സാധാരണ ഞാന്‍ വീട്ടിലാണെങ്കില്‍ രാവിലെ എട്ടരേമുക്കാല്‍, ഒന്‍പത്, ഒന്‍പതരേ മുക്കാല്‍ തുടങ്ങിയ സമയങ്ങളിലാണ് എഴുന്നേല്‍ക്കുന്നത്.
(എന്താന്നറിയില്ല എന്റെ വീട്ടില്‍ 8 മണിക്കാണ് കോഴികൂവുന്നത്..കോഴീടെ ഒരു കാര്യം... )
ഇന്നു പക്ഷേ രാവിലെ പതിവിനു വിപരീതമായി 7 മണിക്ക് എഴുന്നേറ്റു. ഒറ്റ ഉദ്ദേശമേ ഉള്ളൂ..
തൊടുപുഴയില്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുക..
കാര്യം ഒട്ടുമിക്ക ബ്ലോഗര്‍മാരും എന്നെ അറിയില്ലെങ്കിലും,എന്റെ പേരു പറഞ്ഞാല്‍ വേറേ പേരിലാണോ ബ്ലോഗ് ചെയ്യുന്നേ എന്നാണ് പലരും ചോദിക്കാറ് എങ്കിലും,
ബ്ലോഗില്ലാത്ത എന്റെ പല കൂട്ടുകാരുടേയും മുന്‍പില്‍ ഞാന്‍
വലിയ ബ്ലോഗര്‍ ആണ്.. (അവരുടെ അറിവില്ലായ്മ)
വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയേ ഉള്ളൂ തൊടുപുഴവരെ. രാവിലെ എട്ടേകാല്‍ ആയപ്പോ വീട്ടില്‍ നിന്നിറങ്ങി.
തൊടുപുഴ എത്താറായപ്പോള്‍, ബസ്സില്‍ അടുത്തിരുന്ന ചേട്ടനോട്, വെറുതെ, ഈ അര്‍ബന്‍ ബാങ്ക് എവിടെയാണെന്ന് ചോദിച്ചു എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..
“പ്രൈവറ്റ് സ്റ്റാന്റിന്റെ തൊട്ടടുത്താ.. ഞാന്‍ കാണിച്ചു തരാം” ചേട്ടന്‍ മൊഴിഞ്ഞു.
പിന്നെ വേറെ ആരോടെങ്കിലും ചോദിക്കാനോ, അതിനു മുന്‍പിറങ്ങാനോ ആ നല്ല മനുഷ്യന്‍ സമ്മതിച്ചില്ല.
അങ്ങനെ ഞാന്‍ പ്രൈവറ്റ് സ്റ്റാന്റില്‍ തന്നെ ഇറങ്ങി. അപ്പോള്‍ പക്ഷേ നമ്മുടെ ചേട്ടനെ കാണുന്നില്ല.
പിന്നെ ഞാന്‍ മറ്റൊരാളോട് ചോദിച്ചു..
‘ഓ ഇവിടെ അടുത്താ.. 2 കിലോമീറ്ററേ ഉള്ളൂ.. ‘
ഹോ എനിക്കങ്ങു രോമാഞ്ചം വന്നു പോയി...
പിന്നെ ഒരു ഓട്ടോ ഒക്കെ പിടിച്ച്, പതിയെ, ഓഡിറ്റോറിയത്തിലെത്തി..
എന്നെ ബ്ലോഗില്‍ എത്തിച്ചതും, ഞാന്‍ ബ്ലോഗില്‍ എത്തിച്ചതുമായ കുറച്ച് അടുത്ത സുഹൃത്തുക്കളെയല്ലാതെ, അറിയപ്പെടുന്ന വളരെകുറച്ച് ബ്ലോഗറ്മാരെ മാത്രമേ ഞാന്‍ പരിചയപെട്ടിട്ടുള്ളൂ..
ഇന്നു വരും എന്നു പറയുന്ന ആളുകളെ ഒക്കെ കണ്ടാല്‍ എങ്ങിനെ ഇരിക്കും എന്നൊക്കെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു...
കയറിചെന്ന് ആദ്യം പരിചയപ്പെടുന്നത് ലതിയേച്ചിയെയാണ് ... മുന്‍പുതന്നെ പരിചയമുള്ള മുഖം ആയതുകൊണ്ട് അധികം
പരിചയപ്പെടുത്തലുകള്‍ വേണ്ടിവന്നില്ല..
