...
പിന്നെ ഒരു ഓട്ടോ ഒക്കെ പിടിച്ച്, പതിയെ, ഓഡിറ്റോറിയത്തിലെത്തി..
എന്നെ ബ്ലോഗില്‍ എത്തിച്ചതും, ഞാന്‍ ബ്ലോഗില്‍ എത്തിച്ചതുമായ കുറച്ച് അടുത്ത സുഹൃത്തുക്കളെയല്ലാതെ, അറിയപ്പെടുന്ന വളരെകുറച്ച് ബ്ലോഗറ്മാരെ മാത്രമേ ഞാന്‍ പരിചയപെട്ടിട്ടുള്ളൂ..
ഇന്നു വരും എന്നു പറയുന്ന ആളുകളെ ഒക്കെ കണ്ടാല്‍ എങ്ങിനെ ഇരിക്കും എന്നൊക്കെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു...
കയറിചെന്ന് ആദ്യം പരിചയപ്പെടുന്നത് ലതിയേച്ചിയെയാണ് ... മുന്‍പുതന്നെ പരിചയമുള്ള മുഖം ആയതുകൊണ്ട് അധികം
പരിചയപ്പെടുത്തലുകള്‍ വേണ്ടിവന്നില്ല..
പിന്നീട് പരിചയപ്പെട്ടത് നിരക്ഷരേട്ടനെയാണ്..
മൊത്തത്തില്‍, ആള്‍ നിരക്ഷരന്‍ ആണെന്ന് വിശ്വസിക്കാന്‍ തന്നെ തോന്നിയില്ല.
ഒന്നാമത്, ഇങ്ങേരെ കണ്ടാല്‍ അല്പം അക്ഷരാഭ്യാസം ഒക്കെ ഉണ്ടെന്ന് തോന്നും.. മാത്രമല്ല ബ്ലോഗിലെ ഫോട്ടോയില്‍ കാണുന്ന,
അല്ലെങ്കില്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് കൂടുതല്‍ തോന്നുകയും ചെയ്യും..
പക്ഷേ ഞാനാണ് നിരക്ഷരന്‍ എന്നു ആള്‍ പരഞ്ഞാല്‍ വിശ്വസിക്കാതെ പറ്റുമോ?
പിന്നീടങ്ങോട്ട്, ആളുകളുടെ യധാര്‍ഥമുഖങ്ങളും എന്റെ മനസ്സില്‍ ഞാന്‍ നേരത്തേ സങ്കല്‍പ്പിച്ച രൂപവും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ആയിരുന്നു..
ചാണക്യന്‍ എന്ന ആള്‍ തടിച്ച് ഒരു കഷണ്ടിത്തലയന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.. പക്ഷേ, തലയില്‍ മുടിയുള്ള,
ഒരു ചെറിയ മനുഷ്യന്‍ പറയുന്നു, പുള്ളിയാണ് ചാണക്യന്‍ എന്ന്..
കുറച്ച് കഴിഞ്ഞപ്പോള്‍ സന്തൂര്‍ സോപ്പിന്റെ പരസ്യത്തെ അനുസ്മരിപ്പിച്ച് ഒരു അമ്മയും കുഞ്ഞും വന്നു..
ഒറ്റവ്യത്യാസമേ ഉള്ളൂ.. പരസ്യത്തിലെ അമ്മയെ കണ്ടാലാണ് അമ്മയാണെന്ന് തോന്നാത്തതെങ്കില്‍ ഇവിടെ പേരുകേട്ടാലാണ്
തോന്നാത്തത്.. റോഷ്നിക്കുട്ടിയും കാന്താരിക്കുട്ടിയും .. എതാണ് അമ്മ? ഏതാണ് മകള്‍? നിങ്ങള്‍ തന്നെ പറയൂ..
അതു കഴിഞ്ഞപ്പോള്‍, ഒരു ചേച്ചി വന്നിട്ട് എഴുത്തുകാരിയാണെന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി..
പിന്നേ നമ്മളൊന്നും എഴുത്തുകാരല്ലല്ലോ !! .. പിന്നെയാണ് മനസിലായത്, അതു ടൈപ്പിസ്റ്റ് കം എഴുത്തുകാരി ആണെന്ന്..
ഹരീഷേട്ടന്, ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വണ്ണമുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രസ്നമൊന്നും ഇല്ല :)
പിന്നെ അങ്ങോട്ട് പരിചയപ്പെടലുകളുടെ ഒരു ബഹളം തന്നെ ആയിരുന്നു..
മുരളിക, ചാര്‍വാകന്‍, മണിഷാരത്ത്, ശിവ, സരിജ, അനില്‍@ബ്ലോഗ്, Drബാബുരാജ്, വഹാബ്, വഹാബിന്റെ സുഹൃത്ത്, അനൂപ്കോതനല്ലൂര്‍,സുനില്‍ കൃഷ്ണന്‍,
മണികണ്ഠന്‍, വിനയ തുടങ്ങിയവരെ ഒക്കെ പരിചയപ്പെട്ടു.
എന്തായാലും ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ, എന്നെ ആരും അറിയില്ലായിരുന്നു.
അങ്ങനെ മീറ്റ് ഔപചാരികമായി തുടങ്ങി.. അതിനിടയിലുണ്ട് ഒരാള്‍ അധികം ശബ്ദമുണ്ടാക്കതെ പതിയെ നടന്ന് അകത്തേക്കു വരുന്നു..
എന്നിട്ട് അതിലുംപതിയെ പറഞ്ഞു.‘ഞാന്‍ പാവത്താനാണേ’ന്ന്..
‘അതു പിന്നെ കണ്ടാലറിയത്തില്ലിയോ? എന്തോ വേണം?’ എന്നാണ് ചോദിക്കേണ്ടത്.. പക്ഷേ ആള്‍ ബ്ലോഗര്‍ പാവത്താന്‍ ആണ്.
എന്തായാലും, പേരുകേള്‍ക്കുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു രണ്ടര ഡിഗ്രികൂടി പാവത്താന്‍ ആണ് അദ്ദേഹം എന്ന് പിന്നീട് പരിചയപ്പെട്ടപ്പോള്‍
മനസിലായി. (പാവത അളക്കുന്ന യൂണിറ്റ്, ഡിഗ്രി തന്നെ ആണോ എന്ന് വലിയ നിശ്ചയം പോര!)
അങ്ങിനെ എല്ലാവരും സ്വയം പരിചയപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോളാണ്, പാവപ്പെട്ടവന്‍ വന്ന വഴിയേ,
അതിലും പാവപ്പെട്ട ഒരു വല്യമ്മ വരുന്നത്..അവരും പാവപ്പെട്ടവന്റെ കൂടെ വന്നതാണെന്നണ് എല്ലാവരും ആദ്യം വിചാരിച്ചത്. വല്യമ്മ വന്ന പാടേ,
അവിടെ കിടന്ന ഒരു കസേരയില്‍ ഇരിക്കാനുള്ള പരിപാടി ആയിരുന്നു.
ഉടന്‍ തന്നെ ലതിയേച്ചി ഇടപെട്ടു, അടുത്ത് ചെന്നു എന്തോ ചോദിച്ചു. ‘ഏതു പേരിലാ ബ്ലോഗ് എഴുതുന്നേ?’ എന്നാ ചോദിച്ചേ എന്ന്
പിന്നീട് മനസ്സിലായി..
‘ഏന്തോ?’ വല്യമ്മക്കു ഒന്നും മനസ്സിലായില്ല.. പാവം മറ്റേതോ ആവശ്യത്തിനു വന്നതാണ്. വഴി തെറ്റിപ്പോയി !!!
