Sunday, February 5, 2012

ലെവല്‍ ക്രോസ്

ഒരു പ്രത്യേക അറിയിപ്പ്: വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഡിറ്റക്റ്റീവ് കഥയാണ്. സ്കൂളില്‍ പോയിത്തുടങ്ങാത്ത കൊച്ചുകുട്ടികള്‍(അക്ഷരം അറിയില്ലെങ്കില്‍) വായിക്കരുത്!!!
-----------------------------------------------------------------
ഉച്ചച്ചൂടില്‍ വെന്തുരുകുന്ന നഗരത്തിലൂടെ നീങ്ങുന്ന കാര്‍.
ഇടക്കിടെ, ചിന്തയിലേക്കു സ്വയം നഷ്ടപ്പെട്ടും, വീണ്ടും യാഥാര്‍ത്ഥ്യത്തിന്റെ നഗരവേഗത കൈക്കൊണ്ടും അയാള്‍ തന്റെ വാഹനം നഗരാതിര്‍ത്തിയിലെ ലക്ഷ്യസ്ഥാനത്തേക്ക് പായിച്ചുകൊണ്ടിരുന്നു!

വീണ്ടും മറ്റൊരു ട്രാഫിക് ബ്ലോക്ക്. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് കുറഞ്ഞ സമയത്തില്‍ തന്നെ ഇതിപ്പോള്‍ ആറാമത്തെയോ ഏഴാമത്തെയോ ആണ്. ഇത്തവണ ഒരു റെയില്‍വേ ക്രോസാണ്. ഇടക്കിടെ ഉള്ള ട്രാഫിക് ബ്ലോക്കുകള്‍ അയാളെ വല്ലാതെ മുഷിപ്പിക്കുന്നുണ്ടായിരുന്നു! മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹങ്ങളിലേക്ക് വെറുതെ കണ്ണോടിച്ച്പ്പോള്‍ ആണ്, അടഞ്ഞിരിക്കുന്ന റയില്‍വേ ഗേറ്റിനുമുന്നില്‍ പരിചിതമായ ഒരു മുഖം ശ്രദ്ധയില്‍ പെട്ടത്.. പഴയ കോളേജ് സുഹൃത്ത് ശ്യാം.

വാഹങ്ങളുടെ ഏറ്റവും മുന്നില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച്, താഴ്ന്നിരിക്കുന്ന ക്രോസ് ബാറില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു ശ്യാം.. മുന്നിലെ വണ്ടികള്‍ കാരണം മുന്നോട്ട് പോകാന്‍ പറ്റാതെ അയാള്‍ ശ്യാമിനെത്തന്നെ നോക്കി തന്റെ വണ്ടിയില്‍ ഇരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ട്രയിന്‍ കടന്നു പോകുംമ്പോള്‍, ശ്യാം മുന്നിലെ ഗേറ്റില്‍ പിടിച്ച് ട്രെയികണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു! ഗേറ്റ് ഉയര്‍ന്ന് വണ്ടികള്‍ നീങ്ങുമ്പോള്‍ ശ്യാമിനെ പിന്നാലെ ചെന്ന് ഓവര്‍ടേക്ക് ചെയ്തു അമ്പരപ്പിക്കുന്നതിനെക്കുറിച്ച് അയാള്‍ ആലോചിച്ചുകൊണ്ടിരുന്നു.

ട്രെയിന്‍ കടന്നു പോയതും, ഗേറ്റ് ഉയര്‍ന്നതും പെട്ടെന്നായിരുന്നു! മുന്നില്‍ വണ്ടികള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ആണ്, ശ്യാം വണ്ടി സ്റ്റാര്‍ട്ടാക്കി നീങ്ങുകയല്ല, മറിച്ച് സൈഡിലേക്ക് മാറ്റി നിര്‍ത്തുകയാണ് എന്ന് അയാള്‍, ശ്രദ്ധിച്ചത് ॥ ഒരു ഉള്‍വിളികൊണ്ടെന്നപോലെ അയാളും തന്റെ വണ്ടി അല്പം പിന്നിലായി ഒതുക്കിനിര്‍ത്തി ശ്യാമിനെ ശ്രദ്ധിച്ചു തുടങ്ങി।

വളരെക്കാലം കൂടികാണുന്ന സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടായ ഒരു സന്തോഷം അയാളില്‍ നിന്ന് മാഞ്ഞുപോയത് പെട്ടെന്നായിരുന്നു. എന്തോ ഒരു ദുരൂഹത ശ്യാമിന്റെ പ്രവൃത്തിയില്‍ ഇല്ലേ എന്ന് അയാള്‍ സംശയിച്ചുതുടങ്ങി. താന്‍ ഈ നഗരത്തില്‍ ഉണ്ടെന്നറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് തന്നെ ശ്യാം ഇതുവരെ തന്നെ കാണാനോ ബന്ധപ്പെടാനോ ശ്രമിക്കാത്തത് ? എന്തൊ ഒരു ഹിഡന്‍ അജണ്ടയുമായായിരിക്കണം അയാളുടെ നില്‍പ്പ്. കാറിനുള്ളില്‍ തന്നെ ഇരുന്ന്, തന്നെ പെട്ടെന്ന് കാണാത്തത്ര അകലത്തില്‍ തന്നെയാണെന്ന് ഉറപ്പിച്ച് അയാള്‍ ശ്യാമില്‍ തന്നെ ശ്രദ്ധയര്‍പ്പിച്ചു.

ബൈക്ക് സൈഡില്‍ ഒതുക്കി നിര്‍ത്തിയ ശ്യാം, വണ്ടികളുടെ തിരക്ക് കുറയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. അതിനുശേഷം അയാള്‍ റെയില്‍വേ ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി ഗാര്‍ഡിനടുത്തേക്ക് നടന്നു, ഗാര്‍ഡുമായി എന്തോക്കെയോ സംസാരിച്ചു. പിന്നീട് വീണ്ടും വണ്ടിയുടെ അടുത്ത് തന്നെ വന്ന് നിന്നു.

എത്രയേറെ ചിന്തിച്ചിട്ടും എന്തായിരിക്കും ശ്യാമിന്റെ ലക്ഷ്യം എന്നതിനെക്കുറിച്ച് അയാള്‍ക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. നേരെ പോയി ചോദിക്കാന്‍ അയാളെ മനസ്സനുവദിച്ചില്ല. അയാള്‍
കാത്തുനിന്നു, ശ്യാമിന്റെ അടുത്തനീക്കം എന്താണെന്നറിയാനുള്ള ഉദ്വേഗത്തോടെ.

സമയം ഇഴഞ്ഞുനീങ്ങി. എതിര്‍ദിശയില്‍ അടുത്തട്രെയിന്‍ കടന്നു പോകാറായി. ലെവല്‍ക്രോസിന്റെ ഗേറ്റ് താഴ്ന്നുവന്ന് അടഞ്ഞു. വാഹനങ്ങളുടെ ഒരു ചെറിയ ക്യൂ അവിടെ രൂപപ്പെട്ടുകൊണ്ടിരുന്നു. ശ്യാം പഴയതുപോലെ തന്നെ ആ ഗേറ്റില്‍ പിടിച്ച് ട്രാക്കിലേക്ക് നോക്കി നിന്നു. വേഗതകുറഞ്ഞ ഒരു ഗുഡ്സ്ട്രെയിന്‍ കടന്നുപോകാന്‍ തുടങ്ങി. അയാള്‍ അതിന്റെ ഓരോബോഗിയും എണ്ണിത്തീര്‍ക്കുകയായിരുന്നു. ഒടുവില്‍ ആ ട്രെയിനും കടന്നുപോയി. ശ്യാം പഴയതുപോലെ ബൈക്കിനടുത്തേക്ക് വന്നു.

ഇത്തവണ അയാളെ അമ്പരപ്പിച്ചുകൊണ്ട്, ഗേറ്റ് ഉയര്‍ന്ന ഉടന്‍ തന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി, ശ്യാം മുന്നോട്ട് പോയി। അയാള്‍ക്ക് ഒന്നും മനസിലായില്ല. എന്തിനായിരിക്കും ആദ്യം ഗേറ്റ് പൊങ്ങിയപ്പോള്‍ അവന്‍ പോകാതെ നിന്നത്? ദുരൂഹതയുടെ ചുരുലഴിക്കാന്‍ സാധിക്കാത്ത തന്റെ ചിന്താശക്തിയോട് അയാള്‍ക്ക് പുച്ഛം തോന്നി. ശ്യാമിന്റെ പിന്നാലെ പാഞ്ഞ് അയാളെ തടഞ്ഞുനിര്‍ത്തി, അത് ചോദിച്ചാലോ എന്ന് അയാള്‍ ആലോചിച്ചു. പക്ഷേ അത് തന്റെ ചിന്താശേഷിയുടെ പരാജയമായിരിക്കും. മാത്രവുമല്ല ശ്യാമിന് എന്തെങ്കിലും നിഗൂഢ ഉദ്ദേശം ഉണ്ടെങ്കില്‍ അത് അപകടകരവുമാണ്?


പക്ഷേ ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ അയാള്‍ക്ക് പോകാന്‍ പറ്റുമായിരുന്നില്ല. ഒടുവില്‍, ശ്യാം സംസാരിച്ച റെയില്‍വേ ഗാര്‍ഡിനോട് തന്നെ ചോദിക്കാന്‍ അയാള്‍ തീരുമാനിച്ചു.

അയാളുടെ ആകാംക്ഷനിറഞ്ഞ മുഖത്തുനോക്കി ഒരു ചെറുപുഞ്ചിരിയോടെ ഗാര്‍ഡ് പറഞ്ഞു.

"എന്റെ സാറെ ഒന്നും പറയേണ്ട । ഓരോ പോങ്ങന്മാരിങ്ങനെ വന്നോളും. ആ പുള്ളി ആദ്യം ട്രെയിന്‍ പോയപ്പോള്‍, താഴ്ന്നുനിന്നിരുന്ന ഗേറ്റിന്റെ അറ്റത്ത് പുള്ളീടെ ബൈക്കിന്റെ കീ കൊളുത്തിയിട്ടു. ഗേറ്റ് പൊങ്ങിയപ്പം പണികിട്ടിയില്ലേ. താക്കോല്‍ അന്തരീക്ഷത്തില്‍ നില്‍ക്കുവല്ലേ?॥ എന്നോട് ഗേറ്റ് താഴ്ത്തിക്കൊടുക്കാവോന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചില്ല. പിന്നെ ഇപ്പത്തെ വണ്ടിപോയപ്പഴാ സാധനം എടുത്തത്.. "

മനസിലെ ടെന്‍ഷന്‍, ആശ്വാസത്തിനും അവിടെ നിന്ന് ചിരിക്കും വഴിമാറുമ്പോളും, തൊട്ടുമുന്നില്‍ കണ്ട സുഹൃത്തിനെ സംശയദൃഷ്ടിമൂലം, സംസാരിക്കാതെ വിടേണ്ടിവന്നതിലുള്ള വിഷമം മാത്രം അയാളില്‍ അവശേഷിച്ചു.

(കഴിഞ്ഞു)

Saturday, January 23, 2010

ഗുസ്തിമത്സരം

“കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫയല്‍‌വാന്മാര്‍ കൊമ്പുകോര്‍ക്കുന്ന വാശിയേറിയ ഗുസ്തിമത്സരങ്ങള്‍, ഇന്ന്സ്കൂള്‍ അങ്കണത്തില്‍.. “ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ, അനൌണ്‍സര്‍ കുമാരന്‍ ചേട്ടന്റെ ശബ്ദം പറ്റാവുന്നടത്തൊക്കെ തട്ടി പ്രതിധ്വനിച്ചു!!!

ആഘോഷം എന്തായാലും, ആവേശം ചോരാതെ എല്ലാവരിലും എത്തിക്കുന്ന കാര്യത്തില്‍ കുമാരന്‍ ചേട്ടന് കോം‌പ്രമൈസില്ല..

ഈ ആവേശം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്..ഒരിക്കല്‍, ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അനൌണ്‍സ്മെന്റ് കഴിഞ്ഞ് നേരെ പോളിയോ വാക്സിന് ദിനത്തിന്റെ വര്‍ക്കിന് പോയിട്ട്, “അത്യന്തം 'ആവേശകരമായ ‘ പോളിയൊ തുള്ളിമരുന്ന് വിതരണത്തിലേക്ക് എല്ലാ 'കായികപ്രേമികളേയും' ക്ഷണിക്കുന്നു” എന്ന് അലക്കിയ പാര്‍ട്ടിയാണ് !!!

“കരുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ഏത് വമ്പനേയും മലര്‍ത്തിയടിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത, നമ്മുടെ നാടിന്റെ പൊന്നോമനപുത്രന്മാരായ ചുണക്കുട്ടന്മാര്‍ അണിനിരക്കുന്ന ഗംഭീര ഗുസ്തിമത്സരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം..”
തകര്‍പ്പന്‍ വാചകങ്ങളുമായി അനൌണ്‍സ്മെന്റ് ജീപ്പ് മുന്നോട്ട്...

സംഗതി നടക്കുന്നത്, ധാരാസിങ്ങ് ഗുസ്തിപിടിച്ച ബ്ലാക്കാന്‍ഡ് വൈറ്റ് കാലഘട്ടത്തിലല്ല .. ‘ഒരിടത്തൊരുഫയല്‍‌വാന്റെയും' 'മുത്താരംകുന്ന് പി.ഓ'യുടേയും എണ്‍പതുകളിലും അല്ല .. വെറും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ മാത്രം മുന്‍പ് !!

അതെ, ഗുസ്തിഫെഡറെഷന്റെയോ മറ്റോ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് സ്കൂള്‍സ് റെസ്‌ലിങ്ങ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ഞങ്ങളുടെ സ്കൂള്‍ വേദിയാകുകയാണ്...

ഗുസ്തി, സ്കൂളിന്റെ ‘ദേശീയ കായിക വിനോദം‘ ആയി മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്...
ഒരു ചെറിയ കദന കഥ.എന്നെപ്പോലെയുള്ള ‘കായികതാരങ്ങളുടെ‘ വിയര്‍പ്പിന്റെ കഥ.

ഞാനൊക്കെ സ്കൂളില്‍ വരുന്ന കാലത്ത് കുറച്ച് മെഡലുകളൊക്കെ കിട്ടുന്ന അത്യാവശ്യം കായിക പാരമ്പര്യമുള്ള സ്കൂളായിരുന്നു ഞങ്ങളുടേത്... നല്ല ഓട്ടക്കാരൊക്കെ പത്താംക്ലാസ് വഴി, എസ്‌എസ്‌എല്‍‌സി ബുക്ക് വാങ്ങിയും വാങ്ങാതെയും പടിയിറങ്ങുകയും, ഞങ്ങളുടെ ബാച്ച് അതേസാധനം മോഹിച്ചും മോഹിക്കാതെയും അഞ്ചാം ക്ലാസ് വഴി പടി കയറുകയുംചെയ്തതോടെ കഥമാറി!

പല ഇനങ്ങളില്‍ മത്സരിക്കാന്‍ കൊട്ടിഘോഷിച്ച് സ്കൂളില്‍നിന്ന് പോകുന്ന ഞങ്ങള്‍ വിയര്‍ത്ത് നാറിയ ഷോര്‍ട്സും ബെനിയനും ഉള്ള കവറും പിടിച്ച് യോദ്ധയില്‍ ജഗതി വരും‌പോലെ പൊരിഞ്ഞപോരാട്ടം നടത്തി തിരിച്ചുവരുന്നതല്ലാതെ, സ്വര്‍ണ്ണവും വെള്ളിയും പോയിട്ട് ഒരു പ്രോത്സാഹനസമ്മാനം പോലും കൊണ്ടുവന്നില്ല.. എവിടുന്നെങ്കിലും അടിച്ചുമാറ്റിയതു പോലും!!

എന്നിട്ടും എന്നെപ്പോലെയുള്ള പാഴുകള്‍ക്ക് സ്റ്റേറ്റ്മീറ്റില്‍ മെഡല്‍ കിട്ടുന്നത് സ്വപ്നം കണ്ട പാവം സാറ്, ഓരോ വര്‍ഷവും കുറേ ഇനങ്ങളില്‍ പരിശീലനം തന്ന് ഇറക്കി, ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും, അവസാനസ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ പൊരുതി, ഞങ്ങള്‍ സാറിന്റെ എല്ലാ പ്രതീക്ഷകളേയും തല്ലിക്കെടുത്തി...
അങ്ങനെ ഓടാന്‍ വേണ്ടി മാ‍ത്രം ജനിച്ച കോരുത്തോട് താരങ്ങളുടെ മുന്നില്‍ ഞങ്ങള്‍ റെഗുലറായി തോറ്റു, തോറ്റുകൊണ്ടേയിരുന്നു !!
അതിപ്പോ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കാര്യം പറഞ്ഞപോലെ, ജയിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണോ?നമ്മളെക്കൊണ്ട് സാധിക്കണ്ടേ ???

ഇന്നത്തെപോലെ ‘സൂസൂ മോഡലിന്റെ’ ഷേപ്പായിരുന്നില്ല അന്നെനിക്ക്. കുഴല്‍കിണറില്‍ വീണുപോകാന്‍ മാത്രം വണ്ണമുള്ള ഞാന്‍ പച്ച ഷോര്‍ട്സും, കയില്ലാത്ത വെള്ളബനിയനും ഇട്ട് മീറ്റിനെത്തുന്നത് കണ്ടാല്‍, വിത്സണ്‍കിപ്കേറ്ററിന്റെ ഏറ്റവും ഇളയ അനിയനാണെന്ന് തോന്നുമായിരുന്നു!!

ഒരിക്കല്‍ ആയിരത്തഞ്ഞൂറ് മീറ്ററിന് ഇറങ്ങിയ ഞാന്‍, പലരും എന്നെ രണ്ടാമതും ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിട്ടും, ലൂസായി ഊര്‍ന്നുപോകുന്ന ഷോര്‍ട്സ് വലിച്ചുകേറ്റി മനസ്സു തളരാതെ ഓടിയെങ്കിലും, ആയിരത്തിമുന്നൂറ്റിചില്വാനം മീറ്ററില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്, അടുത്ത ഐറ്റത്തിനുള്ള പ്രാക്റ്റീസ് തുടങ്ങാന്‍ സമയമായതുകൊണ്ടായിരുന്നില്ല.. ഞാന്‍ ഒറ്റയാള് ഓടിത്തീരാന്‍ നോക്കി ഒഫിഷ്യല്‍‌സും അടുത്ത മത്സരത്തിനുള്ള ഓട്ടക്കാരും കാത്തുനില്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാ‍നുള്ള മന(തൊലി)ക്കട്ടി ഇല്ലാഞ്ഞിട്ടായിരുന്നു.

സമ്മാനമൊന്നുമില്ലെങ്കിലും, ഹര്‍ഡിലില്‍ തുരുതുരാ തട്ടി മുട്ടുപൊട്ടിയും ലോങ്ജമ്പ് ചാടി പിറ്റിലെത്താതെ കാലുളുക്കിയും, ചങ്കുപറിഞ്ഞ് ഓടി വായിക്കൂടെ പതവന്നും ഒക്കെയായി ഒരുപിടി പരിക്കുകള്‍ മാത്രം ഞങ്ങള്‍ സമ്പാദിച്ചു.. ഒപ്പം ആവശ്യത്തിന്‍ നാണക്കേടും !

അത്‌ലറ്റിക്സിനൊപ്പം അറ്റകയ്യെന്നവണ്ണം ഞങ്ങള്‍ നീന്തലും പരീക്ഷിച്ചു. സെന്റ്തോമസിലെ സ്വിമ്മിങ്ങ് പൂളിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് സെബാസ്റ്റ്യന്‍സേവ്യറെ വെല്ലുന്ന സ്റ്റൈലില്‍ കുതിച്ചുചാടിയ നമ്മുടെ പിള്ളേര്, പൂളിന്റെ നടുക്കെത്തിയപ്പോഴേക്കും സ്റ്റാമിനതീര്‍ന്ന് സകലവഴിക്കും കാറ്റും‌പോയി, അവസാനം വള്ളം മുങ്ങുമ്പോള്‍ ആളുകള്‍ രക്ഷപെടുന്നരീതിയില്‍ നാലുപാടും കയ്യും കാലുമിട്ടടിച്ചു വലിഞ്ഞുകയറി കരപറ്റുകയായിരുന്നു !!! അതിലൊരുത്തന്‍ പോലും ദൈവം സഹായിച്ച്,ഫിനിഷിങ്പോയിന്റിന്റെ സൈഡിലേക്ക് നീന്തിയില്ല!! (എങ്ങാനും ജയിച്ചാലോ)

ക്രിക്കറ്റിന്പോയിട്ട് കാഞ്ഞിരപ്പള്ളി സ്കൂളിനോട് പത്തുവിക്കറ്റിന്‌ തോറ്റു..ടോസ്കിട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്തതുകൊണ്ട് എതിരാളികള്‍ക്ക് അധികം അടിച്ചുതകര്‍ക്കാനുള്ള അവസരമുണ്ടായില്ല. എന്നിട്ടും, ‘അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘ എന്ന് സംഘാടകരെക്കൊണ്ട് പറയിപ്പിച്ചു..