പിന്നീട് പരിചയപ്പെട്ടത് നിരക്ഷരേട്ടനെയാണ്..
മൊത്തത്തില്‍, ആള്‍ നിരക്ഷരന്‍ ആണെന്ന് വിശ്വസിക്കാന്‍ തന്നെ തോന്നിയില്ല.
ഒന്നാമത്, ഇങ്ങേരെ കണ്ടാല്‍ അല്പം അക്ഷരാഭ്യാസം ഒക്കെ ഉണ്ടെന്ന് തോന്നും.. മാത്രമല്ല ബ്ലോഗിലെ ഫോട്ടോയില്‍ കാണുന്ന,
അല്ലെങ്കില്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് കൂടുതല്‍ തോന്നുകയും ചെയ്യും..
പക്ഷേ ഞാനാണ് നിരക്ഷരന്‍ എന്നു ആള്‍ പരഞ്ഞാല്‍ വിശ്വസിക്കാതെ പറ്റുമോ?
പിന്നീടങ്ങോട്ട്, ആളുകളുടെ യധാര്‍ഥമുഖങ്ങളും എന്റെ മനസ്സില്‍ ഞാന്‍ നേരത്തേ സങ്കല്‍പ്പിച്ച രൂപവും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ആയിരുന്നു..
ചാണക്യന്‍ എന്ന ആള്‍ തടിച്ച് ഒരു കഷണ്ടിത്തലയന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.. പക്ഷേ, തലയില്‍ മുടിയുള്ള,
ഒരു ചെറിയ മനുഷ്യന്‍ പറയുന്നു, പുള്ളിയാണ് ചാണക്യന്‍ എന്ന്..
കുറച്ച് കഴിഞ്ഞപ്പോള്‍ സന്തൂര്‍ സോപ്പിന്റെ പരസ്യത്തെ അനുസ്മരിപ്പിച്ച് ഒരു അമ്മയും കുഞ്ഞും വന്നു..
ഒറ്റവ്യത്യാസമേ ഉള്ളൂ.. പരസ്യത്തിലെ അമ്മയെ കണ്ടാലാണ് അമ്മയാണെന്ന് തോന്നാത്തതെങ്കില്‍ ഇവിടെ പേരുകേട്ടാലാണ്
തോന്നാത്തത്.. റോഷ്നിക്കുട്ടിയും കാന്താരിക്കുട്ടിയും .. എതാണ് അമ്മ? ഏതാണ് മകള്‍? നിങ്ങള്‍ തന്നെ പറയൂ..
അതു കഴിഞ്ഞപ്പോള്‍, ഒരു ചേച്ചി വന്നിട്ട് എഴുത്തുകാരിയാണെന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി..
പിന്നേ നമ്മളൊന്നും എഴുത്തുകാരല്ലല്ലോ !! .. പിന്നെയാണ് മനസിലായത്, അതു ടൈപ്പിസ്റ്റ് കം എഴുത്തുകാരി ആണെന്ന്..
ഹരീഷേട്ടന്, ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വണ്ണമുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രസ്നമൊന്നും ഇല്ല :)
പിന്നെ അങ്ങോട്ട് പരിചയപ്പെടലുകളുടെ ഒരു ബഹളം തന്നെ ആയിരുന്നു..
മുരളിക, ചാര്‍വാകന്‍, മണിഷാരത്ത്, ശിവ, സരിജ, അനില്‍@ബ്ലോഗ്, Drബാബുരാജ്, വഹാബ്, വഹാബിന്റെ സുഹൃത്ത്, അനൂപ്കോതനല്ലൂര്‍,സുനില്‍ കൃഷ്ണന്‍,
മണികണ്ഠന്‍, വിനയ തുടങ്ങിയവരെ ഒക്കെ പരിചയപ്പെട്ടു.
എന്തായാലും ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ, എന്നെ ആരും അറിയില്ലായിരുന്നു.
അങ്ങനെ മീറ്റ് ഔപചാരികമായി തുടങ്ങി.. അതിനിടയിലുണ്ട് ഒരാള്‍ അധികം ശബ്ദമുണ്ടാക്കതെ പതിയെ നടന്ന് അകത്തേക്കു വരുന്നു..