അതിനിടയില്‍ നാട്ടുകാരനും ഭാര്യയും എത്തി.. നാട്ടുകാരന്‍ ശരിക്കും നാട്ടുകാരന്‍ തന്നെയാണ്..
മീറ്റ് തൊടുപുഴയില്‍ തന്നെ നടന്നതു നന്നായി.. പുള്ളിക്ക് നാട്ടുകാരന്‍ എന്നു തന്നെ പറയാല്ലോ..
പിന്നീടാണ് സോജന്‍ എത്തുന്നത്. എനിക്ക് മീറ്റിനുമുന്‍പു തന്നേ പരിചയമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഞാന്‍ സോജനേ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീടെത്തിയത് ഏറ്റവുംവിശിഷ്ടരായ അതിധികളായിരുന്നു.. ഹരീഷേട്ടന്റെ ഭാര്യ മഞ്ചുചേച്ചിയും, അമ്മയും പിന്നെ ആവണികുട്ടിയും.
എഴുത്തുകാരിചേച്ചിയുടേയും, മോളുടേയും, വിനയചേച്ചിയുടേയും, ചാര്‍വാകന്‍ ചേട്ടന്റേയും പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി..
പലരും സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുടെഉടമകള്‍ ആയതിനാല്‍, പിന്നീട് നടന്ന ചില ചര്‍ച്ചകള്‍ ഒക്കെ എന്റെ പരിധിക്കു പുറത്തായിരുന്നു..
പക്ഷേ അതു കഴിഞ്ഞ് നമ്മുടെ ഐറ്റം ആയിരുന്നു.. ബിരിയാണിയും ഊണുമാണ് ഹരീഷേട്ടന്റെ പാചകസംഘം ഒരുക്കിയിരിക്കുന്നത്.. ഐറ്റംസ് ഒക്കെ അതി ഗംഭീരം ആയിരുന്നു
എന്നു പറയാതെ വയ്യ..
അങ്ങനെ മൃഷ്ടാന്നം ഭക്ഷണവും കഴിച്ച്, ഞങ്ങള്‍ തൊമ്മന്‍ കുത്തിലേക്ക് യാത്രതിരിച്ചു. തൊടുപുഴയില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു
വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്.
ബസ്സില്‍ നാട്ടുകാരന്റെ വക റണ്ണിങ് കമന്ററി ഉണ്ടായിരുന്നു. (‘റണ്ണിങ്ങ്‘ എന്നാല്‍, കേട്ടാല്‍ ഓടിപ്പോകുന്ന എന്നല്ല കേട്ടോ)..
വലിയ വലിയ പള്ളികളുടെ ചരിത്രം, സിനിമ ഷൂറ്റിങ് നടന്ന ലൊക്കേഷനുകള്‍ എന്നു വേണ്ട, വഴിസൈഡിലെ മരക്കുറ്റിയും എലക്ട്രിക് ലൈനില്‍ ഇരിക്കുന്ന കാക്കയും വരെ
വിഷയങ്ങളാക്കി നാട്ടുകാരന്‍ തകര്‍ത്തു. (ഞങ്ങളുടെ സമാധാനം തകര്‍ത്തു)
അതിനിടയില്‍ വഴിയിലെ ഒരു വളവ് എത്തിയപ്പോള്‍, പണ്ട് ആ വളവില്‍ ബസ് റിവേഴ്സ് എടുക്കാതെ ആദ്യമായി വളച്ച ഡ്രൈവര്‍ ഏപ്പു ചേട്ടന്റേയും, ആ വളപ്പ് കണ്ട് വളഞ്ഞു
പിന്നീടു പുള്ളിയുടെ ഭാര്യയായ ഒരു പെണ്ണുംപിള്ളയുടേയും കഥയൊക്കെ ആള്‍ പറഞ്ഞുതന്നു.. (നാട്ടുകാരാ ഇതൊരു പോസ്റ്റാക്കാന്‍ ഇരുന്ന സംഭവം ആണോ.. ആ പോട്ടെ..)
തൊമ്മന്‍ കുത്തിന് ആ പേരുവരാനുള്ള കാരണവും, എനിക്ക് പുതിയ അറിവായിരുന്നു. പണ്ട് തൊമ്മന്‍ എന്നു പേരുള്ള ഒരു ഭാഗ്യവാന്‍, വെറെ എവിടെയും പ്ലാവില്ലാത്തപോലെ
വെള്ളച്ചാട്ടത്തിന്റ്റെ മുകളില്‍ ഒരു പ്ലാവില്‍ ചക്ക ഇടാന്‍ കയറുകയും, ചക്ക ഇട്ടിട്ട് താഴോട്ടിറങ്ങാന്‍ ചക്ക പോന്ന വഴി തന്നെ സ്വീകരിക്കുകയും ചെയ്തത്രേ. അങ്ങനെ
തൊമ്മന്‍ മസിലും കുത്തി വീണ് ഇഹലോകവാസം വെടിഞ്ഞസ്ഥലമാണ് തൊമന്‍ കുത്ത്. ഈ വെള്ളച്ചാട്ടത്തിലേക്ക് ചക്കയിട്ടാല്‍ ആരു ചക്ക പിടിക്കും എന്നു നാട്ടുകാരന്‍ പറഞ്ഞില്ല.
നാട്ടുകാരനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആരും ചോദിച്ചും ഇല്ല.
ഏതാണ്ട് 19 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 10 കുത്തുകളാണ് അവിടെ ഉള്ളത്. അതില്‍ ആദ്യത്തേതാണ് തൊമ്മന്‍ കുത്ത്.
ബാക്കി ഉള്ളതൊക്കെ കാട്ടിനുള്ളിലേക്കാണ്. വഴിയും ദുര്‍ഘടമാണത്രേ..
നാട്ടുകാരന്‍ പണ്ട് പോയപ്പോള്‍ അതില്‍ അഞ്ചെണ്ണം കണ്ടിട്ട് തിരിച്ചിറങ്ങി എന്നു പറഞ്ഞു..
‘എന്തിനാ തിരിച്ചു വന്നേ, ആ വഴി പോയാല്‍ പോരായിരുന്നോ എന്ന്,‘ ആളുടെ ഭാര്യ അവിടെ ഇരുന്ന് പതുക്കെ ചോദിച്ചത്,
ഞങ്ങള്‍ കുറച്ചു പേരേ കേട്ടുള്ളൂ... (ആരോടും പറയേണ്ട)
പ്രകൃതിയുടെ വന്യമായ സൌദര്യമാണ് തൊമ്മങ്കുത്ത് എന്നു പറയാം..
അതിമനോഹരം, ഒപ്പം അത്യന്തം അപകടകരം... അവിടെ ഇതിനകം ജീവന്‍ ഹോമിച്ചവരുടെ എണ്ണം ഒക്കെ എഴുതി വചിട്ടുണ്ട്.. ആ നമ്പര്‍ ഒക്കെ തിരുത്താന്‍ അവര്‍ക്കുവലിയ ബുദ്ധിമുട്ടാവില്ലേ എന്നോര്‍ത്തപ്പോള്‍ അധികം അഭ്യാസം കാണിക്കാന്‍ തോന്നിയില്ല.
ഞങ്ങള്‍ തൊമ്മന്‍ കുത്തും അതിനടുതുള്ള ഏഴുനിലകുത്തും മാത്രമേ കണ്ടുള്ളൂ.. അധികം താമസിയാതെ തന്നെ തിരിച്ചിറങ്ങി, മടക്ക യാത്ര ആരംഭിക്കുകയും ചെയ്തു.
തിരിച്ചുള്ള യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍, മണികണ്ഠന്റെയും, ലതിയേച്ചിയുടെ മകന്‍ കണ്ണന്റെയും മിമിക്രി നമ്പറുകളും, എല്ലാത്തിലുമുപരി മുരളികയുടെ
തമാശകളും ആയിരുന്നു.
