Wednesday, December 2, 2009

സ്വാമിശരണം

ശബരിമല യാത്രയെക്കുറിച്ച് ഒരു പോസ്റ്റ്...
ഇത് ഒരിക്കലും ഒരു ബ്ലോഗ് പോസ്റ്റ് ആകേണ്ടിയിരുന്നതല്ല. ഇത്തവണ മലക്കുപോയി മടങ്ങിയെത്തിയപ്പോള്‍, അതിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കാന്‍ ഞാന്‍ തുടങ്ങിയതാണ്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഒന്നടങ്കം “ഇവിടെയെങ്കിലും ഒരല്പം സ്വൈര്യം താടേയ്.. നീ പോയി നിന്റെ ബ്ലോഗിലെങ്ങാനും എഴുത്” എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു പോസ്റ്റായി മാറുകയായിരുന്നു.. അതുകൊണ്ട് ഇത് എന്റെ ട്വിറ്റര്‍ സ്നേഹിതര്‍ക്ക് സമര്‍പ്പിക്കുന്നു.
സ്വാമിയേശരണമയ്യപ്പാ...
അപ്പോള്‍ തുടങ്ങാം; വായിച്ച് അനുഭവിക്കൂ.. അല്ല അനുഗ്രഹിക്കൂ...
--------------------------------------------------

ശനിയാഴ്ച(28Nov2009) രാവിലെ; സമയം 8മണി.. ലൊക്കേഷന്‍: ശ്രീകാര്യത്തെ ഞങ്ങളുടെ വീട്..
“എട്ടരക്കാണ് കെട്ടുനിറക്കാന്‍ ചെല്ലാമെന്ന് പറഞ്ഞത്.. ഇതുവരെ കരിക്ക് ചെത്തിക്കഴിഞ്ഞില്ലേ?”
ഞാന്‍ അഭിലാഷിനോട് ചോദിച്ചു..

ശബരിമലക്കുള്ള കെട്ടുമുറുക്കിന് ആവശ്യമായ സാധനങ്ങളെല്ലാം, വേണുസ്വാമി റെഡിയാക്കിയിട്ടുണ്ട്. ഇനികരിക്കിന്റെ തൊണ്ടൊക്കെ ചെത്തിക്കളഞ്ഞ് ഒന്ന് മിടുക്കനാക്കി എടുക്കണം.. എന്നിട്ടു അമ്പലത്തിലേക്ക് പോകണം..

"ഞാന്‍ പ്രൊഫഷണല്‍ കരിക്ക് ചെത്തുകാരനല്ല.. പോരാത്തതിന് ഒരു ഒണക്ക കത്തിയും”..

അഭിലാഷ് സ്വാമി കലിപ്പിലാണ്.. ഒന്നും മിണ്ടാതിരിക്കുന്നതാ‍ ബുദ്ധി.. എനിക്ക് എന്തായാലും അതു റെഡിയാക്കാനുള്ള പരിജ്ഞാനം പോര. അവനാണെങ്കില്‍ സംഭവം എങ്ങനെയേലും സെറ്റപ്പാക്കും..

അല്പം കഴിഞ്ഞപ്പോള്‍, മുഖത്ത് ശോകഭാവവുമായി അഭിലാഷ് മുന്നില്‍... “അളിയാ ഒരബദ്ധം പറ്റി.. ചെത്തിവന്നപ്പോള്‍, കരിക്കു തുളഞ്ഞുപോയി.. വെള്ളമെല്ലാം പോയി..”

“എടാ .. അലവലാ.. സോറി സ്വാമീ.. ഒരു കാര്യം ചെയ്യുമ്പോള്‍ ആത്മാര്‍ഥത വേണം, പിന്നെ ആവശ്യത്തിന് ഏകാഗ്രതയും. ഞാന്‍ ചെയ്തോളാമെന്ന് പറഞ്ഞതല്ലേ?(ചുമ്മാ) .. എന്നാലും പഴം മുറിക്കാന്‍ പൊലും കൊള്ളാത്ത കത്തിയും കൊണ്ട് നീ എങ്ങനെ അതു സാധിച്ചു?”

“കരിക്ക് എളവനാരുന്നു; അതാ പറ്റിയെ..”

“അതെ.. എളവനായതുകൊണ്ടാണല്ലോ ഇതിനെ കരിക്കെന്ന് വിളിക്കുന്നത്.. ഇനി എന്തു ചെയ്യും?? വഴിയില്‍ കരിക്ക് കച്ചവടക്കാരൊന്നും വരാന്‍ സമയമായില്ല...”

“ ഒരു വഴിയുണ്ടടേയ്. അപ്പുറത്തെ അമ്മച്ചീടെ മുറ്റത്തെ തെങ്ങില്‍ നല്ല മുറ്റു കരിക്കുണ്ട്.. ഇട്ടാലോ..”
(മാലയിട്ടാലും പഴയ സ്വഭാവം മറക്കുമോ)

മറ്റൊന്നും ആലോചിക്കാന്‍ സമയമില്ല... മാലയൊക്കെ പുറത്തെടുത്തിട്ട്, എക്സ്ട്രാ വിനയം ഒക്കെ മുഖത്ത് വരുത്തി അമ്മച്ചിയോട് പോയി കാര്യം പറഞ്ഞു. രാവിലേം വൈകിട്ടും അമ്പലത്തില്‍ പോകുന്ന പരമഭക്തയായ അമ്മച്ചിക്ക് നൂറുവട്ടം സമ്മതം. ഒരു സംശയം മാത്രം.
ആരു തെങ്ങില്‍ കേറും??

“അതുപേടിക്കേണ്ട അമ്മച്ചീ.. ദേ ആഇരിക്കണ തോട്ടിയുണ്ടെങ്കില്‍ ഞങ്ങളുടെ വീടിന്റെ ടെറസ്സിന്റെ നിന്ന് പറിക്കാം..“ അഭിലാഷ് പറഞ്ഞു.
“ടെറസ്സിന്റെ പാരപ്പറ്റില്‍ നിന്നാല്‍, നിസ്സാരമായി കൈ എത്തിച്ച് തന്നെ പറിക്കാവുന്നതേ ഉള്ളൂ.. “ ഞാന്‍ ഓവറാക്കി.. (അമ്മച്ചിക്ക് ഡൌട്ട് അടിച്ചു കാണുമോ? ഏയ്..)

എന്തായാലും ഭഗവാന്റെകാര്യമല്ലേ അമ്മച്ചി സമ്മതിച്ചു. അങ്ങനെ അഭിലാഷ് തന്നെ കരിക്കിട്ട്, അത് ചെത്തി റെഡിയാക്കി, പ്രശ്നങ്ങള്‍ ഒക്കെ സോള്‍വ് ചെയ്തു.അപ്പോഴേക്കും എല്ലാവരും എത്തി.. നേരെ അമ്പലത്തിലേക്ക്. വേണുസ്വാമി എല്ലാം തയ്യാറാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

അങ്ങനെ 11 മണിയോട്കൂടി കെട്ടുനിറച്ചു ഞങ്ങള്‍ ഏഴു ഐടി സ്വാമിമാര്‍ ഒരു ക്വാളിസില്‍ യാത്ര ആരംഭിച്ചു. കൊട്ടാരക്കര ആര്യാസില്‍ നിന്ന് ഉച്ചഭക്ഷണം..
വീണ്ടും യാത്ര. ഇടക്കിടെ ശരണം വിളികള്‍..

അകലെ പൂങ്കാവനം ദൃശ്യമായിത്തുടങ്ങിയതോടെ അന്തരീക്ഷത്തിലെ ചൂട് മാറി പകരം കാടിന്റെ കുളിര്‍മ അനുഭവപ്പെട്ടുതുടങ്ങി..