എന്നിട്ട് അതിലുംപതിയെ പറഞ്ഞു.‘ഞാന്‍ പാവത്താനാണേ’ന്ന്..
‘അതു പിന്നെ കണ്ടാലറിയത്തില്ലിയോ? എന്തോ വേണം?’ എന്നാണ് ചോദിക്കേണ്ടത്.. പക്ഷേ ആള്‍ ബ്ലോഗര്‍ പാവത്താന്‍ ആണ്.
എന്തായാലും, പേരുകേള്‍ക്കുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു രണ്ടര ഡിഗ്രികൂടി പാവത്താന്‍ ആണ് അദ്ദേഹം എന്ന് പിന്നീട് പരിചയപ്പെട്ടപ്പോള്‍
മനസിലായി. (പാവത അളക്കുന്ന യൂണിറ്റ്, ഡിഗ്രി തന്നെ ആണോ എന്ന് വലിയ നിശ്ചയം പോര!)
അങ്ങിനെ എല്ലാവരും സ്വയം പരിചയപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോളാണ്, പാവപ്പെട്ടവന്‍ വന്ന വഴിയേ,
അതിലും പാവപ്പെട്ട ഒരു വല്യമ്മ വരുന്നത്..അവരും പാവപ്പെട്ടവന്റെ കൂടെ വന്നതാണെന്നണ് എല്ലാവരും ആദ്യം വിചാരിച്ചത്. വല്യമ്മ വന്ന പാടേ,
അവിടെ കിടന്ന ഒരു കസേരയില്‍ ഇരിക്കാനുള്ള പരിപാടി ആയിരുന്നു.
ഉടന്‍ തന്നെ ലതിയേച്ചി ഇടപെട്ടു, അടുത്ത് ചെന്നു എന്തോ ചോദിച്ചു. ‘ഏതു പേരിലാ ബ്ലോഗ് എഴുതുന്നേ?’ എന്നാ ചോദിച്ചേ എന്ന്
പിന്നീട് മനസ്സിലായി..
‘ഏന്തോ?’ വല്യമ്മക്കു ഒന്നും മനസ്സിലായില്ല.. പാവം മറ്റേതോ ആവശ്യത്തിനു വന്നതാണ്. വഴി തെറ്റിപ്പോയി !!!
അതിനിടയില്‍ നാട്ടുകാരനും ഭാര്യയും എത്തി.. നാട്ടുകാരന്‍ ശരിക്കും നാട്ടുകാരന്‍ തന്നെയാണ്..
മീറ്റ് തൊടുപുഴയില്‍ തന്നെ നടന്നതു നന്നായി.. പുള്ളിക്ക് നാട്ടുകാരന്‍ എന്നു തന്നെ പറയാല്ലോ..
പിന്നീടാണ് സോജന്‍ എത്തുന്നത്. എനിക്ക് മീറ്റിനുമുന്‍പു തന്നേ പരിചയമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഞാന്‍ സോജനേ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീടെത്തിയത് ഏറ്റവുംവിശിഷ്ടരായ അതിധികളായിരുന്നു.. ഹരീഷേട്ടന്റെ ഭാര്യ മഞ്ചുചേച്ചിയും, അമ്മയും പിന്നെ ആവണികുട്ടിയും.
എഴുത്തുകാരിചേച്ചിയുടേയും, മോളുടേയും, വിനയചേച്ചിയുടേയും, ചാര്‍വാകന്‍ ചേട്ടന്റേയും പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി..
പലരും സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുടെഉടമകള്‍ ആയതിനാല്‍, പിന്നീട് നടന്ന ചില ചര്‍ച്ചകള്‍ ഒക്കെ എന്റെ പരിധിക്കു പുറത്തായിരുന്നു..
പക്ഷേ അതു കഴിഞ്ഞ് നമ്മുടെ ഐറ്റം ആയിരുന്നു.. ബിരിയാണിയും ഊണുമാണ് ഹരീഷേട്ടന്റെ പാചകസംഘം ഒരുക്കിയിരിക്കുന്നത്.. ഐറ്റംസ് ഒക്കെ അതി ഗംഭീരം ആയിരുന്നു
എന്നു പറയാതെ വയ്യ..
അങ്ങനെ മൃഷ്ടാന്നം ഭക്ഷണവും കഴിച്ച്, ഞങ്ങള്‍ തൊമ്മന്‍ കുത്തിലേക്ക് യാത്രതിരിച്ചു. തൊടുപുഴയില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു
വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്.
ബസ്സില്‍ നാട്ടുകാരന്റെ വക റണ്ണിങ് കമന്ററി ഉണ്ടായിരുന്നു. (‘റണ്ണിങ്ങ്‘ എന്നാല്‍, കേട്ടാല്‍ ഓടിപ്പോകുന്ന എന്നല്ല കേട്ടോ)..
വലിയ വലിയ പള്ളികളുടെ ചരിത്രം, സിനിമ ഷൂറ്റിങ് നടന്ന ലൊക്കേഷനുകള്‍ എന്നു വേണ്ട, വഴിസൈഡിലെ മരക്കുറ്റിയും എലക്ട്രിക് ലൈനില്‍ ഇരിക്കുന്ന കാക്കയും വരെ
വിഷയങ്ങളാക്കി നാട്ടുകാരന്‍ തകര്‍ത്തു. (ഞങ്ങളുടെ സമാധാനം തകര്‍ത്തു)
അതിനിടയില്‍ വഴിയിലെ ഒരു വളവ് എത്തിയപ്പോള്‍, പണ്ട് ആ വളവില്‍ ബസ് റിവേഴ്സ് എടുക്കാതെ ആദ്യമായി വളച്ച ഡ്രൈവര്‍ ഏപ്പു ചേട്ടന്റേയും, ആ വളപ്പ് കണ്ട് വളഞ്ഞു
പിന്നീടു പുള്ളിയുടെ ഭാര്യയായ ഒരു പെണ്ണുംപിള്ളയുടേയും കഥയൊക്കെ ആള്‍ പറഞ്ഞുതന്നു.. (നാട്ടുകാരാ ഇതൊരു പോസ്റ്റാക്കാന്‍ ഇരുന്ന സംഭവം ആണോ.. ആ പോട്ടെ..)
തൊമ്മന്‍ കുത്തിന് ആ പേരുവരാനുള്ള കാരണവും, എനിക്ക് പുതിയ അറിവായിരുന്നു. പണ്ട് തൊമ്മന്‍ എന്നു പേരുള്ള ഒരു ഭാഗ്യവാന്‍, വെറെ എവിടെയും പ്ലാവില്ലാത്തപോലെ
വെള്ളച്ചാട്ടത്തിന്റ്റെ മുകളില്‍ ഒരു പ്ലാവില്‍ ചക്ക ഇടാന്‍ കയറുകയും, ചക്ക ഇട്ടിട്ട് താഴോട്ടിറങ്ങാന്‍ ചക്ക പോന്ന വഴി തന്നെ സ്വീകരിക്കുകയും ചെയ്തത്രേ. അങ്ങനെ
തൊമ്മന്‍ മസിലും കുത്തി വീണ് ഇഹലോകവാസം വെടിഞ്ഞസ്ഥലമാണ് തൊമന്‍ കുത്ത്. ഈ വെള്ളച്ചാട്ടത്തിലേക്ക് ചക്കയിട്ടാല്‍ ആരു ചക്ക പിടിക്കും എന്നു നാട്ടുകാരന്‍ പറഞ്ഞില്ല.
നാട്ടുകാരനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആരും ചോദിച്ചും ഇല്ല.
ഏതാണ്ട് 19 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 10 കുത്തുകളാണ് അവിടെ ഉള്ളത്. അതില്‍ ആദ്യത്തേതാണ് തൊമ്മന്‍ കുത്ത്.
ബാക്കി ഉള്ളതൊക്കെ കാട്ടിനുള്ളിലേക്കാണ്. വഴിയും ദുര്‍ഘടമാണത്രേ..
നാട്ടുകാരന്‍ പണ്ട് പോയപ്പോള്‍ അതില്‍ അഞ്ചെണ്ണം കണ്ടിട്ട് തിരിച്ചിറങ്ങി എന്നു പറഞ്ഞു..
‘എന്തിനാ തിരിച്ചു വന്നേ, ആ വഴി പോയാല്‍ പോരായിരുന്നോ എന്ന്,‘ ആളുടെ ഭാര്യ അവിടെ ഇരുന്ന് പതുക്കെ ചോദിച്ചത്,
ഞങ്ങള്‍ കുറച്ചു പേരേ കേട്ടുള്ളൂ... (ആരോടും പറയേണ്ട)
പ്രകൃതിയുടെ വന്യമായ സൌദര്യമാണ് തൊമ്മങ്കുത്ത് എന്നു പറയാം..
അതിമനോഹരം, ഒപ്പം അത്യന്തം അപകടകരം... അവിടെ ഇതിനകം ജീവന്‍ ഹോമിച്ചവരുടെ എണ്ണം ഒക്കെ എഴുതി വചിട്ടുണ്ട്.. ആ നമ്പര്‍ ഒക്കെ തിരുത്താന്‍ അവര്‍ക്കുവലിയ ബുദ്ധിമുട്ടാവില്ലേ എന്നോര്‍ത്തപ്പോള്‍ അധികം അഭ്യാസം കാണിക്കാന്‍ തോന്നിയില്ല.
ഞങ്ങള്‍ തൊമ്മന്‍ കുത്തും അതിനടുതുള്ള ഏഴുനിലകുത്തും മാത്രമേ കണ്ടുള്ളൂ.. അധികം താമസിയാതെ തന്നെ തിരിച്ചിറങ്ങി, മടക്ക യാത്ര ആരംഭിക്കുകയും ചെയ്തു.
തിരിച്ചുള്ള യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍, മണികണ്ഠന്റെയും, ലതിയേച്ചിയുടെ മകന്‍ കണ്ണന്റെയും മിമിക്രി നമ്പറുകളും, എല്ലാത്തിലുമുപരി മുരളികയുടെ
തമാശകളും ആയിരുന്നു.
അങ്ങനെ നാലു മണിയോടുകൂടി ഞങ്ങള്‍ തിരിച്ച് തൊടുപുഴയില്‍ എത്തി.
പിന്നീട് എല്ലാവര്‍ക്കും നന്ദി പറയാനുള്ള അവസരം ആയിരുന്നു. എല്ലാവരും കൂടി ഒരാളെ നന്ദികൊണ്ട് മൂടുകയായിരുന്നു എന്നും പറയാം..
മറ്റാരേയുമല്ല, നമ്മുടെ സ്വന്തം ഹരീഷേട്ടനെ..
അദ്ദേഹം ചെയ്ത ഈ വലിയകാര്യത്തിനെ നമ്മള്‍ എത്രമാത്രം പുകഴ്തിയാലും മതിയാവില്ല എന്ന അഭിപ്രായം തന്നെയാണ് എല്ലാരേയും പോലെ എനിക്കും ഉണ്ടായിരുന്നത്.
ഹരീഷേട്ടന്‍ എല്ലാം ഒരു പുഞ്ചിരിയോടെ ആസ്വദിച്ചുകേട്ടു. നന്ദി പറച്ചില്‍ ലിമിറ്റ് വിടുന്നു എന്നു കണ്ടപ്പോള്‍ ഹരീഷേട്ടന്‍ തന്റെ കേറ്ററിംഗ് സംഘത്തിനു നേരേ എന്തോ ഒരു ആംഗ്യം
കാണിച്ചു. ഉടന്‍ തന്നെ വൈകിട്ടത്തെ ഭക്ഷണമായ, കപ്പയും മുളക്ചമ്മന്തിയും എത്തി.. അതോടെ നന്ദി പറച്ചില്‍ ഒന്നടങ്ങി.
പിന്നീട് എല്ലാവരും പിരിയാനുള്ള സമയമായിരുന്നു..
രാവിലെ മുതല്‍ വൈകിട്ട് വരെ ഏതാനും മണിക്കൂറുകളേ ഒപ്പം ചെലവഴിച്ചുള്ളൂ എങ്കിലും എല്ലാവരുടെയും മുഖത്ത് ഒരു വേര്‍പിരിയലിന്റെ വിഷമം കാണാമായിരുന്നു..
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല.
ഒടുവില്‍ യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിന്റെ പടവുകള്‍ ഇറങ്ങുമ്പോളും, സുനിലേട്ടന്റെ കൂടെ തിരിച്ച് പോരുമ്പോളും, മനസ്സില്‍ ലതിയേച്ചി ചൊല്ലിയ കവിതയിലെ വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു..
“മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം“
Sunday, May 24, 2009
Subscribe to:
Posts (Atom)