Saturday, June 30, 2007

കുട്ടിച്ചെകുത്താന്‍

‍ ഫസ്റ്റ്‌ ഇയര്‍ കഴിഞ്ഞപ്പോള്‍, അതുവരെ കോളേജിനടുത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍, കൂടുതല്‍ നന്നായി പഠിക്കാന്‍വേണ്ടി (Note the point), ഏഴാം മൈലില്‍ (കോളേജില്‍ നിന്നും 2 കി.മി. ദൂരം) ഒരു വീട്ടിലേക്കു താമസം മാറ്റി.[കോഴ്‌സ്‌ കഴിയുമ്പോഴേക്കും, ഇന്ത്യ വിട്ട റോക്കറ്റ്‌ പോലെ താഴേക്കു വന്നുകൊണ്ടിരുന്ന എന്റെ അഗ്രെഗേറ്റ്‌ പെര്‍സന്റേജ്‌ ഒരു പരിധി വരെ താങ്ങി നിര്‍ത്തിയത്‌ ഫസ്റ്റ്‌ ഇയറിലെ ആ മാര്‍ക്കുമാത്രമായിരുന്നു എന്നത്‌, ആ ബുദ്ധിപരമായ നീക്കത്തിന്റെ വിജയത്തിന്‌ ഉത്തമദൃഷ്ടാന്തമാണ്‌].

വീടിനെക്കുറിച്ച്‌......
മെയിന്‍ റോഡില്‍ നിന്നു അര കിലൊമീറ്ററോളം ഉള്ളിലായി സ്ഥിതി ചെയ്യുന്ന വീടിന്റെ താഴത്തെ നിലയില്‍, കാല്‍ ഒടിഞ്ഞിരിക്കുന്നതു കൊണ്ട്‌ മാത്രം കുഴിയിലോട്ടു നീട്ടി വെക്കാന്‍ പറ്റാത്ത ഒരു അമ്മച്ചിയും, അമ്മച്ചിയുടെ 'എര്‍ത്തും' മാത്രം. എര്‍ത്ത്‌ എന്നുദ്ദേശിച്ചത്‌ അമ്മച്ചി കുത്തി നടക്കുന്ന വടിയെയല്ല, അവിടുത്തെ വേലക്കാരി ചേടത്തിയെയാണ്‌.വളരെ സമാധാനമായി കഴിഞ്ഞിരുന്ന ആ നിശബ്ദ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ സ്വൈര്യം കെടുത്താനായി എത്തിയ ഞങ്ങള്‍ അഞ്ചാറുപേര്‍ മുകളിലത്തെ നിലയിലിലും. പിന്നെ ആ വീട്ടിലുള്ള ഒരേയൊരു ജീവി എന്ന് പറയുന്നത്‌ ഒരു പട്ടിയാണ്‌. പ്രഷര്‍, ഷുഗര്‍ തുടങ്ങി ആ വകുപ്പില്‍ പെടുന്ന എല്ലാ രോഗങ്ങളുമുള്ള അമ്മച്ചി കഴിക്കുന്ന സമീകൃതാഹാരത്തിന്റെ പങ്കു മാത്രമേ അവനുകിട്ടാറുള്ളെങ്കിലും, പറമ്പില്‍ ഒരു കോഴി കയറിയാല്‍ പോലും കുരച്ച്‌ ബഹളമുണ്ടാക്കി, അവന്‍ ആത്മാര്‍ത്ഥത തെളിയിച്ചുപോന്നു.

സഹമുറിയന്മാര്‍ പലരും പലപ്പോഴായി പിരിഞ്ഞു പോയപ്പോഴും, പിന്നെയും പലരും വരികയും പോകുകയും ചെയ്തപ്പോഴും,കോളേജിലെ ഇന്നിങ്ങ്സ്‌ ഡിക്ലെയര്‍ ചെയ്യുന്നത്‌ വരെ നോട്ടൌട്ട്‌ ആയി അവിടെ താമസിച്ചതിനുള്ള റെക്കോര്‍ഡ്‌ എനിക്കും നോയലിനും റോബിക്കും മാത്രം അവകാശപ്പെട്ടതാണ്‌. ഞങ്ങളെ താമസിപ്പിച്ചതിന്‌, സമാധാനത്തിനുള്ള ഒരു അവാര്‍ഡ്‌ അമ്മച്ചിക്കും. അവസാന വര്‍ഷമായപ്പോള്‍ ഇനി വേറെ ആരും വേണ്ട ഈ മൂന്നു പേര്‍ മാത്രം മതി വീട്ടില്‍ എന്നു ഞങ്ങളങ്ങു തീരുമാനിച്ചു. (അല്ലാതെ ആളെ കിട്ടാഞ്ഞിട്ടൊന്നുമല്ല.)