മണ്ഡലകാലത്ത് ഒരുക്കങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചകളും പരസ്പരം പഴിചാരലുകളും പരാതികളും ഒക്കെ എല്ലാവര്‍ഷവും ഉണ്ടാവാറുണ്ട്.. ഈ വര്‍ഷവും അതിന് കുറവൊന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു.. എന്തായാലും മുന്‍‌വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ റോഡിന്റെ കണ്ടീഷന്‍ ഒത്തിരി നന്നായതായാണ് തോന്നിയത്... സീസണ്‍ തീരുന്നതുവരെ ഇങ്ങനെയാണെങ്കില്‍ കൊള്ളാം..

4 മണിയോടെ ഞങ്ങള്‍ പമ്പയിലെത്തി. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് പമ്പയില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ അധികൃതര്‍ വളരെ നല്ല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നദിയിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നന്നേ കുറവ്;ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ പോലുള്ള സാധനങ്ങള്‍ ഒന്നും കാണാനേ ഇല്ല.

കുറച്ച് ദിവസങ്ങളായി മഴ ഇല്ലെങ്കിലും പമ്പയില്‍ അത്യാവശ്യം വെള്ളമുണ്ട്... നല്ല തിരക്കും.. ഞങ്ങള്‍ ത്രിവേണിക്കടുത്ത്, തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് ഇറങ്ങി. തണുത്ത വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ക്ഷീണമൊക്കെ ‘പമ്പകടന്നു’.

കുളികഴിഞ്ഞ്,ഓരോ ചുക്കുകാപ്പി കുടിച്ചു... എന്തോ ചുക്കുകാപ്പിക്കു പഴയ ഒരു ഗുമ്മില്ല എന്ന് തോന്നി. വീണ്ടും തിരക്കിലൂടെ നടന്ന് തുടങ്ങിയപ്പോളാണ് രഞ്ജിത്ത് ആ സന്തോഷവാര്‍ത്ത അറിയിക്കുന്നത്..

അഭിലാഷിനെ കാണുന്നില്ല !!!

ആദ്യം തമാശയായി കരുതിയെങ്കിലും, പിന്നെ കളി കാര്യമായി... ഞങ്ങള്‍ ആറുപേരും ഓടി നടന്ന് തപ്പിയിട്ടും ആളെ കാണുന്നില്ല.. ഡ്രെസ്സിന്റെ കളറ് നോക്കി കണ്ടുപിടിക്കാമെന്ന് വച്ചാല്‍, എവിടെ നോക്കിയാലും കറുത്തമുണ്ടും ഷര്‍ട്ടും.. മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല... എല്ലാവര്‍ക്കും ടെന്‍ഷനായി..

അഭിലാഷിന്റെ സ്വഭാവം കൂടുതല്‍ അറിയവുന്നത്കൊണ്ട്, ചിലപ്പോള്‍ അവന്‍ കാട്ടിലൂടെ വല്ല ഷോര്‍ട്ട്കട്ടും പിടിച്ച്, ശബരിമലക്ക് പോയിക്കാണുമെന്നും, അവിടെ എത്തി വിളിക്കാമെന്നും ഞാന്‍ ഒരു സജഷന്‍ വച്ചെങ്കിലും ബാക്കി ആരും സപ്പോര്‍ട്ട് ചെയ്തില്ല..

എവിടെയെങ്കിലും കറങ്ങിനടപ്പുണ്ടാവും. ഞങ്ങളുടെ ടെന്‍ഷന്‍ ഒന്നും അവനുകാണില്ല. എല്ലാവരുടെയും മുഖത്ത് ദേഷ്യം. ഇനി ഒരു വഴിയേ ഉള്ളൂ.. പോലീസ് കണ്ട്രോള്‍ റൂമില്‍ പോയി അനൌണ്‍സ് ചെയ്യിപ്പിക്കുക..
“ഡേയ് കുപ്പുസാമീ, എങ്കപ്പോയിട്ടേന്‍ഡാ..അണ്ണന്‍ ഇങ്കെയിറുക്കെടാ..” എന്നും, “കണ്ണൂരില്‍ നിന്ന് വന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിയെ കാത്ത് വിശാലാക്ഷി മാളികപ്പുറം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.” എന്നും ഒക്കെ അനൌണ്‍സ്മെന്റ് കേള്‍ക്കുമ്പോള്‍ പണ്ട് കളിതമാശയായിരുന്നു. ഇന്നു ശരിക്കും അതു ചെയ്യേണ്ടി വന്നു..

“മാലയിട്ടുപോയി. അല്ലെങ്കില്‍ ആ മൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ അതിലൂടെ അവന്റെ പേരും അഡ്രെസ്സും പറഞ്ഞിട്ട് നാലുവര്‍ത്തമാനം പറയാമായിരുന്നു“.. “അല്ലെങ്കില്‍ വേണ്ട കണ്ടുകിട്ടിക്കഴിയുമ്പോ നല്ല ഇടി കൊടുക്കാം” ഓരോരുത്തരും ഓരോ രീതിയില്‍ ദേഷ്യം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ പോലീസ്‌സ്റ്റേഷ്നിലേക്ക് പോകാനൊരുങ്ങുമ്പോളാണ് , അങ്ങകലെ പാലത്തിലൂടെ അഭിലാഷ് നടന്നുപോകുന്നത് കാണുന്നത്. സമാധാനമായി; ആളെ കണ്ടല്ലോ.. ഞങ്ങള്‍ ഓടി അവന്റെ പിന്നാലെയെത്തി. ഉറക്കെ വിളിച്ചു. അഭിലാഷ് ഞങ്ങളെ കണ്ടു. തിരിച്ചു നടന്ന് ഞങ്ങളുടെ അടുത്തെത്തി. എന്നിട്ട് ദേഷ്യത്തോടെ ചോദിച്ചു.

“നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..” ആ നിഷ്കളങ്കമായ ഡയലോഗ് കേട്ട് മാനസികമായി തകര്‍ന്നു പോയ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

എല്ലാവരും ശബരിമലയിലേക്ക് പുറപ്പെടാന്‍ തയ്യാറായി.ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയതിരക്കാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പണ്ട് ‘കല്ലും മുള്ളും കാലുക്ക് മെത്ത’ ആയിരുന്നെങ്കില്‍ ഇന്നത് ‘ഉന്തും തള്ളും ബോഡിക്ക് മസാജ്’ എന്നാക്കേണ്ടി വരും.

പമ്പാഗണപതിയെ തൊഴുത് മലകയറ്റം തുടങ്ങി. സോഫ്റ്റ്വെയര്‍ ജീവിതം സമ്മാനിച്ച ‘സോഫ്റ്റ് വയര്‍‘ സ്റ്റാമിനക്ക് കാര്യമായ കുറവു വരുത്തിരിട്ടുണ്ടെന്ന് മനസ്സിലായി. നീലിമല കയറിത്തുടങ്ങിയില്ല; അതിനുമുന്‍പേ എനിക്ക് നല്ല കിതപ്പ് തുടങ്ങി. ചെരുപ്പിടാതെയുള്ള നടപ്പും ബുദ്ധിമുട്ട് തന്നെ. കഴിഞ്ഞതവണ ഇത്ര പ്രശ്നംതോന്നിയിരുന്നില്ല. ആ.. കഴിഞ്ഞതവണ കേറിയതിനേക്കാള്‍ അഞ്ച്കിലോ കൂടുതലാണ് ഇത്തവണ മലകേറാന്‍ വന്നിരിക്കുന്നത്. കാലുകള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങിയതില്‍ തെറ്റില്ല.