അങ്ങനെ, ഏത് ഐറ്റത്തിനുപോയാലും അവസാന സ്ഥാനത്തിന് ഒരു വാഗ്ദാനമായിമാറിയ ഞങ്ങള്‍ പരമാവധി മീറ്റുകളില്‍ പങ്കെടുത്ത് ഞങ്ങളെക്കൊണ്ട് പറ്റുന്നപോലെ സ്കൂളിന് ചീത്തപ്പേരു നേടിക്കൊടുത്തു.

ഇങ്ങനെയുള്ള ഒരു ടീമിനെക്കൊണ്ട് എങ്ങനെ ഒരു മെഡല്‍ വാങ്ങിപ്പിക്കാം എന്ന അതിസങ്കീര്‍ണ്ണമാ‍യ ചോദ്യത്തിറ്റ്നെ ഉത്തരമന്വേഷിച്ച് കുഴങ്ങിയ സാര്‍ ഒടുവില്‍ എത്തിയത് ഗുസ്തിയിലാണ്.

പരസ്പരം തല്ലുകൂടുന്നതിന് സാറുമ്മാരുടെ അടികൊള്ളാത്ത ഒറ്റ കുഞ്ഞു പോലും സ്കൂളില്‍ ഇല്ലാത്തതുകൊണ്ട്, ഒരു പ്രാക്ടീസും കൊടുക്കാതെ ചുമ്മാ ഗോദയിലേക്കിറക്കി വിട്ടാലും ഒന്നുരണ്ട് മെഡല്‍ എങ്കിലും ഒപ്പിച്ചെടുക്കും എന്നുള്ള അവസ്ഥയായിരുന്നു ... ഒപ്പം, ‘പത്തും ഗുസ്തിയും‘ എന്ന ലക്ഷ്യം മുന്നിര്‍ത്തി പഠിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരു ആഗ്രഹപൂര്‍ത്തീകരണവും... പത്തുവരെ എത്തിയില്ലെങ്കിലും ഗുസ്തി പഠിക്കാം !!!
അന്ന് ഗുസ്തി പരിശീലിപ്പിക്കുന്ന അധികം സ്കൂളുകള്‍ ആ പ്രദേശ്ത്തില്ലായിരുന്നു എന്നതും ഒരു കാര്യമാണ്.

എങ്കിലും അന്നുവരെ സ്കൂളില്‍ പ്രൊഫെഷണല്‍ ഗുസ്തിഅറിയുന്ന ഒരുത്തന്‍ പോലും ഇല്ലാഞ്ഞിട്ടും, അതുവരെയുള്ള മീറ്റുകളില്‍ ഞങ്ങളുടെ പ്രകടനം നേരിട്ട് കണ്ടിട്ടും, ഇത്തരത്തില്‍ റിസ്കുള്ള ഒരൈറ്റം തെരഞ്ഞെടുത്ത സാറിനെ സമ്മതിക്കണം !!!

ഞാന്‍ പിന്നെ അന്നേ സിക്സ്പാക്ക് (ആറാംവാരി എല്ല്)തെളിഞ്ഞുകാണുന്ന ശരീരം ആയിരുന്നതുകൊണ്ട് എന്നെ ഗുസ്തിക്ക് ഇറക്കുന്നതിലുള്ള അപകടത്തെപ്പറ്റി ബോധവാനായിരുന്ന സാറ് നമ്മളെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ല.സംഗതി തട്ടുകിട്ടുന്ന കേസായതിനാല്‍ ഞാന്‍ അധികം അടുക്കാനും പോയില്ല.

ക്രമേണ കാര്യങ്ങള്‍ മാറിമറിഞ്ഞു.. സ്കൂളിലെ കായികതാരങ്ങളുടെ യഥാര്‍ത്ഥ കഴിവ് ഗുസ്തിയിലാണെന്ന് അടുത്ത മീറ്റുകള്‍ തെളിയിച്ചു. ഗുസ്തിക്കാര്‍ സ്കൂളില്‍ താരങ്ങളായി.. നാടന്‍പട്ടികള്‍ക്കിടയിലെ ലാബ്രഡോറിനെപ്പോലെ, സാദാ മൂങ്ങകള്‍ക്കിടയിലെ വെള്ളിമൂങ്ങയെപ്പോലെ, നീര്‍ക്കോലികള്‍ക്കിടയിലെ ഇരുതലമൂരിയെപ്പോലെ ഗുസ്തിക്കാരുടെ വില കുത്തനെ ഉയര്‍ന്നു... എന്നെപ്പോലുള്ള ‘സാദാ അത്‌ലറ്റുകള്‍’ പുറന്തള്ളപ്പെട്ടു.. ഗുസ്തിക്ക് ചേരാത്തതില്‍(ചേര്‍ക്കപ്പെടാത്തതില്‍) ഞാന്‍ അകമേ ദുഖിച്ചു. പുറമേ ഗുസ്തിക്കാര്‍ക്കുവേണ്ടി കയ്യടിച്ചു..

ഒന്നിനുപിന്നാലെ ഒന്നായി കുറെ ഗുസ്തി മെഡലുകള്‍ സ്കൂളിലെത്തി. (അതുപിന്നെ, ‘മലര്‍ത്തിയടിയെടാ‘, ‘വാരിയലക്കെടാ’ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഗുസ്തിപ്രേമികള്‍ കൊടുത്ത പ്രോത്സാഹനം ചില്ലറയായിരുന്നോ? :-))

ഇതേതുടര്‍ന്ന് പലസ്കൂളുകാരും ഗുസ്തിയിലേക്ക് തിരിഞ്ഞെങ്കിലും അവരൊന്നും നമ്മുടെ അടുത്ത് പിടിച്ചു നിന്നില്ല.. .

അങ്ങനെയുള്ള സമയത്താണ് ഈ മത്സരം വരുന്നത്...

ഗുസ്തിമത്സരം സകലപ്രായത്തിലുള്ളവര്‍ക്കും ആവേശമായി മാറി.. പണ്ടുകാലത്തു ഗുസ്തി മത്സരങ്ങള്‍ നേരില്‍ കണ്ടിട്ടുള്ള കാരണവന്മാര്‍ അതിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സ്കൂളിലേക്ക് ആരോഗ്യക്കുറവ് വകവയ്ക്കാതെ ആഞ്ഞു നടന്നു... കൊച്ചുകുട്ടികള്‍, ക്ലാസിലെ ഇടിമത്സരങ്ങള്‍ക്ക് പുതിയ ടെക്നിക്കുകള്‍ തേടി ഓടിയെത്തി.. പെണ്‍കുട്ടികളുടെ ഗുസ്തിയും ഉണ്ടെന്ന് മനസ്സിലാക്കിയതോടെ, നാട്ടിലെ യുവരക്തന്മാരായ സകല ‘ലിയനാര്‍ഡോ കാപ്പിരിയോ‘മാരും ‘ദൃഷ്ടിക്‌ ദോഷന്മാരും‘ സ്കൂള്‍ മുറ്റത്ത് നീറുപോലെ കൂടി... എന്തിനേറെപ്പറയുന്നു, ഗ്രാമം മുഴുവന്‍ ഒരു ഗോദക്കുചുറ്റും അണിനിരന്നു..

നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ഏതോ ഒരു സ്കൂളുമായാണ് കടുത്ത പോരാട്ടം. ബിബിനും ജെണ്‍സനും ഹരിയും വിഷ്ണുവുമൊക്കെയുള്ള നമ്മുടെ സ്കൂളും ശക്തമാണ്... ആര്‍പ്പുവിളിയും ബഹളവുമായി മത്സരങ്ങള്‍ പുരോഗമിച്ചു. തിരുവനന്തപുരവും ഞങ്ങളും ഒരുപോലെ മുന്നോട്ട്..
അങ്ങനെ വൈകുന്നേരത്തോടെ അവസാന മത്സരം എത്തി.. എഴുപത്തഞ്ച് കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ഗുസ്തിക്കാരനെ നേരിടുന്നത് ഞങ്ങളുടെ ബിബിന്‍.. അതില്‍ ജയിക്കുന്നസ്കൂളിന് ചാമ്പ്യന്‍ഷിപ്പ് കിട്ടും.. ഗ്രൌണ്ട്സപ്പോര്‍ട്ടിന്റെ ശക്തമായ പിന്തുണയില്‍ മുന്നേറിയ ബിബിന്‍ എതിരാളിയെ മലര്‍ത്തിയടിച്ചു..!!
കാത്തിരുന്ന വിജയം...
അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി, ഞങ്ങളുടെ സ്കൂള്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി..

പക്ഷേ ഇതിനിടയില്‍ പോയിന്റ് നിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് പറഞ്ഞ് തിരുവനതപുരത്തുകാര്‍ അലമ്പുണ്ടാക്കിത്തുടങ്ങി.. ഒടുവില്‍ ഞങ്ങള്‍ക്ക് ട്രോഫി കിട്ടുമ്പോഴും വഴക്ക് തുടര്‍ന്നു.. അധികം താമസിയാതെ നാട്ടുകാരും കേറി ഇടപെട്ടു...

പിന്നെ അവിടെ നടന്നതായിരുന്നു ഗുസ്തി... ഇന്നേവരെ ഒരു ഗ്രീക്കോ-റോമന്‍‌സ്റ്റൈലിലും കാ‍ണാത്ത
ടെക്നിക്കുകള്‍ നാട്ടുകാര്‍ ഗുസ്തിക്കാര്‍ക്കു കാണിച്ചുകൊടുത്തു. പ്രൊഫഷണല്‍‌സിനെ നാടന്‍ അമച്വേര്‍സ് ഓടിച്ചിട്ട് ‘മലര്‍ത്തിയടിച്ചു’.. പോലീസും സംഘാടകരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയപ്പോഴേക്കുംരാത്രി ഒരുപാടായിരുന്നു...

***

അടുത്ത ദിവസം ...

രാവിലെ ഏഴ് മണിക്ക് പതിവുപോലെ ആറ്റില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട്ടില്‍ നിന്ന് വന്ന് താമസിക്കുന്ന, കോണ്‍ക്രീറ്റ് പണിക്കാരന്‍ മുനിസാമി, പുഴയുടെ ഒത്ത നടുവില്‍ തന്റെ മൂന്നാമത്തെ മുങ്ങല്‍ കഴിഞ്ഞ് പൊങ്ങാല്‍ അല്പം വൈകി.!! ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ട് ആരും അത് മൈന്‍ഡ് ചെയ്തില്ലെങ്കിലും..

അല്പം വൈകിയെങ്കിലും രജനീകാന്ത് സ്റ്റൈലില്‍ ഒരു ലേറ്റസ്റ്റ് ന്യൂസുമായാണ് മുനിസാമി പൊങ്ങിയത്..

വായനിറഞ്ഞ വെള്ളത്തിനിടയിലൂടെ മുനിസാമി ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടു..
“കെടച്ചാച്ച്.. കടവുളേ കെടച്ചാച്ച്!!!”
ഒപ്പം പ്രൂഫും കാണിച്ചു.. കയ്യില്‍ ഒരു ലോഹ വിഗ്രഹം !!!

മുനിസാമിക്ക് ആറ്റില്‍ നിന്നും ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു..

വാര്‍ത്തകേട്ട്, അപ്പുറത്തെ കടവില്‍ കുളിക്കാനെത്തിയ, കോണകം കുത്തിപ്പിഴിയാന്‍ പോലും ആവതില്ലാത്ത അപ്പൂപ്പന്‍ വരെ ഞെട്ടി!! (കക്ഷിയുടെ ആരോഗ്യം(ഇല്ലായ്മ) അനുവദിക്കുന്ന രീതിയില്‍)

പുഴയുടെ നടുവില്‍ നെഞ്ചു വരെ വെള്ളത്തില്‍, ഒരു കയ്യില്‍ വിഗ്രഹം ഉയര്‍ത്തിക്കാട്ടി മറുകൈ അഴിഞ്ഞുവീഴാറായ തോര്‍ത്തില്‍ സപ്പോര്‍ട്ട് ചെയ്ത്, കരിയോയിലടിച്ച ‘സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി‘ പോലെ മുനിസാമി നിന്നു. അല്പം തുണിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ !!

വിഗ്രഹം കിട്ടിയ വാര്‍ത്ത ചിക്കന്‍‌ഗുനിയ പോലെ പടര്‍ന്നു!!

പറഞ്ഞുപറഞ്ഞ് വിഗ്രഹം സ്വര്‍ണ്ണവും പഞ്ചലോഹവും ഒക്കെയായി... സെക്കന്‍ഡുകള്‍ക്കുള്ളില്‍ കടവില്‍ ആളുകൂടി..

“ദേവിയുടെ വിഗ്രഹം ആയിരിക്കും” ആരോ ഊഹം പറഞ്ഞു. കടവിനോടു ചേര്‍ന്നാണ് കാവ്.. പണ്ട്കാലത്ത് ഇങ്ങനെ കിട്ടിയ വിഗ്രഹമാണത്രേ കാവിലെ പ്രതിഷ്ഠ.. അപ്പോള്‍ ഇതോ...
ആ?
അതുകേട്ടതോടെ കാവിലിരിക്കുന്ന ദേവിവരെ ഞെട്ടിക്കാണണം.. ദൈവത്തിനും ഡ്യൂപ്പോ?

“ഈ പാണ്ടീടെ കയ്യിലാരാ വിഗ്രഹം കൊടുത്തേ? വയ്ക്കെടാ താഴെ...“ ഏതോ ഒരു കാര്‍ന്നോര്‍ അലറി..
“ദേവീടെ വിഗ്രഹം എങ്ങാനും വെള്ളത്തിലിട്ടാല്‍ കൊല്ലും നിന്നെ...“ അടുത്തയാള്‍..
“വെള്ളത്തില്‍ താഴ്ത്തിപിടിച്ചോ..“ (എന്തിനാണാവോ?)
കരയില്‍ നിന്ന് വന്ന കമന്റുകള്‍ കേട്ട് മുനിസാമി ധര്‍മ്മസങ്കടത്തിലായി...
കരയിലേക്ക് വിഗ്രഹവുമായി വരാന്‍ തുടങ്ങിയ മുനിസാമിയെ ആളുകള്‍ അടുപ്പിച്ചില്ല.. കരയില്‍ കൊണ്ടുവന്ന് അശുദ്ധമാക്കാതിരിക്കാന്‍!!
പാവം മുനിസാമി വെള്ളത്തില്‍ തന്നെനിന്നു.. കയ്യില്‍ ഇരിക്കുന്നത് ചില്ലറ ഐറ്റമല്ലെന്ന് മനസിലായ മുനിസാമിക്ക് ചെറിയ വിറയല്‍ വന്നു തുടങ്ങി..

ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കടന്നുപോയി..

കുറച്ച് കഴിഞ്ഞ്പ്പോള്‍, കരയില്‍ നിന്ന ആളുകള്‍ക്കിടയില്‍ നിന്ന് ഒരു പയ്യന്‍ വിളിച്ചു പറഞ്ഞു..
“അയ്യേ.. അത് വിഗ്രഹമൊന്നുമല്ല.. ഇന്നലത്തേ ഗുസ്തീടെ ട്രോഫിയാണേ .. അടി കഴിഞ്ഞപ്പം മുതല്‍ കാണാതായതാ.. ”

പതിയെ പതിയെ എല്ലാവരുടേയും മുഖത്തെ ടെന്‍ഷന്‍, ചിരിക്കു വഴിമാറി..

കാര്യം ഇതാണ്... തലേന്ന് ഗുസ്തി കഴിഞ്ഞ് നടന്ന തല്ലില്‍‍, നാട്ടുകാരുടെ നോണ്‍-ടെക്നിക്കല്‍ ‘മെടയലിന്‘ വിധേയനായ ഏതോ ഒരു ഗുസ്തിക്കാരന്‍ പ്രതികാരാഗ്നി അണക്കാന്‍ വേണ്ടി ആറ്റിലേക്ക് ഓടിയവഴി, ഗുസ്തിട്രോഫി അടിച്ചുമാറ്റിക്കൊണ്ടുവന്ന് എറിഞ്ഞുകളഞ്ഞിട്ട് പോകുകയാണുണ്ടായത് !!!

ഒളിമ്പിക്സ് ദീപശിഖയുമായി പോകുന്ന കാത്തീഫ്രീമാനെപ്പലെ മുനിസാമി ‘വിഗ്രഹവുമായി’ കരയിലേക്ക് വന്നു... സംഭവം സ്കൂള്‍ അധികൃതര്‍ക്ക് ഹാന്റോവര്‍ ചെയ്തു...

വിഗ്രഹമല്ലെന്ന് മനസിലായിട്ടും മുനിസാമിയുടെ വിറയല്‍ മാത്രം മാറിയില്ല..
അതുപിന്നെ, ആ തണുപ്പത്ത്, അരമണിക്കൂര്‍ വെള്ളത്തില്‍ നിന്നാല്‍ ആരാ വിറക്കാത്തത്?!!!



***

കഥയില്‍ അല്പം കാര്യം:
അന്നുമുതല്‍ ഇന്ന്‌വരെ ബിവറേജ് കോര്‍പ്പറേഷന്റെ ലാഭം‌പോലെ, എല്ലാക്കൊല്ലവും കൂടുതല്‍കൂടുതല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി, ഇന്ന് കേരളകായികരംഗത്ത് ശക്തമായ സാന്നിധ്യമായ പൂഞ്ഞാര്‍ എസ്‌എം‌വി സ്കൂളിലെ മിടുക്കന്മാരായ ഗുസ്തിക്കാരുടേയും, അവരെ മുന്നില്‍ നിന്ന് നയിക്കുന്ന ഞങ്ങളുടെ ഡ്രില്ലുസാറിന്റേയും വിജയഗാഥകള്‍ക്കുമുന്നില്‍ ഈ പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ (പൂര്‍വ്വ കായികതാരത്തിന്റെ!)പ്രണാമം..

Wednesday, December 2, 2009

സ്വാമിശരണം

ശബരിമല യാത്രയെക്കുറിച്ച് ഒരു പോസ്റ്റ്...
ഇത് ഒരിക്കലും ഒരു ബ്ലോഗ് പോസ്റ്റ് ആകേണ്ടിയിരുന്നതല്ല. ഇത്തവണ മലക്കുപോയി മടങ്ങിയെത്തിയപ്പോള്‍, അതിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കാന്‍ ഞാന്‍ തുടങ്ങിയതാണ്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഒന്നടങ്കം “ഇവിടെയെങ്കിലും ഒരല്പം സ്വൈര്യം താടേയ്.. നീ പോയി നിന്റെ ബ്ലോഗിലെങ്ങാനും എഴുത്” എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു പോസ്റ്റായി മാറുകയായിരുന്നു.. അതുകൊണ്ട് ഇത് എന്റെ ട്വിറ്റര്‍ സ്നേഹിതര്‍ക്ക് സമര്‍പ്പിക്കുന്നു.
സ്വാമിയേശരണമയ്യപ്പാ...
അപ്പോള്‍ തുടങ്ങാം; വായിച്ച് അനുഭവിക്കൂ.. അല്ല അനുഗ്രഹിക്കൂ...
--------------------------------------------------

ശനിയാഴ്ച(28Nov2009) രാവിലെ; സമയം 8മണി.. ലൊക്കേഷന്‍: ശ്രീകാര്യത്തെ ഞങ്ങളുടെ വീട്..
“എട്ടരക്കാണ് കെട്ടുനിറക്കാന്‍ ചെല്ലാമെന്ന് പറഞ്ഞത്.. ഇതുവരെ കരിക്ക് ചെത്തിക്കഴിഞ്ഞില്ലേ?”
ഞാന്‍ അഭിലാഷിനോട് ചോദിച്ചു..

ശബരിമലക്കുള്ള കെട്ടുമുറുക്കിന് ആവശ്യമായ സാധനങ്ങളെല്ലാം, വേണുസ്വാമി റെഡിയാക്കിയിട്ടുണ്ട്. ഇനികരിക്കിന്റെ തൊണ്ടൊക്കെ ചെത്തിക്കളഞ്ഞ് ഒന്ന് മിടുക്കനാക്കി എടുക്കണം.. എന്നിട്ടു അമ്പലത്തിലേക്ക് പോകണം..