ഞാനും നോയലും പരീക്ഷാക്കാലങ്ങള്‍ ആനന്ദകരമാക്കാന്‍ കംബൈന്‍ഡ്‌ സ്റ്റഡി എന്നൊരു കലാപരിപാടിക്കായി ബിമലും ഇര്‍ഷാദും താമസിക്കുന്ന വീട്ടിലേക്കു പോകുക പതിവായിരുന്നു. ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അതു ഉറങ്ങാനായി മാത്രമേ ഞങ്ങള്‍ സ്വന്തം വീട്ടില്‍ വരാറുള്ളൂ എന്ന അവസ്ഥയിലായി. അതു അവരോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടോ പഠനത്തോടുള്ള താല്‍പര്യക്കൂടുതല്‍ കൊണ്ടോ ആയിരുന്നില്ല. മറിച്ച്‌, അവറാച്ചിയുടെ ഹോട്ടലിലെ ഭക്ഷണത്തിന്റെ ടേസ്റ്റ്‌ കൂടുതലും എട്ടുപത്തുപേര്‍ ഒരുമിച്ചിരുന്ന് കത്തിയടിക്കുന്നതിനോടുള്ള താല്‍പര്യക്കൂടുതലും ആയിരുന്നു അതിനു പിന്നില്‍. സംസാരിക്കുന്ന വിഷയത്തില്‍ എല്ലാവര്‍ക്കുമുള്ള താല്‍പര്യത്തിനും അറിവിനുനുമനുസരിച്ച്‌ കത്തിയടി (കംബൈന്‍ഡ്‌ സ്റ്റഡി) പലപ്പോഴും രാത്രി ഒരുമണിയും രണ്ടുമണിയും വരെയൊക്കെ നീളും.

അതുകൊണ്ട്‌ മിക്ക ദിവസങ്ങളിലും പാതിരാത്രിയിലാണ്‌ വീട്ടിലോട്ടുള്ള എഴുന്നള്ളത്ത്‌. അത്‌ അമ്മച്ചിക്കു ഒരു വലിയ തലവേദനയായിത്തീര്‍ന്നു. രാത്രിയില്‍ ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ട്‌ ഞെട്ടി ഉണരുന്ന അമ്മച്ചിക്ക്‌ പേേടി കാരണം അന്നത്തെ ഉറക്കം നഷ്ടപ്പെടും. പക്ഷേ, പേടിയുണ്ടെന്ന് ഒരിക്കലും സമ്മതിക്കാത്ത അമ്മച്ചി, പിറ്റേന്ന് രാവിലെ ഞങ്ങളെ വിളിച്ച്‌ ലേറ്റ്‌ ആയി വരുന്നതിനു തെറിപറയുകയും ഒപ്പം സ്ഥിരമായി ഒരു ഡയലോഗ്‌ ഇറക്കുകയും ചെയ്യും.. "എനിക്ക്‌ പേടിയുണ്ടായിട്ടല്ല ഞാന്‍ നിങ്ങളെ വഴക്കുപറയുന്നത്‌... രാത്രിയില്‍ ഇടയ്ക്കുണര്‍ന്നുകഴിഞ്ഞാല്‍ പിന്നെ എനിക്കുറക്കം വരില്ല... അതുകൊണ്ടാ.....".. എല്ലാം വിശ്വസിച്ചു എന്ന ഭാവത്തില്‍ ഞങ്ങള്‍ മൂളിക്കേള്‍ക്കും... പിറ്റേന്നും അതുതന്നെ ആവര്‍ത്തിക്കുകയും ചെയ്യും.....