സ്വാമിയേ - അയ്യപ്പോ വിളികളുമായി പലരും എന്നെ ഓവര്‍ടേക്ക് ചെയ്തു പോകുന്നുണ്ട്. ഞാന്‍ പിന്നില്‍ നിന്ന് ‘പയ്യെപ്പോ’ എന്ന് പറഞ്ഞത് ‘അയ്യപ്പോ’ എന്നാണെന്ന് കരുതി, കൂടെയുള്ളവന്മാര്‍, മറുപടിയായി ‘സ്വാമിയേ’ ‘സ്വാമിയേ’ എന്ന് വിളിച്ച് നൂറേല്‍ കേറിക്കൊണ്ടിരിക്കുകയാണ്.

ശ്വാസം കിട്ടാന്‍ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നുന്നില്ലേ എന്നൊരു സംശയം.. ഓക്സിജന്‍ സിലിണ്ടര്‍ നിരത്തിവച്ച കടകള്‍(?) ഒന്നും ഇത്തവണ ഇല്ലേ ഭഗവാനേ? കാണും; പക്ഷേ അതൊക്കെ മലയുടെ മുകളില്‍ ആയിരിക്കും.. കയറിതുടങ്ങുമ്പോള്‍ തന്നെ കാറ്റു പോകാറായത് ഞാന്‍ മാത്രമേ ഉള്ളല്ലോ?

ശ്വാസം മുട്ടി വായും‌പൊളിച്ച് നില്‍ക്കുന്ന എന്നെ ആളുകള്‍ താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്ന രംഗം ഒന്ന് ഭാവനയില്‍ കണ്ടുനോക്കിയപ്പോള്‍ എനിക്ക് ചെറിയതോതില്‍ ഒരു രോമാഞ്ചം ഉണ്ടായി. ഞാന്‍ രോമാഞ്ചം ഉണ്ടാക്കാന്‍ നിന്നനേരത്ത് അവന്മാര്‍ പത്ത് സ്റ്റെപ്പുകൂടെ മുന്നോട്ടും പോയി. എനിക്കു കമ്പനിയായി, ലിജിനും സുമലും മാത്രം.. ബാക്കി നാലുപേരും കട്ടക്ക് കേറുകയാണ്.

ഒടുവില്‍ ആദ്യത്തെ ഒരു കയറ്റം കഴിഞ്ഞ്; അവര്‍ ഞങ്ങള്‍ വരാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഞങ്ങള്‍ അതിനിടെ ഒരു നാലഞ്ച് തവണ ശ്വാസം കിട്ടാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഒടുവില്‍ ഞങ്ങള്‍ പതിയെ കേറി എത്തിയപ്പോള്‍ അവന്മാരുടെ പുച്ഛത്തോടെ ഉള്ള നോട്ടവും കാണേണ്ടിവന്നു. “ഹൊ.. നിന്ന് നിന്ന് കാലുകഴച്ചു” അഹങ്കാരിയായ രഞ്ജിത്തിന്റ്റെ കമന്റ്..

ശരണം വിളിച്ച് കയറിയാ മതി ക്ഷീണം അറിയില്ല.. ഗോകുല്‍ ഐഡിയപറഞ്ഞുതന്നു. മലകയറ്റത്തിന്റെ മാത്രമല്ല, മനസ്സിന്റെയും മൂഡ്മാറിയത് വളരെ പെട്ടെന്നായിരുന്നു.

മറ്റൊരു ചിന്തയുമില്ല..സംസാ‍രവുമില്ല. ശരണം വിളികള്‍ മാത്രം. കാലുകള്‍ക്കും മനസ്സിനും ഹൃദയമിടിപ്പിനുപോലും ഒരേ താളം.. സ്വാമിയേ അയ്യപ്പാ .. അയ്യപ്പാ സ്വാമിയേ..
ക്ഷീണമില്ല, കിതപ്പില്ല.. സര്‍വ്വം സ്വാമിമയം.. ഭക്തിമയം.

ശരംകുത്തി മുതല്‍ സന്നിധാനം വരെ 4 മണിക്കൂര്‍ ക്യൂ നിന്നത്പോലും ഒരുബുദ്ധിമുട്ടായി തോന്നിയില്ല. അതിനിടയില്‍ നടപ്പന്തലില്‍ വച്ച് പുറത്തുകൂടെ വന്ന് ക്യൂവില്‍ നുഴഞ്ഞുകയറിയവരെ, ക്യൂവില്‍ നിന്നവര്‍ ഒച്ചയുണ്ടാക്കി ഓടിക്കന്‍ ശ്രമിക്കുന്നു. ആ സമയത്ത് നുഴഞ്ഞുകയറ്റക്കാരനായ അയ്യപ്പന്‍, മറ്റുള്ളവരെ ചീത്തവിളിക്കുന്ന ദയനീയ കാഴ്ചയും കാണേണ്ടി വന്നു..

പതിനെട്ടാം പടിയെത്തി.. തേങ്ങയടിച്ച്, ശരണമന്ത്രങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ പടിചവിട്ടി. ഇത്തവണ ഭാഗ്യത്തിന് കൃത്യം നടുക്കുകൂടിയാണ് കയറിയത്. അതുകൊണ്ട് ഓരോ പടിയിലും തൊട്ട്തൊഴുത് കയറാന്‍ പറ്റി.. (അല്ലെങ്കില്‍ സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ നമ്മളെ പൊക്കിയെടുത്ത് നിലം തൊടീക്കാ‍തെ മുകളില്‍ എത്തിച്ചേനേ.)

നേരെ ഫ്ലൈഓവര്‍വഴി കയറി ശ്രീകോവിലിനുമുന്നിലേക്ക്.. നാലഞ്ച് മണിക്കൂറ് നടന്നും ക്യൂനിന്നും എത്തിയതിന്റെ ക്ഷീണമില്ല.. മറിച്ച്, ഒരുവര്‍ഷത്തെ കാത്തിരിപ്പ് സാഫലമായതിന്റെ ആഹ്ലാദം; ആ തിരുസന്നിധിയില്‍ നില്‍ക്കാന്‍ കിട്ടുന്ന ഏതാനും നിമിഷങ്ങള്‍ തൊട്ടടുത്തെത്തിയതിന്റെ ആവേശം. അങ്ങനെ ഒടുവില്‍ ഭഗവാന്റെ തിരുമുന്നില്‍.

എല്ലാം മറന്ന് അല്പസമയം.
കഴിഞ്ഞു, ജനത്തിന്റെ ഒഴുക്കില്‍ പെട്ട് പുറത്തെത്തിക്കഴിഞ്ഞു. എല്ലാവര്‍ഷവും തോന്നുന്നപോലെ, ‘ഒരല്പസമയംകൂടി നിന്ന് തൊഴാന്‍ പറ്റിയിരുന്നെങ്കില്‍‘ എന്ന് തോന്നാതിരുന്നില്ല. സാരമില്ല അടുത്തകൊല്ലവും വരാമല്ലോ..

ഇനി മാളികപ്പുറത്തേക്ക്. മളികപ്പുറത്ത് തൊഴുത്; വഴിപാടുകളൊക്കെ അര്‍പ്പിച്ച്, ഇറങ്ങി. സമയം പത്താകാറായി. നേരെ പോയി വിരി വയ്ക്കാനുള്ള സ്ഥലം കണ്ടുപിടിച്ചു. അന്നദാനമണ്ഡപത്തില്‍ നിന്ന് ഭക്ഷണം.. സൌജന്യമായി നല്ല ചൂട് കഞ്ഞിയും പയറും കിട്ടുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോയി വിലയില്‍ മാത്രം ചൂടുള്ള ഭക്ഷണം കഴിക്കണം?

ഒന്നു കിടന്നപ്പോഴാണ് ദേഹത്ത്‌വേദനയും ക്ഷീണവും ഒക്കെ തലപൊക്കി തുടങ്ങിയത്. കുറച്ചുപേര്‍ അപ്പവും അരവണയും ഒക്കെ വാങ്ങാന്‍ പോയി. നേരത്തെ ധനലക്ഷ്മി ബാങ്കില്‍ നിന്ന് കൂപ്പണ്‍ എടുത്തിരുന്നതുകൊണ്ട് അവര്‍ക്ക് അധികം സമയം ക്യൂനില്‍ക്കേണ്ടി വന്നില്ല.(എന്ന് പറയുന്നു..ഞാന്‍ പോയില്ലല്ലോ!)