"ഞാന്‍ പ്രൊഫഷണല്‍ കരിക്ക് ചെത്തുകാരനല്ല.. പോരാത്തതിന് ഒരു ഒണക്ക കത്തിയും”..

അഭിലാഷ് സ്വാമി കലിപ്പിലാണ്.. ഒന്നും മിണ്ടാതിരിക്കുന്നതാ‍ ബുദ്ധി.. എനിക്ക് എന്തായാലും അതു റെഡിയാക്കാനുള്ള പരിജ്ഞാനം പോര. അവനാണെങ്കില്‍ സംഭവം എങ്ങനെയേലും സെറ്റപ്പാക്കും..

അല്പം കഴിഞ്ഞപ്പോള്‍, മുഖത്ത് ശോകഭാവവുമായി അഭിലാഷ് മുന്നില്‍... “അളിയാ ഒരബദ്ധം പറ്റി.. ചെത്തിവന്നപ്പോള്‍, കരിക്കു തുളഞ്ഞുപോയി.. വെള്ളമെല്ലാം പോയി..”

“എടാ .. അലവലാ.. സോറി സ്വാമീ.. ഒരു കാര്യം ചെയ്യുമ്പോള്‍ ആത്മാര്‍ഥത വേണം, പിന്നെ ആവശ്യത്തിന് ഏകാഗ്രതയും. ഞാന്‍ ചെയ്തോളാമെന്ന് പറഞ്ഞതല്ലേ?(ചുമ്മാ) .. എന്നാലും പഴം മുറിക്കാന്‍ പൊലും കൊള്ളാത്ത കത്തിയും കൊണ്ട് നീ എങ്ങനെ അതു സാധിച്ചു?”

“കരിക്ക് എളവനാരുന്നു; അതാ പറ്റിയെ..”

“അതെ.. എളവനായതുകൊണ്ടാണല്ലോ ഇതിനെ കരിക്കെന്ന് വിളിക്കുന്നത്.. ഇനി എന്തു ചെയ്യും?? വഴിയില്‍ കരിക്ക് കച്ചവടക്കാരൊന്നും വരാന്‍ സമയമായില്ല...”

“ ഒരു വഴിയുണ്ടടേയ്. അപ്പുറത്തെ അമ്മച്ചീടെ മുറ്റത്തെ തെങ്ങില്‍ നല്ല മുറ്റു കരിക്കുണ്ട്.. ഇട്ടാലോ..”
(മാലയിട്ടാലും പഴയ സ്വഭാവം മറക്കുമോ)

മറ്റൊന്നും ആലോചിക്കാന്‍ സമയമില്ല... മാലയൊക്കെ പുറത്തെടുത്തിട്ട്, എക്സ്ട്രാ വിനയം ഒക്കെ മുഖത്ത് വരുത്തി അമ്മച്ചിയോട് പോയി കാര്യം പറഞ്ഞു. രാവിലേം വൈകിട്ടും അമ്പലത്തില്‍ പോകുന്ന പരമഭക്തയായ അമ്മച്ചിക്ക് നൂറുവട്ടം സമ്മതം. ഒരു സംശയം മാത്രം.
ആരു തെങ്ങില്‍ കേറും??

“അതുപേടിക്കേണ്ട അമ്മച്ചീ.. ദേ ആഇരിക്കണ തോട്ടിയുണ്ടെങ്കില്‍ ഞങ്ങളുടെ വീടിന്റെ ടെറസ്സിന്റെ നിന്ന് പറിക്കാം..“ അഭിലാഷ് പറഞ്ഞു.
“ടെറസ്സിന്റെ പാരപ്പറ്റില്‍ നിന്നാല്‍, നിസ്സാരമായി കൈ എത്തിച്ച് തന്നെ പറിക്കാവുന്നതേ ഉള്ളൂ.. “ ഞാന്‍ ഓവറാക്കി.. (അമ്മച്ചിക്ക് ഡൌട്ട് അടിച്ചു കാണുമോ? ഏയ്..)

എന്തായാലും ഭഗവാന്റെകാര്യമല്ലേ അമ്മച്ചി സമ്മതിച്ചു. അങ്ങനെ അഭിലാഷ് തന്നെ കരിക്കിട്ട്, അത് ചെത്തി റെഡിയാക്കി, പ്രശ്നങ്ങള്‍ ഒക്കെ സോള്‍വ് ചെയ്തു.അപ്പോഴേക്കും എല്ലാവരും എത്തി.. നേരെ അമ്പലത്തിലേക്ക്. വേണുസ്വാമി എല്ലാം തയ്യാറാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

അങ്ങനെ 11 മണിയോട്കൂടി കെട്ടുനിറച്ചു ഞങ്ങള്‍ ഏഴു ഐടി സ്വാമിമാര്‍ ഒരു ക്വാളിസില്‍ യാത്ര ആരംഭിച്ചു. കൊട്ടാരക്കര ആര്യാസില്‍ നിന്ന് ഉച്ചഭക്ഷണം..
വീണ്ടും യാത്ര. ഇടക്കിടെ ശരണം വിളികള്‍..

അകലെ പൂങ്കാവനം ദൃശ്യമായിത്തുടങ്ങിയതോടെ അന്തരീക്ഷത്തിലെ ചൂട് മാറി പകരം കാടിന്റെ കുളിര്‍മ അനുഭവപ്പെട്ടുതുടങ്ങി..

മണ്ഡലകാലത്ത് ഒരുക്കങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചകളും പരസ്പരം പഴിചാരലുകളും പരാതികളും ഒക്കെ എല്ലാവര്‍ഷവും ഉണ്ടാവാറുണ്ട്.. ഈ വര്‍ഷവും അതിന് കുറവൊന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു.. എന്തായാലും മുന്‍‌വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ റോഡിന്റെ കണ്ടീഷന്‍ ഒത്തിരി നന്നായതായാണ് തോന്നിയത്... സീസണ്‍ തീരുന്നതുവരെ ഇങ്ങനെയാണെങ്കില്‍ കൊള്ളാം..

4 മണിയോടെ ഞങ്ങള്‍ പമ്പയിലെത്തി. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് പമ്പയില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ അധികൃതര്‍ വളരെ നല്ല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നദിയിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നന്നേ കുറവ്;ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ പോലുള്ള സാധനങ്ങള്‍ ഒന്നും കാണാനേ ഇല്ല.

കുറച്ച് ദിവസങ്ങളായി മഴ ഇല്ലെങ്കിലും പമ്പയില്‍ അത്യാവശ്യം വെള്ളമുണ്ട്... നല്ല തിരക്കും.. ഞങ്ങള്‍ ത്രിവേണിക്കടുത്ത്, തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് ഇറങ്ങി. തണുത്ത വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ക്ഷീണമൊക്കെ ‘പമ്പകടന്നു’.

കുളികഴിഞ്ഞ്,ഓരോ ചുക്കുകാപ്പി കുടിച്ചു... എന്തോ ചുക്കുകാപ്പിക്കു പഴയ ഒരു ഗുമ്മില്ല എന്ന് തോന്നി. വീണ്ടും തിരക്കിലൂടെ നടന്ന് തുടങ്ങിയപ്പോളാണ് രഞ്ജിത്ത് ആ സന്തോഷവാര്‍ത്ത അറിയിക്കുന്നത്..

അഭിലാഷിനെ കാണുന്നില്ല !!!

ആദ്യം തമാശയായി കരുതിയെങ്കിലും, പിന്നെ കളി കാര്യമായി... ഞങ്ങള്‍ ആറുപേരും ഓടി നടന്ന് തപ്പിയിട്ടും ആളെ കാണുന്നില്ല.. ഡ്രെസ്സിന്റെ കളറ് നോക്കി കണ്ടുപിടിക്കാമെന്ന് വച്ചാല്‍, എവിടെ നോക്കിയാലും കറുത്തമുണ്ടും ഷര്‍ട്ടും.. മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല... എല്ലാവര്‍ക്കും ടെന്‍ഷനായി..

അഭിലാഷിന്റെ സ്വഭാവം കൂടുതല്‍ അറിയവുന്നത്കൊണ്ട്, ചിലപ്പോള്‍ അവന്‍ കാട്ടിലൂടെ വല്ല ഷോര്‍ട്ട്കട്ടും പിടിച്ച്, ശബരിമലക്ക് പോയിക്കാണുമെന്നും, അവിടെ എത്തി വിളിക്കാമെന്നും ഞാന്‍ ഒരു സജഷന്‍ വച്ചെങ്കിലും ബാക്കി ആരും സപ്പോര്‍ട്ട് ചെയ്തില്ല..

എവിടെയെങ്കിലും കറങ്ങിനടപ്പുണ്ടാവും. ഞങ്ങളുടെ ടെന്‍ഷന്‍ ഒന്നും അവനുകാണില്ല. എല്ലാവരുടെയും മുഖത്ത് ദേഷ്യം. ഇനി ഒരു വഴിയേ ഉള്ളൂ.. പോലീസ് കണ്ട്രോള്‍ റൂമില്‍ പോയി അനൌണ്‍സ് ചെയ്യിപ്പിക്കുക..
“ഡേയ് കുപ്പുസാമീ, എങ്കപ്പോയിട്ടേന്‍ഡാ..അണ്ണന്‍ ഇങ്കെയിറുക്കെടാ..” എന്നും, “കണ്ണൂരില്‍ നിന്ന് വന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിയെ കാത്ത് വിശാലാക്ഷി മാളികപ്പുറം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.” എന്നും ഒക്കെ അനൌണ്‍സ്മെന്റ് കേള്‍ക്കുമ്പോള്‍ പണ്ട് കളിതമാശയായിരുന്നു. ഇന്നു ശരിക്കും അതു ചെയ്യേണ്ടി വന്നു..

“മാലയിട്ടുപോയി. അല്ലെങ്കില്‍ ആ മൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ അതിലൂടെ അവന്റെ പേരും അഡ്രെസ്സും പറഞ്ഞിട്ട് നാലുവര്‍ത്തമാനം പറയാമായിരുന്നു“.. “അല്ലെങ്കില്‍ വേണ്ട കണ്ടുകിട്ടിക്കഴിയുമ്പോ നല്ല ഇടി കൊടുക്കാം” ഓരോരുത്തരും ഓരോ രീതിയില്‍ ദേഷ്യം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ പോലീസ്‌സ്റ്റേഷ്നിലേക്ക് പോകാനൊരുങ്ങുമ്പോളാണ് , അങ്ങകലെ പാലത്തിലൂടെ അഭിലാഷ് നടന്നുപോകുന്നത് കാണുന്നത്. സമാധാനമായി; ആളെ കണ്ടല്ലോ.. ഞങ്ങള്‍ ഓടി അവന്റെ പിന്നാലെയെത്തി. ഉറക്കെ വിളിച്ചു. അഭിലാഷ് ഞങ്ങളെ കണ്ടു. തിരിച്ചു നടന്ന് ഞങ്ങളുടെ അടുത്തെത്തി. എന്നിട്ട് ദേഷ്യത്തോടെ ചോദിച്ചു.

“നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..” ആ നിഷ്കളങ്കമായ ഡയലോഗ് കേട്ട് മാനസികമായി തകര്‍ന്നു പോയ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

എല്ലാവരും ശബരിമലയിലേക്ക് പുറപ്പെടാന്‍ തയ്യാറായി.ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയതിരക്കാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പണ്ട് ‘കല്ലും മുള്ളും കാലുക്ക് മെത്ത’ ആയിരുന്നെങ്കില്‍ ഇന്നത് ‘ഉന്തും തള്ളും ബോഡിക്ക് മസാജ്’ എന്നാക്കേണ്ടി വരും.

പമ്പാഗണപതിയെ തൊഴുത് മലകയറ്റം തുടങ്ങി. സോഫ്റ്റ്വെയര്‍ ജീവിതം സമ്മാനിച്ച ‘സോഫ്റ്റ് വയര്‍‘ സ്റ്റാമിനക്ക് കാര്യമായ കുറവു വരുത്തിരിട്ടുണ്ടെന്ന് മനസ്സിലായി. നീലിമല കയറിത്തുടങ്ങിയില്ല; അതിനുമുന്‍പേ എനിക്ക് നല്ല കിതപ്പ് തുടങ്ങി. ചെരുപ്പിടാതെയുള്ള നടപ്പും ബുദ്ധിമുട്ട് തന്നെ. കഴിഞ്ഞതവണ ഇത്ര പ്രശ്നംതോന്നിയിരുന്നില്ല. ആ.. കഴിഞ്ഞതവണ കേറിയതിനേക്കാള്‍ അഞ്ച്കിലോ കൂടുതലാണ് ഇത്തവണ മലകേറാന്‍ വന്നിരിക്കുന്നത്. കാലുകള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങിയതില്‍ തെറ്റില്ല.

സ്വാമിയേ - അയ്യപ്പോ വിളികളുമായി പലരും എന്നെ ഓവര്‍ടേക്ക് ചെയ്തു പോകുന്നുണ്ട്. ഞാന്‍ പിന്നില്‍ നിന്ന് ‘പയ്യെപ്പോ’ എന്ന് പറഞ്ഞത് ‘അയ്യപ്പോ’ എന്നാണെന്ന് കരുതി, കൂടെയുള്ളവന്മാര്‍, മറുപടിയായി ‘സ്വാമിയേ’ ‘സ്വാമിയേ’ എന്ന് വിളിച്ച് നൂറേല്‍ കേറിക്കൊണ്ടിരിക്കുകയാണ്.

ശ്വാസം കിട്ടാന്‍ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നുന്നില്ലേ എന്നൊരു സംശയം.. ഓക്സിജന്‍ സിലിണ്ടര്‍ നിരത്തിവച്ച കടകള്‍(?) ഒന്നും ഇത്തവണ ഇല്ലേ ഭഗവാനേ? കാണും; പക്ഷേ അതൊക്കെ മലയുടെ മുകളില്‍ ആയിരിക്കും.. കയറിതുടങ്ങുമ്പോള്‍ തന്നെ കാറ്റു പോകാറായത് ഞാന്‍ മാത്രമേ ഉള്ളല്ലോ?

ശ്വാസം മുട്ടി വായും‌പൊളിച്ച് നില്‍ക്കുന്ന എന്നെ ആളുകള്‍ താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്ന രംഗം ഒന്ന് ഭാവനയില്‍ കണ്ടുനോക്കിയപ്പോള്‍ എനിക്ക് ചെറിയതോതില്‍ ഒരു രോമാഞ്ചം ഉണ്ടായി. ഞാന്‍ രോമാഞ്ചം ഉണ്ടാക്കാന്‍ നിന്നനേരത്ത് അവന്മാര്‍ പത്ത് സ്റ്റെപ്പുകൂടെ മുന്നോട്ടും പോയി. എനിക്കു കമ്പനിയായി, ലിജിനും സുമലും മാത്രം.. ബാക്കി നാലുപേരും കട്ടക്ക് കേറുകയാണ്.

ഒടുവില്‍ ആദ്യത്തെ ഒരു കയറ്റം കഴിഞ്ഞ്; അവര്‍ ഞങ്ങള്‍ വരാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഞങ്ങള്‍ അതിനിടെ ഒരു നാലഞ്ച് തവണ ശ്വാസം കിട്ടാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഒടുവില്‍ ഞങ്ങള്‍ പതിയെ കേറി എത്തിയപ്പോള്‍ അവന്മാരുടെ പുച്ഛത്തോടെ ഉള്ള നോട്ടവും കാണേണ്ടിവന്നു. “ഹൊ.. നിന്ന് നിന്ന് കാലുകഴച്ചു” അഹങ്കാരിയായ രഞ്ജിത്തിന്റ്റെ കമന്റ്..

ശരണം വിളിച്ച് കയറിയാ മതി ക്ഷീണം അറിയില്ല.. ഗോകുല്‍ ഐഡിയപറഞ്ഞുതന്നു. മലകയറ്റത്തിന്റെ മാത്രമല്ല, മനസ്സിന്റെയും മൂഡ്മാറിയത് വളരെ പെട്ടെന്നായിരുന്നു.

മറ്റൊരു ചിന്തയുമില്ല..സംസാ‍രവുമില്ല. ശരണം വിളികള്‍ മാത്രം. കാലുകള്‍ക്കും മനസ്സിനും ഹൃദയമിടിപ്പിനുപോലും ഒരേ താളം.. സ്വാമിയേ അയ്യപ്പാ .. അയ്യപ്പാ സ്വാമിയേ..
ക്ഷീണമില്ല, കിതപ്പില്ല.. സര്‍വ്വം സ്വാമിമയം.. ഭക്തിമയം.

ശരംകുത്തി മുതല്‍ സന്നിധാനം വരെ 4 മണിക്കൂര്‍ ക്യൂ നിന്നത്പോലും ഒരുബുദ്ധിമുട്ടായി തോന്നിയില്ല. അതിനിടയില്‍ നടപ്പന്തലില്‍ വച്ച് പുറത്തുകൂടെ വന്ന് ക്യൂവില്‍ നുഴഞ്ഞുകയറിയവരെ, ക്യൂവില്‍ നിന്നവര്‍ ഒച്ചയുണ്ടാക്കി ഓടിക്കന്‍ ശ്രമിക്കുന്നു. ആ സമയത്ത് നുഴഞ്ഞുകയറ്റക്കാരനായ അയ്യപ്പന്‍, മറ്റുള്ളവരെ ചീത്തവിളിക്കുന്ന ദയനീയ കാഴ്ചയും കാണേണ്ടി വന്നു..

പതിനെട്ടാം പടിയെത്തി.. തേങ്ങയടിച്ച്, ശരണമന്ത്രങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ പടിചവിട്ടി. ഇത്തവണ ഭാഗ്യത്തിന് കൃത്യം നടുക്കുകൂടിയാണ് കയറിയത്. അതുകൊണ്ട് ഓരോ പടിയിലും തൊട്ട്തൊഴുത് കയറാന്‍ പറ്റി.. (അല്ലെങ്കില്‍ സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ നമ്മളെ പൊക്കിയെടുത്ത് നിലം തൊടീക്കാ‍തെ മുകളില്‍ എത്തിച്ചേനേ.)

നേരെ ഫ്ലൈഓവര്‍വഴി കയറി ശ്രീകോവിലിനുമുന്നിലേക്ക്.. നാലഞ്ച് മണിക്കൂറ് നടന്നും ക്യൂനിന്നും എത്തിയതിന്റെ ക്ഷീണമില്ല.. മറിച്ച്, ഒരുവര്‍ഷത്തെ കാത്തിരിപ്പ് സാഫലമായതിന്റെ ആഹ്ലാദം; ആ തിരുസന്നിധിയില്‍ നില്‍ക്കാന്‍ കിട്ടുന്ന ഏതാനും നിമിഷങ്ങള്‍ തൊട്ടടുത്തെത്തിയതിന്റെ ആവേശം. അങ്ങനെ ഒടുവില്‍ ഭഗവാന്റെ തിരുമുന്നില്‍.

എല്ലാം മറന്ന് അല്പസമയം.
കഴിഞ്ഞു, ജനത്തിന്റെ ഒഴുക്കില്‍ പെട്ട് പുറത്തെത്തിക്കഴിഞ്ഞു. എല്ലാവര്‍ഷവും തോന്നുന്നപോലെ, ‘ഒരല്പസമയംകൂടി നിന്ന് തൊഴാന്‍ പറ്റിയിരുന്നെങ്കില്‍‘ എന്ന് തോന്നാതിരുന്നില്ല. സാരമില്ല അടുത്തകൊല്ലവും വരാമല്ലോ..

ഇനി മാളികപ്പുറത്തേക്ക്. മളികപ്പുറത്ത് തൊഴുത്; വഴിപാടുകളൊക്കെ അര്‍പ്പിച്ച്, ഇറങ്ങി. സമയം പത്താകാറായി. നേരെ പോയി വിരി വയ്ക്കാനുള്ള സ്ഥലം കണ്ടുപിടിച്ചു. അന്നദാനമണ്ഡപത്തില്‍ നിന്ന് ഭക്ഷണം.. സൌജന്യമായി നല്ല ചൂട് കഞ്ഞിയും പയറും കിട്ടുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോയി വിലയില്‍ മാത്രം ചൂടുള്ള ഭക്ഷണം കഴിക്കണം?

ഒന്നു കിടന്നപ്പോഴാണ് ദേഹത്ത്‌വേദനയും ക്ഷീണവും ഒക്കെ തലപൊക്കി തുടങ്ങിയത്. കുറച്ചുപേര്‍ അപ്പവും അരവണയും ഒക്കെ വാങ്ങാന്‍ പോയി. നേരത്തെ ധനലക്ഷ്മി ബാങ്കില്‍ നിന്ന് കൂപ്പണ്‍ എടുത്തിരുന്നതുകൊണ്ട് അവര്‍ക്ക് അധികം സമയം ക്യൂനില്‍ക്കേണ്ടി വന്നില്ല.(എന്ന് പറയുന്നു..ഞാന്‍ പോയില്ലല്ലോ!)