ഞങ്ങളുടെ പഠനത്തോടുള്ള ആക്രാന്തം മൂലം ശരിക്കും കഷ്ടത്തിലായത്‌ പാവം റോബിയാണ്‌. ഇലക്ട്രികല്‍കാരനായ അവന്‌ ഇലക്ട്രോണിക്സ്‌കാരായ ഞങ്ങളുടെ കൂടെ ഇരുന്ന് പഠിക്കാന്‍ പറ്റില്ലല്ലോ. [സത്യത്തില്‍ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട യാതൊന്നും ഞങ്ങളുടെ കംബൈന്‍ഡ്‌ സ്റ്റഡിയില്‍ കടന്നുവരാറില്ലെങ്കിലും]. ഒറ്റയ്ക്കിരുന്ന് ബോറടിച്ച റോബി ഒടുവില്‍ ഒരു കൂട്ടുകാരനെ കണ്ടെത്തി. ഏഴാം മൈലിലെതന്നെ മറ്റൊരു അന്തേവാസിയും, റോബിയുടെ ക്ലാസ്സ്‌മേറ്റും ആയ 'മില്ലി മോങ്ക' എന്ന അരുണാചല്‍ പ്രദേശുകാരന്‍.

അരുണാചലിന്റെ വടക്കുഭാഗത്തു ഇന്ത്യയിലാണോ ടിബറ്റിലാണോ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലാത്ത ഒരു സ്ഥലത്ത്‌, അത്യാവശ്യം കൊള്ളാവുന്ന ഒരു കുടുംബത്തില്‍ ജനിച്ച്‌, നല്ല രീതിയില്‍ ബിസിനസ്‌ ചെയ്തും കരാട്ടേ, കുങ്ങ്‌-ഫു തുടങ്ങിയ അഭ്യാസങ്ങള്‍ പയറ്റിയും ഹാപ്പിയായി കഴിഞ്ഞിരുന്ന ആ പാവത്തിന്‌ ഏതു ഗതികെട്ട നേരത്താണെന്നറിയില്ല ഒരു ഭൂതോദയം ഉണ്ടായി. കേരളത്തില്‍ പോയി എം.ജി. യൂണിവേഴ്സിറ്റിയുടെ ബി.ടെക്‌. ഡിഗ്രി എടുക്കണമെന്ന്. [ പണ്ട്‌ മോഹന്‍ലാലിന്‌ സംഗീതം പഠിക്കാന്‍ ഗ്വാളിയോറിലേക്ക്‌ കെട്ടി എടുക്കണമെന്ന്‌ തോന്നിയതുപോലെ ]. നമുക്കു ഓക്സ്‌ഫോര്‍ഡ്‌ യൂണിവേഴ്സിറ്റി പോലെയാണ്‌ അവര്‍ക്ക്‌ എം.ജി. എന്നതുകൊണ്ട്‌ ആഗ്രഹം തോന്നിയപാടെ, രണ്ടാമതൊന്നു ചിന്തിക്കാന്‍ നില്‍ക്കാതെ,കണ്ടതും കേട്ടതുമായ സകല കരാട്ടെ പരമ്പര ലാമകളെയും മനസ്സില്‍ ധ്യാനിച്ച്‌, ബി. ടെക്കുകാരനാകാതെ ഞാന്‍ ഇനി അരുണാചലിന്റെ മണ്ണില്‍ കാലു കുത്തില്ല എന്നൊരു കിണ്ണന്‍ ശപഥവും കാച്ചിയിട്ട്‌, കെട്ടും കിടക്കയുമായി ടിയാന്‍ വണ്ടികയറി.

ഓണക്കാലത്ത്‌ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന സ്പിരിറ്റ്‌ പോലെ, വര്‍ഷാവര്‍ഷം നോര്‍ത്ത്‌-ഈസ്റ്റ്‌ മേഘലയില്‍ നിന്നും എഞ്ചിനീയറിംഗ്‌ പഠിക്കാനായി കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്‌ കയ്യും കണക്കുമില്ല. പക്ഷേ ഇവരിലാരെങ്കിലും ഡിഗ്രി പാസ്സായ ചരിത്രം ഉണ്ടോ എന്നും സംശയമാണ്‌. എഞ്ചിനീയറിംഗ്‌ പഠിക്കാനായി കേരളത്തിലെത്തി, നാലുവര്‍ഷം ഇവിടെ ഫുട്ബോളും, വോളിബോളും ഒക്കെ കളിച്ച്‌ ആര്‍മാദിച്ചിട്ട്‌, ഒടുവില്‍ തിരിച്ച്‌ നാട്ടിലെത്തി, 'ചാര്‍സൌ ബീസ്‌' കച്ചവടം നടത്തി ജീവിക്കുന്ന തന്റെ മുന്‍ഗാമികളുടെ ഗതി തനിക്കുണ്ടാകരുതെന്നു മില്ലിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.

ഗുവാഹത്തി എക്സ്പ്രസ്സില്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴും, അവിടെ നിന്നും 'ചമ്പക്കര' ബസ്സില്‍ നെടുംകുഴി കവലയില്‍ എത്തുമ്പോഴും, പിന്നെ കോളേജില്‍ അഡ്മിഷന്‍ നേടി മെന്‍സ്‌ ഹോസ്റ്റലില്‍ താമസം തുടങ്ങുമ്പോഴും അവന്റെ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. എഞ്ചിനീയറിംഗ്‌ ഡിഗ്രിയുമായി അരുണാചലില്‍ ഒരു രാജാവിനെപ്പോലെ വിലസുന്ന സ്വപ്നം.

പക്ഷേ ഹോസ്റ്റലിലെ ഒച്ചയും ബഹളവും തന്റെ മോഹങ്ങള്‍ പൂവണിയുന്നതിന്‌ തടസമാകുമെന്നു മനസിലാക്കിയ മിലി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുറത്തെവിടേക്കെങ്കിലും മാറി താമസിക്കാന്‍ തീരുമാനിച്ചു. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. പഠന സൌകര്യം തേടി വരുന്ന വിജ്ഞാന കുതുകികളുടെ പറുദീസയായ ഏഴാം മൈലില്‍ തന്നെ അവനും ചേക്കേറി.

ഒച്ചപ്പാടും ബഹളവുമില്ലാതെ ഇരുന്ന് പഠിക്കാന്‍ പറ്റിയ, തന്റെ മനസിനിണങ്ങിയ ഒരു സ്ഥലം അവന്‍ വളരെ ഈസിയായി കണ്ടെത്തി. മറ്റ്‌ എവിടെയുമല്ല... കള്ളുഷാപ്പിന്റെ മുകളിലെ നിലയിലുള്ള ലോഡ്ജ്‌ തന്നെ!!!!!!മുറിയുടെ തൊട്ടുതാഴെ, ഏഴാം മൈലിലെ സാംസ്കാരിക നായകന്മാരുടെ മീറ്റിംഗ്‌ പ്ലെയ്സ്‌. അടുത്ത മുറികളിലാണെങ്കില്‍ കോണ്‍ക്രീറ്റ്‌ പണിക്കാരായ പാണ്ടികളും, ഷാപ്പിലെ തൊഴിലാളികളും. മൊത്തത്തില്‍ ഒരു ആശ്രമം പോലെ ശാന്തമായ അന്തരീക്ഷം.[ധാരാളം സ്വപ്നങ്ങളുമായി വന്ന മില്ലി, ഒടുവില്‍ കൈ നിറയെ സപ്ലിമെന്ററി മാര്‍ക്‍ലിസ്റ്റുകളും മനസ്സുനിറയെ നിരാശയുമായി, 'ആനപ്പൊറത്തിരിക്കാന്‍ കൊതിച്ചവന്‍ ശൂലത്തില്‍ കേറി' എന്ന അവസ്ഥയില്‍ കേരളം വിടേണ്ടി വന്നതിന്‌ ഒരു പ്രധാന കാരണം ആ ഷാപ്പിലെ ലഹളയും അവിടുത്തെ മുന്തിരിക്കള്ളിന്റെ ലഹരിയും ആയിരുന്നു.]

മേല്‍പ്പറഞ്ഞ നമ്മുടെ കഥാനായകന്റെ രൂപഭാവാദികള്‍ ഏതാണ്ടിപ്രകാരമായിരുന്നു.....
വെളുത്ത നിറം , അര്‍നോള്‍ഡ്‌ ശിവശങ്കരന്‌ മംഗോളിയന്‍ മൂക്ക്‌ ഫിറ്റ്‌ ചെയ്തതു പോലെയുള്ള മുഖം, ബ്രൂസ്‌ലിയുടെ ബോഡി, സായ്‌ ബാബയുടെ മുടി straighten ചെയ്തുനിര്‍ത്തിയതുപോലെയുള്ള കാര്‍കൂന്തല്‍. എണ്ണയോ ജെല്ലോ കത്രികയോ (വെള്ളം പോലുമോ) കണ്ടിട്ട്‌ വര്‍ഷങ്ങളായെന്ന് തോന്നുന്ന ആ കേശഭാരം തലക്കുചുറ്റും നാലിഞ്ചുകനത്തില്‍ ഒരു കറുത്ത വൃത്തം സൃഷ്ടിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ആ തല കണ്ടാല്‍ ടോയ്‌ലറ്റ്‌ കഴുകുന്ന ബ്രഷ്‌ ആണെന്നു തോന്നും. ഇതിന്റെയെല്ലാം കൂടെ കോളേജില്‍ പോകുമ്പോഴല്ലാതെ എപ്പൊഴും, സ്ഥിരം വേഷമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊടി വെട്ടി തയ്ച്ചതുപോലുള്ള സ്ലീവ്‌ലെസ്‌ ടീ ഷര്‍ട്ടും, മുസ്ലീംലീഗിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കടുംവെട്ട്‌ ബര്‍മുഡയും. സഞ്ചാരം, തീരെ ശബ്ദമലിനീകരണമുണ്ടാക്കാത്ത ഒരു യമഹ RX100 ഛകടത്തില്‍. മൊത്തത്തില്‍, പകല്‍ സമയത്തു കണ്ടാല്‍ കണ്ണടിച്ചുപോകുകയും, രാത്രിയില്‍ അപ്രതീക്ഷിതമായി കണ്ടാല്‍ മനുഷ്യന്റെ ബള്‍ബ്‌ തന്നെ അടിച്ചു പോകുകയും ചെയ്യുന്ന ലുക്ക്‌.

മില്ലി ഞങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം സന്ദര്‍ശകനായിത്തുടങ്ങിയ കാലത്താണ്‌ ആ സംഭവം ഉണ്ടായത്‌. മില്ലിയും റോബിയും വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പഠിക്കുകയാണ്‌. പുറത്ത്‌ നന്നായി മഴ പെയ്തുതുടങ്ങി. ഗേറ്റിനുപുറത്ത്‌ വഴിസൈഡില്‍ ഇരിക്കുന്ന അവന്റെ ബൈക്കില്‍ ഒരു ബുക്ക്‌ ഇരുന്ന് നനയുന്നുണ്ടെന്ന കാര്യം അപ്പോഴാണ്‌ മില്ലി ഓര്‍ത്തത്‌. വീടിന്റെ പിന്നിലുള്ള വാതിലിലൂടെ ഇറങ്ങി സൈഡിലുള്ള സ്റ്റെയര്‍കേസ്‌ വഴി മുറ്റത്തെത്തി, ഓടി വഴിയിലെത്തുമ്പോള്‍ ബുക്ക്‌ ഒരു പരുവത്തിലാകുമെന്ന് മനസിലാക്കിയനിമിഷം തന്നെ അവനിലെ കരാട്ടെ അഭ്യാസിയും ഉണര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല. ബാല്‍ക്കണിയില്‍ നിന്ന് മുറ്റത്തെക്കു ഒരു ചാട്ടമായിരുന്നു.

ഇതേസമയം താഴത്തെ സിറ്റൌട്ടില്‍, മഴത്തുള്ളികളില്‍ നോക്കിയിരുന്ന്, പണ്ട്‌ അപ്പച്ചന്റെ കൂടെ അഭിലാഷ്‌ തീയേറ്ററില്‍ 'ചെമ്മീന്‍' കാണാന്‍ പോയതുള്‍പ്പെടെയുള്ള ഗതകാലസ്മരണകള്‍ അയവിറക്കുകയായിരുന്ന നമ്മുടെ അമ്മച്ചി കണ്മുന്‍പില്‍ പൊതിക്കെട്ടുപോലൊരു സംഭവം വന്നുപതിക്കുന്നതുകണ്ട്‌ ശരിക്കും ഞെട്ടിപ്പോയി. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്നു ലാന്റ്‌ ചെയ്തതിന്റെ ശക്തിയില്‍ ഒന്നിരുന്നു പോയ മില്ലി, അടുത്ത നിമിഷം ചാടി എഴുന്നേറ്റ്‌, തിരിഞ്ഞ്‌ അമ്മച്ചിയെ നോക്കി ഒന്നു പുഞ്ചിരിക്കുകകൂടിചെയ്തു("ഹൌ വാസ്‌ മൈ പെര്‍ഫോമന്‍സ്‌?" എന്ന രീതിയില്‍).

മുന്നില്‍ വീണ വസ്തു ജീവനുള്ള ഒരു കുട്ടിച്ചെകുത്താനായി സടകുടഞ്ഞെഴുന്നേല്‍ക്കുന്നതും അതു തന്നെയാണ്‌ ലക്ഷ്യമിട്ടിരിക്കുനത്‌ എന്നും കണ്ടതോടെ അമ്മച്ചിയുടെ സകല കണ്ട്രോളും പോയി. പിന്നെ ഒരലര്‍ച്ചയായിരുന്നു. അതിനു അമ്മച്ചിയെ കുറ്റം പറയാന്‍ പറ്റില്ല. വര്‍ണമഴ, മത്സ്യമഴ എന്നൊക്കെ പത്രങ്ങളില്‍ സ്ഥിരമായി കാണുന്ന ഒരു കാലത്ത്‌, മുന്നില്‍ ആകാശത്തുനിന്ന് ഒരു ഭൂതം വന്ന് വീഴുന്നതുകണ്ടാല്‍ ഏത്‌ കടമറ്റത്തുകത്തനാരും ഒന്നു പേടിക്കും.

കൂടെയിരുന്ന് പഠിച്ചുകൊണ്ടിരുന്ന മൊതല്‌, യാതൊരു പ്രകോപനവും കൂടാതെ താഴേക്കുകുതിക്കുന്നതു കണ്ട്‌ ഒന്നും മനസിലാകാതെ ചാനല്‍ പോയി ഇരിക്കുകയായിരുന്ന റോബി, അതിനു പിന്നാലെ താഴെനിന്നും കല്യാണി രാഗത്തില്‍ അഞ്ചരകട്ടയ്ക്ക്‌ ശ്രുതിയിട്ട ഒരു ഗംഭീരന്‍ കരച്ചില്‍ കൂടി കേട്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി. തന്റെ അടുത്തു നിന്നു സെക്കന്റുകള്‍ക്കുമുന്‍പ്‌ താഴേക്ക്‌ പോയ ഐറ്റം അല്ല, ആ രംഗംകണ്ട്‌ മേലോട്ട്‌ പോകാറായ അമ്മച്ചിയാണ്‌ സംഗീതധാര പൊഴിച്ചത്‌ എന്ന് മനസിലാക്കാന്‍ റോബിക്ക്‌ ഒറ്റ ഓട്ടത്തിന്‌ താഴെ എത്തേണ്ടി വന്നു.

ഇതൊന്നും മൈന്റ്‌ ചെയ്യാന്‍ ടൈം ഇല്ലാത്ത നമ്മുടെ പയല്‌ നേരെ ഗേറ്റിനെ ലക്ഷ്യമാക്കി പായുകയായിരുന്നു. ചെകുത്താന്‍ തന്നെ ആക്രമിക്കുകയല്ല വാലും പൊക്കി ഓടുകയാണെന്ന് കണ്ടിട്ടാണോ, റോബിയുടെ ക്ലാസ്‌മേറ്റ്‌ ആണ്‌ ആ അഭ്യാസി എന്ന് റോബിയില്‍ നിന്ന് തന്നെ മനസിലാക്കിയിട്ടാണോ, അതോ റോബിയും എര്‍ത്തും എല്ലാം ഓടിയെത്തിയതുകൊണ്ടാണൊ എന്നറിയില്ല, അമ്മച്ചിയുടെ മനസ്സിലും മുഖത്തുമുണ്ടായിരുന്ന പേടി ഒരല്‍പ്പം കുറഞ്ഞു....

ഒരു ദീര്‍ഘനിശ്വാസത്തൊടെ അമ്മച്ചി ഇങ്ങനെ മൊഴിഞ്ഞു.... "ഹൊ എന്നാ ഒരു ചാട്ടവാ ആ ചെറുക്കന്‍ ചാടിയെ?....ഇനി അവനെ ഇങ്ങോട്ടു വിളിച്ചോണ്ട്‌ വന്നേക്കരുത്‌.. അവന്റെ ആ കോലവും കൂടി കണ്ടപ്പൊ, ഞാന്‍ പേടിച്ച്‌ അറിയാതെ കരഞ്ഞു പോയി.... ഇപ്പോഴും ചങ്കിടിപ്പ്‌ മാറിയിട്ടില്ല..."

മില്ലി പിന്നെയും പലതവണ ഞങ്ങളുടെ വീട്ടില്‍ വന്നു... അമ്മച്ചി ഒന്നും പറഞ്ഞതുമില്ല..

പക്ഷെ ആ സംഭവത്തോടെ അമ്മച്ചിയില്‍ മറ്റൊരു മാറ്റമുണ്ടായി.. രാത്രിയില്‍ ലേറ്റ്‌ ആയി വരുന്ന ഞങ്ങളോട്‌,"നിങ്ങളു നടക്കുന്ന ഒച്ച രാത്രിയില്‍ കേട്ടുകഴിഞ്ഞാ പിന്നെ 'പേടി കാരണം' എനിക്കൊറക്കം വരുകേല പിള്ളേെരെ.." എന്നു പറഞ്ഞുതുടങ്ങി........


14 comments:

Irshad said...

pinneed nannaayi onnu postunnundu ninte kuttichekuthaanil. ippol parayaanullathu ippol thanne parayanamello?

ninakku vakradrishti maathramalla Kaakka drishti koodiyuntennu sookshmanireekshanangal vaayichaalariyaam.

Ottavaakkil paranjaal "Sooper".

Biju said...

ആ വഴികളിലൂടെ സഞ്ചരിച്ച് പരിചയം ഉള്ളതു കൊണ്ടാണെന്നു തോന്നുന്നൂ..

വളരെ നന്നായിരിക്കുന്നൂ..

നിന്നില്‍ ഒരു വക്രന്‍ ഉള്ളതു ഇപ്പൊള്‍ ആണു അറിഞ്ചത്..

ആശംസകളൊടെ,

സ്രഷ്ടാവ്.

G.MANU said...

അനിയാ സ്വാഗതം......ടാലണ്റ്റ്‌ ഇന്‍ ബില്‍റ്റ്‌ പക്കാ......തിളങ്ങൂ..തിളക്കൂ... ആശംസകള്‍

Derick Thomas said...

nerathe paranjathu kond pratheekshichirikkuvayirunnu...
pinne ezham mile athevasikalude veeracharitha kathakal veendum pratheekshikkunnu.

kjp said...

വക്രദൃഷ്ടി കൊള്ളാം..ഇഷ്ടപെട്ടു. നിന്റെ വക്രദൃഷ്ടി ഞാന്‍ കാണാന്‍ തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ലല്ലോ...
ആ അമ്മച്ചി ഇപ്പോള്‍ എന്തു പറയുന്നു ....

അനിയന്‍കുട്ടി | aniyankutti said...

ഇതു കൊള്ളാലോ ഇഷ്ടാ...ജ്ജാതി പെട്യായിണ്ട്..
ആ അമ്മാമേടെ നല്ല ജീഎവന്‍ കളഞ്ഞൂലേ...
മറ്റേ മില്ലി ബോണ്ടേടേ അഡ്രസ്സ് ഇപ്പഴും കയ്യിലുണ്ടാ?
ഇനീം എഴുതൂ... :)

ധനേഷ് said...

പഥികന്‌... മച്ചു, വളരെ നന്ദി.. ബാക്കി നന്ദി ഞാന്‍ നേരില്‍ അറിയിക്കാം...

സ്രഷ്ടാവിന്‌... ഇപ്പോഴാണുതോന്നുന്നത്‌ ഈ വക്രതകളൊക്കെ ഒന്നു പ്രകടിപ്പിക്കണമെന്ന്..

ജി.മനു .... താങ്കളെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ്‌ എന്റെ പ്രചോദനം.. താങ്ക്സ്‌..

ഡെറിക്കേ.... നമുക്ക്‌ കഥകള്‍ക്ക്‌ പഞ്ഞമില്ലല്ലോ.. എഴുത്തുകാര്‍ക്കാണു പഞ്ഞം.. എല്ലാവരും ഒന്ന് ആത്മാര്‍തമായി ശ്രമിച്ചാല്‍ അതും പരിഹരിക്കാം..

കിഷോറേ... അമ്മച്ചി രണ്ടുമാസം മുന്‍പു ഞാന്‍ കാന്നുമ്പോള്‍ നല്ല പയറു പോലെ ഉള്ള ഒരു വടിയും കുത്തിപ്പിടിച്ചു പതിയെ നടക്കുന്ന അവസ്ഥയിലാണ്‌..

അനിയന്‍കുട്ടി.. മില്ലിമോങ്കയെക്കിറിച്ച്‌ ഒരു വിവരവുമില്ല.. അവന്റെ കയ്യില്‍ എന്റെ അഡ്രസ്സ്‌ ഇല്ലെന്നുള്ള വിശ്വാസത്തിലാണ്‌ ഇത്‌ എഴുതിയത്‌...

benz said...

da dhaneshe....

milli varunnundu.... chila supply ezhuthi theerkkuvanum...
pinne puthiya chilla kannakkukal theerkkuvanum...

rob!e said...

കലിപ്പ് മോനേ ധണേശേ.. നിന്റെ വര്‍ണ്ണനകള്‍ കലക്കി.. പക്ഷേ അവന്റെ കാര്‍കൂന്തല്‍ വര്‍ണ്ണന കുറഞ്ഞു പോയോ എന്നൊരു സംശയം.. കുളിക്കാഞ്ഞിട്ടോ അതോ straighten ചെയ്യത്ിരുന്നതോ ആവില്ല, ചിലപ്പോള്‍ ഒരു 11kV, 3-phase ഷോക്ക് അതിച്ചതതവാനാണ്‌ കൂടുതല്‍ സാധ്യത!!! ( കാരണം ടിയാന്‍ electrical ലബുകളുടെ കാര്യത്തിലും ഒരു സിംഹം ആയിരുന്നേ!! )

Visala Manaskan said...

"കല്യാണി രാഗത്തില്‍ അഞ്ചരകട്ടയ്ക്ക്‌ ശ്രുതിയിട്ട ഒരു ഗംഭീരന്‍ കരച്ചില്‍ കൂടി കേട്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി"

വണ്ടര്‍ഫുള്‍ എഴുത്ത്!!!!!!!!!!!!!

വളരെ ഇഷ്ടായി.

പുതിയ കഥകള്‍ വരട്ടേ. ആര്‍ഭാടമായി എഴുതുക. സ്നേഹം. ആശംസകള്‍!

Ashly said...

great writting....why are you not writting now ? Please cont..

Ashly A K

ശ്രീ said...

ഹ ഹ... കൊള്ളാം. ഇപ്പോഴാണ്‍ വായിയ്ക്കുന്നത്.

“മൊത്തത്തില്‍, പകല്‍ സമയത്തു കണ്ടാല്‍ കണ്ണടിച്ചുപോകുകയും, രാത്രിയില്‍ അപ്രതീക്ഷിതമായി കണ്ടാല്‍ മനുഷ്യന്റെ ബള്‍ബ്‌ തന്നെ അടിച്ചു പോകുകയും ചെയ്യുന്ന ലുക്ക്‌.”

:)

രാഗേഷ് said...

കലാകൌമുദി മലയാളം ബ്ലോഗിനെ ഒന്നടങ്കം അപമാനിച്ചതില്‍ പ്രതിഷേധിച്ച് 11 - 2 - 2008 തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 24 മണിനേര ബ്ലോഗ്ഗര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയിക്കുന്നു . ആയതിനാല്‍ 11.2.08 രാവിലെ 6 മണി മുതല്‍ 12.2.08 രാവിലെ 6 മണി വരെ ആരും തന്നെ ബ്ലോഗ് പോസ്റ്റാതെയും മറ്റ് ബ്ലോഗുകള്‍ വായിക്കാതെയുംകമന്റ് എഴുതാതെയും ബ്ലോഗുകള്‍ അടച്ച് ഈ പ്രതിഷേധ ബ്ലോഗ്ഗര്‍ത്താലില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

Anonymous said...

Aliya thakarthu ............

Alppam vaiki poyi ithonnu vayikkan
"വര്‍ണമഴ, മത്സ്യമഴ എന്നൊക്കെ പത്രങ്ങളില്‍ സ്ഥിരമായി കാണുന്ന ഒരു കാലത്ത്‌, മുന്നില്‍ ആകാശത്തുനിന്ന് ഒരു ഭൂതം വന്ന് വീഴുന്നതുകണ്ടാല്‍ ഏത്‌ കടമറ്റത്തുകത്തനാരും ഒന്നു പേടിക്കും."........ ithenne valare chirippichu kollam

Iyalude ullil ingane oru kadhakaran undannu ullathe ,njangal ippazhanallo ariyunnathe