അതിനിടെ ലിജിന് എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങണം. കയ്യില്‍ കാശ് തീര്‍ന്നു.
“ഇവിടെ സ്റ്റേറ്റ്ബാങ്കിന്റെ എടി‌എം ഇല്ലേ?”
“ഉണ്ടെടാ ഉണ്ട്. പമ്പയില്‍ ഒരെണ്ണം ഉണ്ട്. നീ ഓടിപ്പോയി കാശെടുത്ത് വാ” സുമലിന്റെ മറുപടി.

സമയം 10:55 അനൌണ്‍സ്മെന്റുകള്‍ പെട്ടെന്ന് നിലച്ചു. എല്ലാവരും ഒരു നിമിഷത്തേക്ക് ശ്രദ്ധിച്ചു. നടയടക്കുന്നതിന് മുന്‍പ് ഭഗവാനെ പള്ളിയുറക്കാനുള്ള ‘ഹരിവരാസനം‘ ആരംഭിക്കുകയാണ്. ഗന്ധര്‍വ്വഗായക്ന്റെ മാന്ത്രികശബ്ദം ഒഴുകിയെത്തിത്തുടങ്ങി. എത്രവട്ടം, എത്രട്യൂണില്‍, എവിടുന്നൊക്കെ, ആരുടെയൊക്കെ ശബ്ദത്തില്‍ ‘ഹരിവരാസനം‘ കേട്ടാലും, സന്നിധാനത്ത് നിന്ന് ഇത് കേള്‍ക്കുന്ന ആ ഒരു ഫീല്‍ എനിക്ക് മറ്റൊരിടത്തും കിട്ടിയിട്ടില്ല.

അന്തരീക്ഷത്തില്‍ തണുപ്പ് പടര്‍ന്നിട്ടുണ്ട്. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി..

രാവിലെ 7 മണിയോടെ പതിനെട്ടാം പടിക്ക് താഴെ നിന്ന് തൊഴുത്, മലയിറക്കം. മലഞ്ചെരിവുകള്‍ പുലര്‍മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്നു. ഓരോസ്റ്റെപ്പും വെക്കുമ്പോള്‍ ഉള്ളം കാലിന് നല്ല വേദന. പതിയെ പതിയെ മുന്നോട്ട്..ഇടക്കിടെ വലിയ ഓരോ ഗ്രൂപ്പ് അയ്യപ്പന്മാര്‍ ശരണം വിളികളുമായി ലകയറിപ്പോകുന്നു.

ഒന്നര റേഷന്‍കട കപ്പാസിറ്റിയുള്ള വയറുമായി വരുന്ന തെലുങ്കന്‍ സ്വാമിമാരൊക്കെ ഈസിയായി നടന്ന് കയറുന്നതിനുപിന്നിലെ രഹസ്യം ശരണമന്ത്രങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഊര്‍ജ്ജമല്ലാതെ മറ്റൊന്നല്ല.

തിരിച്ച് വരുന്നവഴി ദുഖകരമായ ഒരു കാഴ്ച കണ്ടു. പുലര്‍ച്ചെ സന്നിധാനത്ത്‌വച്ച് മരിച്ച ഒരു ഭക്തന്റെ, മൃതദേഹം താഴേക്ക് കൊണ്ടുപോകുന്നു. പ്രായമായ ആളാണെന്ന് തോന്നുന്നു. കാഴ്ചക്കാര്‍ക്ക് വിഷമം തോന്നുമെങ്കിലും ആ ഭക്തന്റ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും; ഉറപ്പ്..

തിരിച്ചിറങ്ങി പമ്പയില്‍ ഒരു കുളികൂടി പാസ്സാക്കിയാണ് പുറപ്പെട്ടത്. ദര്‍ശനം കഴിഞ്ഞുവരും വഴി പമ്പയിലെ കുളി റെക്കമെന്റഡ് അല്ലെങ്കിലും ആ തണുത്തവെള്ളത്തില്‍ ഒന്നു മുങ്ങാതെ പോരാന്‍ തോന്നിയില്ല.. പ്രഭാതഭക്ഷണമായി കഞ്ഞിയും-പയറും ഒപ്പം കപ്പയും മുളകും. സൂപ്പര്‍ ടേസ്റ്റ്.

ഇനിഅടുത്ത കൊല്ലം എന്നുറപ്പിച്ച് തിരിച്ച് പോരുമ്പോള്‍, പണ്ടത്തേയും ഇന്നത്തേയും മലയാത്രയിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ചിന്തിച്ചത്.

പണ്ട് നടന്ന് ശബരിമലക്കു പോയതിനേപ്പറ്റി മുത്തച്ഛന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. നാല്പത്തൊന്നു ദിവസം വ്രതമെടുത്ത്, വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം ഒക്കെ വാങ്ങിയാണ് യാത്ര; കൊടും വനത്തിലൂടെയുള്ള യാത്രയാണ് എന്തപകടവും സംഭവിച്ചേക്കാം; ഇടക്ക് അടുപ്പുകൂട്ടി കഞ്ഞി ഒക്കെ വച്ച്‌കുടിച്ച് ,ഒരാഴ്ചകൊണ്ടാണത്രേപോയി വരുന്നത്. ശരിയായി വ്രതമെടുത്ത് ഭക്തിയോടെ പോയാല്‍ ഒരപകടവും സംഭവിക്കില്ലെന്നാണ് വിശ്വാസം.

ഇന്നാകട്ടെ, വണ്ടിയില്‍ കലാഭവന്‍ മണി മുതല്‍ യേസുദാസ് വരെയുള്ളവര്‍ നമുക്ക്‌വേണ്ടി കീര്‍ത്തനങ്ങള്‍ പാടുകയും ശരണം വിളിക്കുകയും ചെയ്യുന്നു. വ്രതശുദ്ധിയുടെ കാര്യത്തിലും വ്രതമെടുത്തദിവസങ്ങളുടെ എണ്ണത്തിലുമെല്ലാം നമ്മള്‍ സ്വയം ചില റിലാക്സേഷന്‍ പ്രഖ്യാപിക്കുന്നു. അല്ലെങ്കില്‍, ഇന്നത്തെ ഫാസ്റ്റ്ലൈഫില്‍ അത്രയേ പറ്റൂ സ്വയം തീരുമാനിക്കുന്നു.

ഒരുപക്ഷേ, ഇന്ന് ഇത്രയുമെങ്കിലുമുണ്ട്...

കാലമിനിയും കടന്നുപോകും; അന്ന് ബ്രാന്റഡ് ബര്‍മുഡയും ഷൂസും തോളിലെ ബാഗില്‍ ഇരുമുടിയുമായി മലചവിട്ടാനെത്തുന്ന യുവാക്കള്‍, പണ്ട് ആളുകള്‍ ചെരുപ്പിടാതെ മലകയറിയിരുന്നു എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെട്ടേക്കും.

ജീവിതവേഗം പിന്നെയും കൂടും. ഒപ്പം സൌകര്യങ്ങളും.
അന്ന് പമ്പയില്‍ നിന്ന് റോപ്‌വേയില്‍ പോയി മലയിലിറങ്ങി ദര്‍ശനം നടത്തി, പൂങ്കാവനം ടോപ് വ്യൂവില്‍ കാണുന്ന ഒരു തലമുറ, ഈ പോസ്റ്റ് വായിച്ചാല്‍ വിശ്വസിക്കാന്‍ മടികാണിച്ചേക്കും. (അതിന് ചാന്‍സ് കുറവാണ്, അതിനുമുന്‍പ് ഈ ബ്ലോഗ് നാട്ടുകാര്‍ തല്ലിത്തകര്‍ക്കാനാണ് സാധ്യത.)