അതിനിടെ ലിജിന് എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങണം. കയ്യില്‍ കാശ് തീര്‍ന്നു.
“ഇവിടെ സ്റ്റേറ്റ്ബാങ്കിന്റെ എടി‌എം ഇല്ലേ?”
“ഉണ്ടെടാ ഉണ്ട്. പമ്പയില്‍ ഒരെണ്ണം ഉണ്ട്. നീ ഓടിപ്പോയി കാശെടുത്ത് വാ” സുമലിന്റെ മറുപടി.

സമയം 10:55 അനൌണ്‍സ്മെന്റുകള്‍ പെട്ടെന്ന് നിലച്ചു. എല്ലാവരും ഒരു നിമിഷത്തേക്ക് ശ്രദ്ധിച്ചു. നടയടക്കുന്നതിന് മുന്‍പ് ഭഗവാനെ പള്ളിയുറക്കാനുള്ള ‘ഹരിവരാസനം‘ ആരംഭിക്കുകയാണ്. ഗന്ധര്‍വ്വഗായക്ന്റെ മാന്ത്രികശബ്ദം ഒഴുകിയെത്തിത്തുടങ്ങി. എത്രവട്ടം, എത്രട്യൂണില്‍, എവിടുന്നൊക്കെ, ആരുടെയൊക്കെ ശബ്ദത്തില്‍ ‘ഹരിവരാസനം‘ കേട്ടാലും, സന്നിധാനത്ത് നിന്ന് ഇത് കേള്‍ക്കുന്ന ആ ഒരു ഫീല്‍ എനിക്ക് മറ്റൊരിടത്തും കിട്ടിയിട്ടില്ല.

അന്തരീക്ഷത്തില്‍ തണുപ്പ് പടര്‍ന്നിട്ടുണ്ട്. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി..

രാവിലെ 7 മണിയോടെ പതിനെട്ടാം പടിക്ക് താഴെ നിന്ന് തൊഴുത്, മലയിറക്കം. മലഞ്ചെരിവുകള്‍ പുലര്‍മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്നു. ഓരോസ്റ്റെപ്പും വെക്കുമ്പോള്‍ ഉള്ളം കാലിന് നല്ല വേദന. പതിയെ പതിയെ മുന്നോട്ട്..ഇടക്കിടെ വലിയ ഓരോ ഗ്രൂപ്പ് അയ്യപ്പന്മാര്‍ ശരണം വിളികളുമായി ലകയറിപ്പോകുന്നു.

ഒന്നര റേഷന്‍കട കപ്പാസിറ്റിയുള്ള വയറുമായി വരുന്ന തെലുങ്കന്‍ സ്വാമിമാരൊക്കെ ഈസിയായി നടന്ന് കയറുന്നതിനുപിന്നിലെ രഹസ്യം ശരണമന്ത്രങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഊര്‍ജ്ജമല്ലാതെ മറ്റൊന്നല്ല.

തിരിച്ച് വരുന്നവഴി ദുഖകരമായ ഒരു കാഴ്ച കണ്ടു. പുലര്‍ച്ചെ സന്നിധാനത്ത്‌വച്ച് മരിച്ച ഒരു ഭക്തന്റെ, മൃതദേഹം താഴേക്ക് കൊണ്ടുപോകുന്നു. പ്രായമായ ആളാണെന്ന് തോന്നുന്നു. കാഴ്ചക്കാര്‍ക്ക് വിഷമം തോന്നുമെങ്കിലും ആ ഭക്തന്റ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും; ഉറപ്പ്..

തിരിച്ചിറങ്ങി പമ്പയില്‍ ഒരു കുളികൂടി പാസ്സാക്കിയാണ് പുറപ്പെട്ടത്. ദര്‍ശനം കഴിഞ്ഞുവരും വഴി പമ്പയിലെ കുളി റെക്കമെന്റഡ് അല്ലെങ്കിലും ആ തണുത്തവെള്ളത്തില്‍ ഒന്നു മുങ്ങാതെ പോരാന്‍ തോന്നിയില്ല.. പ്രഭാതഭക്ഷണമായി കഞ്ഞിയും-പയറും ഒപ്പം കപ്പയും മുളകും. സൂപ്പര്‍ ടേസ്റ്റ്.

ഇനിഅടുത്ത കൊല്ലം എന്നുറപ്പിച്ച് തിരിച്ച് പോരുമ്പോള്‍, പണ്ടത്തേയും ഇന്നത്തേയും മലയാത്രയിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ചിന്തിച്ചത്.

പണ്ട് നടന്ന് ശബരിമലക്കു പോയതിനേപ്പറ്റി മുത്തച്ഛന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. നാല്പത്തൊന്നു ദിവസം വ്രതമെടുത്ത്, വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം ഒക്കെ വാങ്ങിയാണ് യാത്ര; കൊടും വനത്തിലൂടെയുള്ള യാത്രയാണ് എന്തപകടവും സംഭവിച്ചേക്കാം; ഇടക്ക് അടുപ്പുകൂട്ടി കഞ്ഞി ഒക്കെ വച്ച്‌കുടിച്ച് ,ഒരാഴ്ചകൊണ്ടാണത്രേപോയി വരുന്നത്. ശരിയായി വ്രതമെടുത്ത് ഭക്തിയോടെ പോയാല്‍ ഒരപകടവും സംഭവിക്കില്ലെന്നാണ് വിശ്വാസം.

ഇന്നാകട്ടെ, വണ്ടിയില്‍ കലാഭവന്‍ മണി മുതല്‍ യേസുദാസ് വരെയുള്ളവര്‍ നമുക്ക്‌വേണ്ടി കീര്‍ത്തനങ്ങള്‍ പാടുകയും ശരണം വിളിക്കുകയും ചെയ്യുന്നു. വ്രതശുദ്ധിയുടെ കാര്യത്തിലും വ്രതമെടുത്തദിവസങ്ങളുടെ എണ്ണത്തിലുമെല്ലാം നമ്മള്‍ സ്വയം ചില റിലാക്സേഷന്‍ പ്രഖ്യാപിക്കുന്നു. അല്ലെങ്കില്‍, ഇന്നത്തെ ഫാസ്റ്റ്ലൈഫില്‍ അത്രയേ പറ്റൂ സ്വയം തീരുമാനിക്കുന്നു.

ഒരുപക്ഷേ, ഇന്ന് ഇത്രയുമെങ്കിലുമുണ്ട്...

കാലമിനിയും കടന്നുപോകും; അന്ന് ബ്രാന്റഡ് ബര്‍മുഡയും ഷൂസും തോളിലെ ബാഗില്‍ ഇരുമുടിയുമായി മലചവിട്ടാനെത്തുന്ന യുവാക്കള്‍, പണ്ട് ആളുകള്‍ ചെരുപ്പിടാതെ മലകയറിയിരുന്നു എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെട്ടേക്കും.

ജീവിതവേഗം പിന്നെയും കൂടും. ഒപ്പം സൌകര്യങ്ങളും.
അന്ന് പമ്പയില്‍ നിന്ന് റോപ്‌വേയില്‍ പോയി മലയിലിറങ്ങി ദര്‍ശനം നടത്തി, പൂങ്കാവനം ടോപ് വ്യൂവില്‍ കാണുന്ന ഒരു തലമുറ, ഈ പോസ്റ്റ് വായിച്ചാല്‍ വിശ്വസിക്കാന്‍ മടികാണിച്ചേക്കും. (അതിന് ചാന്‍സ് കുറവാണ്, അതിനുമുന്‍പ് ഈ ബ്ലോഗ് നാട്ടുകാര്‍ തല്ലിത്തകര്‍ക്കാനാണ് സാധ്യത.)

സ്വാമിയേ ശരണമയ്യപ്പാ..

Friday, August 28, 2009

ഒരു ഐ.ടി. ഓണസദ്യ


[ഇന്നലെ ഉച്ചക്ക് ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി, ടെക്നോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ ഹോട്ടലുകാര്‍ തയ്യാറാക്കിയ ഓണ സദ്യ കഴിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചു. അതിന്റെ രോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച “സദ്യ അനുഭവക്കുറിപ്പ്“(അനുഭവിച്ചതിനെ പറ്റിയുള്ള കുറിപ്പ്), ഇവിടെയും പോസ്റ്റുന്നു. ഇതു മെയിലായി കറങ്ങുന്നുണ്ട്. ഫോര്‍വേഡ് അടിച്ചുമാറ്റി ബ്ലോഗില്‍ ഇട്ടവനേ എന്ന് വിളിക്കരുത്. സത്യമായും ഞാന്‍ തന്നെ എഴുതിയതാണ്]
----------------------------------------------------------------------------------

ഇത് എഴുതി തീരും വരെ ഞാന്‍ ഓഫീസില്‍ ഉണ്ടാവുമോ എന്നെനിക്കുറപ്പില്ല. എങ്കിലും തുടങ്ങാം..

ആ‍ദ്യം ഇലക്കുമുന്‍പില്‍ പോയി ഇരുന്നപ്പോള്‍ തന്നെ എന്തൊക്കെയോ മിസ്റ്റേക്കുകള്‍ ഫീല്‍ ചെയ്തിരുന്നു.

ഇലയുടെ വടക്കേ അറ്റത്ത്, റോഡ് സൈഡില്‍ പട്ടിചുരുണ്ട് കിടന്നുറങ്ങും പോലെ കിടന്നിരുന്നത്, ഞങ്ങളുടെ നാട്ടില്‍ അവിയല്‍ എന്ന് വിളിക്കുന്ന, സദ്യകള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന അതേ ഐറ്റം തന്നെ ആണ് എന്ന് തിരിച്ചറിഞ്ഞത്, അതു ടേസ്റ്റ് ചെയ്തിട്ടായിരുന്നില്ല, മറിച്ച് അവിയല്‍ എന്ന് വിളിക്കാന്‍ പറ്റിയ വേറെ ഒരു കറിയും ആ ഇലയില്‍ കാണാത്തതുകൊണ്ടായിരുന്നു.

ആദ്യം പരിപ്പാണെന്ന് പറഞ്ഞ് കൊണ്ടെ തള്ളിയിട്ടുപോയത്, പരിപ്പാണെന്നറിയാന്‍ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല. കാരണം കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള കുറച്ച് പരിപ്പിന്‍ കുഞ്ഞുങ്ങള്‍ അതില്‍ കിടന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു.

പരിപ്പുകറി തീര്‍ന്ന അതേ നിമിഷത്തില്‍, ഇലയില്‍ ഫ്രീ ആയി കിടന്ന സ്ഥലത്ത്, കുറച്ച് നെയ് കൊണ്ടുവന്ന് ഒഴിച്ചപ്പോളാണ് വിളമ്പുകാരുടെ ‘ആല്‍മാര്‍ത്ത’ ശെരിക്കും ബോദ്ധ്യപ്പെട്ടത്.

സാമ്പാര്‍ വന്ന്പ്പോള്‍, അതു വിളമ്പുന്ന ചേട്ടന്റെ കയ്യിലെ മസിലിലേക്ക് ഒരു നിമിഷം നോക്കിപ്പോയി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. പിന്നീട് ഇലയിലേക്ക് നോക്കിയ ഞാന്‍ കാണുന്നത്, ഇലയുടെ തെക്കേ അറ്റത്തിരുന്ന പഴം നിലയില്ലാത്ത വെള്ളത്തില്‍ കിടന്ന് കയ്യുംകാലുമിട്ടടിക്കുന്നതാണ്.. ഞാന്‍ അവ്സാനം കഴിക്കാനായി കാത്ത് വച്ചിരുന്നതായിരുന്നു ആ പഴം(അതില്‍ പാചക്കാര്‍ക്ക് പരാക്രമം ഒന്നും ചെയ്യാനില്ലല്ലോ).. പിന്നെ അതില്‍ കിടന്ന 4X4 സൈസിലുള്ള് രണ്ട് വെള്ളരിക്ക കഷണവും ചോറും ഒക്കെ വച്ച് ചിറ കെട്ടി ആ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്തി..
(എതിര്‍വശത്തിരുന്ന സുഹൃത്തുക്കള്‍, ഉരുള്‍പൊട്ടലില്‍ സ്ഥലം ഒലിച്ചുപോയ കര്‍ഷകരെപ്പോലെ, സാമ്പാര്‍ ഒഴുകിപ്പോയ ഇലയിലേക്ക് നോക്കി ഇരിക്കുന്ന കാഴ്ച നയനാനന്ദകരമായിരുന്നു..)

പുളിശേരിയുടെ കാര്യത്തില്‍ നമ്മള്‍ ഇത്തിരി കടന്നു ചിന്തിച്ചു.. ചോറ്കൊണ്ട് തന്നെ നല്ലൊരു ഡാം കെട്ടിയിട്ടാണ് പുളിശേരി ഒഴിപ്പിച്ചത്.. അതുകൊണ്ട് പ്രത്യേകിച്ച് ആളപായമൊന്നും ഉണ്ടായില്ല.

--ഒരു ചെറിയ ഇടവേള.. ഒന്നു ടോയ്‌ലറ്റില്‍ പോയിട്ട് വരാം.. ഒന്നും ഉണ്ടായിട്ടല്ല. ചുമ്മാ --

ഇത്രയും വെള്ളം കുടിച്ച(സാ‍മ്പാറും പരിപ്പും) ആളുകളുടെ വയര്‍ ആകെ കലങ്ങിമറിഞ്ഞ് കിടക്കുന്നത് മനസിലാക്കി ആണ് പായസം ഡിസൈന്‍ ചെയ്തിരുന്നത്. ഒരുമാതിരി സിനിമാപോസ്റ്റര്‍ ഒട്ടിക്കുന്ന പശപോലെ... അതുകൊണ്ട് വന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി എന്ന് ഹോട്ടലുകാര്‍ക്ക് സമാധാനിക്കാം..

ഒടുവില്‍ നല്ല രസമുണ്ടെന്ന് ആരോ പറയുന്നത് കേട്ട്, ഇവനാരെടാ ഈ സദ്യകഴിച്ച് രസിച്ചവന്‍ എന്ന് കരുതി നോക്കിയതാ.. ഒരു ചേട്ടന്‍ ഒരു തൊട്ടിയില്‍ നിന്നു ഗ്ലാസ് ഇട്ട് രസം മുക്കിത്തരുന്നു.. ആളുടെ കയ്യിലു ദേഹത്തും എല്ലാം രസം.. ആ രസകരമായ കാഴ്ച കണ്ടതുകൊണ്ട് രസം കഴിക്കാന്‍ തോന്നിയില്ല.

ഒടുവില്‍ ഒരല്പം മോരും കഴിച്ച്, ഇലയുടെ കബറിടത്തില്‍ ഒരു പഴത്തൊലിയും എടുത്തിട്ട് യാത്രയായി.. സഫറോം കി സിന്ദഗി ജോ കഭി ഖതം നഹി ഹും ഹേ ഹൈ.. (എന്നു വച്ചാല്‍, ഒരാഴ്ചത്തേക്ക്, ഇനി വയറ് ശരിയാകുമെന്ന് തോന്നുന്നില്ലെന്ന്)

--ഒരു ചെറിയ ഇടവേള കൂടി --

ശ്ശെ.. പോയത് വെറുതെ ആയി. ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് അടുക്കാനേ പറ്റുന്നില്ല.

ഇത്രയും വലിയ ഒരു സദ്യ കഴിച്ചിട്ട് മുഴുവന്‍ കുറ്റമേഉള്ളോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.. സത്യം പറയണമല്ലോ, കരിങ്ങാലി വെള്ളം സൂപ്പര്‍ ആയിരുന്നു... (അതില്‍ എത്ര വെള്ളം ചേര്‍ത്താലും മുറ്റായിരിക്കുമല്ലോ)


ചെറുപ്പത്തില്‍ കേട്ട, പിന്നീട് മറന്ന, ഒരു സരസ ശ്ലോകം ഓര്‍മ്മ വന്നു എന്നതാണ് എന്നെ സംബന്ധിച്ച് ഈ സദ്യകൊണ്ടുണ്ടായ നേട്ടം..

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.
[ശ്ലോകം ആദ്യം എഴുതിയപ്പോള്‍ ചില തെറ്റുകള്‍ ഉണ്ടായിരുന്നു. തിരുത്തിന് ഉമേഷ്ജിയോട് കടപ്പാട്]

വാല്‍ക്കഷണം:

ചോദ്യം: ചേട്ടാ, അല്‍-രാജില്‍ ഓണ സദ്യകഴിക്കാന്‍ പോയതാണോ? സദ്യഎങ്ങനെ? നല്ല ഓളമാണോ?
ഉത്തരം: ഓളമാണോന്നോ ? അതില്‍ ആ സാമ്പാര്‍ ഒഴിക്കുമ്പത്തേ ഓളം കണ്ട് കഴിഞ്ഞാല്‍, നമ്മള് ശംഖുമുഖത്താണെന്ന് തോന്നിപ്പോകും...

Sunday, May 24, 2009

തൊടുപുഴ ബ്ലോഗ് മീറ്റ്

സാധാരണ ഞാന്‍ വീട്ടിലാണെങ്കില്‍ രാവിലെ എട്ടരേമുക്കാല്‍, ഒന്‍പത്, ഒന്‍പതരേ മുക്കാല്‍ തുടങ്ങിയ സമയങ്ങളിലാണ് എഴുന്നേല്‍ക്കുന്നത്.
(എന്താന്നറിയില്ല എന്റെ വീട്ടില്‍ 8 മണിക്കാണ് കോഴികൂവുന്നത്..കോഴീടെ ഒരു കാര്യം... )

ഇന്നു പക്ഷേ രാവിലെ പതിവിനു വിപരീതമായി 7 മണിക്ക് എഴുന്നേറ്റു. ഒറ്റ ഉദ്ദേശമേ ഉള്ളൂ..
തൊടുപുഴയില്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുക..
കാര്യം ഒട്ടുമിക്ക ബ്ലോഗര്‍മാരും എന്നെ അറിയില്ലെങ്കിലും,എന്റെ പേരു പറഞ്ഞാല്‍ വേറേ പേരിലാണോ ബ്ലോഗ് ചെയ്യുന്നേ എന്നാണ് പലരും ചോദിക്കാറ് എങ്കിലും,
ബ്ലോഗില്ലാത്ത എന്റെ പല കൂട്ടുകാരുടേയും മുന്‍പില്‍ ഞാ‍ന്‍
വലിയ ബ്ലോഗര്‍ ആണ്.. (അവരുടെ അറിവില്ലായ്മ)

വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയേ ഉള്ളൂ തൊടുപുഴവരെ. രാവിലെ എട്ടേകാല്‍ ആയപ്പോ വീട്ടില്‍ നിന്നിറങ്ങി.
തൊടുപുഴ എത്താറായപ്പോള്‍, ബസ്സില്‍ അടുത്തിരുന്ന ചേട്ടനോട്, വെറുതെ, ഈ അര്‍ബന്‍ ബാങ്ക് എവിടെയാണെന്ന് ചോദിച്ചു എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..
“പ്രൈവറ്റ് സ്റ്റാന്റിന്റെ തൊട്ടടുത്താ.. ഞാന്‍ കാണിച്ചു തരാം” ചേട്ടന്‍ മൊഴിഞ്ഞു.
പിന്നെ വേറെ ആരോടെങ്കിലും ചോദിക്കാനോ, അതിനു മുന്‍പിറങ്ങാനോ ആ നല്ല മനുഷ്യന്‍ സമ്മതിച്ചില്ല.
അങ്ങനെ ഞാന്‍ പ്രൈവറ്റ് സ്റ്റാന്റില്‍ തന്നെ ഇറങ്ങി. അപ്പോള്‍ പക്ഷേ നമ്മുടെ ചേട്ടനെ കാണുന്നില്ല.
പിന്നെ ഞാന്‍ മറ്റൊരാളോട് ചോദിച്ചു..
‘ഓ ഇവിടെ അടുത്താ.. 2 കിലോമീറ്ററേ ഉള്ളൂ.. ‘
ഹോ എനിക്കങ്ങു രോമാഞ്ചം വന്നു പോയി...
പിന്നെ ഒരു ഓട്ടോ ഒക്കെ പിടിച്ച്, പതിയെ, ഓഡിറ്റോറിയത്തിലെത്തി..