അങ്ങനെ നാലു മണിയോടുകൂടി ഞങ്ങള്‍ തിരിച്ച് തൊടുപുഴയില്‍ എത്തി.
പിന്നീട് എല്ലാവര്‍ക്കും നന്ദി പറയാനുള്ള അവസരം ആയിരുന്നു. എല്ലാവരും കൂടി ഒരാളെ നന്ദികൊണ്ട് മൂടുകയായിരുന്നു എന്നും പറയാം..
മറ്റാരേയുമല്ല, നമ്മുടെ സ്വന്തം ഹരീഷേട്ടനെ..
അദ്ദേഹം ചെയ്ത ഈ വലിയകാര്യത്തിനെ നമ്മള്‍ എത്രമാത്രം പുകഴ്തിയാലും മതിയാവില്ല എന്ന അഭിപ്രായം തന്നെയാണ് എല്ലാരേയും പോലെ എനിക്കും ഉണ്ടായിരുന്നത്.
ഹരീഷേട്ടന്‍ എല്ലാം ഒരു പുഞ്ചിരിയോടെ ആസ്വദിച്ചുകേട്ടു. നന്ദി പറച്ചില്‍ ലിമിറ്റ് വിടുന്നു എന്നു കണ്ടപ്പോള്‍ ഹരീഷേട്ടന്‍ തന്റെ കേറ്ററിംഗ് സംഘത്തിനു നേരേ എന്തോ ഒരു ആംഗ്യം
കാണിച്ചു. ഉടന്‍ തന്നെ വൈകിട്ടത്തെ ഭക്ഷണമായ, കപ്പയും മുളക്ചമ്മന്തിയും എത്തി.. അതോടെ നന്ദി പറച്ചില്‍ ഒന്നടങ്ങി.
പിന്നീട് എല്ലാവരും പിരിയാനുള്ള സമയമായിരുന്നു..
രാവിലെ മുതല്‍ വൈകിട്ട് വരെ ഏതാനും മണിക്കൂറുകളേ ഒപ്പം ചെലവഴിച്ചുള്ളൂ എങ്കിലും എല്ലാവരുടെയും മുഖത്ത് ഒരു വേര്‍പിരിയലിന്റെ വിഷമം കാണാമായിരുന്നു..
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല.
ഒടുവില്‍ യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിന്റെ പടവുകള്‍ ഇറങ്ങുമ്പോളും, സുനിലേട്ടന്റെ കൂടെ തിരിച്ച് പോരുമ്പോളും, മനസ്സില്‍ ലതിയേച്ചി ചൊല്ലിയ കവിതയിലെ വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു..
“മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം“
Subscribe to:
Post Comments (Atom)
76 comments:
ബ്ലോഗ് മീറ്റില്‍ ഒക്കെ പങ്കെടുത്തപ്പോള്‍, ആളനക്കമില്ലാതെ കിടക്കുന്ന ഈ ബ്ലോഗ് ഒന്നു പുനരുജ്ജീവിപ്പിക്കണം എന്നൊരു ആഗ്രഹം...
ബ്ലോഗ് മീറ്റിനെക്കുറിച്ച്, എന്നെക്കൊണ്ടാവുന്ന ഒരു വിവരണം..
ഫോട്ടോസിന്റ്റെ കുറവുണ്ട്.. അതു പടം പിടുത്തത്തിന്റെ ആശാന്‍ ഹരീഷേട്ടന്‍ നാളെ തന്നെ പോസ്റ്റും എന്ന് പ്രതീക്ഷിക്കുന്നു..
***IPL ഫൈനല്‍ കണ്ടുകൊണ്ട് എഴുതിയതിനാല്‍, ചില നോ ബോളും വൈഡും ഒക്കെ കാണും.. ക്ഷമിക്കുക...***
എന്തായാലും അടിച്ചു പൊളിച്ചു അല്ലെ.. വന്നിരുന്നെങ്കില്‍ കുറെ പുലികളുടെ ഇടയില്‍ പെട്ട് പോയേനെ.. ഭാഗ്യം.. !
എന്തായാലും ഹരീഷ് 100 മാര്‍ക്ക് വാങ്ങി.. ആശംസകള്‍.. ഒപ്പം വിശദമായ വിവരങ്ങള്‍ക്ക് ധനേഷിനും..
അലക്കീട്ടുണ്ട്. ഇനിയും വരട്ടെ ബ്ലോഗുമീറ്റ് വിശേഷങ്ങൾ.
നന്നായി വിവരിച്ചു കേട്ടോ...
ഇനീം വരാം.... :)
വായിച്ചു അറിഞ്ഞപ്പോള്‍ നല്ല ഒന്നാംതരം നഷ്ടബോധം..!
പിന്നെ,ഇത്തിരി അസൂയ..
കൂടെ ഒരു പ്രതീക്ഷ,അടുത്ത മീറ്റിനെങ്കിലും വരാന്‍ പറ്റുമായിരിക്കും..
നല്ല പോസ്റ്റ് ട്ടോ..
നര്‍മ്മത്തില്‍ പൊതിഞ്ഞ വിവരണം അസ്സലായി..
ഫോട്ടോ നാളെ കാണാന്‍ പറ്റുമായിരിക്കും അല്ലെ?
നല്ല രസകരമായ വിവരണം. മനസ്സുകൊണ്ട് അവിടെയായിരുന്നു.കൊള്ളാം ....ആശംസകള്‍!
ധനേഷേ, ചില നോ ബോളും വൈഡും ഇല്ലാതെ എന്ത് ഓവര്‍ .....എന്തായാലും നീ വിക്കറ്റ് എടുത്തല്ലോ....വിവരണം അസ്സലായി......കപ്പയും മുളകും ശരിക്കും മിസ്സയായ പോലെ ....
മച്ചൂ കലക്കി ,ഞാന്‍ രാവിലെ മുതല്‍ നോക്കിയിരുപ്പാ ആരെങ്കിലും ഒന്ന് പോസ്റ്റ് ഇടാന്‍ വേണ്ടി മീറ്റിനെ കുറിച്ച് .കാപ്പിലാന്റെ തത്സമയത്തില്‍ കുറച്ചു ഫോട്ടോ കണ്ടതല്ലാതെ പിന്നെ ഒരു വിവരവും കിട്ടാതെ ഇരിക്കുവാരുന്നു .എന്നാലും കപ്പയും ചമ്മന്തിയും ,,,ദുഷ്ടാ എനിക്ക് ആ ഒറ്റക്കാര്യതിലാ നിങ്ങലോടെല്ലരോടും അസൂയ തോന്നിയത് .
ഒരു മാതിരി ഇരിക്കുന്ന ബ്രെഡ്, വാട്ടക്കാപ്പി - ഇത് രണ്ടും കഴിച്ചാണ് ഇവിടെ ഒരു ഉച്ച തള്ളി വിടുന്നത്. ഒപ്പം ഇരിക്കുന്നവന്‍ ലോകത്തിന്‍റെ ഏതെങ്കിലും മുക്കില്‍ നിന്നും എന്നെപ്പോലെ ജോലി തേടി വന്നവന്‍. അങ്ങിനെ ഒരിടത്തിരുന്ന് ബ്ലോഗ് കൂട്ടായ്മയുടെ വാര്‍ത്ത വായിക്കുമ്പോള്‍ നഷ്ടബോധം പലമടങ്ങ് വര്‍ധിക്കുന്നു.
നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്നെങ്കിലും നാട്ടില്‍ വരുമ്പോള്‍ കാണാം. ഹരീഷിനെ അഭിനന്ദനങ്ങള്‍ അറിയിക്കുമല്ലോ
എന്റെയും ആശംസകള്‍ .ഫോട്ടോകള്‍ എവിടെ ധനേഷ് ? നല്ല അവതരണം .
നല്ല വിവരണം. ബ്ലോഗു കൂട്ടായ്മ നന്നായെന്നറിഞ്ഞതില്‍ സന്തോഷവും.
മീറ്റിന്റെ വിവരങ്ങള്‍ വളരെ രസകരമായി എഴുതിയിരിക്കുന്നു.
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല
ഹ ഹ ഹ അതുകലക്കി :)
അപ്പോ ധനേഷേ, ഇനി മടികൂടാതെ മുടങ്ങാതെ പോസ്റ്റൂ. വളരെ നന്നായി എഴുതുന്നുണ്ടല്ലോ. ഫോട്ടോസുമായി ഹരീഷിന്റെ പോസ്റ്റ് ഉടന്‍ വരുമല്ലോ അല്ലേ.
അടിച്ചുപൊളി പോസ്റ്റിന്റെ നർമ്മത്തിൽ പൊതിഞ്ഞ രസകരമായ വിവരണം. ഒന്നും നോ ബോളും വൈഡും ഒന്നും ആയതായി തോന്നിയില്ലാട്ടോ :)
ithu vayichappol nashtta botham koodi meetinu varan pattattathinu!
ധനേഷ് കുട്ടാ ..........
എനിക്ക് പിണക്കമാണ് .... മൊത്തം നോ ബോള്‍ അല്യെ ?
ഞാന്‍ ആദ്യം എത്തിയിട്ട് എന്നെ അവസാനം ആക്കിയത് അത്രക്കങ്ങു പിടിച്ചില്യാടോ.........
അടിപൊളി വിവരണം .....
ഇതിരുന്നിട്ടാണോ മുത്തി പള്ളിയില്‍ പോകാത്തത് ?
ഐ.പി.എല്ലിനു ഇടയ്ക്കു ഇങ്ങനെയും പോസ്ടാമോ ? ഗ്രേറ്റ് ......... വീണ്ടും എഴുതുക ........
രസകരമായി വിവരിച്ചിരിക്കുന്നു, ഇത് വായിച്ചപ്പഴാ വരാന്‍ പറ്റാത്തതിന്‍റെ വിഷമം തോന്നിയത്.
പിന്നെ പഴയ പോസ്റ്റുകളും വായിച്ച് കേട്ടോ, നന്നായിരിക്കുന്നു.
ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ഇട്ടോന്നേ ഒരു കുഴപ്പവുമില്ല, നല്ല അവതരണം.
ധനേഷ്, അവിടെ വരാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം ഇതോടെ മാറി. ഇതിലും ഭംഗിയായി എങ്ങനെ വിവരിക്കാനാണ്. കുറച്ചു ഫോട്ടോകളുടെ കുറവേയുള്ളൂ. അത് മറ്റാരെങ്കിലും പരിഹരിക്കും എന്നുവിശ്വസിക്കുന്നു. ഈ മീറ്റിന്റെ തയ്യാറെടുപ്പുകളെപ്പറ്റി മിനിഞ്ഞാന്ന് ഹരീഷ് ഫോണില്‍ പറഞ്ഞൂതന്നപ്പോഴേ എനിക്കുറപ്പായിരുന്നു ഇത് ഒരു അതിഗംഭീര പരിപാടിയായിരിക്കും എന്ന്. പ്രതീക്ഷതെറ്റിയില്ല. ഹരീഷേ നൂറില്‍ നൂറു മാര്‍ക്കും വാങ്ങിയ ആ സംഘടനാ പാടവത്തിന് ഒരു ‘കൊടുകൈ’. ഇതില്‍ പങ്കെടുത്ത് ഈ മീറ്റ് ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങള്‍ ഇവിടെ രണ്ടുമൂന്നു മീറ്റ് കൂടിയെങ്കിലും അതൊന്നും ഇതിന്റെ ഏഴയലത്തുവന്നിരുന്നില്ല എന്ന് ഇപ്പോ മനസിലായി. ഹരീഷേ അടുത്ത യു.എ.ഇ മീറ്റ് തൊടുപുഴയില്‍ വച്ച് നടത്താം കേട്ടോ :-)
ധനേഷ്.നല്ല രസികൻ വിവരണം.എന്നാലും മീറ്റ് കഴിഞ്ഞ് ഇത്ര പെട്ടെന്ന് ആവേശം കയറി ഇത്ര വേഗത്തിൽ ഇതു പോസ്റ്റുമെന്ന് ഓർത്തില്ല.സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഉറങ്ങാനേ പറ്റിയില്ല.മീറ്റിൻ നടന്ന ഓരോ കാര്യങ്ങളും ഒരു സിനിമ കണക്കെ മനസ്സിലൂടെ കടന്നു പോകുമ്പോൾ എങ്ങനെ ഉറങ്ങും.ഇത്രയും നല്ല ഒരു മീറ്റ് കേരളത്തിലെവിടെയും നടന്നു കാണില്ല.വിദേശത്തും !!
ആഴയിലൊരിക്കൽ വീതം പോസ്റ്റിടാനുള്ള ആവേശം കാണിക്കണം .കേട്ടോ ധനേഷ്.
ഓ.ടോ : ഇന്നലെ ആരാണ്ടൊക്കെയോ എല്ലാരുടേം മെയിൽ ഐ ഡി അയച്ചു തരാം ന്നു പറഞ്ഞിരുന്നു.കിട്ടിയൊ ?????
dear dhanesh,
i reached late.may be-aa kozhi evideyethiyittundakum!
thanks for the deatiled script.humorous and interesting.by now,you would be a well known personality!
i missed that ''kappa and chammanthy''.
keep writing!comgrtas to harish!
sasneham,
anu
“മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം“
Its true
നന്നായി അവതരിപ്പിച്ചിരിക്കുന്നു ധനേഷ് ....
കൂടിച്ചേരലുകള്‍ എപ്പോഴും സന്തോഷകരം തന്നെ...
ഭാവിയില്‍ എന്നെങ്കിലും വിപുലമായ രീതിയില്‍ ഒരു കേരള ബ്ലോഗ് മീറ്റ് സ്വപ്നം കാണാം.
ആശംസകളോടെ,
ധനേഷ്, ഗംഭീരായിട്ടോ.ആവേശം ഇടക്കിടക്കു വന്നോട്ടെ ഇനി. (അവേശം വരുമ്പഴല്ലേ എഴുതാറ്).പടങ്ങളൊന്നും ആരുംഇടുന്നില്ലല്ലോ, ഇനി ഞാന്‍ തന്നെ വേണോ?
കപ്പ , ബിരിയാണി....ഫോട്ടംകളു വേഗം പോസ്റ്റു മോനേ..
വന്നില്ലേല്ലും സദ്യ മിസ്സാകരുതല്ലോ..?
ഈ വെള്ളച്ചാട്ടത്തിലേക്ക് ചക്കയിട്ടാല്‍ ആരു ചക്ക പിടിക്കും എന്നു നാട്ടുകാരന്‍ പറഞ്ഞില്ല.
kollam thakarthu :)
പ്രിയ ധനേഷ്...
വൌ..രസകരമായ അവതരണം. ബ്ലോഗ് മീറ്റിന്റെ എല്ലാ ഭാവങ്ങളും കൊതിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിനാല്‍, ഇനിയൊരു മീറ്റുണ്ടെങ്കില്‍....
മീറ്റൊരു വന്‍ വിജയമാക്കിയ മറ്റു ബ്ലോഗേഴ്സിന് അഭിനന്ദനങ്ങള്‍..
ഓ.ടൊ..ഡേയ് ധനേഷ്..ആ നീരു ഭായിക്ക് എന്തെങ്കിലും എഴുതാന്‍ കുറച്ച് കാര്യങ്ങള്‍ വിട്ടുകളയാന്‍ പാടില്ലായിരുന്നോ...നീരു ഭായിടെ കാര്യം പോട്ടെന്നു വയ്ക്കാം മറ്റുള്ളവരുടെ കാര്യമൊ..
ഗംഭീര വിവരണം :) ആശംസകള്‍ !!
വിവരണം കലക്കി. മീറ്റ് ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം :)
അപ്പോള്‍ ഇന്നലെ കയറിയ ആവേശം തലക്കു തന്നെ പിടിച്ചല്ലേ...?
:)
നന്നായി വിവരിച്ചിരിക്കുന്നു, രാവിലെ എണീറ്റ് ഒരു റീവൈന്‍ഡിനു സാധിച്ചു.
നന്ദി.
ആഹ! നല്ല വിവരണം.
നല്ല രസകരമായ വിവരണം.......മീറ്റ് കലക്കി എന്നറിഞ്ഞതില്‍ സന്തോഷം.
ഇന്നലെ വൈകിട്ട്, മീറ്റില്‍ നിന്നു വന്ന ഉടനെ ബാധകൂടിയതുപോലെ, ചടപടാ എഴുതിയിട്ടകൊണ്ട്, പല പ്രധാന സംഭവങ്ങളും മിസ്സായി..
ആദ്യമായി, മീറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെ....
ബൂലോഗപ്രസിദ്ധനായ ശ്രീ ശ്രീ കാപ്പിലാനന്ദസ്വാമികളുടെ, "നിഴല്‍ ചിത്രങ്ങള്‍“ എന്ന പുസ്തകം മീറ്റില്‍ വച്ചും പ്രകാശനം ചെയ്യപ്പെട്ടിരുന്നു.. അതു ഒരിക്കലും മറക്കാന്‍ പടില്ലത്തതായിട്ടു പോലും ഞാന്‍ മറന്നു പോയി..
ഇക്കാര്യം വിട്ടുപോയതിന്, കാപ്പുമാഷിനോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു...
ആ പുസ്തകം വാങ്ങുക വഴി ഓരോരുത്തരും മുസ്തഫയെക്കൂടി സഹായിച്ചു എന്ന നിരക്ഷരേട്ടന്റെ കമന്റ് കൂടി ഇവിടെ കുറിക്കാതെ വയ്യ..
പിന്നെയും കുറേക്കാര്യങ്ങള്‍ വിട്ടുപോയി..
അതില്‍ പ്രധാനം, സമാന്തരന്‍, ശാര്‍ങധരന്‍ എന്നീ പേരുകളാണ്.. രണ്ടു പേരും മീറ്റിലെ സജീവ സാന്നിധ്യമായിരുന്നു എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു..
പിന്നെ എന്റെ അയല്‍ നാട്ടുകാരനായ സുനിലേട്ടനെ മീറ്റില്‍ വച്ച് പരിചയപ്പെടാന്‍ കഴിഞ്ഞു എന്നുള്ളതാണ്..
ഇനിയും ഞാന്‍ മറന്ന ഒത്തിരി സംഭവങ്ങള്‍ ഉണ്ടാവും.. അതു മറ്റുള്ളവര്‍ പോസ്റ്റട്ടെ..
ഹരീഷേട്ടന്റെ ഒഫിഷ്യല്‍ ഫോട്ടോകള്‍ക്കായി കാത്തിരിക്കുന്നു...
last but not the least,
വിവരണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ വളരെ വളരെ സന്തോഷം... ഇതു വരെ വായിക്കുകയും കമന്റുകയും ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി
അടുത്തൊരു പോസ്റ്റിടാന്‍ ഇതിലും വലിയ ഒരു പ്രോത്സാഹനം എനിക്ക് കിട്ടാനുണ്ടോ?? :-)
ധനേഷ് ജീ..,തകര്‍പ്പന്‍ വിവരണം ട്ടോ..വരാന്‍ പറ്റിയില്ലെങ്കിലും എല്ലാരേം കണ്ട പോലെ തോന്നി ഇതു വായിച്ചപ്പോള്‍...മീറ്റ് ഗംഭീര വിജയമായെന്നറിഞ്ഞ് ഒത്തിരി സന്തോഷം..:)..ഇനി ഇതേ ആവേശത്തോടെ അടുത്ത പോസ്റ്റുകളും പോരട്ടെ...
..പിന്നീട് നടന്ന ചില ചര്‍ച്ചകള്‍ ഒക്കെ എന്റെ പരിധിക്കു പുറത്തായിരുന്നു..
adipoli..
great reporting with easy reading style.
congrats..
ധനേഷ്,
സ്വന്തം നാടിനെക്കുറിച്ചോർത്ത് നെടുവീർപ്പും ഒതുക്കി നടക്കുമ്പോഴാണ് ഒരു വിവരണവുമായി വന്നിരിക്കുന്നത്!
വെറുതെ ആളെ മക്കാറാക്കാൻ!!
എങ്കിലും നാടിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന് എന്റെയും കൂടി സ്വന്തമായ നാടിന്റെ ആഥിത്യം സ്വീകരിച്ചവർക്ക്, നമോവാകം.
ഓരൊ രംഗവും നേരിൽ കാണുന്ന അനുഭവം നൽകി നന്നായി അവതരിപ്പിച്ചതിന് ധനേഷിനും.
നാട്ടുകാരൻ നൽകിയ വിവരണത്തിൽ എന്റേതായ ഇത്തിരി മസാല കൂടി ചേർക്കട്ടെ.
പണ്ട് ഏപ്പു ചേട്ടൻ ഒറ്റയടിക്കു ബസ് തിരിച്ച വളവിന്റെ പേര് ഞറുക്കുറ്റി. കോളേജ് പഠനകാലത്ത് (നുണയല്ല അപ്പൻ തല്ലിപ്പറഞ്ഞു വിട്ടപ്പം ഞാനും പോയിട്ടുണ്ട്) ഞങ്ങളുടെ സ്പീഡ് ഹീറൊ ഏപ്പു ചേട്ടനായിരുന്നു. നല്ല കോങ്കണ്ണും വച്ച്, മൂപ്പരങ്ങിനെ 'ജയൻ' പറപ്പിക്കും.
ചേട്ടനെ പ്രേമിച്ച ചേച്ചി നല്ല സുന്ദരി. വെളുത്ത്, താടിയോടു ചേർന്നൊരു മറുകുമായി, രണ്ടുപേരും കൂടി പോകുന്നത്, ഇന്നും ഓർമ്മയിലുണ്ട്.
(ഏപ്പു ചേട്ടൻ പിന്നെ ആനവണ്ടിയുടെ പയിലറ്റായി എന്നു തോന്നുന്നു.)
ഫോട്ടം കുറച്ചു നാട്ടുകാരൻ ഇട്ടിട്ടുണ്ട്
അസൂയ കൊണ്ടാണോ എന്താന്നറിയില്ല കരച്ചിലൊക്കെ വരുന്നു... :(
വല്ലാത്ത നഷ്ടം.. :(
ഹാവൂ, ഇതൊന്ന് വായിച്ച് കഴിഞ്ഞപ്പോഴാണു സമാധാന ആയത്
എന്തു ചെയ്യാം നാട്ടിലായിരുന്നെങ്കില്‍ എനിക്കും വരാമായിരുന്നു.
ഉഗ്രന്‍ കൂടിച്ചേരല്‍, സൂപ്പര്‍ ബിരിയാണി+സദ്യ, അടിപൊളി ടൂര്‍.... എല്ലാം കഴിഞ്ഞ്
ഇതാ, ഒരു കലക്കന്‍ വിവരണവും...!
No fotos?
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല
ഹ ഹ ഹ അതുകലക്കി :)
മാഷേ ഞാനെന്തു പറയാന്‍?
എനിച്ചിപ്പൊ പാടണം എന്നല്ലാതെ?
അമ്പടാ വിരുതാ, എന്റെ കൂടെ തിരിച്ചു ഈരാറ്റുപേട്ട വരെ വന്നപ്പോൾ ഈ പോസ്റ്റിടാനുള്ള പോക്കാണെന്ന് തീരെ കരുതിയില്ല.നല്ല ഭംഗിയ്‍ായി വിവരിച്ചിരിയ്ക്കുന്നു.
നന്ദി..ആശംസകൾ..മടി കൂടാതെ വീണ്ടും എഴുതുക.
ഡാ,
നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. ഒരുവാക്കുപോലും പറയാതെ നീ പോയില്ലെ? അതും പോരാഞ്ഞ്, വരാന്‍ കഴിയാത്തവരുടെ ഇടനെഞ്ചില്‍ ഒരിക്കലും മായാത്ത നഷ്ടബോധം നിറക്കുന്ന ഒരു കിടിലന്‍ പോസ്റ്റും.
ഹും, ഇപ്പോള്‍ ഒരുപാട്പേര്‍ കയറിയിറങുന്ന ഒരു ബ്ലോഗായിത്. അല്ലെങ്കില്‍ പൂവും കായും എരിവും പുളിവും ചേര്‍ന്ന ഒരു വിഭവം ഞാന്‍ ഇവിടെ വിളമ്പിയേനെ. സാരമില്ല. അതു ഇന്നു തന്നെ നേരിട്ട് തരാം.
പിന്നെ, ഇനിയെങ്കിലും വര്‍ഷത്തിലൊരു പോസ്റ്റെന്ന കണക്കുമാറ്റി മാസത്തിലൊരു പോസ്റ്റ് ഇടിഷ്ടാ....
ധനേഷ്, നന്നായി!!!
മടിയെല്ലാം പമ്പകടന്നു അല്ലേ??
അഭിനന്ദനങ്ങള്‍!
ധനേഷേ, ഗംഭീരമായിരിക്കുന്നു.
ഇതുപോലെ തന്നെ പോകട്ടേ!!!:)
നല്ല പോസ്റ്റുകള്‍. അധികം എഴുതിയില്ലങ്കിലും കുറചുകൂടി ആകാം. അഭിനന്ദനങ്ങള്‍.
ധനേഷ് വളരെ നല്ല വിവരണം. ഞാൻ ആണ് ഈ ഒത്തുചേരലിൽ ഏറ്റവും അവസാനം എത്തിയ വ്യക്തി. ബ്ലോഗ് മീറ്റിൽ പങ്കെടുത്തെങ്കിലും ആദ്യം നടന്ന കാര്യങ്ങൾ അറിഞ്ഞത് ഇവിടെ നിന്നു തന്നെ. ധനേഷിനു നന്ദി. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയായിരുന്നു ബ്ലോഗ് മീറ്റ്.
നല്ല വിവരണം പങ്കെടുത്തില്ലേലും
പങ്കെടുത്ത രസം കിട്ടി
ധനേഷിന്റെ ബ്ലോഗിൽ ആദ്യമായാ വരുന്നേ... 2007ൽ 1, 2008ൽ 1, 2009ൽ ഇതാ ഈ പോസ്റ്റും... എന്നെ അത്ഭുതപ്പെടുത്തുന്നത് എന്ത് കൊണ്ട് ധനേഷ് മൌനം പാലിച്ചു എന്നാണ്. ഇത്ര മനോഹരമായി എഴുതാൻ കഴിയുന്ന ധനേഷ് മൌനം പാലിക്കുന്നത് പോലും പാപമാ കെട്ടോ....
പിന്നെ, ചിത്രങ്ങൾ ഹരീഷിന്റെ ബ്ലോഗിൽ നിന്നും വിശദമായി കിട്ടി. അതിന് വിശദമായൊരു വിവരണം ഇവിടെ വന്നപ്പോഴും കിട്ടി. നന്ദി... ഇങ്ങനെയൊരു മീറ്റിൽ പങ്കെടുക്കാനും എല്ലാവരെയും പരിചയപ്പെടാനും എന്നാണെനിക്ക് കഴിയുക എന്നറിയില്ല..... എങ്കിലും ഈ വമ്പൻ പുലികൾക്കിടയിലെങ്ങാനും ഞാൻ പെട്ടുപോയിരുന്നെങ്കിൽ എന്റെമ്മോ... അലോഴിക്കാനേ വയ്യ.
ആശംസകളോടെ
നരിക്കുന്നൻ
മോനേ ധനേഷ് കുട്ടാ; നീ തന്ന ഉമ്മ ഞാനൊരിക്കലും മറക്കില്ല!!!
ഈ എഴുതാനുള്ള ‘ആവേശം’ വച്ചിട്ടാണോ വെറുതേയിരുന്നത്..
എനിക്കീ എഴുത്ത് പെരുത്തിഷ്ടായി..
ആശംസകള്‍ നേരുന്നു..
ടിന്റുമോനെ വളരെ നന്നായിട്ടുണ്ട് നിന്റെ ഈ വിവരണം...ബൈ ദി ബൈ .. ടിന്റുമോന്‍ എന്നത് ധനേഷിന്റെ ഇരട്ടപേര് അല്ല കേട്ടോ .. ഒറിജിനല്‍ തന്നെ ആണ്...
ബ്ലോഗേര്‍സ് മീറ്റ് കഴിഞ്ഞു റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ധനേഷിനോട് ചോദിച്ചു " ഡാ എങ്ങനെ ഉണ്ടാരുന്നു പരിപാടി ഒക്കെ ?"
ധനേഷ് : പരിപാടി ഒക്കെ വളരെ ഗംഭീരം ആരുന്നു... കപ്പ ബിരിയാണി കിക്കിടിലം..ട്രിപ്പ് അതിലും ഗംഭീരം.. പിന്നെ കുറെ ചര്‍ച്ചകള്‍... ബിരിയാണിയുടെ ക്ഷീണത്തില്‍ ഞാന്‍ ഉറങ്ങിയത് കാരണം അതൊന്നും ശ്രദ്ധിച്ചില്ല..പക്ഷെ ആകെ ടെസ്പ് ആയിപോയത് എനിക്ക് നല്ല ഒരു പേരില്ല എന്നതാണ്..
ഞാന്‍ : അതെന്താ നിന്റെ പേരിനൊരു കുഴപ്പം . ധനേഷ് എന്നത് നല്ല പേരല്ലേ?
ധനേഷ് : അതല്ലെടാ ... അവിടെ ചെന്നപ്പോള്‍ ദേ ചാണക്യന്‍ , മുരളിക, ചാര്‍വാകന്‍, പാവത്താന്‍ , എഴുത്തുകാരി , കാന്താരിക്കുട്ടി , നാട്ടുകാരന്‍ അങ്ങനെ അങ്ങനെ നല്ല കിടിലം പേരുകള്‍..ഞാന്‍ മാത്രം ഒരു ധനേഷ്.!
ഓര്‍ത്തിട്ടെനിക്ക് കരച്ചില്‍ വരുന്നു...
എന്ത് ചെയ്യാനാ വീട്ടുകാര്‍ ഇട്ട , നാട്ടുകാര്‍ വിളിക്കുന്ന ടിന്റുമോന്‍ എന്നാ പേരിനു ഗ്ലാമര്‍ ഇല്ല എന്ന് പറഞ്ഞു പത്താം ക്ലാസില്‍ വെച്ച് മാറ്റണ്ടായിരുന്നു.