സ്വാമിയേ ശരണമയ്യപ്പാ..

Friday, August 28, 2009

ഒരു ഐ.ടി. ഓണസദ്യ


[ഇന്നലെ ഉച്ചക്ക് ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി, ടെക്നോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ ഹോട്ടലുകാര്‍ തയ്യാറാക്കിയ ഓണ സദ്യ കഴിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചു. അതിന്റെ രോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച “സദ്യ അനുഭവക്കുറിപ്പ്“(അനുഭവിച്ചതിനെ പറ്റിയുള്ള കുറിപ്പ്), ഇവിടെയും പോസ്റ്റുന്നു. ഇതു മെയിലായി കറങ്ങുന്നുണ്ട്. ഫോര്‍വേഡ് അടിച്ചുമാറ്റി ബ്ലോഗില്‍ ഇട്ടവനേ എന്ന് വിളിക്കരുത്. സത്യമായും ഞാന്‍ തന്നെ എഴുതിയതാണ്]
----------------------------------------------------------------------------------

ഇത് എഴുതി തീരും വരെ ഞാന്‍ ഓഫീസില്‍ ഉണ്ടാവുമോ എന്നെനിക്കുറപ്പില്ല. എങ്കിലും തുടങ്ങാം..

ആ‍ദ്യം ഇലക്കുമുന്‍പില്‍ പോയി ഇരുന്നപ്പോള്‍ തന്നെ എന്തൊക്കെയോ മിസ്റ്റേക്കുകള്‍ ഫീല്‍ ചെയ്തിരുന്നു.

ഇലയുടെ വടക്കേ അറ്റത്ത്, റോഡ് സൈഡില്‍ പട്ടിചുരുണ്ട് കിടന്നുറങ്ങും പോലെ കിടന്നിരുന്നത്, ഞങ്ങളുടെ നാട്ടില്‍ അവിയല്‍ എന്ന് വിളിക്കുന്ന, സദ്യകള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന അതേ ഐറ്റം തന്നെ ആണ് എന്ന് തിരിച്ചറിഞ്ഞത്, അതു ടേസ്റ്റ് ചെയ്തിട്ടായിരുന്നില്ല, മറിച്ച് അവിയല്‍ എന്ന് വിളിക്കാന്‍ പറ്റിയ വേറെ ഒരു കറിയും ആ ഇലയില്‍ കാണാത്തതുകൊണ്ടായിരുന്നു.

ആദ്യം പരിപ്പാണെന്ന് പറഞ്ഞ് കൊണ്ടെ തള്ളിയിട്ടുപോയത്, പരിപ്പാണെന്നറിയാന്‍ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല. കാരണം കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള കുറച്ച് പരിപ്പിന്‍ കുഞ്ഞുങ്ങള്‍ അതില്‍ കിടന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു.

പരിപ്പുകറി തീര്‍ന്ന അതേ നിമിഷത്തില്‍, ഇലയില്‍ ഫ്രീ ആയി കിടന്ന സ്ഥലത്ത്, കുറച്ച് നെയ് കൊണ്ടുവന്ന് ഒഴിച്ചപ്പോളാണ് വിളമ്പുകാരുടെ ‘ആല്‍മാര്‍ത്ത’ ശെരിക്കും ബോദ്ധ്യപ്പെട്ടത്.

സാമ്പാര്‍ വന്ന്പ്പോള്‍, അതു വിളമ്പുന്ന ചേട്ടന്റെ കയ്യിലെ മസിലിലേക്ക് ഒരു നിമിഷം നോക്കിപ്പോയി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. പിന്നീട് ഇലയിലേക്ക് നോക്കിയ ഞാന്‍ കാണുന്നത്, ഇലയുടെ തെക്കേ അറ്റത്തിരുന്ന പഴം നിലയില്ലാത്ത വെള്ളത്തില്‍ കിടന്ന് കയ്യുംകാലുമിട്ടടിക്കുന്നതാണ്.. ഞാന്‍ അവ്സാനം കഴിക്കാനായി കാത്ത് വച്ചിരുന്നതായിരുന്നു ആ പഴം(അതില്‍ പാചക്കാര്‍ക്ക് പരാക്രമം ഒന്നും ചെയ്യാനില്ലല്ലോ).. പിന്നെ അതില്‍ കിടന്ന 4X4 സൈസിലുള്ള് രണ്ട് വെള്ളരിക്ക കഷണവും ചോറും ഒക്കെ വച്ച് ചിറ കെട്ടി ആ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്തി..
(എതിര്‍വശത്തിരുന്ന സുഹൃത്തുക്കള്‍, ഉരുള്‍പൊട്ടലില്‍ സ്ഥലം ഒലിച്ചുപോയ കര്‍ഷകരെപ്പോലെ, സാമ്പാര്‍ ഒഴുകിപ്പോയ ഇലയിലേക്ക് നോക്കി ഇരിക്കുന്ന കാഴ്ച നയനാനന്ദകരമായിരുന്നു..)

പുളിശേരിയുടെ കാര്യത്തില്‍ നമ്മള്‍ ഇത്തിരി കടന്നു ചിന്തിച്ചു.. ചോറ്കൊണ്ട് തന്നെ നല്ലൊരു ഡാം കെട്ടിയിട്ടാണ് പുളിശേരി ഒഴിപ്പിച്ചത്.. അതുകൊണ്ട് പ്രത്യേകിച്ച് ആളപായമൊന്നും ഉണ്ടായില്ല.

--ഒരു ചെറിയ ഇടവേള.. ഒന്നു ടോയ്‌ലറ്റില്‍ പോയിട്ട് വരാം.. ഒന്നും ഉണ്ടായിട്ടല്ല. ചുമ്മാ --

ഇത്രയും വെള്ളം കുടിച്ച(സാ‍മ്പാറും പരിപ്പും) ആളുകളുടെ വയര്‍ ആകെ കലങ്ങിമറിഞ്ഞ് കിടക്കുന്നത് മനസിലാക്കി ആണ് പായസം ഡിസൈന്‍ ചെയ്തിരുന്നത്. ഒരുമാതിരി സിനിമാപോസ്റ്റര്‍ ഒട്ടിക്കുന്ന പശപോലെ... അതുകൊണ്ട് വന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി എന്ന് ഹോട്ടലുകാര്‍ക്ക് സമാധാനിക്കാം..

ഒടുവില്‍ നല്ല രസമുണ്ടെന്ന് ആരോ പറയുന്നത് കേട്ട്, ഇവനാരെടാ ഈ സദ്യകഴിച്ച് രസിച്ചവന്‍ എന്ന് കരുതി നോക്കിയതാ.. ഒരു ചേട്ടന്‍ ഒരു തൊട്ടിയില്‍ നിന്നു ഗ്ലാസ് ഇട്ട് രസം മുക്കിത്തരുന്നു.. ആളുടെ കയ്യിലു ദേഹത്തും എല്ലാം രസം.. ആ രസകരമായ കാഴ്ച കണ്ടതുകൊണ്ട് രസം കഴിക്കാന്‍ തോന്നിയില്ല.

ഒടുവില്‍ ഒരല്പം മോരും കഴിച്ച്, ഇലയുടെ കബറിടത്തില്‍ ഒരു പഴത്തൊലിയും എടുത്തിട്ട് യാത്രയായി.. സഫറോം കി സിന്ദഗി ജോ കഭി ഖതം നഹി ഹും ഹേ ഹൈ.. (എന്നു വച്ചാല്‍, ഒരാഴ്ചത്തേക്ക്, ഇനി വയറ് ശരിയാകുമെന്ന് തോന്നുന്നില്ലെന്ന്)

--ഒരു ചെറിയ ഇടവേള കൂടി --

ശ്ശെ.. പോയത് വെറുതെ ആയി. ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് അടുക്കാനേ പറ്റുന്നില്ല.