എന്നെ ബ്ലോഗില്‍ എത്തിച്ചതും, ഞാന്‍ ബ്ലോഗില്‍ എത്തിച്ചതുമായ കുറച്ച് അടുത്ത സുഹൃത്തുക്കളെയല്ലാതെ, അറിയപ്പെടുന്ന വളരെകുറച്ച് ബ്ലോഗറ്മാരെ മാത്രമേ ഞാന്‍ പരിചയപെട്ടിട്ടുള്ളൂ..

ഇന്നു വരും എന്നു പറയുന്ന ആളുകളെ ഒക്കെ കണ്ടാല്‍ എങ്ങിനെ ഇരിക്കും എന്നൊക്കെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു...

കയറിചെന്ന് ആദ്യം പരിചയപ്പെടുന്നത് ലതിയേച്ചിയെയാണ് ... മുന്‍പുതന്നെ പരിചയമുള്ള മുഖം ആയതുകൊണ്ട് അധികം
പരിചയപ്പെടുത്തലുകള്‍ വേണ്ടിവന്നില്ല..

പിന്നീട് പരിചയപ്പെട്ടത് നിരക്ഷരേട്ടനെയാണ്..
മൊത്തത്തില്‍, ആള്‍ നിരക്ഷരന്‍ ആണെന്ന് വിശ്വസിക്കാന്‍ തന്നെ തോന്നിയില്ല.
ഒന്നാമത്, ഇങ്ങേരെ കണ്ടാല്‍ അല്പം അക്ഷരാഭ്യാസം ഒക്കെ ഉണ്ടെന്ന് തോന്നും.. മാത്രമല്ല ബ്ലോഗിലെ ഫോട്ടോയില്‍ കാണുന്ന,
അല്ലെങ്കില്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് കൂടുതല്‍ തോന്നുകയും ചെയ്യും..
പക്ഷേ ഞാനാണ് നിരക്ഷരന്‍ എന്നു ആള്‍ പരഞ്ഞാല്‍ വിശ്വസിക്കാതെ പറ്റുമോ?

പിന്നീടങ്ങോട്ട്, ആളുകളുടെ യധാര്‍ഥമുഖങ്ങളും എന്റെ മനസ്സില്‍ ഞാന്‍ നേരത്തേ സങ്കല്‍പ്പിച്ച രൂപവും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ആയിരുന്നു..
ചാണക്യന്‍ എന്ന ആള്‍ തടിച്ച് ഒരു കഷണ്ടിത്തലയന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.. പക്ഷേ, തലയില്‍ മുടിയുള്ള,
ഒരു ചെറിയ മനുഷ്യന്‍ പറയുന്നു, പുള്ളിയാണ് ചാണക്യന്‍ എന്ന്..

കുറച്ച് കഴിഞ്ഞപ്പോള്‍ സന്തൂര്‍ സോപ്പിന്റെ പരസ്യത്തെ അനുസ്മരിപ്പിച്ച് ഒരു അമ്മയും കുഞ്ഞും വന്നു..
ഒറ്റവ്യത്യാസമേ ഉള്ളൂ.. പരസ്യത്തിലെ അമ്മയെ കണ്ടാലാണ് അമ്മയാണെന്ന് തോന്നാത്തതെങ്കില്‍ ഇവിടെ പേരുകേട്ടാലാണ്
തോന്നാത്തത്.. റോഷ്നിക്കുട്ടിയും കാന്താരിക്കുട്ടിയും .. എതാണ് അമ്മ? ഏതാണ് മകള്‍? നിങ്ങള്‍ തന്നെ പറയൂ..

അതു കഴിഞ്ഞപ്പോള്‍, ഒരു ചേച്ചി വന്നിട്ട് എഴുത്തുകാരിയാണെന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി..
പിന്നേ നമ്മളൊന്നും എഴുത്തുകാരല്ലല്ലോ !! .. പിന്നെയാണ് മനസിലായത്, അതു ടൈപ്പിസ്റ്റ് കം എഴുത്തുകാരി ആണെന്ന്..

ഹരീഷേട്ടന്, ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വണ്ണമുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രസ്നമൊന്നും ഇല്ല :)

പിന്നെ അങ്ങോട്ട് പരിചയപ്പെടലുകളുടെ ഒരു ബഹളം തന്നെ ആയിരുന്നു..
മുരളിക, ചാര്‍വാ‍കന്‍, മണിഷാരത്ത്, ശിവ, സരിജ, അനില്‍@ബ്ലോഗ്, Drബാബുരാജ്, വഹാബ്, വഹാബിന്റെ സുഹൃത്ത്, അനൂപ്കോതനല്ലൂര്‍,സുനില്‍ കൃഷ്ണന്‍,
മണികണ്ഠന്‍, വിനയ തുടങ്ങിയവരെ ഒക്കെ പരിചയപ്പെട്ടു.

എന്തായാലും ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ, എന്നെ ആരും അറിയില്ലായിരുന്നു.

അങ്ങനെ മീറ്റ് ഔപചാരികമായി തുടങ്ങി.. അതിനിടയിലുണ്ട് ഒരാള്‍ അധികം ശബ്ദമുണ്ടാക്കതെ പതിയെ നടന്ന് അകത്തേക്കു വരുന്നു..
എന്നിട്ട് അതിലുംപതിയെ പറഞ്ഞു.‘ഞാന്‍ പാവത്താനാണേ’ന്ന്..
‘അതു പിന്നെ കണ്ടാലറിയത്തില്ലിയോ? എന്തോ വേണം?’ എന്നാണ് ചോദിക്കേണ്ടത്.. പക്ഷേ ആള്‍ ബ്ലോഗര്‍ പാ‍വത്താന്‍ ആണ്.
എന്തായാലും, പേരുകേള്‍ക്കുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ഒരു രണ്ടര ഡിഗ്രികൂടി പാവത്താന്‍ ആണ് അദ്ദേഹം എന്ന് പിന്നീട് പരിചയപ്പെട്ടപ്പോള്‍
മനസിലായി. (പാവത അളക്കുന്ന യൂണിറ്റ്, ഡിഗ്രി തന്നെ ആണോ എന്ന് വലിയ നിശ്ചയം പോര!)

അങ്ങിനെ എല്ലാവരും സ്വയം പരിചയപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോളാണ്, പാവപ്പെട്ടവന്‍ വന്ന വഴിയേ,
അതിലും പാവപ്പെട്ട ഒരു വല്യമ്മ വരുന്നത്..അവരും പാവപ്പെട്ടവന്റെ കൂടെ വന്നതാണെന്നണ് എല്ലാവരും ആദ്യം വിചാരിച്ചത്. വല്യമ്മ വന്ന പാടേ,
അവിടെ കിടന്ന ഒരു കസേരയില്‍ ഇരിക്കാനുള്ള പരിപാടി ആയിരുന്നു.
ഉടന്‍ തന്നെ ലതിയേച്ചി ഇടപെട്ടു, അടുത്ത് ചെന്നു എന്തോ ചോദിച്ചു. ‘ഏതു പേരിലാ ബ്ലോഗ് എഴുതുന്നേ?’ എന്നാ ചോദിച്ചേ എന്ന്
പിന്നീട് മനസ്സിലായി..
‘ഏന്തോ?’ വല്യമ്മക്കു ഒന്നും മനസ്സിലായില്ല.. പാവം മറ്റേതോ ആവശ്യത്തിനു വന്നതാണ്. വഴി തെറ്റിപ്പോയി !!!

അതിനിടയില്‍ നാട്ടുകാരനും ഭാര്യയും എത്തി.. നാട്ടുകാരന്‍ ശരിക്കും നാട്ടുകാരന്‍ തന്നെയാണ്..
മീറ്റ് തൊടുപുഴയില്‍ തന്നെ നടന്നതു നന്നായി.. പുള്ളിക്ക് നാട്ടുകാരന്‍ എന്നു തന്നെ പറയാല്ലോ..

പിന്നീടാണ് സോജന്‍ എത്തുന്നത്. എനിക്ക് മീറ്റിനുമുന്‍പു തന്നേ പരിചയമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഞാന്‍ സോജനേ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നീടെത്തിയത് ഏറ്റവുംവിശിഷ്ടരായ അതിധികളായിരുന്നു.. ഹരീഷേട്ടന്റെ ഭാര്യ മഞ്ചുചേച്ചിയും, അമ്മയും പിന്നെ ആവണികുട്ടിയും.

എഴുത്തുകാരിചേച്ചിയുടേയും, മോളുടേയും, വിനയചേച്ചിയുടേയും, ചാര്‍വാകന്‍ ചേട്ടന്റേയും പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി..
പലരും സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുടെഉടമകള്‍ ആയതിനാല്‍, പിന്നീട് നടന്ന ചില ചര്‍ച്ചകള്‍ ഒക്കെ എന്റെ പരിധിക്കു പുറത്തായിരുന്നു..

പക്ഷേ അതു കഴിഞ്ഞ് നമ്മുടെ ഐറ്റം ആയിരുന്നു.. ബിരിയാണിയും ഊണുമാണ് ഹരീഷേട്ടന്റെ പാചകസംഘം ഒരുക്കിയിരിക്കുന്നത്.. ഐറ്റംസ് ഒക്കെ അതി ഗംഭീരം ആയിരുന്നു
എന്നു പറയാതെ വയ്യ..
അങ്ങനെ മൃഷ്ടാന്നം ഭക്ഷണവും കഴിച്ച്, ഞങ്ങള്‍ തൊമ്മന്‍ കുത്തിലേക്ക് യാത്രതിരിച്ചു. തൊടുപുഴയില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു
വെള്ളച്ചാട്ടമാണ് തൊമ്മന്‍‌കുത്ത്.

ബസ്സില്‍ നാട്ടുകാരന്റെ വക റണ്ണിങ് കമന്ററി ഉണ്ടായിരുന്നു. (‘റണ്ണിങ്ങ്‘ എന്നാല്‍, കേട്ടാല്‍ ഓടിപ്പോകുന്ന എന്നല്ല കേട്ടോ)..
വലിയ വലിയ പള്ളികളുടെ ചരിത്രം, സിനിമ ഷൂറ്റിങ് നടന്ന ലൊക്കേഷനുകള്‍ എന്നു വേണ്ട, വഴിസൈഡിലെ മരക്കുറ്റിയും എലക്ട്രിക് ലൈനില്‍ ഇരിക്കുന്ന കാക്കയും വരെ
വിഷയങ്ങളാക്കി നാട്ടുകാരന്‍ തകര്‍ത്തു. (ഞങ്ങളുടെ സമാധാനം തകര്‍ത്തു)

അതിനിടയില്‍ വഴിയിലെ ഒരു വളവ് എത്തിയപ്പോള്‍, പണ്ട് ആ വളവില്‍ ബസ് റിവേഴ്സ് എടുക്കാതെ ആദ്യമായി വളച്ച ഡ്രൈവര്‍ ഏപ്പു ചേട്ടന്റേയും, ആ വളപ്പ് കണ്ട് വളഞ്ഞു
പിന്നീടു പുള്ളിയുടെ ഭാര്യയായ ഒരു പെണ്ണുംപിള്ളയുടേയും കഥയൊക്കെ ആള്‍ പറഞ്ഞുതന്നു.. (നാട്ടുകാരാ ഇതൊരു പോസ്റ്റാക്കാന്‍ ഇരുന്ന സംഭവം ആണോ.. ആ പോട്ടെ..)

തൊമ്മന്‍ കുത്തിന് ആ പേരുവരാനുള്ള കാരണവും, എനിക്ക് പുതിയ അറിവായിരുന്നു. പണ്ട് തൊമ്മന്‍ എന്നു പേരുള്ള ഒരു ഭാഗ്യവാന്‍, വെറെ എവിടെയും പ്ലാവില്ലാത്തപോലെ
വെള്ളച്ചാട്ടത്തിന്റ്റെ മുകളില്‍ ഒരു പ്ലാവില്‍ ചക്ക ഇടാന്‍ കയറുകയും, ചക്ക ഇട്ടിട്ട് താഴോട്ടിറങ്ങാന്‍ ചക്ക പോന്ന വഴി തന്നെ സ്വീകരിക്കുകയും ചെയ്തത്രേ. അങ്ങനെ
തൊമ്മന്‍ മസിലും കുത്തി വീണ് ഇഹലോകവാസം വെടിഞ്ഞസ്ഥലമാണ് തൊമന്‍ കുത്ത്. ഈ വെള്ളച്ചാട്ടത്തിലേക്ക് ചക്കയിട്ടാല്‍ ആരു ചക്ക പിടിക്കും എന്നു നാട്ടുകാരന്‍ പറഞ്ഞില്ല.
നാട്ടുകാരനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആരും ചോദിച്ചും ഇല്ല.
ഏതാണ്ട് 19 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 10 കുത്തുകളാണ് അവിടെ ഉള്ളത്. അതില്‍ ആദ്യത്തേതാണ് തൊമ്മന്‍ കുത്ത്.
ബാക്കി ഉള്ളതൊക്കെ കാട്ടിനുള്ളിലേക്കാണ്. വഴിയും ദുര്‍ഘടമാണത്രേ..
നാട്ടുകാരന്‍ പണ്ട് പോയപ്പോള്‍ അതില്‍ അഞ്ചെണ്ണം കണ്ടിട്ട് തിരിച്ചിറങ്ങി എന്നു പറഞ്ഞു..
‘എന്തിനാ തിരിച്ചു വന്നേ, ആ വഴി പോയാല്‍ പോരായിരുന്നോ എന്ന്,‘ ആളുടെ ഭാര്യ അവിടെ ഇരുന്ന് പതുക്കെ ചോദിച്ചത്,
ഞങ്ങള്‍ കുറച്ചു പേരേ കേട്ടുള്ളൂ... (ആരോടും പറയേണ്ട)

പ്രകൃതിയുടെ വന്യമായ സൌദര്യമാണ് തൊമ്മങ്കുത്ത് എന്നു പറയാം..
അതിമനോഹരം, ഒപ്പം അത്യന്തം അപകടകരം... അവിടെ ഇതിനകം ജീവന്‍ ഹോമിച്ചവരുടെ എണ്ണം ഒക്കെ എഴുതി വചിട്ടുണ്ട്.. ആ നമ്പര്‍ ഒക്കെ തിരുത്താന്‍ അവര്‍ക്കുവലിയ ബുദ്ധിമുട്ടാവില്ലേ എന്നോര്‍ത്തപ്പോള്‍ അധികം അഭ്യാസം കാണിക്കാന്‍ തോന്നിയില്ല.

ഞങ്ങള്‍ തൊമ്മന്‍ കുത്തും അതിനടുതുള്ള ഏഴുനിലകുത്തും മാത്രമേ കണ്ടുള്ളൂ.. അധികം താമസിയാതെ തന്നെ തിരിച്ചിറങ്ങി, മടക്ക യാത്ര ആരംഭിക്കുകയും ചെയ്തു.
തിരിച്ചുള്ള യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍, മണികണ്ഠന്റെയും, ലതിയേച്ചിയുടെ മകന്‍ കണ്ണന്റെയും മിമിക്രി നമ്പറുകളും, എല്ലാത്തിലുമുപരി മുരളികയുടെ
തമാശകളും ആയിരുന്നു.

അങ്ങനെ നാലു മണിയോടുകൂടി ഞങ്ങള്‍ തിരിച്ച് തൊടുപുഴയില്‍ എത്തി.

പിന്നീട് എല്ലാവര്‍ക്കും നന്ദി പറയാനുള്ള അവസരം ആയിരുന്നു. എല്ലാവരും കൂടി ഒരാളെ നന്ദികൊണ്ട് മൂടുകയായിരുന്നു എന്നും പറയാം..
മറ്റാരേയുമല്ല, നമ്മുടെ സ്വന്തം ഹരീഷേട്ടനെ..
അദ്ദേഹം ചെയ്ത ഈ വലിയകാര്യത്തിനെ നമ്മള്‍ എത്രമാത്രം പുകഴ്തിയാലും മതിയാവില്ല എന്ന അഭിപ്രായം തന്നെയാണ് എല്ലാരേയും പോലെ എനിക്കും ഉണ്ടായിരുന്നത്.
ഹരീഷേട്ടന്‍ എല്ലാം ഒരു പുഞ്ചിരിയോടെ ആസ്വദിച്ചുകേട്ടു. നന്ദി പറച്ചില്‍ ലിമിറ്റ് വിടുന്നു എന്നു കണ്ടപ്പോള്‍ ഹരീഷേട്ടന്‍ തന്റെ കേറ്ററിംഗ് സംഘത്തിനു നേരേ എന്തോ ഒരു ആംഗ്യം
കാണിച്ചു. ഉടന്‍ തന്നെ വൈകിട്ടത്തെ ഭക്ഷണമായ, കപ്പയും മുളക്ചമ്മന്തിയും എത്തി.. അതോടെ നന്ദി പറച്ചില്‍ ഒന്നടങ്ങി.

പിന്നീട് എല്ലാവരും പിരിയാനുള്ള സമയമായിരുന്നു..

രാവിലെ മുതല്‍ വൈകിട്ട് വരെ ഏതാനും മണിക്കൂറുകളേ ഒപ്പം ചെലവഴിച്ചുള്ളൂ എങ്കിലും എല്ലാവരുടെയും മുഖത്ത് ഒരു വേര്‍പിരിയലിന്റെ വിഷമം കാണാമായിരുന്നു..
പലരുടെയും കണ്ണില്‍ നനവു പടര്‍ന്നത്, മുളകുചമ്മന്തിയുടെ എരിവുകൊണ്ടായിരുന്നില്ല.

ഒടുവില്‍ യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിന്റെ പടവുകള്‍ ഇറങ്ങുമ്പോളും, സുനിലേട്ടന്റെ കൂടെ തിരിച്ച് പോരുമ്പോളും‍, മനസ്സില്‍ ലതിയേച്ചി ചൊല്ലിയ കവിതയിലെ വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു..

“മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം“

Monday, January 21, 2008

ചൂരല്‍ക്കഷായം

"എത്രാം ക്ലാസ്സിലാ മോനെ പഠിക്കുന്നെ?" എന്ന ചോദ്യത്തിന് മറുപടിയായി ഞാന്‍
"ഏഴി" എന്നു പറഞ്ഞുനടന്നിരുന്ന കാലം.

അഥവാ ...

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുപിടിച്ച പരിപാടി ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷ പാസ്സാകുക എന്നുള്ളതല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, വേണമെങ്കില്‍ പറയുന്നവനിട്ട് ഒരു തല്ല് കൊടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്ന കാലം...( പറയുന്ന ആളുടെ സൈസിനും ആരോഗ്യത്തിനും അനുസരിച്ച് മാത്രം)

സ്കൂളിലെ ഏറ്റവും വലിയ അടികാരനും ദേഷ്യക്കാരനും, അന്നത്തെ ഞങ്ങളുടെ ക്ലാസ് ടീച്ചറും, കുട്ടികളുടെയെല്ലാം പേടിസ്വപ്നവും ആയിരുന്ന വിനോദ് സാര്‍ ആയിരുന്നു ഞങ്ങളെ ‍ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് എന്നത് മാത്രമല്ല ഇംഗ്ലീഷ് പരീക്ഷയെ ഞാന്‍ ഇത്രയധികം പേടിക്കാന്‍ കാരണം ...
പിന്നെന്താ ??? ഇംഗ്ലീഷില്‍ ഞാന്‍ അന്നും (ഇന്നും) ഒരു പുപ്പുലിയായിരുന്നു.. അതു തന്നെ....

പരീക്ഷ‍, അത് ഓണപ്പരീക്ഷയാകട്ടെ, ക്രിസ്തുമസ് പരീക്ഷയാകട്ടെ, വെറുമൊരു ടെസ്റ്റ് പേപ്പര്‍ ആകട്ടെ... അത് വിനോദ് സാറിന്റെ വിഷയത്തിന്റെയാണെങ്കില്‍, പരീക്ഷ കഴിഞ്ഞ് ക്ലാസ്സ് ഉള്ള ആദ്യ ദിവസം തന്നെ, ആന്‍സര്‍ പേപ്പറും ഒപ്പം മാര്‍ക്ക് കുറഞ്ഞവര്‍ക്കുള്ള അടിയും ഉറപ്പ്...
അതായിരുന്നു അവസ്ഥ... ആണ്‍കുട്ടികള്‍ക്കു തുടയില്‍ അടി കിട്ടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അതു കയ്യില്‍ ആയിരിക്കുമെന്നു മാത്രം...

സംഭവ ബഹുലമായ ആ വര്‍ഷത്തെ ഓണപ്പരീക്ഷയ്ക്ക് ശേഷം ഓണാഘോഷവും, കളികളും എല്ലാം കഴിഞ്ഞ് സ്കൂള് തുറന്നു. (ആ ഓണപ്പരീക്ഷ സംഭവ ബഹുലമായതെങ്ങനെയെന്നു അടുത്തൊരു പോസ്റ്റില്‍ പറയാം..)

ഫസ്റ്റ് പീരീഡ് തന്നെ സാര്‍ എത്തി. പരീക്ഷാപേപ്പറും അതിനു എസ്കോര്‍ട്ടായി വരുന്ന ചൂരലും ഒന്നും പക്ഷേ സാറിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.!!!!

... സ്കൂള്‍ തുറന്ന ദിവസം സാര്‍ വടിയും ആന്‍സര്‍ പേപ്പറും ഇല്ലാതെ വരുന്നത് , ആദ്യ സംഭവമാണ്‌!!!
എന്താണ് കാര്യം എന്നു മനസിലായില്ല....
സാര്‍ നന്നാവാന്‍ തീരുമാനിച്ചോ... അതോ ഞങ്ങളെ നന്നാക്കുന്നത് നിര്‍ത്തിയോ??...
എന്തായാലും ആശ്വാസം...

അറ്റന്റന്‍സ് എടുത്ത ശേഷം, സാറ് ക്ലാസ്സിലെ ബാക്ക് ബഞ്ചു കാരുടെ അഭിമാനഭാജനമായ ഹംസയെ അടുത്ത് വിളിച്ചു. ഒരു 50 രൂപ നോട്ട് അവന്റെ കയ്യില്‍ കൊടുത്തു.
പരീക്ഷക്ക് രണ്ടക്കമല്ല, രണ്ട് മാര്‍ക്ക് പോലും കിട്ടില്ലെന്ന് 150 ശതമാനം ഉറപ്പുള്ള ആ മാന്യദേഹം വിനീത വിധേയനായി സാറിനോട് ഇങ്ങനെ ചോദിച്ചു.

"എനിക്കാണോ സാറേ ക്ലാസ്സില്‍ ഫസ്റ്റ്? അതിന്റെ സമ്മാനമായിരിക്കും അല്ലേ ഇത്?"

[അദ്ധ്യാപകരുടെ അടുത്ത്, തമാശ പറയാനും നമ്പറിടാനുമെല്ലാം ധൈര്യമുള്ള ഒരേയൊരു കുട്ടിയാണ് ഹംസ എന്നകാര്യം സമ്മതിക്കാതെ വയ്യ. കാരണം ഞങ്ങള് വെറും രണ്ടര വര്ഷമായി കാണുന്ന അദ്ധ്യാപകരെ ഒക്കെ അവനു നാലര വര്ഷമായി അറിയാം. (രണ്ട് കൊല്ലം തോറ്റതു കൊണ്ടുള്ള ഒരു ചെറിയ പ്രയോജനം.)]

പക്ഷേ ഹംസയുടെ ഉരുളക്ക് സാറിന്റെ ഉപ്പേരി ഉടന്‍ തന്നെ എത്തി.

"ഇത് സമ്മാനമല്ല... പക്ഷേ, നിനക്കൊക്കെ ഒരു ഫസ്റ്റ് സമ്മാനം തരാന്‍ വേണ്ടിയാ ആ കാശ്. നാളെ രാവിലെ വീട്ടില്‍ നിന്ന് വരുന്ന വഴി ഈരാറ്റുപേട്ട മാര്‍ക്കറ്റില്‍ നിന്നും നല്ല ഒരു ചൂരല്‍ വാങ്ങിക്കൊണ്ട് വരണം."

അപ്പൊ അതാണ് കാര്യം. ഓണം ഒക്കെ കഴിഞ്ഞതല്ലേ. നല്ല ഫ്രഷ് ചൂരലുവെച്ച് കലാപരിപാടി തുടങ്ങാം എന്നു കരുതിയാണ് സാര്‍ ‍പേപ്പര്‍ കൊണ്ടുവരാത്തത്.

"നാളെ ഇത് മറന്നെന്നും പറഞ്ഞിങ്ങ് വന്നാല്‍ നീ എന്റെ കയ്യീന്ന് മേടിക്കും" സാര്‍ കൂടച്ചേര്‍ത്തു.

അദ്ധ്യാപകര്‍ക്ക് ഇത്തരം സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നതു ഹംസയുടെ ഒരു വീക്ക്നെസ്സ് തന്നെയാണ്‌... ഇനി അങ്ങനെയല്ലെങ്കിലും ഹംസ ഇക്കാര്യം മറക്കില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതിനു കാരണമുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, എല്ലാ ദിവസവും പീരീഡൊന്നിന് മിനിമം മൂന്ന് അടി വെച്ച് കണ്‍സിസ്റ്റന്റ് ആയി വാങ്ങിപ്പോരുന്ന, ഒരു അടിക്കുപകരം ഒരു രൂപ എന്നകണക്കിലായിരുന്നു കിട്ടിയിരുന്നതെങ്കില്‍ ആ ചെറു പ്രായത്തില്‍ തന്നെ കുറഞ്ഞത് ഒരു ഡബിള്‍ ലക്ഷാധിപതി എങ്കിലും ആയിത്തീരേണ്ടിയിരുന്ന ആ മൊതലിനെ സംബന്ധിച്ചടത്തോളം , ഈ ഒരു ചെറിയ ചൂരല്‍ വാങ്ങിക്കാതെ വരുന്നതുകൊണ്ട്, റ്റാറ്റായുടെ എസ്റ്റേറ്റിലെ ഒരു തേയിലയുടെ തല ആട് തിന്നാല്‍, പുള്ളിയുടെ(ആടിന്റെയല്ല) വരുമാനത്തില്‍ ഉണ്ടാവുന്ന വ്യത്യാസമേ ഉണ്ടാകാന് പോകുന്നുള്ളു എന്നതായിരുന്നു സത്യം...
അത് മാത്രമല്ല മറന്നിട്ടു വന്നാല്‍ വേറെ അടികിട്ടും എന്നും പറഞ്ഞിട്ടുണ്ട്..
എങ്കില്‍ പിന്നെ നല്ല അന്തസ്സായിട്ട്, പുതിയ ചൂരല്‍കൊണ്ട് തല്ലു കൊണ്ടുകൂടെ...

വടിയും അടിയും നാളെ എത്തും എന്നറിഞ്ഞപ്പോള് ഞാന്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പേടിക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ ഉടായിപ്പ് ഉദ്ദേശം മനസ്സിലാക്കിയിട്ടെന്നവണ്ണം, സാര്‍ ഇത്രയും കൂടി പറഞ്ഞു.
"നാളെ പനിയാണെന്നോ വല്ലോം പറഞ്ഞ് വരാതിരിക്കാന് ആര്‍ക്കെങ്കിലും പരിപാടിയുണ്ടെങ്കില്‍, അവര്‍ പിന്നെ വീട്ടില്‍ നിന്നും ആളെ കൂട്ടിക്കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാമതി."

ഹും.. വീട്ടില് നിന്ന് ആളെ കൊണ്ടുവരാന്‍....
നല്ല കഥയായി...

തല്ലുകൊള്ളാതെ ഞാന്‍ മുങ്ങിയതിന്റെ സന്തോഷം പങ്കിടാന്‍ സാറിനുഅച്ഛനെ ഒന്നു കാണണംന്ന് പറഞ്ഞു എന്നു പറഞ്ഞ്, അച്ഛനെ ഒരു ദിവസം ലീവെടുപ്പിച്ച് കൂട്ടിക്കൊണ്ടു വന്നിട്ട്, എനിക്ക് തല്ലു കിട്ടുന്നതിനു എന്റെ പാവം അച്ഛനെ ദൃക്ക്സാക്ഷിയാക്കാന്‍..

എന്നിട്ടുവേണം "ഹൊ.. ഇത്ര സ്റ്റൈലായിട്ടൊക്കെ പിള്ളേരെ തല്ലാന്‍ പറ്റുവോ?" എന്നൊരു തികച്ചും ന്യായമായ സംശയം അച്ഛനില്‍ ഉണ്ടാവാന്‍... അതു അച്ഛന്‍ സാറിനോട് ചോദിക്കാന്‍... പിന്നെ 'ശാസ്ത്രീയമായി കുട്ടികളെ എങ്ങനെ തല്ലാം' എന്ന വിഷയത്തില്‍ സാര്‍, അച്ഛനു ഒരു ക്ലാസ്സ് എടുക്കാന്‍ ...

അങ്ങനെ പുതിയ ടെക്നിക്കുകളൊക്കെ പഠിച്ച് മിടുക്കനായി വീട്ടിലെത്തുന്ന അച്ഛന്‍, പറമ്പില്‍ സുലഭമായി കിട്ടുന്ന കാപ്പിയുടെയോ , പുളിയുടെയോ ഒരു വടി ഒക്കെ സെറ്റപ്പ് ചെയ്തു, വഴിക്കണ്ണുമായി എന്നെ കാത്തിരിക്കാന്‍... വൈകിട്ടു ഞാന്‍ വീട്ടിലെത്തുന്നതോടെ ആ പുതിയ ടെക്നിക്കുകളൊക്കെ എന്റെ മേല്‍ പരീക്ഷിക്കാന്‍.... ഞാന്‍ ഒരു 'അവശ' ഗിനിപ്പന്നിയായി മാറാന്‍..

ഹയ്യട....സാറിന്റെ വേല മനസിലിരിക്കട്ടെ ... എന്റെ അച്ഛന്‌ അശാസ്ത്രീയമായ അടിയേ വശമുള്ളൂ എന്ന കുറവല്ലേ ഉള്ളൂ.... അതു ഞാനങ്ങ് സഹിച്ചോളാം... എന്റെ കൊക്കിനുജീവനുണ്ടെങ്കില് ഞാന്‍ നാളെ ക്ലാസില്‍ വരും .. തല്ലും കൊള്ളും...ഹല്ല പിന്നെ...

അങ്ങനെ മാന്യമായി വന്ന് പുത്തന്‍ ചൂരലുകൊണ്ടുള്ള അടി വാങ്ങാം എന്നുഞാന്‍ തീരുമാനിച്ചു.
പരീക്ഷയുടെ ചോദ്യങ്ങളുടെ എല്ലാം ഉത്തരങ്ങള് കൂടി നാളെ പഠിച്ചു കൊണ്ടു വന്നേക്കണം എന്ന് ഓര്‍മ്മിപ്പിച്ചിട്ടാണ് സാര്‍ വിട വാങ്ങിയത്...

പിറ്റേന്ന് രാവിലെ സ്കൂളിലെത്തിയപ്പോള്‍, ഞങ്ങളെ തല്ലാനുള്ള ചൂരല്‍ എല്ലാവരെയും കാണിച്ച് ഹംസ ഷൈന്‍ ചെയ്യുന്നുണ്ടായിരുന്നു... നല്ല ഒന്നാന്തരം വള്ളിച്ചൂരല്‍... പൊട്ടീര് വല്യ മോശം വരില്ല എന്നുറപ്പായി .

അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. അന്നേദിവസം തങ്ങളുടെ തുടയില്‍ അരങ്ങേറാന്‍ പോകുന്ന പാണ്ടി, പഞ്ചാരിമേളങ്ങളുടെ ആഘാതം അല്പമെങ്കിലും കുറക്കാന്‍ വേണ്ടി പാന്റ്സിനുള്ളില് ഒരു നിക്കര്‍ കൂടിയിട്ടാണ് പലരും വന്നിരിക്കുന്നത്. എനിക്കെന്തുകൊണ്ടോ അങ്ങനെ ഒരു ബുദ്ധി തോന്നിയില്ല.

ഓരോരുത്തരോടും അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ഡെസ്പ് ആയിക്കൊണ്ടിരുന്നു... കാരണം സാമ്പത്തിക ശേഷിക്കും, തല്ലില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹത്തിനും അനുസരിച്ച്, ഒന്നു മുതല്‍ മൂന്ന് നിക്കര്‍ വരെ അഡീഷണലായി ഇട്ട വീരന്മാര്‍ ഉണ്ടായിരുന്നു.

എന്തിനേറെ, വീട്ടില്‍ നിന്നും സ്കൂളില്‍ വരെ എന്റെ ഒപ്പം ഉണ്ടായിരുന്ന എന്റെ അയല്‍‌വാസികൂടിയായ ഹരി പോലും ഇട്ടിട്ടുണ്ടായിരുന്നു 2 നിക്കര്‍. പക്ഷേ അതാ കാലമാടന്‍ എന്നോട് പറയുന്നത് സ്കൂളില്‍ എത്തിക്കഴിഞ്ഞാണെന്നുമാത്രം.

നമുക്കാണെങ്കില്‍, ഒരു സാദാ സെക്കന്റ് പേപ്പര്‍ മാത്രമുണ്ട് ഉള്ളില് ... (സത്യായിട്ടും അതുണ്ടായിരുന്നു!!!)..
അതിന്റെ ഏരിയ ഒഫ് കവറേജും, തിക്ക്നസ്സും ഒക്കെ, ഒരു നിക്കറിനെ സംബന്ധിക്കുമ്പോള് എത്ര പരിമിതം?

ചുരുക്കിപ്പറഞ്ഞാല്, ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ വന്നതു ഞാനും പിന്നെ ഹംസയേയും ദിലീപിനെയും നൗഷാദിനെയും പൊലെ, "ഇതിലും ബെല്യ പെരുന്നാളു ബന്നിട്ടും ബാപ്പ പള്ളീപ്പോയിട്ടില്ല.. പിന്നാ ഇതു.." എന്ന ഭാവത്തിലുള്ള കുറച്ചു പേരും.... അവര്ക്ക് ഈ അടി ഒരു പ്രശ്നമല്ലായിരിക്കും.. പക്ഷേ എനിക്ക് അങ്ങനെയാണോ...?


പണ്ട് ബൂട്ടില്ലാതെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ കളിക്കാന്‍ പോയ ഇന്ത്യക്കാരുടെ അവസ്ഥയിലാണ് ഞാന്‍...

അന്ന് അവരുടെ കാലിലെ തൊലി ബ്രസീലിന്റെയും അര്ജന്റീനയുടെയും കളിക്കാര്‍ തോണ്ടിയെടുത്ത് കൊണ്ടുപോകുന്നതിനു മുമ്പുതന്നെ, "ബൂട്ടില്ലാതെ കോഴിക്കാലും കാണിച്ച് കളിക്കാന്‍ വന്നിരിക്കുന്നോ?.. ഇന്ത്യ അങ്ങനെയിപ്പൊ ഒണ്ടാക്കണ്ട..." എന്ന് തീരുമാനിച്ച ഫിഫ, "ക്വിറ്റ് ഇന്ത്യാ" (ഇന്ത്യ പുറത്തു പോകുക) എന്നും പറഞ്ഞു ഇന്ത്യയെ ഇറക്കി വിട്ടെന്നാണു കേട്ടിട്ടുള്ളത്.
അത് ഇന്ത്യക്കാരുടെ ഭാഗ്യം, ഉള്ള തൊലി കയ്യിലിരുന്നു.. (ഐ മീന്‍ കാലിലിരുന്നു)...

പക്ഷേ എന്നോട്, " നിക്കറില്ലാതെ അടിവാങ്ങാന്‍ വന്നിരിക്കുന്നോ, നിനക്കു ലജ്ജയില്ലെ?.... നിന്നെ തല്ലാന്‍ എനിക്ക് മനസ്സില്ല" എന്നു സാര്‍ ഒരിക്കലും പറയാന്‍ പോകുന്നില്ല...

പിന്നെയുള്ള ഒരേയൊരു വഴി, "സാറെ ഇവരെല്ലാം അകത്ത് നിക്കറിട്ട് പ്രതിരോധം തീര്‍ത്ത് സാറിനെ പറ്റിക്കുവാ... " എന്നു പറഞ്ഞ് ഒരു മൂരാച്ചിയാകുക എന്നുള്ളതാണ്.

പക്ഷേ, ആ ക്ലാസിലെ മൊത്തം ആണ്‍‌പിള്ളേരും കൂടി എന്നെ ഇടിച്ച് ചവുട്ടി മെതിച്ച്, ഒടുവില്‍ എല്ലുപൊടി പരുവത്തിലാകുന്ന എന്നെ വാരിക്കൂട്ടി കൊണ്ടുപോയി ഫുള്‍ ബോഡി വെള്ള പ്ലാസ്റ്റര്‍ ഒക്കെയിട്ട് , അങ്ങനെ സ്വതവേയുള്ള എന്റെ ഗ്യാരന്റി കളറിന്റെ എക്സ്പോഷറിന്‌ വിഘാതം സൃഷ്ടിക്കാന്‍ വല്യ താല്പ്പര്യം തോന്നാത്തതുകൊണ്ട് അതു വേണ്ടെന്നുവച്ചു...

അല്ലെങ്കില്‍ തന്നെ നമ്മുടെ സുഹൃത്തുക്കളെ ചതിച്ചിട്ട്... ഛെ... അതൊക്കെ മോശമല്ലേ?? .

അപ്പോപിന്നെ സാറിന്റെ കയ്യില്‍ നിന്നും, ഉള്ളതു വാങ്ങുക തന്നെ....
നല്ല പേടിയുണ്ട്.. പക്ഷേ അതു പുറത്ത് കാണിക്കാനും വയ്യ.. നമ്മള്‍ അഭിമാനിയാണല്ലോ....

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് സാര്‍ ക്ലാസ്സിലെത്തി. വിത്ത് ആന്‍സര്‍ പേപ്പര്‍...

ശ്രീരാമനുമുന്നില്‍ ഹനുമാന്‍ എന്ന പോലെ , ഹംസ വിനയകുനയനായി വന്ന്, വടിയും ബാക്കി പണവും സാറിനു സമര്പ്പിച്ചു.
തിരിച്ച് സുഖമായി സീറ്റില്‍ വന്നിരിക്കാന്‍ ആ പാവത്തിനു യോഗമുണ്ടായില്ല.. അതിനു മുന്‍പ് തന്നെ സാര്‍ ഹംസയെ തിരിച്ചുവിളിച്ചു. അദ്ദേഹം വാക്കു പാലിച്ചു. ആദ്യത്തെ പേപ്പറും, പിന്നെ തുടയില് സാമാന്യം ഭേദപ്പെട്ട രണ്ട് അടിയും.. ഒന്നാം സമ്മാനം.....
പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ മാര്‍ക്കാണ് ഹംസക്കു കിട്ടിയത്... അവനു കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന, കാലങ്ങളായി അവന്‍ വാങ്ങിപ്പോന്നിരുന്ന സ്ഥിരം മാര്‍ക്കിനെ എത്ര വച്ച് മള്‍ട്ടിപ്ലൈ ചെയ്താലും കിട്ടാത്ത "ഒന്നര" മാര്‍ക്ക് !!!!!

അപ്രതീക്ഷിതമായി കിട്ടിയ ഒന്നരയുടേയാണോ, അതോ ചൂരല്‍ വാങ്ങിക്കൊടുത്തു കിട്ടിയ രണ്ടിന്റെയാണോ എന്നറിയില്ല, ബഹുത് ഖുശി ആയാണ് ആള്‍ തിരിച്ചെത്തിയത്.

അതൊരു തുടക്കം മാത്രമായിരുന്നു. പെണ്‍കുട്ടികളുടെ കയ്യിലും, ആണ്‍കുട്ടികളുടെ തുടയിലുമായി പടക്കങ്ങള്‍ പൊട്ടിക്കൊണ്ടേയിരുന്നു. എല്ലാവര്‍ക്കും മാര്‍ക്ക് കുറവായിരുന്നതുകൊണ്ട് എല്ലാവര്‍ക്കും രണ്ട് അടി തന്നെ. സമ്പൂര്‍ണ്ണ സോഷ്യലിസം.

അതിനിടയില്‍ അപ്പുറത്ത് സമാധാനപരമായി പഠിപ്പിച്ചുകൊണ്ടിരുന്ന രത്നമ്മ ടീച്ചര്‍, എന്താ ഇവിടെ സംഭവം എന്നറിയാന്‍ സ്ക്രീനിന്റെ സൈഡിലൂടെ ഒന്നു നോക്കുകയും, വിനോദുകുമാരന്റെ പ്രഭാതവ്യായാമാണ് സംഗതി എന്നുമനസിലാക്കി തിരിച്ചുപോകുകയും ചെയ്തു.

അങ്ങനെ എന്റെ ഊഴവും വന്നെത്തി.
ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ ഉള്ള ബോധം പോകും എന്നു തോന്നി. ആ അടിയുടെ ആഘാതത്തില്‍ എനിക്കെന്റെ തലയില്‍ നിന്ന് ഒരു കിളി പറന്നു പോകുന്നതുപോലെ തോന്നുകയും ഒപ്പം ഉള്ളില്‍ നിന്നും ഒരു നിലവിളി വെളിയിലേക്കു കുതിക്കുകയും ചെയ്തു.

പക്ഷേ നമ്മള് പണ്ടേ അഭിമാനി ആയതു കൊണ്ട് സഹപാഠികളൂടെ മുന്നില് മാനം നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി ഞാന്‍ അതിനെ തൊണ്ടയില് വെച്ച് സകല ശക്തിയും സംഭരിച്ച് തടഞ്ഞു. എന്റെ അഭിമാനവും നിലവിളിയും തമ്മില്‍ അങ്ങനെ ഒരു മത്സരം തന്നെ നടന്നു. ഇഞ്ചോടിഞ്ചു പോരാട്ടം... ഒടുവില്‍ അഭിമാനം ജയിച്ചെന്നു തന്നെ പറയാം...

പക്ഷേ അങ്ങനെ തോറ്റുകൊടുക്കാന്‍ നിലവിളിയും തയ്യാറല്ലായിരുന്നു. അതു അവിടെ വെച്ചു ലിക്വഫൈഡ് ആയി കണ്ണീരായി കണ്ണിലൂടെ പുറത്തു ചാടാന്‍ ശ്രമിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ അതും തടഞ്ഞു. (കണ്ണിലൂടെ ആയതു ഏതായാലും നന്നായി അല്ലെങ്കില്‍ ചിലപ്പോ തടയാന്‍ പറ്റില്ലായിരുന്നു..)

പക്ഷേ എന്നെ തല്ലിയ സാര്‍ തികച്ചും നിരാശനായിരുന്നു... അതിനു കാരണമുണ്ട്....

ഉള്ളില് രണ്ടും മൂന്നും നിക്കര്‍ ഇട്ടവന്മാരെ തല്ലിയപ്പോള് ഉണ്ടായ ശബ്ദഗാംഭീര്യം (ബാസ്സും ട്രിബിളും ഒന്നും)എനിക്കിട്ടു കിട്ടിയ ആദ്യ പൊട്ടീരില് ഉണ്ടായിരുന്നില്ല.
യേശുദാസിന്റെ ഹരിമുരളീരവത്തിനിടയില് കാസറ്റ് വലിഞ്ഞതു പോലെ....

സാറിന്റെ മുഖത്ത് ഒരു സംശയം നിഴലിച്ചു...
ഇവന്‍ എന്തു സൈലന്‍സര്‍ ആണെടാ 'അവിടെ' ഫിറ്റ് ചെയ്തെ എന്ന രീതിയില്‍ എന്റെ മുഖത്തേക്കും, അടി ഭാഗത്തേക്കും (ഐ മീന്‍ അടി കൊണ്ട ഭാഗം) ഒരോ നോട്ടം പായിച്ചു....

ഞാന്‍ ഉള്ളില്‍ നിക്കര്‍ ഇട്ടു വന്നെന്നായിരിക്കും സാര്‍ കരുതിയത്.. ദൈവമേ!!!!!!!

അവിടെ വച്ച് എന്റെ പാന്റ്സ് ഊരി നോക്കാന്‍ പറ്റാത്തതുകൊണ്ട്,
അടുത്ത അടി അല്പം കൂടി സ്ട്രോങ്ങ് ആക്കുക തന്നെ എന്ന കട്ട തീരുമാനം സാര്‍ എടുത്തു...
ഇത്തവണ എന്റെ അഭിമാനത്തിന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല... നിലവിളി ഏകപക്ഷീയമായ പത്ത് ഗോളുകള്ക്ക് അഭിമാനത്തെ ചവിട്ടിക്കൂട്ടിക്കളഞ്ഞു.....
അതു ഒരു മോങ്ങലായി പുറത്തു വന്നു... ഒപ്പം നാലഞ്ചു തുള്ളി കണ്ണീരും(അധികം ഒന്നുമില്ല)..
ഇത്തവണയും ഭാഗ്യത്തിന്‌ മറ്റ് "അടിയൊഴുക്കുകള്‍" ഒന്നും ഉണ്ടായില്ല.. (സത്യം..)

അടിയുടെ ശബ്ദം പഴയതു പോലെ തന്നെ പൂവര്‍ ആയിരുന്നെങ്കിലും കരച്ചിലിന്റെ ശബ്ദം സാറിനെ സന്തുഷ്ടനാക്കി... അത്രയും നേരം ആരും കരഞ്ഞിരുന്നില്ല എന്ന സാറിന്റെ വിഷമവും മാറി...

അങ്ങനെ മാനവും അഭിമാനവും എല്ലാം നഷ്ടപ്പെട്ട് ഞാന്‍ പവലിയനില്‍ തിരിച്ചെത്തി...
യാതൊരു പവര്‍ ലോസ്സും ഇല്ലാതെയാണ് അടികള് എന്റെ ശരീരത്തില്‍ എത്തിയതെന്നു സാറിനു മാത്രം മനസ്സിലായില്ല.. പക്ഷെ അതു ബഞ്ചിലിരുന്നപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി....
എന്നെപ്പോലെ തന്നെ അടിവാങ്ങിയതാണ്‌ എല്ലാവരുമെങ്കിലും, മറ്റാരും കരയുന്നില്ല എന്നതാണ്‌ എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.

കഷ്ടം... പെണ്‍കുട്ടികള്‍ പോലും കരയുന്നില്ല.
അതിനിടയില്‍ ഒരു പെണ്‍കുട്ടി കരഞ്ഞപ്പോള്‍ ഒരല്പം ആശ്വാസമായെങ്കിലും, അവള്‍ കരഞ്ഞത് വേദനകൊണ്ടല്ല, കഴിഞ്ഞ ഉത്സവത്തിനുവാങ്ങിയ ഗുരുവായൂരപ്പന്റെ പടമുള്ള മോതിരം അടികൊണ്ട് പൊട്ടിയതുകൊണ്ടാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ കൂടുതല്‍ തകര്‍ന്നു പോയി...
ആ പീരീഡിലെ വെടിക്കെട്ട് അങ്ങനെ കഴിഞ്ഞു. ഞാന്‍ മാത്രം കരഞ്ഞതില്‍ എനിക്ക് ചെറുതല്ലാത്ത വിഷമം ഉണ്ടായിരുന്നു.

ഉച്ചക്കു ശേഷം നടക്കാനിരിക്കുന്ന അതി ഗംഭീരമായ ചോദ്യോത്തര പംക്തിയിലും, തുടര്‍ന്നു നടക്കുന്ന ചൂരല്‍ സല്ക്കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ച ശേഷമാണ് സാര്‍ മടങ്ങിയത്.

അതുവരെ നടന്നത് വെറും സാമ്പിള്‍ മാത്രമായിരുന്നു എന്നു മനസ്സിലായി...

വീട് സ്കൂളിന്റെ അടുത്തായതുകൊണ്ട് ഞാന്‍ സാധാരണ ഉച്ചക്ക് വീട്ടില് പോയിയാണു ഊണുകഴിക്കുന്നത്. അതുകൊണ്ട് ഉച്ചകഴിഞ്ഞുള്ള അടിയെക്കുറിച്ചുകേട്ടപ്പോള്‍ എനിക്ക് പേടിയേക്കാളേറെ സന്തോഷമാണുതോന്നിയത്...

ഉച്ചയ്ക്ക് വീട്ടില്‍ പോയി നിക്കറൊക്കെ വലിച്ചുകേറ്റി വന്നിട്ടുവേണം, അടികൊണ്ടിട്ടും, ചിരിച്ചു കൊണ്ടിരിക്കാന്‍.... ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

അങ്ങനെ രണ്ടുനിക്കറുകളുടെ രക്ഷാകവചവുമായാണ്‌ ഞാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ എത്തിയത്..

പക്ഷേ നമ്മുടെ ഗതികേട്.. അല്ലാതെന്ത് പറയാന്‍... ഉച്ചക്കുശേഷം ഒന്ന് കളം മാറ്റിച്ചവിട്ടാന്‍ സാറ് തീരുമാനിച്ചു. ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും ഉള്ളം കയ്യില്‍ തന്നെ അടി !!!

ഞാന്‍ ബുള്ളറ്റ് പ്രൂഫ് ഇട്ടുവന്നകാര്യം അറിയാവുന്ന ഹരി എന്നെ നോക്കി, ആക്കി ഒന്നു ചിരിച്ചു.
വൃത്തികെട്ടവന്‍ ... അവനിട്ട് പത്ത് അടിയെങ്കിലും കിട്ടണേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്തായാലും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ അടിയേ കിട്ടിയുള്ളൂ ...
രാവിലെ സാറിന്റെ മാനം രക്ഷിച്ച ഒരേ ഒരാള്‍ എന്ന പരിഗണനയില്‍ സാറ് പതിയെ താങ്ങിയതാണോ എന്നറിയില്ല, ഇത്തവണ വലിയ വേദന ഒന്നും എനിക്ക് തോന്നിയില്ല.. പക്ഷേ, രാവിലെ കിട്ടിയ രണ്ടടിയിലും വേദന അനുഭവിക്കാത്ത ഹരി ഇത്തവണ കമഴ്ന്നു കിടന്ന് കൈ തിരുമ്മുകയാണ്‌. ടോപ് സ്കോറര്‍ പദവിക്ക് ഹംസയും ദിലീപും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കുന്നുണ്ട്...

രണ്ടാമത്തെ ബഞ്ചില്‍ രണ്ടാമതായാണ്‌ ഞാന്‍ ഇരിക്കുന്നത്. ഒന്നാമത് ഹരിയാണ്...
സാര്‍ ചോദ്യം ചോദിച്ച്, മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമതിരിക്കുന്ന ഷാബുവിന്റെ അടുത്തെത്തി.
ഉച്ചക്കുശേഷം തന്നെ മൂന്നടി വാങ്ങിക്കഴിഞ്ഞ ഷാബു, ചോദ്യം പോലും മുഴുവന്‍ കേള്‍ക്കാതെ തന്നെ അടുത്ത അടിക്കായി കൈ നീട്ടി.
ആ അഹങ്കാരം സാറിനത്ര ഇഷ്ടമായില്ല... നല്ല ഉശിരന്‍ ഒരു കീറുതന്നെ കൊടുക്കുവാന്‍ സാറ്തീരുമാനിച്ചു.
ഷാബുവിന്റെ കൈ മാക്സിമം മുന്നിലേക്ക് നീട്ടി പിടിപ്പിച്ചു. വടി കൊണ്ട് കൈ മെല്ലെ ഒന്നു താഴ്ത്തി. എന്നിട്ട് വടി നന്നായി ഉയര്‍ത്തി. ഷാബുവിന്റെ കണ്ണുകളില്‍ ഒരു ഭീതി ഓളം വെട്ടുന്നത് കാണാമായിരുന്നു.
ആ ദയനീയ ദൃശ്യം കാണാന്‍ വയ്യാതെ ഞാന്‍ മുന്നോട്ട് തിരിഞ്ഞിരുന്നു.

ഒരു നിമിഷം എല്ലാവരെയും സസ്പെന്‍സില്‍ നിര്‍ത്തിയ ശേഷം സാര്‍ ആഞ്ഞടിച്ചു.
ഹോ.. ഇത്രയും മുഴക്കമുള്ള അടിയോ എന്നു ഞാന്‍ വിചാരിച്ചു തീരുന്നതിനുമുന്‍പുതന്നെ,
ഏറുകൊണ്ട പട്ടി മോങ്ങും പോലെ ഒരു ശബ്ദം കൂടി കേട്ടു...
ഇങ്ങനെ കരയാന്‍ ഷാബുവിന് നാണമില്ലേ എന്നു ചിന്തിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ ഞാന്‍ അതിനുമുന്‍പുതന്നെ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു. എന്റെ അടുത്തു ഡെസ്ക്കില്‍ കൈവച്ച് കമിഴ്ന്നു കിടന്നിരുന്ന ഹരി പുളയുന്നു, പുറത്തു കൈ എത്തിച്ച് തൊടാന്‍ ശ്രമിക്കുന്നു, അന്തരീക്ഷത്തില്‍ രണ്ടിഞ്ച് ഉയര്‍ന്നശേഷം ചാടി എഴുന്നേല്‍ക്കുന്നു.
അവന്റെ വായില്‍ നിന്നാണ്‌ ഈ കരച്ചിലും വരുന്നത്..

അപ്പോഴാണ്‌ എനിക്കു കാര്യങ്ങള്‍ വ്യക്തമായത്...
അടിയുടെ ശക്തി മുന്നില്‍ കണ്ട ഷാബു അവസാന നിമിഷം കൈ വലിക്കുകയും, ഫുള്‍ ശക്തിയില്‍ അടി ഹരിയുടെ നടുപ്പുറത്തു തന്നെ കൊള്ളുകയും ചെയ്തിരിക്കുന്നു ...

ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായതുകൊണ്ട് ഇത്രയൊക്കെ പരാക്രമങ്ങള്‍ കാണിക്കാനേ ആ പാവത്തിന്‌ സാധിച്ചുള്ളൂ...കമിഴ്ന്നു കിടന്നതുകൊണ്ട്, കാറല്‍ അങ്ങോട്ട് സ്റ്റൈല്‍ ആക്കാന്‍ പറ്റാത്തതിന്റെ വിഷമം മാറ്റാനായി ഹരി എഴുന്നേറ്റ് നിന്നു നല്ല വൃത്തിയായി കരഞ്ഞുതുടങ്ങിയിരുന്നു...

ക്ലാസ്സില്‍ എല്ലാവരുടെയും മുഖത്ത് ഒരു ചെറുചിരി ആയിരുന്നു ഭാവം (ഒരുത്തന്‍ അടികൊണ്ട് കരഞ്ഞു എന്നു കരുതി എല്ലാവരും കരഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ?)
എനിക്കാണെങ്കില്‍ രാവിലെ മുതല്‍ ഉണ്ടായ എല്ലാ മാനഹാനിയുടെയും വിഷമം ഒറ്റയടിക്ക് മാറി...

പാവം സാര്‍ മാത്രം ആ കാഴ്ച കണ്ട് സെന്റിയായി... ഹരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ സാര്‍ വിഷമിച്ചു.

ഒടുവില്‍ സാര്‍ ഒരു പോംവഴി കണ്ടെത്തി... ആ പോം‌വഴിയുടെ ഫലമായി, ഹംസയേയും ദിലീപിനേയും നിഷ്പ്രഭരാക്കിക്കൊണ്ട്, അന്നത്തെ റ്റോപ് സ്കോറര്‍ സ്ഥാനം ഷാബു നേടി...

****************************************

ഇത്രയും വായിച്ചുതീര്‍ക്കാന്‍ ക്ഷമ കാണിച്ചവരോട് ഒരു വാക്ക്..
അന്നത്തെ ഞങ്ങളുടെ ബാച്ചില്‍ പഠിച്ച ആരോടെങ്കിലും, ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകന്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും വിനോദ് സാറിന്റെ പേരുതന്നെ പറയുമായിരുന്നു.
പഠനകാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു മയവും ഇല്ലെങ്കിലും, കുട്ടികളോട് അദ്ദേഹത്തിനുള്ള സ്നേഹവും ആത്മാര്‍ത്ഥതയും അത്രയ്ക് വലുതായിരുന്നു .....


******* ******* ********
വളരെക്കാലം കൂടിയാണ്‌ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നത്...
ഇതു വായിച്ച നിങ്ങള്‍ക്ക്, തോന്നുന്നതെന്തായാലും അതൊരു കമന്റായി ഇടാന്‍ താല്പര്യപ്പെടുന്നു....

Saturday, June 30, 2007

കുട്ടിച്ചെകുത്താന്‍

‍ ഫസ്റ്റ്‌ ഇയര്‍ കഴിഞ്ഞപ്പോള്‍, അതുവരെ കോളേജിനടുത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍, കൂടുതല്‍ നന്നായി പഠിക്കാന്‍വേണ്ടി (Note the point), ഏഴാം മൈലില്‍ (കോളേജില്‍ നിന്നും 2 കി.മി. ദൂരം) ഒരു വീട്ടിലേക്കു താമസം മാറ്റി.[കോഴ്‌സ്‌ കഴിയുമ്പോഴേക്കും, ഇന്ത്യ വിട്ട റോക്കറ്റ്‌ പോലെ താഴേക്കു വന്നുകൊണ്ടിരുന്ന എന്റെ അഗ്രെഗേറ്റ്‌ പെര്‍സന്റേജ്‌ ഒരു പരിധി വരെ താങ്ങി നിര്‍ത്തിയത്‌ ഫസ്റ്റ്‌ ഇയറിലെ ആ മാര്‍ക്കുമാത്രമായിരുന്നു എന്നത്‌, ആ ബുദ്ധിപരമായ നീക്കത്തിന്റെ വിജയത്തിന്‌ ഉത്തമദൃഷ്ടാന്തമാണ്‌].

വീടിനെക്കുറിച്ച്‌......
മെയിന്‍ റോഡില്‍ നിന്നു അര കിലൊമീറ്ററോളം ഉള്ളിലായി സ്ഥിതി ചെയ്യുന്ന വീടിന്റെ താഴത്തെ നിലയില്‍, കാല്‍ ഒടിഞ്ഞിരിക്കുന്നതു കൊണ്ട്‌ മാത്രം കുഴിയിലോട്ടു നീട്ടി വെക്കാന്‍ പറ്റാത്ത ഒരു അമ്മച്ചിയും, അമ്മച്ചിയുടെ 'എര്‍ത്തും' മാത്രം. എര്‍ത്ത്‌ എന്നുദ്ദേശിച്ചത്‌ അമ്മച്ചി കുത്തി നടക്കുന്ന വടിയെയല്ല, അവിടുത്തെ വേലക്കാരി ചേടത്തിയെയാണ്‌.വളരെ സമാധാനമായി കഴിഞ്ഞിരുന്ന ആ നിശബ്ദ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ സ്വൈര്യം കെടുത്താനായി എത്തിയ ഞങ്ങള്‍ അഞ്ചാറുപേര്‍ മുകളിലത്തെ നിലയിലിലും. പിന്നെ ആ വീട്ടിലുള്ള ഒരേയൊരു ജീവി എന്ന് പറയുന്നത്‌ ഒരു പട്ടിയാണ്‌. പ്രഷര്‍, ഷുഗര്‍ തുടങ്ങി ആ വകുപ്പില്‍ പെടുന്ന എല്ലാ രോഗങ്ങളുമുള്ള അമ്മച്ചി കഴിക്കുന്ന സമീകൃതാഹാരത്തിന്റെ പങ്കു മാത്രമേ അവനുകിട്ടാറുള്ളെങ്കിലും, പറമ്പില്‍ ഒരു കോഴി കയറിയാല്‍ പോലും കുരച്ച്‌ ബഹളമുണ്ടാക്കി, അവന്‍ ആത്മാര്‍ത്ഥത തെളിയിച്ചുപോന്നു.

സഹമുറിയന്മാര്‍ പലരും പലപ്പോഴായി പിരിഞ്ഞു പോയപ്പോഴും, പിന്നെയും പലരും വരികയും പോകുകയും ചെയ്തപ്പോഴും,കോളേജിലെ ഇന്നിങ്ങ്സ്‌ ഡിക്ലെയര്‍ ചെയ്യുന്നത്‌ വരെ നോട്ടൌട്ട്‌ ആയി അവിടെ താമസിച്ചതിനുള്ള റെക്കോര്‍ഡ്‌ എനിക്കും നോയലിനും റോബിക്കും മാത്രം അവകാശപ്പെട്ടതാണ്‌. ഞങ്ങളെ താമസിപ്പിച്ചതിന്‌, സമാധാനത്തിനുള്ള ഒരു അവാര്‍ഡ്‌ അമ്മച്ചിക്കും. അവസാന വര്‍ഷമായപ്പോള്‍ ഇനി വേറെ ആരും വേണ്ട ഈ മൂന്നു പേര്‍ മാത്രം മതി വീട്ടില്‍ എന്നു ഞങ്ങളങ്ങു തീരുമാനിച്ചു. (അല്ലാതെ ആളെ കിട്ടാഞ്ഞിട്ടൊന്നുമല്ല.)