അത് കൊണ്ട് സുഹൃത്തുകളെ ഇനി മുതല്‍ ധനേഷ് അവന്റെ സ്വന്തം പേരായ ( ഞങ്ങളും , പൂഞ്ഞാര്‍ നിവാസികളും അവനും അവനെ വിളിക്കുന്ന ) ടിന്റുമോന്‍ എന്ന പേരില്‍ എഴുതുന്നതായിരിക്കും...
ധനേഷെ,
പഹയാ ഇതെന്ത് അലക്കാ മാഷെ:)
നെറ്റ് പ്രോബ്ലം കാരണം ഇന്നാണ് ഇതൊന്ന് വായിക്കാന്‍ കഴിഞ്ഞത്....പലരും ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു ഈ പോസ്റ്റിനെ കുറിച്ച്...അപ്പോ തന്നെ ധനേഷിനെ വിളിച്ച് അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിച്ചാലെ എനിക്ക് ഉറക്കം വരൂ എന്ന സ്ഥിതിയായി...
എന്തായാലും ധനേഷ് ആവേശഭരിതനാണ് എന്നറിഞ്ഞതില്‍ സന്തോഷം...മടി പിടിക്കാതെ വീണ്ടും എഴുതുക....
ഓടോ: എന്റെ തലയില്‍ ഇത്തിരി മുടിയുള്ളത് എന്റെ കുഴപ്പം കൊണ്ടാണോ? ചാണക്യന്‍ എന്ന പേരുള്ള എല്ലാവരും മൊട്ടത്തലയന്മാരാണെന്ന ധാരണ ഇനി വേണ്ട കേട്ടോ:):):):)
the great
njan vilichirunnu hareeshettanu
THODUPUZHAYIL ENGANE YOKKE NADANNO ARINJATHIL SANTHOSHAM
DHANESHINE ABHINANDANANGAL.......
"ആളനക്കമില്ലാതെ കിടക്കുന്ന ഈ ബ്ലോഗ് ഒന്നു പുനരുജ്ജീവിപ്പിക്കണം "...
ഒരു പേരില്‍ എന്തിരിക്കുന്നു ആഗ്രഹം പോലെ ഇനി ഈ ബ്ലൊഗ് സൂപ്പര്‍ ഹിറ്റാവും എഴുതി വിട്ടോ ഇതാ ആരാധകര്‍ ക്യൂവായിത്തുടങ്ങി..
തൊടുപുഴയിലെ ഹിറ്റ് കപ്പയും കാന്താരിചമ്മന്തിയും തന്നെ അല്ലേ ആ വിഭവം തിരഞ്ഞെടുക്കാന്‍ തൊന്നിയ ഹരീഷിന്റെ മനസിനു നന്ദീസ്..
ഇപ്പോ ടിന്റുമോനെ ധനേഷ് എന്ന് വിളിക്കണോ?
കൊള്ളാം ധനേഷേ... ബ്ലോഗേഴ്സ് മീറ്റിണ്ടേ കാര്യം നീ
പറഞ്ഞെങ്കിലും മഹാ മടി കൊണ്ടാണ് ഞാന്‍ അത് കാര്യം ആക്കാഞ്ഞത് ...ഇപ്പോള്‍ വിഷമം വരുന്നു... എന്നാലും സാരോല്ല , വിവരണം നന്നായിട്ടുണ്ട് , അത് കൊണ്ട് മീറ്റിണ്ടേ ഹരം എനിക്കും കിട്ടി....
Daneshe........ aaaaaaa thamasha athirukadannathanu.aa... pavam valiyammaye njan vazhi thettichchu enne thnkal engineyaanu ganichchath ?aarkkum kottavunna chendayanu njaan ennu thankalum engine manasilakki ?
വിനയ ,അതൊരു തമാശയല്ലേ.എല്ലാവരും ആ സെൻസിലാണു അതുൾക്കൊണ്ടതും.ധനേഷ് എത്ര മനോഹരമായാണു ഈ വിവരണങ്ങൾ എഴുതിയതെന്നു നോക്കൂ.തമാശ തമാശ മാത്രമായി കാണണം.അതു സീരിയസ് ആക്കല്ലേ !
ധനേഷേ,കമന്റ് എണ്ണം കണ്ടോ ! ഇതിനു ചെലവു ചെയ്യണം ട്ടോ !
“ബ്ലോഗിലെ ഫോട്ടോയില്‍ കാണുന്ന,
അല്ലെങ്കില്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് കൂടുതല്‍ തോന്നുകയും ചെയ്യും.“
കൂടുതല്‍ എന്ന് എഴുതിയത് 25 വയസ്സ് കുറവ് എന്ന് ആക്കിയില്ലെങ്കില്‍ ശുട്ടിടുവേന്‍:):)
പോസ്റ്റ് രസികന്‍ ധനേഷേ.
@വിനയ - എന്താ വിനയാ ഇങ്ങനൊക്കെ ? നല്ല രസ്യന്‍ തമാശ പറഞ്ഞതല്ലേ ധനേഷ്. ആര്‍ക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. വിനയ വിട്ട് കളയൂന്നേ... :) :)
ഇനി ബ്ലോഗ് ആളനക്കമില്ലാതെ ഇട്ടാല്‍ വെവരമറിയും ധനേഷേ.... :)
ഈ വിനയയുടെ ഒരു കാര്യം !!
അവരവിടെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ പലരും പറഞ്ഞറിഞ്ഞു. അതിനെ ഒക്കെ എത്ര ക്ഷമയോടുകൂടി രസകരമായി ആസ്വദിച്ച ഈ പിള്ളാരോടാണോ വലിയ റോള്‍ കാടുന്നത്?
കഷ്ടം തന്നെ !
അയ്യോടാ, ഇതു കൊള്ളാമല്ലോ, എല്ലാവർക്കും തമാശ പറയാം, വിനയയ്ക്കു മാത്രം പറ്റില്ലേ?ആർക്കും കൊട്ടാവുന്ന ചെണ്ടയാണൂ ഞാൻ എന്നു വിനയ പറയുന്നത് തമാശയല്ലെങ്കിൽ പിന്നെ ഈ ലോകത്തെന്താണാവോ തമാശ?
ധനേഷിതൊന്നും കേട്ടു പേടിക്കണ്ടാ.ജാമ്യം കിട്ടാത്ത വകുപ്പൊന്നുമല്ല.
വിനയചേച്ചി,
ഞാന്‍ വെറും തമാശക്കാണ് എല്ലാവരേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഴുതിയത്..
എല്ലാവരും ഞാന്‍ ഉദ്ദേശിച്ച സെന്‍സില്‍ തന്നെ ഇതിനെ മനസ്സിലാക്കി എന്ന് കമന്റിലൂടെ അറിയാനും കഴിഞ്ഞു...അതു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുകയും ചെയ്തു....
അതിന് ഒരാള്‍ ഈ രീതിയില്‍ പ്രതികരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല..
പക്ഷേ എന്റെ എഴുത്തിലൂടെ ഒരാളുടെ മനസ്സ് വേദനിപ്പിച്ചു, എന്നറിഞ്ഞപ്പോള്‍, എനിക്കാണ് കൂടുതല്‍ വിഷമം..
ചേച്ചി സൂചിപ്പിച്ച ഭാഗം ഞാന്‍ പോസ്റ്റില്‍ നിന്ന് മാറ്റിയിട്ടുണ്ട്.. (ഈ വൈകിയ വേളയില്‍ അതുകൊണ്ട് എത്ര പ്രയോജനം ഉണ്ടാവും എന്നറിയില്ല..) ഒപ്പം നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു..