ഇത്രയും വലിയ ഒരു സദ്യ കഴിച്ചിട്ട് മുഴുവന്‍ കുറ്റമേഉള്ളോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.. സത്യം പറയണമല്ലോ, കരിങ്ങാലി വെള്ളം സൂപ്പര്‍ ആയിരുന്നു... (അതില്‍ എത്ര വെള്ളം ചേര്‍ത്താലും മുറ്റായിരിക്കുമല്ലോ)


ചെറുപ്പത്തില്‍ കേട്ട, പിന്നീട് മറന്ന, ഒരു സരസ ശ്ലോകം ഓര്‍മ്മ വന്നു എന്നതാണ് എന്നെ സംബന്ധിച്ച് ഈ സദ്യകൊണ്ടുണ്ടായ നേട്ടം..

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.
[ശ്ലോകം ആദ്യം എഴുതിയപ്പോള്‍ ചില തെറ്റുകള്‍ ഉണ്ടായിരുന്നു. തിരുത്തിന് ഉമേഷ്ജിയോട് കടപ്പാട്]

വാല്‍ക്കഷണം:

ചോദ്യം: ചേട്ടാ, അല്‍-രാജില്‍ ഓണ സദ്യകഴിക്കാന്‍ പോയതാണോ? സദ്യഎങ്ങനെ? നല്ല ഓളമാണോ?
ഉത്തരം: ഓളമാണോന്നോ ? അതില്‍ ആ സാമ്പാര്‍ ഒഴിക്കുമ്പത്തേ ഓളം കണ്ട് കഴിഞ്ഞാല്‍, നമ്മള് ശംഖുമുഖത്താണെന്ന് തോന്നിപ്പോകും...

Sunday, May 24, 2009

തൊടുപുഴ ബ്ലോഗ് മീറ്റ്

സാധാരണ ഞാന്‍ വീട്ടിലാണെങ്കില്‍ രാവിലെ എട്ടരേമുക്കാല്‍, ഒന്‍പത്, ഒന്‍പതരേ മുക്കാല്‍ തുടങ്ങിയ സമയങ്ങളിലാണ് എഴുന്നേല്‍ക്കുന്നത്.
(എന്താന്നറിയില്ല എന്റെ വീട്ടില്‍ 8 മണിക്കാണ് കോഴികൂവുന്നത്..കോഴീടെ ഒരു കാര്യം... )

ഇന്നു പക്ഷേ രാവിലെ പതിവിനു വിപരീതമായി 7 മണിക്ക് എഴുന്നേറ്റു. ഒറ്റ ഉദ്ദേശമേ ഉള്ളൂ..
തൊടുപുഴയില്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുക..
കാര്യം ഒട്ടുമിക്ക ബ്ലോഗര്‍മാരും എന്നെ അറിയില്ലെങ്കിലും,എന്റെ പേരു പറഞ്ഞാല്‍ വേറേ പേരിലാണോ ബ്ലോഗ് ചെയ്യുന്നേ എന്നാണ് പലരും ചോദിക്കാറ് എങ്കിലും,
ബ്ലോഗില്ലാത്ത എന്റെ പല കൂട്ടുകാരുടേയും മുന്‍പില്‍ ഞാ‍ന്‍
വലിയ ബ്ലോഗര്‍ ആണ്.. (അവരുടെ അറിവില്ലായ്മ)

വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയേ ഉള്ളൂ തൊടുപുഴവരെ. രാവിലെ എട്ടേകാല്‍ ആയപ്പോ വീട്ടില്‍ നിന്നിറങ്ങി.
തൊടുപുഴ എത്താറായപ്പോള്‍, ബസ്സില്‍ അടുത്തിരുന്ന ചേട്ടനോട്, വെറുതെ, ഈ അര്‍ബന്‍ ബാങ്ക് എവിടെയാണെന്ന് ചോദിച്ചു എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..
“പ്രൈവറ്റ് സ്റ്റാന്റിന്റെ തൊട്ടടുത്താ.. ഞാന്‍ കാണിച്ചു തരാം” ചേട്ടന്‍ മൊഴിഞ്ഞു.
പിന്നെ വേറെ ആരോടെങ്കിലും ചോദിക്കാനോ, അതിനു മുന്‍പിറങ്ങാനോ ആ നല്ല മനുഷ്യന്‍ സമ്മതിച്ചില്ല.
അങ്ങനെ ഞാന്‍ പ്രൈവറ്റ് സ്റ്റാന്റില്‍ തന്നെ ഇറങ്ങി. അപ്പോള്‍ പക്ഷേ നമ്മുടെ ചേട്ടനെ കാണുന്നില്ല.
പിന്നെ ഞാന്‍ മറ്റൊരാളോട് ചോദിച്ചു..
‘ഓ ഇവിടെ അടുത്താ.. 2 കിലോമീറ്ററേ ഉള്ളൂ.. ‘
ഹോ എനിക്കങ്ങു രോമാഞ്ചം വന്നു പോയി...
പിന്നെ ഒരു ഓട്ടോ ഒക്കെ പിടിച്ച്, പതിയെ, ഓഡിറ്റോറിയത്തിലെത്തി..

എന്നെ ബ്ലോഗില്‍ എത്തിച്ചതും, ഞാന്‍ ബ്ലോഗില്‍ എത്തിച്ചതുമായ കുറച്ച് അടുത്ത സുഹൃത്തുക്കളെയല്ലാതെ, അറിയപ്പെടുന്ന വളരെകുറച്ച് ബ്ലോഗറ്മാരെ മാത്രമേ ഞാന്‍ പരിചയപെട്ടിട്ടുള്ളൂ..

ഇന്നു വരും എന്നു പറയുന്ന ആളുകളെ ഒക്കെ കണ്ടാല്‍ എങ്ങിനെ ഇരിക്കും എന്നൊക്കെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു...

കയറിചെന്ന് ആദ്യം പരിചയപ്പെടുന്നത് ലതിയേച്ചിയെയാണ് ... മുന്‍പുതന്നെ പരിചയമുള്ള മുഖം ആയതുകൊണ്ട് അധികം
പരിചയപ്പെടുത്തലുകള്‍ വേണ്ടിവന്നില്ല..

പിന്നീട് പരിചയപ്പെട്ടത് നിരക്ഷരേട്ടനെയാണ്..
മൊത്തത്തില്‍, ആള്‍ നിരക്ഷരന്‍ ആണെന്ന് വിശ്വസിക്കാന്‍ തന്നെ തോന്നിയില്ല.
ഒന്നാമത്, ഇങ്ങേരെ കണ്ടാല്‍ അല്പം അക്ഷരാഭ്യാസം ഒക്കെ ഉണ്ടെന്ന് തോന്നും.. മാത്രമല്ല ബ്ലോഗിലെ ഫോട്ടോയില്‍ കാണുന്ന,
അല്ലെങ്കില്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് കൂടുതല്‍ തോന്നുകയും ചെയ്യും..
പക്ഷേ ഞാനാണ് നിരക്ഷരന്‍ എന്നു ആള്‍ പരഞ്ഞാല്‍ വിശ്വസിക്കാതെ പറ്റുമോ?

പിന്നീടങ്ങോട്ട്, ആളുകളുടെ യധാര്‍ഥമുഖങ്ങളും എന്റെ മനസ്സില്‍ ഞാന്‍ നേരത്തേ സങ്കല്‍പ്പിച്ച രൂപവും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ആയിരുന്നു..
ചാണക്യന്‍ എന്ന ആള്‍ തടിച്ച് ഒരു കഷണ്ടിത്തലയന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.. പക്ഷേ, തലയില്‍ മുടിയുള്ള,
ഒരു ചെറിയ മനുഷ്യന്‍ പറയുന്നു, പുള്ളിയാണ് ചാണക്യന്‍ എന്ന്..