ഞാനും നോയലും പരീക്ഷാക്കാലങ്ങള്‍ ആനന്ദകരമാക്കാന്‍ കംബൈന്‍ഡ്‌ സ്റ്റഡി എന്നൊരു കലാപരിപാടിക്കായി ബിമലും ഇര്‍ഷാദും താമസിക്കുന്ന വീട്ടിലേക്കു പോകുക പതിവായിരുന്നു. ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അതു ഉറങ്ങാനായി മാത്രമേ ഞങ്ങള്‍ സ്വന്തം വീട്ടില്‍ വരാറുള്ളൂ എന്ന അവസ്ഥയിലായി. അതു അവരോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടോ പഠനത്തോടുള്ള താല്‍പര്യക്കൂടുതല്‍ കൊണ്ടോ ആയിരുന്നില്ല. മറിച്ച്‌, അവറാച്ചിയുടെ ഹോട്ടലിലെ ഭക്ഷണത്തിന്റെ ടേസ്റ്റ്‌ കൂടുതലും എട്ടുപത്തുപേര്‍ ഒരുമിച്ചിരുന്ന് കത്തിയടിക്കുന്നതിനോടുള്ള താല്‍പര്യക്കൂടുതലും ആയിരുന്നു അതിനു പിന്നില്‍. സംസാരിക്കുന്ന വിഷയത്തില്‍ എല്ലാവര്‍ക്കുമുള്ള താല്‍പര്യത്തിനും അറിവിനുനുമനുസരിച്ച്‌ കത്തിയടി (കംബൈന്‍ഡ്‌ സ്റ്റഡി) പലപ്പോഴും രാത്രി ഒരുമണിയും രണ്ടുമണിയും വരെയൊക്കെ നീളും.

അതുകൊണ്ട്‌ മിക്ക ദിവസങ്ങളിലും പാതിരാത്രിയിലാണ്‌ വീട്ടിലോട്ടുള്ള എഴുന്നള്ളത്ത്‌. അത്‌ അമ്മച്ചിക്കു ഒരു വലിയ തലവേദനയായിത്തീര്‍ന്നു. രാത്രിയില്‍ ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ട്‌ ഞെട്ടി ഉണരുന്ന അമ്മച്ചിക്ക്‌ പേേടി കാരണം അന്നത്തെ ഉറക്കം നഷ്ടപ്പെടും. പക്ഷേ, പേടിയുണ്ടെന്ന് ഒരിക്കലും സമ്മതിക്കാത്ത അമ്മച്ചി, പിറ്റേന്ന് രാവിലെ ഞങ്ങളെ വിളിച്ച്‌ ലേറ്റ്‌ ആയി വരുന്നതിനു തെറിപറയുകയും ഒപ്പം സ്ഥിരമായി ഒരു ഡയലോഗ്‌ ഇറക്കുകയും ചെയ്യും.. "എനിക്ക്‌ പേടിയുണ്ടായിട്ടല്ല ഞാന്‍ നിങ്ങളെ വഴക്കുപറയുന്നത്‌... രാത്രിയില്‍ ഇടയ്ക്കുണര്‍ന്നുകഴിഞ്ഞാല്‍ പിന്നെ എനിക്കുറക്കം വരില്ല... അതുകൊണ്ടാ.....".. എല്ലാം വിശ്വസിച്ചു എന്ന ഭാവത്തില്‍ ഞങ്ങള്‍ മൂളിക്കേള്‍ക്കും... പിറ്റേന്നും അതുതന്നെ ആവര്‍ത്തിക്കുകയും ചെയ്യും.....

ഞങ്ങളുടെ പഠനത്തോടുള്ള ആക്രാന്തം മൂലം ശരിക്കും കഷ്ടത്തിലായത്‌ പാവം റോബിയാണ്‌. ഇലക്ട്രികല്‍കാരനായ അവന്‌ ഇലക്ട്രോണിക്സ്‌കാരായ ഞങ്ങളുടെ കൂടെ ഇരുന്ന് പഠിക്കാന്‍ പറ്റില്ലല്ലോ. [സത്യത്തില്‍ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട യാതൊന്നും ഞങ്ങളുടെ കംബൈന്‍ഡ്‌ സ്റ്റഡിയില്‍ കടന്നുവരാറില്ലെങ്കിലും]. ഒറ്റയ്ക്കിരുന്ന് ബോറടിച്ച റോബി ഒടുവില്‍ ഒരു കൂട്ടുകാരനെ കണ്ടെത്തി. ഏഴാം മൈലിലെതന്നെ മറ്റൊരു അന്തേവാസിയും, റോബിയുടെ ക്ലാസ്സ്‌മേറ്റും ആയ 'മില്ലി മോങ്ക' എന്ന അരുണാചല്‍ പ്രദേശുകാരന്‍.

അരുണാചലിന്റെ വടക്കുഭാഗത്തു ഇന്ത്യയിലാണോ ടിബറ്റിലാണോ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലാത്ത ഒരു സ്ഥലത്ത്‌, അത്യാവശ്യം കൊള്ളാവുന്ന ഒരു കുടുംബത്തില്‍ ജനിച്ച്‌, നല്ല രീതിയില്‍ ബിസിനസ്‌ ചെയ്തും കരാട്ടേ, കുങ്ങ്‌-ഫു തുടങ്ങിയ അഭ്യാസങ്ങള്‍ പയറ്റിയും ഹാപ്പിയായി കഴിഞ്ഞിരുന്ന ആ പാവത്തിന്‌ ഏതു ഗതികെട്ട നേരത്താണെന്നറിയില്ല ഒരു ഭൂതോദയം ഉണ്ടായി. കേരളത്തില്‍ പോയി എം.ജി. യൂണിവേഴ്സിറ്റിയുടെ ബി.ടെക്‌. ഡിഗ്രി എടുക്കണമെന്ന്. [ പണ്ട്‌ മോഹന്‍ലാലിന്‌ സംഗീതം പഠിക്കാന്‍ ഗ്വാളിയോറിലേക്ക്‌ കെട്ടി എടുക്കണമെന്ന്‌ തോന്നിയതുപോലെ ]. നമുക്കു ഓക്സ്‌ഫോര്‍ഡ്‌ യൂണിവേഴ്സിറ്റി പോലെയാണ്‌ അവര്‍ക്ക്‌ എം.ജി. എന്നതുകൊണ്ട്‌ ആഗ്രഹം തോന്നിയപാടെ, രണ്ടാമതൊന്നു ചിന്തിക്കാന്‍ നില്‍ക്കാതെ,കണ്ടതും കേട്ടതുമായ സകല കരാട്ടെ പരമ്പര ലാമകളെയും മനസ്സില്‍ ധ്യാനിച്ച്‌, ബി. ടെക്കുകാരനാകാതെ ഞാന്‍ ഇനി അരുണാചലിന്റെ മണ്ണില്‍ കാലു കുത്തില്ല എന്നൊരു കിണ്ണന്‍ ശപഥവും കാച്ചിയിട്ട്‌, കെട്ടും കിടക്കയുമായി ടിയാന്‍ വണ്ടികയറി.

ഓണക്കാലത്ത്‌ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന സ്പിരിറ്റ്‌ പോലെ, വര്‍ഷാവര്‍ഷം നോര്‍ത്ത്‌-ഈസ്റ്റ്‌ മേഘലയില്‍ നിന്നും എഞ്ചിനീയറിംഗ്‌ പഠിക്കാനായി കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്‌ കയ്യും കണക്കുമില്ല. പക്ഷേ ഇവരിലാരെങ്കിലും ഡിഗ്രി പാസ്സായ ചരിത്രം ഉണ്ടോ എന്നും സംശയമാണ്‌. എഞ്ചിനീയറിംഗ്‌ പഠിക്കാനായി കേരളത്തിലെത്തി, നാലുവര്‍ഷം ഇവിടെ ഫുട്ബോളും, വോളിബോളും ഒക്കെ കളിച്ച്‌ ആര്‍മാദിച്ചിട്ട്‌, ഒടുവില്‍ തിരിച്ച്‌ നാട്ടിലെത്തി, 'ചാര്‍സൌ ബീസ്‌' കച്ചവടം നടത്തി ജീവിക്കുന്ന തന്റെ മുന്‍ഗാമികളുടെ ഗതി തനിക്കുണ്ടാകരുതെന്നു മില്ലിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.

ഗുവാഹത്തി എക്സ്പ്രസ്സില്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴും, അവിടെ നിന്നും 'ചമ്പക്കര' ബസ്സില്‍ നെടുംകുഴി കവലയില്‍ എത്തുമ്പോഴും, പിന്നെ കോളേജില്‍ അഡ്മിഷന്‍ നേടി മെന്‍സ്‌ ഹോസ്റ്റലില്‍ താമസം തുടങ്ങുമ്പോഴും അവന്റെ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. എഞ്ചിനീയറിംഗ്‌ ഡിഗ്രിയുമായി അരുണാചലില്‍ ഒരു രാജാവിനെപ്പോലെ വിലസുന്ന സ്വപ്നം.

പക്ഷേ ഹോസ്റ്റലിലെ ഒച്ചയും ബഹളവും തന്റെ മോഹങ്ങള്‍ പൂവണിയുന്നതിന്‌ തടസമാകുമെന്നു മനസിലാക്കിയ മിലി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുറത്തെവിടേക്കെങ്കിലും മാറി താമസിക്കാന്‍ തീരുമാനിച്ചു. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. പഠന സൌകര്യം തേടി വരുന്ന വിജ്ഞാന കുതുകികളുടെ പറുദീസയായ ഏഴാം മൈലില്‍ തന്നെ അവനും ചേക്കേറി.

ഒച്ചപ്പാടും ബഹളവുമില്ലാതെ ഇരുന്ന് പഠിക്കാന്‍ പറ്റിയ, തന്റെ മനസിനിണങ്ങിയ ഒരു സ്ഥലം അവന്‍ വളരെ ഈസിയായി കണ്ടെത്തി. മറ്റ്‌ എവിടെയുമല്ല... കള്ളുഷാപ്പിന്റെ മുകളിലെ നിലയിലുള്ള ലോഡ്ജ്‌ തന്നെ!!!!!!മുറിയുടെ തൊട്ടുതാഴെ, ഏഴാം മൈലിലെ സാംസ്കാരിക നായകന്മാരുടെ മീറ്റിംഗ്‌ പ്ലെയ്സ്‌. അടുത്ത മുറികളിലാണെങ്കില്‍ കോണ്‍ക്രീറ്റ്‌ പണിക്കാരായ പാണ്ടികളും, ഷാപ്പിലെ തൊഴിലാളികളും. മൊത്തത്തില്‍ ഒരു ആശ്രമം പോലെ ശാന്തമായ അന്തരീക്ഷം.[ധാരാളം സ്വപ്നങ്ങളുമായി വന്ന മില്ലി, ഒടുവില്‍ കൈ നിറയെ സപ്ലിമെന്ററി മാര്‍ക്‍ലിസ്റ്റുകളും മനസ്സുനിറയെ നിരാശയുമായി, 'ആനപ്പൊറത്തിരിക്കാന്‍ കൊതിച്ചവന്‍ ശൂലത്തില്‍ കേറി' എന്ന അവസ്ഥയില്‍ കേരളം വിടേണ്ടി വന്നതിന്‌ ഒരു പ്രധാന കാരണം ആ ഷാപ്പിലെ ലഹളയും അവിടുത്തെ മുന്തിരിക്കള്ളിന്റെ ലഹരിയും ആയിരുന്നു.]

മേല്‍പ്പറഞ്ഞ നമ്മുടെ കഥാനായകന്റെ രൂപഭാവാദികള്‍ ഏതാണ്ടിപ്രകാരമായിരുന്നു.....
വെളുത്ത നിറം , അര്‍നോള്‍ഡ്‌ ശിവശങ്കരന്‌ മംഗോളിയന്‍ മൂക്ക്‌ ഫിറ്റ്‌ ചെയ്തതു പോലെയുള്ള മുഖം, ബ്രൂസ്‌ലിയുടെ ബോഡി, സായ്‌ ബാബയുടെ മുടി straighten ചെയ്തുനിര്‍ത്തിയതുപോലെയുള്ള കാര്‍കൂന്തല്‍. എണ്ണയോ ജെല്ലോ കത്രികയോ (വെള്ളം പോലുമോ) കണ്ടിട്ട്‌ വര്‍ഷങ്ങളായെന്ന് തോന്നുന്ന ആ കേശഭാരം തലക്കുചുറ്റും നാലിഞ്ചുകനത്തില്‍ ഒരു കറുത്ത വൃത്തം സൃഷ്ടിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ആ തല കണ്ടാല്‍ ടോയ്‌ലറ്റ്‌ കഴുകുന്ന ബ്രഷ്‌ ആണെന്നു തോന്നും. ഇതിന്റെയെല്ലാം കൂടെ കോളേജില്‍ പോകുമ്പോഴല്ലാതെ എപ്പൊഴും, സ്ഥിരം വേഷമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊടി വെട്ടി തയ്ച്ചതുപോലുള്ള സ്ലീവ്‌ലെസ്‌ ടീ ഷര്‍ട്ടും, മുസ്ലീംലീഗിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കടുംവെട്ട്‌ ബര്‍മുഡയും. സഞ്ചാരം, തീരെ ശബ്ദമലിനീകരണമുണ്ടാക്കാത്ത ഒരു യമഹ RX100 ഛകടത്തില്‍. മൊത്തത്തില്‍, പകല്‍ സമയത്തു കണ്ടാല്‍ കണ്ണടിച്ചുപോകുകയും, രാത്രിയില്‍ അപ്രതീക്ഷിതമായി കണ്ടാല്‍ മനുഷ്യന്റെ ബള്‍ബ്‌ തന്നെ അടിച്ചു പോകുകയും ചെയ്യുന്ന ലുക്ക്‌.

മില്ലി ഞങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം സന്ദര്‍ശകനായിത്തുടങ്ങിയ കാലത്താണ്‌ ആ സംഭവം ഉണ്ടായത്‌. മില്ലിയും റോബിയും വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പഠിക്കുകയാണ്‌. പുറത്ത്‌ നന്നായി മഴ പെയ്തുതുടങ്ങി. ഗേറ്റിനുപുറത്ത്‌ വഴിസൈഡില്‍ ഇരിക്കുന്ന അവന്റെ ബൈക്കില്‍ ഒരു ബുക്ക്‌ ഇരുന്ന് നനയുന്നുണ്ടെന്ന കാര്യം അപ്പോഴാണ്‌ മില്ലി ഓര്‍ത്തത്‌. വീടിന്റെ പിന്നിലുള്ള വാതിലിലൂടെ ഇറങ്ങി സൈഡിലുള്ള സ്റ്റെയര്‍കേസ്‌ വഴി മുറ്റത്തെത്തി, ഓടി വഴിയിലെത്തുമ്പോള്‍ ബുക്ക്‌ ഒരു പരുവത്തിലാകുമെന്ന് മനസിലാക്കിയനിമിഷം തന്നെ അവനിലെ കരാട്ടെ അഭ്യാസിയും ഉണര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല. ബാല്‍ക്കണിയില്‍ നിന്ന് മുറ്റത്തെക്കു ഒരു ചാട്ടമായിരുന്നു.

ഇതേസമയം താഴത്തെ സിറ്റൌട്ടില്‍, മഴത്തുള്ളികളില്‍ നോക്കിയിരുന്ന്, പണ്ട്‌ അപ്പച്ചന്റെ കൂടെ അഭിലാഷ്‌ തീയേറ്ററില്‍ 'ചെമ്മീന്‍' കാണാന്‍ പോയതുള്‍പ്പെടെയുള്ള ഗതകാലസ്മരണകള്‍ അയവിറക്കുകയായിരുന്ന നമ്മുടെ അമ്മച്ചി കണ്മുന്‍പില്‍ പൊതിക്കെട്ടുപോലൊരു സംഭവം വന്നുപതിക്കുന്നതുകണ്ട്‌ ശരിക്കും ഞെട്ടിപ്പോയി. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്നു ലാന്റ്‌ ചെയ്തതിന്റെ ശക്തിയില്‍ ഒന്നിരുന്നു പോയ മില്ലി, അടുത്ത നിമിഷം ചാടി എഴുന്നേറ്റ്‌, തിരിഞ്ഞ്‌ അമ്മച്ചിയെ നോക്കി ഒന്നു പുഞ്ചിരിക്കുകകൂടിചെയ്തു("ഹൌ വാസ്‌ മൈ പെര്‍ഫോമന്‍സ്‌?" എന്ന രീതിയില്‍).

മുന്നില്‍ വീണ വസ്തു ജീവനുള്ള ഒരു കുട്ടിച്ചെകുത്താനായി സടകുടഞ്ഞെഴുന്നേല്‍ക്കുന്നതും അതു തന്നെയാണ്‌ ലക്ഷ്യമിട്ടിരിക്കുനത്‌ എന്നും കണ്ടതോടെ അമ്മച്ചിയുടെ സകല കണ്ട്രോളും പോയി. പിന്നെ ഒരലര്‍ച്ചയായിരുന്നു. അതിനു അമ്മച്ചിയെ കുറ്റം പറയാന്‍ പറ്റില്ല. വര്‍ണമഴ, മത്സ്യമഴ എന്നൊക്കെ പത്രങ്ങളില്‍ സ്ഥിരമായി കാണുന്ന ഒരു കാലത്ത്‌, മുന്നില്‍ ആകാശത്തുനിന്ന് ഒരു ഭൂതം വന്ന് വീഴുന്നതുകണ്ടാല്‍ ഏത്‌ കടമറ്റത്തുകത്തനാരും ഒന്നു പേടിക്കും.

കൂടെയിരുന്ന് പഠിച്ചുകൊണ്ടിരുന്ന മൊതല്‌, യാതൊരു പ്രകോപനവും കൂടാതെ താഴേക്കുകുതിക്കുന്നതു കണ്ട്‌ ഒന്നും മനസിലാകാതെ ചാനല്‍ പോയി ഇരിക്കുകയായിരുന്ന റോബി, അതിനു പിന്നാലെ താഴെനിന്നും കല്യാണി രാഗത്തില്‍ അഞ്ചരകട്ടയ്ക്ക്‌ ശ്രുതിയിട്ട ഒരു ഗംഭീരന്‍ കരച്ചില്‍ കൂടി കേട്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി. തന്റെ അടുത്തു നിന്നു സെക്കന്റുകള്‍ക്കുമുന്‍പ്‌ താഴേക്ക്‌ പോയ ഐറ്റം അല്ല, ആ രംഗംകണ്ട്‌ മേലോട്ട്‌ പോകാറായ അമ്മച്ചിയാണ്‌ സംഗീതധാര പൊഴിച്ചത്‌ എന്ന് മനസിലാക്കാന്‍ റോബിക്ക്‌ ഒറ്റ ഓട്ടത്തിന്‌ താഴെ എത്തേണ്ടി വന്നു.

ഇതൊന്നും മൈന്റ്‌ ചെയ്യാന്‍ ടൈം ഇല്ലാത്ത നമ്മുടെ പയല്‌ നേരെ ഗേറ്റിനെ ലക്ഷ്യമാക്കി പായുകയായിരുന്നു. ചെകുത്താന്‍ തന്നെ ആക്രമിക്കുകയല്ല വാലും പൊക്കി ഓടുകയാണെന്ന് കണ്ടിട്ടാണോ, റോബിയുടെ ക്ലാസ്‌മേറ്റ്‌ ആണ്‌ ആ അഭ്യാസി എന്ന് റോബിയില്‍ നിന്ന് തന്നെ മനസിലാക്കിയിട്ടാണോ, അതോ റോബിയും എര്‍ത്തും എല്ലാം ഓടിയെത്തിയതുകൊണ്ടാണൊ എന്നറിയില്ല, അമ്മച്ചിയുടെ മനസ്സിലും മുഖത്തുമുണ്ടായിരുന്ന പേടി ഒരല്‍പ്പം കുറഞ്ഞു....

ഒരു ദീര്‍ഘനിശ്വാസത്തൊടെ അമ്മച്ചി ഇങ്ങനെ മൊഴിഞ്ഞു.... "ഹൊ എന്നാ ഒരു ചാട്ടവാ ആ ചെറുക്കന്‍ ചാടിയെ?....ഇനി അവനെ ഇങ്ങോട്ടു വിളിച്ചോണ്ട്‌ വന്നേക്കരുത്‌.. അവന്റെ ആ കോലവും കൂടി കണ്ടപ്പൊ, ഞാന്‍ പേടിച്ച്‌ അറിയാതെ കരഞ്ഞു പോയി.... ഇപ്പോഴും ചങ്കിടിപ്പ്‌ മാറിയിട്ടില്ല..."

മില്ലി പിന്നെയും പലതവണ ഞങ്ങളുടെ വീട്ടില്‍ വന്നു... അമ്മച്ചി ഒന്നും പറഞ്ഞതുമില്ല..

പക്ഷെ ആ സംഭവത്തോടെ അമ്മച്ചിയില്‍ മറ്റൊരു മാറ്റമുണ്ടായി.. രാത്രിയില്‍ ലേറ്റ്‌ ആയി വരുന്ന ഞങ്ങളോട്‌,"നിങ്ങളു നടക്കുന്ന ഒച്ച രാത്രിയില്‍ കേട്ടുകഴിഞ്ഞാ പിന്നെ 'പേടി കാരണം' എനിക്കൊറക്കം വരുകേല പിള്ളേെരെ.." എന്നു പറഞ്ഞുതുടങ്ങി........