ഒരിക്കല്‍ കൂടി പറയട്ടെ, കാന്താരി ചേച്ചിയും, നിരക്ഷരേട്ട്നും പറഞ്ഞപോലെ, ഞാന്‍ അതെല്ലാം വെറും തമാശക്കു എഴുതിയതാണ്...
(ഇനി പാവത്താന്‍ പറഞ്ഞപോലെ, ചേച്ചി എന്നെ പറ്റിക്കാന്‍ തമാശ പറഞ്ഞ്താണെങ്കില്‍, യെന്റമ്മേ ഞാന്‍ ചമ്മി..:))
ഇതു വായിച്ചതിന് വളരെയധികം നന്ദി...
വല്ലപ്പോഴും ഈ വഴിവരുന്ന എനിക്ക് ലഭിച്ച ഈ പ്രോത്സാഹനത്തിന് എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല..
പകല്‍ക്കിനാവന്‍: ആദ്യ കമന്റിന് നന്ദി.
ഉറുമ്പ്, ആര്‍പീയാര്‍: നന്നായി എന്നറിഞ്ഞതില്‍ സന്തോഷം
സ്മിത: അസൂയ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം :-)
വാഴക്കോടന്‍,വിഷ്ണു,എന്റെലോകം, മരമാക്രി, കാപ്പുമാഷ്, ജെയിംസ് ബ്രൈറ്റ്,പൈങ്ങോടന്‍, ലക്ഷ്മി, ramaniga:
എല്ലാവര്‍ക്കും താങ്ക്സ്
നാട്ടുകാരാ: പിണങ്ങല്ലേ..
അരുണ്‍, അപ്പു: റൊമ്പ നന്ദി
കന്താരിചേച്ചി: നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എനിക്ക് ആവേശം സമ്മാനിച്ചത്.. താങ്ക്സ്.. അഡ്രസ്സ് ബുക്ക് പാവത്താന്‍ ആണ് ഏറ്റിരിക്കുന്നത്.. ഇതുവരെ ഒരു വിവരവുമില്ല.. :-)
കറന്റ് പോയതുകൊണ്ട് നന്ദിപറച്ചിലിന് ഒരു ചെറിയ ബ്രേക്ക്...
അടുത്ത ഭാഗം ഉടന്‍!!!
അനുപമ, സുകുമാരന്‍ മാഷ്, എഴുത്തുകാരി ചേച്ചി,ചാര്‍ളി,സോജന്‍, കുഞ്ഞന്, ചിത്രകാരന്‍, ശ്രീ:
സന്തോഷം!!
അനിലേട്ടാ: തലക്കുതന്നെ പിടിച്ചു.. എത്രനാള്‍ കാണുമെന്നറിയില്ല.. :-)
രാമചന്ദ്രന്‍, വിന്‍സ്, RareRose,കുമാരന്‍: നന്ദി
പഥിക്: ഈ കഥ നാട്ടുകാരനും വിശദമായി പറഞ്ഞിരുന്നു.. ഇത്തരം കഥകളൊക്കെ ഉണ്ടായിട്ടെന്താ ഈ തൊടുപുഴക്കാര്‍ ഇതൊന്നും പോസ്റ്റാക്കാത്തെ?
hAnLLaLaTh, ആചാര്യന്‍, Jayakrishnan , വഹാബേ:
വളരെ നന്ദി...
പാവം ഞാനേ: ഫോട്ടോ ഇപ്പോ പലരും ഇട്ടുകേട്ടോ..
മുരളി: മുരളിയോടുഞാന്‍ എന്താ പറയുക.. അന്നത്തെ ദിവസത്തെ എന്റെ ഫുള്‍ ചിരി സ്പോണ്‍സര്‍ ചെയ്തതിന് നന്ദി....
സുനിലേട്ടാ: :-)
പഥികന്‍ ഗുരുവേ: നന്ദി (ഫോണില്‍ വിളിച്ചു അറിയിച്ച് “അഭിനന്ദനത്തിന്”)
ലതി ചേച്ചി, ബാബുരാജ് മാഷേ:
ഇതുപോലെ പോകാന്‍ ശ്രമിക്കാം :)
കാണാക്കുയില്‍, മണികണ്ഠന്‍, കനല്‍, നരിക്കുന്നന്‍: ഒരുപാട് സന്തോഷം
ഇനിയും എഴുതും എന്ന് ഉറപ്പു തരുന്നു.. :-)
ഹരീഷേട്ടാ: കൂടുതല്‍ നന്ദി പറഞ്ഞ് ഞാന്‍ ഓവര്‍ ആക്കുന്നില്ല..
ജോബിന്‍: ഛേ.. ഇങ്ങനെ കള്ളം പറയാന്‍ നിനക്ക് ലജ്ഞയില്ലേ?? :-)
ചാണക്യന്‍ മാഷോടുള്ള നന്ദി ഒരു പ്രത്യേക കമന്റാക്കാതെ വയ്യ!!
താങ്കള്‍ക്ക് എന്നെ വിളിച്ച് അഭിനന്ദിക്കാതെ ഉറക്കം വരില്ലായിരുന്നെങ്കില്‍, എനിക്ക് ആ കോള്‍ വന്നതിനു ശേഷമാണ് ഉറക്കം നഷ്ടപ്പെട്ടത്..
സന്തോഷം കാരണം !!!
എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രോത്സാഹനങ്ങളില്‍ ഒന്നായി ആ കോള്‍ എന്നും മനസിലുണ്ടാവും.. :-)
ഓടോ:
ഇനി മുതല്‍ ചാണക്യന്‍ എന്ന പേരിനുഞാന്‍ താങ്കളുടെ മുഖം മാപ് ചെയ്തു കഴിഞ്ഞു..
പഴയ കൌടില്യനു പോലും ഈ മുഖം ആണെന്നാ ഞാന്‍ ഇപ്പോ കരുതുന്നെ.. :)
സൂത്രന്‍,Raghu,മാണിക്യം ചേച്ചി:
നന്ദി
ദീപയോട്(എന്റെ ബ്ലോഗ് ശിഷ്യയോട്) എന്തു പറയാന്‍...
കാന്താരി ചേച്ചി: ചെലവു അടുത്തബ്ലോഗ് മീറ്റിന് കാണുമ്പോള്‍.. തീര്‍ച്ച!!!
നിരക്ഷരേട്ടാ: :-)
പാവത്താന്‍ജി: :-)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..
:-)
വളരെ രസകരമായ വിവരണം. മീറ്റിൽ പങ്കെടുക്കാൻ കഴിയാഞ്ഞത് വലിയ നഷ്ടമായി തോന്നുന്നു
വിശദമായ വിവരണത്തിന് നന്ദി മോനെ ...ഞാനും മീറ്റില്‍ പങ്കെടുത്ത പ്പോലെ തോന്നിച്ചു ധനേഷ് ന്റെ വിവരണം .
ഒത്തിരി വൈകിയാണ് വായിച്ചതെങ്കിലും മനസ് തുറന്ന് ചിരിച്ച് കേട്ടോ.
നല്ല ശൈലി. ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകൾ
Ashamsakal, Prarthanakal......!!!
പുതിയ മീറ്റ് വരുന്ന പശ്ചാത്തലത്തില്‍ പഴയ മീടുകലെകുരിച്ചു വായിക്കാം കൂടെ നിങ്ങളെയൊക്കെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി കയറിയതാണ്.
ഗംഭീര വിവരണം. നന്നായി. ഏതെങ്കിലും ഒരു മീറ്റില്‍ കൂടണമെന്ന ആഗ്രഹം തോന്നുന്നു.
Post a Comment