കുറച്ച് കഴിഞ്ഞപ്പോള്‍ സന്തൂര്‍ സോപ്പിന്റെ പരസ്യത്തെ അനുസ്മരിപ്പിച്ച് ഒരു അമ്മയും കുഞ്ഞും വന്നു..
ഒറ്റവ്യത്യാസമേ ഉള്ളൂ.. പരസ്യത്തിലെ അമ്മയെ കണ്ടാലാണ് അമ്മയാണെന്ന് തോന്നാത്തതെങ്കില്‍ ഇവിടെ പേരുകേട്ടാലാണ്
തോന്നാത്തത്.. റോഷ്നിക്കുട്ടിയും കാന്താരിക്കുട്ടിയും .. എതാണ് അമ്മ? ഏതാണ് മകള്‍? നിങ്ങള്‍ തന്നെ പറയൂ..

അതു കഴിഞ്ഞപ്പോള്‍, ഒരു ചേച്ചി വന്നിട്ട് എഴുത്തുകാരിയാണെന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി..
പിന്നേ നമ്മളൊന്നും എഴുത്തുകാരല്ലല്ലോ !! .. പിന്നെയാണ് മനസിലായത്, അതു ടൈപ്പിസ്റ്റ് കം എഴുത്തുകാരി ആണെന്ന്..

ഹരീഷേട്ടന്, ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വണ്ണമുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രസ്നമൊന്നും ഇല്ല :)

പിന്നെ അങ്ങോട്ട് പരിചയപ്പെടലുകളുടെ ഒരു ബഹളം തന്നെ ആയിരുന്നു..
മുരളിക, ചാര്‍വാ‍കന്‍, മണിഷാരത്ത്, ശിവ, സരിജ, അനില്‍@ബ്ലോഗ്, Drബാബുരാജ്, വഹാബ്, വഹാബിന്റെ സുഹൃത്ത്, അനൂപ്കോതനല്ലൂര്‍,സുനില്‍ കൃഷ്ണന്‍,
മണികണ്ഠന്‍, വിനയ തുടങ്ങിയവരെ ഒക്കെ പരിചയപ്പെട്ടു.

എന്തായാലും ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ, എന്നെ ആരും അറിയില്ലായിരുന്നു.

അങ്ങനെ മീറ്റ് ഔപചാരികമായി തുടങ്ങി.. അതിനിടയിലുണ്ട് ഒരാള്‍ അധികം ശബ്ദമുണ്ടാക്കതെ പതിയെ നടന്ന് അകത്തേക്കു വരുന്നു..
എന്നിട്ട് അതിലുംപതിയെ പറഞ്ഞു.‘ഞാന്‍ പാവത്താനാണേ’ന്ന്..
‘അതു പിന്നെ കണ്ടാലറിയത്തില്ലിയോ? എന്തോ വേണം?’ എന്നാണ് ചോദിക്കേണ്ടത്.. പക്ഷേ ആള്‍ ബ്ലോഗര്‍ പാ‍വത്താന്‍ ആണ്.
എന്തായാലും, പേരുകേള്‍ക്കുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു രണ്ടര ഡിഗ്രികൂടി പാവത്താന്‍ ആണ് അദ്ദേഹം എന്ന് പിന്നീട് പരിചയപ്പെട്ടപ്പോള്‍
മനസിലായി. (പാവത അളക്കുന്ന യൂണിറ്റ്, ഡിഗ്രി തന്നെ ആണോ എന്ന് വലിയ നിശ്ചയം പോര!)

അങ്ങിനെ എല്ലാവരും സ്വയം പരിചയപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോളാണ്, പാവപ്പെട്ടവന്‍ വന്ന വഴിയേ,
അതിലും പാവപ്പെട്ട ഒരു വല്യമ്മ വരുന്നത്..അവരും പാവപ്പെട്ടവന്റെ കൂടെ വന്നതാണെന്നണ് എല്ലാവരും ആദ്യം വിചാരിച്ചത്. വല്യമ്മ വന്ന പാടേ,
അവിടെ കിടന്ന ഒരു കസേരയില്‍ ഇരിക്കാനുള്ള പരിപാടി ആയിരുന്നു.
ഉടന്‍ തന്നെ ലതിയേച്ചി ഇടപെട്ടു, അടുത്ത് ചെന്നു എന്തോ ചോദിച്ചു. ‘ഏതു പേരിലാ ബ്ലോഗ് എഴുതുന്നേ?’ എന്നാ ചോദിച്ചേ എന്ന്
പിന്നീട് മനസ്സിലായി..
‘ഏന്തോ?’ വല്യമ്മക്കു ഒന്നും മനസ്സിലായില്ല.. പാവം മറ്റേതോ ആവശ്യത്തിനു വന്നതാണ്. വഴി തെറ്റിപ്പോയി !!!

അതിനിടയില്‍ നാട്ടുകാരനും ഭാര്യയും എത്തി.. നാട്ടുകാരന്‍ ശരിക്കും നാട്ടുകാരന്‍ തന്നെയാണ്..
മീറ്റ് തൊടുപുഴയില്‍ തന്നെ നടന്നതു നന്നായി.. പുള്ളിക്ക് നാട്ടുകാരന്‍ എന്നു തന്നെ പറയാല്ലോ..

പിന്നീടാണ് സോജന്‍ എത്തുന്നത്. എനിക്ക് മീറ്റിനുമുന്‍പു തന്നേ പരിചയമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഞാന്‍ സോജനേ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നീടെത്തിയത് ഏറ്റവുംവിശിഷ്ടരായ അതിധികളായിരുന്നു.. ഹരീഷേട്ടന്റെ ഭാര്യ മഞ്ചുചേച്ചിയും, അമ്മയും പിന്നെ ആവണികുട്ടിയും.

എഴുത്തുകാരിചേച്ചിയുടേയും, മോളുടേയും, വിനയചേച്ചിയുടേയും, ചാര്‍വാകന്‍ ചേട്ടന്റേയും പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി..
പലരും സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുടെഉടമകള്‍ ആയതിനാല്‍, പിന്നീട് നടന്ന ചില ചര്‍ച്ചകള്‍ ഒക്കെ എന്റെ പരിധിക്കു പുറത്തായിരുന്നു..

പക്ഷേ അതു കഴിഞ്ഞ് നമ്മുടെ ഐറ്റം ആയിരുന്നു.. ബിരിയാണിയും ഊണുമാണ് ഹരീഷേട്ടന്റെ പാചകസംഘം ഒരുക്കിയിരിക്കുന്നത്.. ഐറ്റംസ് ഒക്കെ അതി ഗംഭീരം ആയിരുന്നു
എന്നു പറയാതെ വയ്യ..
അങ്ങനെ മൃഷ്ടാന്നം ഭക്ഷണവും കഴിച്ച്, ഞങ്ങള്‍ തൊമ്മന്‍ കുത്തിലേക്ക് യാത്രതിരിച്ചു. തൊടുപുഴയില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു
വെള്ളച്ചാട്ടമാണ് തൊമ്മന്‍‌കുത്ത്.

ബസ്സില്‍ നാട്ടുകാരന്റെ വക റണ്ണിങ് കമന്ററി ഉണ്ടായിരുന്നു. (‘റണ്ണിങ്ങ്‘ എന്നാല്‍, കേട്ടാല്‍ ഓടിപ്പോകുന്ന എന്നല്ല കേട്ടോ)..
വലിയ വലിയ പള്ളികളുടെ ചരിത്രം, സിനിമ ഷൂറ്റിങ് നടന്ന ലൊക്കേഷനുകള്‍ എന്നു വേണ്ട, വഴിസൈഡിലെ മരക്കുറ്റിയും എലക്ട്രിക് ലൈനില്‍ ഇരിക്കുന്ന കാക്കയും വരെ
വിഷയങ്ങളാക്കി നാട്ടുകാരന്‍ തകര്‍ത്തു. (ഞങ്ങളുടെ സമാധാനം തകര്‍ത്തു)

അതിനിടയില്‍ വഴിയിലെ ഒരു വളവ് എത്തിയപ്പോള്‍, പണ്ട് ആ വളവില്‍ ബസ് റിവേഴ്സ് എടുക്കാതെ ആദ്യമായി വളച്ച ഡ്രൈവര്‍ ഏപ്പു ചേട്ടന്റേയും, ആ വളപ്പ് കണ്ട് വളഞ്ഞു
പിന്നീടു പുള്ളിയുടെ ഭാര്യയായ ഒരു പെണ്ണുംപിള്ളയുടേയും കഥയൊക്കെ ആള്‍ പറഞ്ഞുതന്നു.. (നാട്ടുകാരാ ഇതൊരു പോസ്റ്റാക്കാന്‍ ഇരുന്ന സംഭവം ആണോ.. ആ പോട്ടെ..)

തൊമ്മന്‍ കുത്തിന് ആ പേരുവരാനുള്ള കാരണവും, എനിക്ക് പുതിയ അറിവായിരുന്നു. പണ്ട് തൊമ്മന്‍ എന്നു പേരുള്ള ഒരു ഭാഗ്യവാന്‍, വെറെ എവിടെയും പ്ലാവില്ലാത്തപോലെ
വെള്ളച്ചാട്ടത്തിന്റ്റെ മുകളില്‍ ഒരു പ്ലാവില്‍ ചക്ക ഇടാന്‍ കയറുകയും, ചക്ക ഇട്ടിട്ട് താഴോട്ടിറങ്ങാന്‍ ചക്ക പോന്ന വഴി തന്നെ സ്വീകരിക്കുകയും ചെയ്തത്രേ. അങ്ങനെ
തൊമ്മന്‍ മസിലും കുത്തി വീണ് ഇഹലോകവാസം വെടിഞ്ഞസ്ഥലമാണ് തൊമന്‍ കുത്ത്. ഈ വെള്ളച്ചാട്ടത്തിലേക്ക് ചക്കയിട്ടാല്‍ ആരു ചക്ക പിടിക്കും എന്നു നാട്ടുകാരന്‍ പറഞ്ഞില്ല.
നാട്ടുകാരനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആരും ചോദിച്ചും ഇല്ല.
ഏതാണ്ട് 19 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 10 കുത്തുകളാണ് അവിടെ ഉള്ളത്. അതില്‍ ആദ്യത്തേതാണ് തൊമ്മന്‍ കുത്ത്.
ബാക്കി ഉള്ളതൊക്കെ കാട്ടിനുള്ളിലേക്കാണ്. വഴിയും ദുര്‍ഘടമാണത്രേ..
നാട്ടുകാരന്‍ പണ്ട് പോയപ്പോള്‍ അതില്‍ അഞ്ചെണ്ണം കണ്ടിട്ട് തിരിച്ചിറങ്ങി എന്നു പറഞ്ഞു..
‘എന്തിനാ തിരിച്ചു വന്നേ, ആ വഴി പോയാല്‍ പോരായിരുന്നോ എന്ന്,‘ ആളുടെ ഭാര്യ അവിടെ ഇരുന്ന് പതുക്കെ ചോദിച്ചത്,
ഞങ്ങള്‍ കുറച്ചു പേരേ കേട്ടുള്ളൂ... (ആരോടും പറയേണ്ട)

പ്രകൃതിയുടെ വന്യമായ സൌദര്യമാണ് തൊമ്മങ്കുത്ത് എന്നു പറയാം..
അതിമനോഹരം, ഒപ്പം അത്യന്തം അപകടകരം... അവിടെ ഇതിനകം ജീവന്‍ ഹോമിച്ചവരുടെ എണ്ണം ഒക്കെ എഴുതി വചിട്ടുണ്ട്.. ആ നമ്പര്‍ ഒക്കെ തിരുത്താന്‍ അവര്‍ക്കുവലിയ ബുദ്ധിമുട്ടാവില്ലേ എന്നോര്‍ത്തപ്പോള്‍ അധികം അഭ്യാസം കാണിക്കാന്‍ തോന്നിയില്ല.

ഞങ്ങള്‍ തൊമ്മന്‍ കുത്തും അതിനടുതുള്ള ഏഴുനിലകുത്തും മാത്രമേ കണ്ടുള്ളൂ.. അധികം താമസിയാതെ തന്നെ തിരിച്ചിറങ്ങി, മടക്ക യാത്ര ആരംഭിക്കുകയും ചെയ്തു.
തിരിച്ചുള്ള യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍, മണികണ്ഠന്റെയും, ലതിയേച്ചിയുടെ മകന്‍ കണ്ണന്റെയും മിമിക്രി നമ്പറുകളും, എല്ലാത്തിലുമുപരി മുരളികയുടെ
തമാശകളും ആയിരുന്നു.

അങ്ങനെ നാലു മണിയോടുകൂടി ഞങ്ങള്‍ തിരിച്ച് തൊടുപുഴയില്‍ എത്തി.

പിന്നീട് എല്ലാവര്‍ക്കും നന്ദി പറയാനുള്ള അവസരം ആയിരുന്നു. എല്ലാവരും കൂടി ഒരാളെ നന്ദികൊണ്ട് മൂടുകയായിരുന്നു എന്നും പറയാം..
മറ്റാരേയുമല്ല, നമ്മുടെ സ്വന്തം ഹരീഷേട്ടനെ..
അദ്ദേഹം ചെയ്ത ഈ വലിയകാര്യത്തിനെ നമ്മള്‍ എത്രമാത്രം പുകഴ്തിയാലും മതിയാവില്ല എന്ന അഭിപ്രായം തന്നെയാണ് എല്ലാരേയും പോലെ എനിക്കും ഉണ്ടായിരുന്നത്.
ഹരീഷേട്ടന്‍ എല്ലാം ഒരു പുഞ്ചിരിയോടെ ആസ്വദിച്ചുകേട്ടു. നന്ദി പറച്ചില്‍ ലിമിറ്റ് വിടുന്നു എന്നു കണ്ടപ്പോള്‍ ഹരീഷേട്ടന്‍ തന്റെ കേറ്ററിംഗ് സംഘത്തിനു നേരേ എന്തോ ഒരു ആംഗ്യം
കാണിച്ചു. ഉടന്‍ തന്നെ വൈകിട്ടത്തെ ഭക്ഷണമായ, കപ്പയും മുളക്ചമ്മന്തിയും എത്തി.. അതോടെ നന്ദി പറച്ചില്‍ ഒന്നടങ്ങി.

പിന്നീട് എല്ലാവരും പിരിയാനുള്ള സമയമായിരുന്നു..

രാവിലെ മുതല്‍ വൈകിട്ട് വരെ ഏതാനും മണിക്കൂറുകളേ ഒപ്പം ചെലവഴിച്ചുള്ളൂ എങ്കിലും എല്ലാവരുടെയും മുഖത്ത് ഒരു വേര്‍പിരിയലിന്റെ വിഷമം കാണാമായിരുന്നു..
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല.

ഒടുവില്‍ യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിന്റെ പടവുകള്‍ ഇറങ്ങുമ്പോളും, സുനിലേട്ടന്റെ കൂടെ തിരിച്ച് പോരുമ്പോളും‍, മനസ്സില്‍ ലതിയേച്ചി ചൊല്ലിയ കവിതയിലെ വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു..

“മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം“