Saturday, January 23, 2010

ഗുസ്തിമത്സരം

“കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫയല്‍‌വാന്മാര്‍ കൊമ്പുകോര്‍ക്കുന്ന വാശിയേറിയ ഗുസ്തിമത്സരങ്ങള്‍, ഇന്ന്സ്കൂള്‍ അങ്കണത്തില്‍.. “ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ, അനൌണ്‍സര്‍ കുമാരന്‍ ചേട്ടന്റെ ശബ്ദം പറ്റാവുന്നടത്തൊക്കെ തട്ടി പ്രതിധ്വനിച്ചു!!!

ആഘോഷം എന്തായാലും, ആവേശം ചോരാതെ എല്ലാവരിലും എത്തിക്കുന്ന കാര്യത്തില്‍ കുമാരന്‍ ചേട്ടന് കോം‌പ്രമൈസില്ല..

ഈ ആവേശം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്..ഒരിക്കല്‍, ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അനൌണ്‍സ്മെന്റ് കഴിഞ്ഞ് നേരെ പോളിയോ വാക്സിന് ദിനത്തിന്റെ വര്‍ക്കിന് പോയിട്ട്, “അത്യന്തം 'ആവേശകരമായ ‘ പോളിയൊ തുള്ളിമരുന്ന് വിതരണത്തിലേക്ക് എല്ലാ 'കായികപ്രേമികളേയും' ക്ഷണിക്കുന്നു” എന്ന് അലക്കിയ പാര്‍ട്ടിയാണ് !!!

“കരുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ഏത് വമ്പനേയും മലര്‍ത്തിയടിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത, നമ്മുടെ നാടിന്റെ പൊന്നോമനപുത്രന്മാരായ ചുണക്കുട്ടന്മാര്‍ അണിനിരക്കുന്ന ഗംഭീര ഗുസ്തിമത്സരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം..”
തകര്‍പ്പന്‍ വാചകങ്ങളുമായി അനൌണ്‍സ്മെന്റ് ജീപ്പ് മുന്നോട്ട്...

സംഗതി നടക്കുന്നത്, ധാരാസിങ്ങ് ഗുസ്തിപിടിച്ച ബ്ലാക്കാന്‍ഡ് വൈറ്റ് കാലഘട്ടത്തിലല്ല .. ‘ഒരിടത്തൊരുഫയല്‍‌വാന്റെയും' 'മുത്താരംകുന്ന് പി.ഓ'യുടേയും എണ്‍പതുകളിലും അല്ല .. വെറും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ മാത്രം മുന്‍പ് !!

അതെ, ഗുസ്തിഫെഡറെഷന്റെയോ മറ്റോ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് സ്കൂള്‍സ് റെസ്‌ലിങ്ങ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ഞങ്ങളുടെ സ്കൂള്‍ വേദിയാകുകയാണ്...

ഗുസ്തി, സ്കൂളിന്റെ ‘ദേശീയ കായിക വിനോദം‘ ആയി മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്...
ഒരു ചെറിയ കദന കഥ.എന്നെപ്പോലെയുള്ള ‘കായികതാരങ്ങളുടെ‘ വിയര്‍പ്പിന്റെ കഥ.

ഞാനൊക്കെ സ്കൂളില്‍ വരുന്ന കാലത്ത് കുറച്ച് മെഡലുകളൊക്കെ കിട്ടുന്ന അത്യാവശ്യം കായിക പാരമ്പര്യമുള്ള സ്കൂളായിരുന്നു ഞങ്ങളുടേത്... നല്ല ഓട്ടക്കാരൊക്കെ പത്താംക്ലാസ് വഴി, എസ്‌എസ്‌എല്‍‌സി ബുക്ക് വാങ്ങിയും വാങ്ങാതെയും പടിയിറങ്ങുകയും, ഞങ്ങളുടെ ബാച്ച് അതേസാധനം മോഹിച്ചും മോഹിക്കാതെയും അഞ്ചാം ക്ലാസ് വഴി പടി കയറുകയുംചെയ്തതോടെ കഥമാറി!

പല ഇനങ്ങളില്‍ മത്സരിക്കാന്‍ കൊട്ടിഘോഷിച്ച് സ്കൂളില്‍നിന്ന് പോകുന്ന ഞങ്ങള്‍ വിയര്‍ത്ത് നാറിയ ഷോര്‍ട്സും ബെനിയനും ഉള്ള കവറും പിടിച്ച് യോദ്ധയില്‍ ജഗതി വരും‌പോലെ പൊരിഞ്ഞപോരാട്ടം നടത്തി തിരിച്ചുവരുന്നതല്ലാതെ, സ്വര്‍ണ്ണവും വെള്ളിയും പോയിട്ട് ഒരു പ്രോത്സാഹനസമ്മാനം പോലും കൊണ്ടുവന്നില്ല.. എവിടുന്നെങ്കിലും അടിച്ചുമാറ്റിയതു പോലും!!

എന്നിട്ടും എന്നെപ്പോലെയുള്ള പാഴുകള്‍ക്ക് സ്റ്റേറ്റ്മീറ്റില്‍ മെഡല്‍ കിട്ടുന്നത് സ്വപ്നം കണ്ട പാവം സാറ്, ഓരോ വര്‍ഷവും കുറേ ഇനങ്ങളില്‍ പരിശീലനം തന്ന് ഇറക്കി, ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും, അവസാനസ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ പൊരുതി, ഞങ്ങള്‍ സാറിന്റെ എല്ലാ പ്രതീക്ഷകളേയും തല്ലിക്കെടുത്തി...
അങ്ങനെ ഓടാന്‍ വേണ്ടി മാ‍ത്രം ജനിച്ച കോരുത്തോട് താരങ്ങളുടെ മുന്നില്‍ ഞങ്ങള്‍ റെഗുലറായി തോറ്റു, തോറ്റുകൊണ്ടേയിരുന്നു !!
അതിപ്പോ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കാര്യം പറഞ്ഞപോലെ, ജയിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണോ?നമ്മളെക്കൊണ്ട് സാധിക്കണ്ടേ ???

ഇന്നത്തെപോലെ ‘സൂസൂ മോഡലിന്റെ’ ഷേപ്പായിരുന്നില്ല അന്നെനിക്ക്. കുഴല്‍കിണറില്‍ വീണുപോകാന്‍ മാത്രം വണ്ണമുള്ള ഞാന്‍ പച്ച ഷോര്‍ട്സും, കയില്ലാത്ത വെള്ളബനിയനും ഇട്ട് മീറ്റിനെത്തുന്നത് കണ്ടാല്‍, വിത്സണ്‍കിപ്കേറ്ററിന്റെ ഏറ്റവും ഇളയ അനിയനാണെന്ന് തോന്നുമായിരുന്നു!!

ഒരിക്കല്‍ ആയിരത്തഞ്ഞൂറ് മീറ്ററിന് ഇറങ്ങിയ ഞാന്‍, പലരും എന്നെ രണ്ടാമതും ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിട്ടും, ലൂസായി ഊര്‍ന്നുപോകുന്ന ഷോര്‍ട്സ് വലിച്ചുകേറ്റി മനസ്സു തളരാതെ ഓടിയെങ്കിലും, ആയിരത്തിമുന്നൂറ്റിചില്വാനം മീറ്ററില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്, അടുത്ത ഐറ്റത്തിനുള്ള പ്രാക്റ്റീസ് തുടങ്ങാന്‍ സമയമായതുകൊണ്ടായിരുന്നില്ല.. ഞാന്‍ ഒറ്റയാള് ഓടിത്തീരാന്‍ നോക്കി ഒഫിഷ്യല്‍‌സും അടുത്ത മത്സരത്തിനുള്ള ഓട്ടക്കാരും കാത്തുനില്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാ‍നുള്ള മന(തൊലി)ക്കട്ടി ഇല്ലാഞ്ഞിട്ടായിരുന്നു.

സമ്മാനമൊന്നുമില്ലെങ്കിലും, ഹര്‍ഡിലില്‍ തുരുതുരാ തട്ടി മുട്ടുപൊട്ടിയും ലോങ്ജമ്പ് ചാടി പിറ്റിലെത്താതെ കാലുളുക്കിയും, ചങ്കുപറിഞ്ഞ് ഓടി വായിക്കൂടെ പതവന്നും ഒക്കെയായി ഒരുപിടി പരിക്കുകള്‍ മാത്രം ഞങ്ങള്‍ സമ്പാദിച്ചു.. ഒപ്പം ആവശ്യത്തിന്‍ നാണക്കേടും !

അത്‌ലറ്റിക്സിനൊപ്പം അറ്റകയ്യെന്നവണ്ണം ഞങ്ങള്‍ നീന്തലും പരീക്ഷിച്ചു. സെന്റ്തോമസിലെ സ്വിമ്മിങ്ങ് പൂളിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് സെബാസ്റ്റ്യന്‍സേവ്യറെ വെല്ലുന്ന സ്റ്റൈലില്‍ കുതിച്ചുചാടിയ നമ്മുടെ പിള്ളേര്, പൂളിന്റെ നടുക്കെത്തിയപ്പോഴേക്കും സ്റ്റാമിനതീര്‍ന്ന് സകലവഴിക്കും കാറ്റും‌പോയി, അവസാനം വള്ളം മുങ്ങുമ്പോള്‍ ആളുകള്‍ രക്ഷപെടുന്നരീതിയില്‍ നാലുപാടും കയ്യും കാലുമിട്ടടിച്ചു വലിഞ്ഞുകയറി കരപറ്റുകയായിരുന്നു !!! അതിലൊരുത്തന്‍ പോലും ദൈവം സഹായിച്ച്,ഫിനിഷിങ്പോയിന്റിന്റെ സൈഡിലേക്ക് നീന്തിയില്ല!! (എങ്ങാനും ജയിച്ചാലോ)

ക്രിക്കറ്റിന്പോയിട്ട് കാഞ്ഞിരപ്പള്ളി സ്കൂളിനോട് പത്തുവിക്കറ്റിന്‌ തോറ്റു..ടോസ്കിട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്തതുകൊണ്ട് എതിരാളികള്‍ക്ക് അധികം അടിച്ചുതകര്‍ക്കാനുള്ള അവസരമുണ്ടായില്ല. എന്നിട്ടും, ‘അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘ എന്ന് സംഘാടകരെക്കൊണ്ട് പറയിപ്പിച്ചു..

അങ്ങനെ, ഏത് ഐറ്റത്തിനുപോയാലും അവസാന സ്ഥാനത്തിന് ഒരു വാഗ്ദാനമായിമാറിയ ഞങ്ങള്‍ പരമാവധി മീറ്റുകളില്‍ പങ്കെടുത്ത് ഞങ്ങളെക്കൊണ്ട് പറ്റുന്നപോലെ സ്കൂളിന് ചീത്തപ്പേരു നേടിക്കൊടുത്തു.

ഇങ്ങനെയുള്ള ഒരു ടീമിനെക്കൊണ്ട് എങ്ങനെ ഒരു മെഡല്‍ വാങ്ങിപ്പിക്കാം എന്ന അതിസങ്കീര്‍ണ്ണമാ‍യ ചോദ്യത്തിറ്റ്നെ ഉത്തരമന്വേഷിച്ച് കുഴങ്ങിയ സാര്‍ ഒടുവില്‍ എത്തിയത് ഗുസ്തിയിലാണ്.

പരസ്പരം തല്ലുകൂടുന്നതിന് സാറുമ്മാരുടെ അടികൊള്ളാത്ത ഒറ്റ കുഞ്ഞു പോലും സ്കൂളില്‍ ഇല്ലാത്തതുകൊണ്ട്, ഒരു പ്രാക്ടീസും കൊടുക്കാതെ ചുമ്മാ ഗോദയിലേക്കിറക്കി വിട്ടാലും ഒന്നുരണ്ട് മെഡല്‍ എങ്കിലും ഒപ്പിച്ചെടുക്കും എന്നുള്ള അവസ്ഥയായിരുന്നു ... ഒപ്പം, ‘പത്തും ഗുസ്തിയും‘ എന്ന ലക്ഷ്യം മുന്നിര്‍ത്തി പഠിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരു ആഗ്രഹപൂര്‍ത്തീകരണവും... പത്തുവരെ എത്തിയില്ലെങ്കിലും ഗുസ്തി പഠിക്കാം !!!
അന്ന് ഗുസ്തി പരിശീലിപ്പിക്കുന്ന അധികം സ്കൂളുകള്‍ ആ പ്രദേശ്ത്തില്ലായിരുന്നു എന്നതും ഒരു കാര്യമാണ്.

എങ്കിലും അന്നുവരെ സ്കൂളില്‍ പ്രൊഫെഷണല്‍ ഗുസ്തിഅറിയുന്ന ഒരുത്തന്‍ പോലും ഇല്ലാഞ്ഞിട്ടും, അതുവരെയുള്ള മീറ്റുകളില്‍ ഞങ്ങളുടെ പ്രകടനം നേരിട്ട് കണ്ടിട്ടും, ഇത്തരത്തില്‍ റിസ്കുള്ള ഒരൈറ്റം തെരഞ്ഞെടുത്ത സാറിനെ സമ്മതിക്കണം !!!

ഞാന്‍ പിന്നെ അന്നേ സിക്സ്പാക്ക് (ആറാംവാരി എല്ല്)തെളിഞ്ഞുകാണുന്ന ശരീരം ആയിരുന്നതുകൊണ്ട് എന്നെ ഗുസ്തിക്ക് ഇറക്കുന്നതിലുള്ള അപകടത്തെപ്പറ്റി ബോധവാനായിരുന്ന സാറ് നമ്മളെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ല.സംഗതി തട്ടുകിട്ടുന്ന കേസായതിനാല്‍ ഞാന്‍ അധികം അടുക്കാനും പോയില്ല.

ക്രമേണ കാര്യങ്ങള്‍ മാറിമറിഞ്ഞു.. സ്കൂളിലെ കായികതാരങ്ങളുടെ യഥാര്‍ത്ഥ കഴിവ് ഗുസ്തിയിലാണെന്ന് അടുത്ത മീറ്റുകള്‍ തെളിയിച്ചു. ഗുസ്തിക്കാര്‍ സ്കൂളില്‍ താരങ്ങളായി.. നാടന്‍പട്ടികള്‍ക്കിടയിലെ ലാബ്രഡോറിനെപ്പോലെ, സാദാ മൂങ്ങകള്‍ക്കിടയിലെ വെള്ളിമൂങ്ങയെപ്പോലെ, നീര്‍ക്കോലികള്‍ക്കിടയിലെ ഇരുതലമൂരിയെപ്പോലെ ഗുസ്തിക്കാരുടെ വില കുത്തനെ ഉയര്‍ന്നു... എന്നെപ്പോലുള്ള ‘സാദാ അത്‌ലറ്റുകള്‍’ പുറന്തള്ളപ്പെട്ടു.. ഗുസ്തിക്ക് ചേരാത്തതില്‍(ചേര്‍ക്കപ്പെടാത്തതില്‍) ഞാന്‍ അകമേ ദുഖിച്ചു. പുറമേ ഗുസ്തിക്കാര്‍ക്കുവേണ്ടി കയ്യടിച്ചു..

ഒന്നിനുപിന്നാലെ ഒന്നായി കുറെ ഗുസ്തി മെഡലുകള്‍ സ്കൂളിലെത്തി. (അതുപിന്നെ, ‘മലര്‍ത്തിയടിയെടാ‘, ‘വാരിയലക്കെടാ’ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഗുസ്തിപ്രേമികള്‍ കൊടുത്ത പ്രോത്സാഹനം ചില്ലറയായിരുന്നോ? :-))

ഇതേതുടര്‍ന്ന് പലസ്കൂളുകാരും ഗുസ്തിയിലേക്ക് തിരിഞ്ഞെങ്കിലും അവരൊന്നും നമ്മുടെ അടുത്ത് പിടിച്ചു നിന്നില്ല.. .

അങ്ങനെയുള്ള സമയത്താണ് ഈ മത്സരം വരുന്നത്...

ഗുസ്തിമത്സരം സകലപ്രായത്തിലുള്ളവര്‍ക്കും ആവേശമായി മാറി.. പണ്ടുകാലത്തു ഗുസ്തി മത്സരങ്ങള്‍ നേരില്‍ കണ്ടിട്ടുള്ള കാരണവന്മാര്‍ അതിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സ്കൂളിലേക്ക് ആരോഗ്യക്കുറവ് വകവയ്ക്കാതെ ആഞ്ഞു നടന്നു... കൊച്ചുകുട്ടികള്‍, ക്ലാസിലെ ഇടിമത്സരങ്ങള്‍ക്ക് പുതിയ ടെക്നിക്കുകള്‍ തേടി ഓടിയെത്തി.. പെണ്‍കുട്ടികളുടെ ഗുസ്തിയും ഉണ്ടെന്ന് മനസ്സിലാക്കിയതോടെ, നാട്ടിലെ യുവരക്തന്മാരായ സകല ‘ലിയനാര്‍ഡോ കാപ്പിരിയോ‘മാരും ‘ദൃഷ്ടിക്‌ ദോഷന്മാരും‘ സ്കൂള്‍ മുറ്റത്ത് നീറുപോലെ കൂടി... എന്തിനേറെപ്പറയുന്നു, ഗ്രാമം മുഴുവന്‍ ഒരു ഗോദക്കുചുറ്റും അണിനിരന്നു..

നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ഏതോ ഒരു സ്കൂളുമായാണ് കടുത്ത പോരാട്ടം. ബിബിനും ജെണ്‍സനും ഹരിയും വിഷ്ണുവുമൊക്കെയുള്ള നമ്മുടെ സ്കൂളും ശക്തമാണ്... ആര്‍പ്പുവിളിയും ബഹളവുമായി മത്സരങ്ങള്‍ പുരോഗമിച്ചു. തിരുവനന്തപുരവും ഞങ്ങളും ഒരുപോലെ മുന്നോട്ട്..
അങ്ങനെ വൈകുന്നേരത്തോടെ അവസാന മത്സരം എത്തി.. എഴുപത്തഞ്ച് കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ഗുസ്തിക്കാരനെ നേരിടുന്നത് ഞങ്ങളുടെ ബിബിന്‍.. അതില്‍ ജയിക്കുന്നസ്കൂളിന് ചാമ്പ്യന്‍ഷിപ്പ് കിട്ടും.. ഗ്രൌണ്ട്സപ്പോര്‍ട്ടിന്റെ ശക്തമായ പിന്തുണയില്‍ മുന്നേറിയ ബിബിന്‍ എതിരാളിയെ മലര്‍ത്തിയടിച്ചു..!!
കാത്തിരുന്ന വിജയം...
അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി, ഞങ്ങളുടെ സ്കൂള്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി..

പക്ഷേ ഇതിനിടയില്‍ പോയിന്റ് നിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് പറഞ്ഞ് തിരുവനതപുരത്തുകാര്‍ അലമ്പുണ്ടാക്കിത്തുടങ്ങി.. ഒടുവില്‍ ഞങ്ങള്‍ക്ക് ട്രോഫി കിട്ടുമ്പോഴും വഴക്ക് തുടര്‍ന്നു.. അധികം താമസിയാതെ നാട്ടുകാരും കേറി ഇടപെട്ടു...

പിന്നെ അവിടെ നടന്നതായിരുന്നു ഗുസ്തി... ഇന്നേവരെ ഒരു ഗ്രീക്കോ-റോമന്‍‌സ്റ്റൈലിലും കാ‍ണാത്ത
ടെക്നിക്കുകള്‍ നാട്ടുകാര്‍ ഗുസ്തിക്കാര്‍ക്കു കാണിച്ചുകൊടുത്തു. പ്രൊഫഷണല്‍‌സിനെ നാടന്‍ അമച്വേര്‍സ് ഓടിച്ചിട്ട് ‘മലര്‍ത്തിയടിച്ചു’.. പോലീസും സംഘാടകരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയപ്പോഴേക്കുംരാത്രി ഒരുപാടായിരുന്നു...

***

അടുത്ത ദിവസം ...

രാവിലെ ഏഴ് മണിക്ക് പതിവുപോലെ ആറ്റില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട്ടില്‍ നിന്ന് വന്ന് താമസിക്കുന്ന, കോണ്‍ക്രീറ്റ് പണിക്കാരന്‍ മുനിസാമി, പുഴയുടെ ഒത്ത നടുവില്‍ തന്റെ മൂന്നാമത്തെ മുങ്ങല്‍ കഴിഞ്ഞ് പൊങ്ങാല്‍ അല്പം വൈകി.!! ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ട് ആരും അത് മൈന്‍ഡ് ചെയ്തില്ലെങ്കിലും..

അല്പം വൈകിയെങ്കിലും രജനീകാന്ത് സ്റ്റൈലില്‍ ഒരു ലേറ്റസ്റ്റ് ന്യൂസുമായാണ് മുനിസാമി പൊങ്ങിയത്..

വായനിറഞ്ഞ വെള്ളത്തിനിടയിലൂടെ മുനിസാമി ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടു..
“കെടച്ചാച്ച്.. കടവുളേ കെടച്ചാച്ച്!!!”
ഒപ്പം പ്രൂഫും കാണിച്ചു.. കയ്യില്‍ ഒരു ലോഹ വിഗ്രഹം !!!

മുനിസാമിക്ക് ആറ്റില്‍ നിന്നും ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു..

വാര്‍ത്തകേട്ട്, അപ്പുറത്തെ കടവില്‍ കുളിക്കാനെത്തിയ, കോണകം കുത്തിപ്പിഴിയാന്‍ പോലും ആവതില്ലാത്ത അപ്പൂപ്പന്‍ വരെ ഞെട്ടി!! (കക്ഷിയുടെ ആരോഗ്യം(ഇല്ലായ്മ) അനുവദിക്കുന്ന രീതിയില്‍)

പുഴയുടെ നടുവില്‍ നെഞ്ചു വരെ വെള്ളത്തില്‍, ഒരു കയ്യില്‍ വിഗ്രഹം ഉയര്‍ത്തിക്കാട്ടി മറുകൈ അഴിഞ്ഞുവീഴാറായ തോര്‍ത്തില്‍ സപ്പോര്‍ട്ട് ചെയ്ത്, കരിയോയിലടിച്ച ‘സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി‘ പോലെ മുനിസാമി നിന്നു. അല്പം തുണിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ !!

വിഗ്രഹം കിട്ടിയ വാര്‍ത്ത ചിക്കന്‍‌ഗുനിയ പോലെ പടര്‍ന്നു!!

പറഞ്ഞുപറഞ്ഞ് വിഗ്രഹം സ്വര്‍ണ്ണവും പഞ്ചലോഹവും ഒക്കെയായി... സെക്കന്‍ഡുകള്‍ക്കുള്ളില്‍ കടവില്‍ ആളുകൂടി..

“ദേവിയുടെ വിഗ്രഹം ആയിരിക്കും” ആരോ ഊഹം പറഞ്ഞു. കടവിനോടു ചേര്‍ന്നാണ് കാവ്.. പണ്ട്കാലത്ത് ഇങ്ങനെ കിട്ടിയ വിഗ്രഹമാണത്രേ കാവിലെ പ്രതിഷ്ഠ.. അപ്പോള്‍ ഇതോ...
ആ?
അതുകേട്ടതോടെ കാവിലിരിക്കുന്ന ദേവിവരെ ഞെട്ടിക്കാണണം.. ദൈവത്തിനും ഡ്യൂപ്പോ?

“ഈ പാണ്ടീടെ കയ്യിലാരാ വിഗ്രഹം കൊടുത്തേ? വയ്ക്കെടാ താഴെ...“ ഏതോ ഒരു കാര്‍ന്നോര്‍ അലറി..
“ദേവീടെ വിഗ്രഹം എങ്ങാനും വെള്ളത്തിലിട്ടാല്‍ കൊല്ലും നിന്നെ...“ അടുത്തയാള്‍..
“വെള്ളത്തില്‍ താഴ്ത്തിപിടിച്ചോ..“ (എന്തിനാണാവോ?)
കരയില്‍ നിന്ന് വന്ന കമന്റുകള്‍ കേട്ട് മുനിസാമി ധര്‍മ്മസങ്കടത്തിലായി...
കരയിലേക്ക് വിഗ്രഹവുമായി വരാന്‍ തുടങ്ങിയ മുനിസാമിയെ ആളുകള്‍ അടുപ്പിച്ചില്ല.. കരയില്‍ കൊണ്ടുവന്ന് അശുദ്ധമാക്കാതിരിക്കാന്‍!!
പാവം മുനിസാമി വെള്ളത്തില്‍ തന്നെനിന്നു.. കയ്യില്‍ ഇരിക്കുന്നത് ചില്ലറ ഐറ്റമല്ലെന്ന് മനസിലായ മുനിസാമിക്ക് ചെറിയ വിറയല്‍ വന്നു തുടങ്ങി..

ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കടന്നുപോയി..

കുറച്ച് കഴിഞ്ഞ്പ്പോള്‍, കരയില്‍ നിന്ന ആളുകള്‍ക്കിടയില്‍ നിന്ന് ഒരു പയ്യന്‍ വിളിച്ചു പറഞ്ഞു..
“അയ്യേ.. അത് വിഗ്രഹമൊന്നുമല്ല.. ഇന്നലത്തേ ഗുസ്തീടെ ട്രോഫിയാണേ .. അടി കഴിഞ്ഞപ്പം മുതല്‍ കാണാതായതാ.. ”

പതിയെ പതിയെ എല്ലാവരുടേയും മുഖത്തെ ടെന്‍ഷന്‍, ചിരിക്കു വഴിമാറി..

കാര്യം ഇതാണ്... തലേന്ന് ഗുസ്തി കഴിഞ്ഞ് നടന്ന തല്ലില്‍‍, നാട്ടുകാരുടെ നോണ്‍-ടെക്നിക്കല്‍ ‘മെടയലിന്‘ വിധേയനായ ഏതോ ഒരു ഗുസ്തിക്കാരന്‍ പ്രതികാരാഗ്നി അണക്കാന്‍ വേണ്ടി ആറ്റിലേക്ക് ഓടിയവഴി, ഗുസ്തിട്രോഫി അടിച്ചുമാറ്റിക്കൊണ്ടുവന്ന് എറിഞ്ഞുകളഞ്ഞിട്ട് പോകുകയാണുണ്ടായത് !!!

ഒളിമ്പിക്സ് ദീപശിഖയുമായി പോകുന്ന കാത്തീഫ്രീമാനെപ്പലെ മുനിസാമി ‘വിഗ്രഹവുമായി’ കരയിലേക്ക് വന്നു... സംഭവം സ്കൂള്‍ അധികൃതര്‍ക്ക് ഹാന്റോവര്‍ ചെയ്തു...

വിഗ്രഹമല്ലെന്ന് മനസിലായിട്ടും മുനിസാമിയുടെ വിറയല്‍ മാത്രം മാറിയില്ല..
അതുപിന്നെ, ആ തണുപ്പത്ത്, അരമണിക്കൂര്‍ വെള്ളത്തില്‍ നിന്നാല്‍ ആരാ വിറക്കാത്തത്?!!!



***

കഥയില്‍ അല്പം കാര്യം:
അന്നുമുതല്‍ ഇന്ന്‌വരെ ബിവറേജ് കോര്‍പ്പറേഷന്റെ ലാഭം‌പോലെ, എല്ലാക്കൊല്ലവും കൂടുതല്‍കൂടുതല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി, ഇന്ന് കേരളകായികരംഗത്ത് ശക്തമായ സാന്നിധ്യമായ പൂഞ്ഞാര്‍ എസ്‌എം‌വി സ്കൂളിലെ മിടുക്കന്മാരായ ഗുസ്തിക്കാരുടേയും, അവരെ മുന്നില്‍ നിന്ന് നയിക്കുന്ന ഞങ്ങളുടെ ഡ്രില്ലുസാറിന്റേയും വിജയഗാഥകള്‍ക്കുമുന്നില്‍ ഈ പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ (പൂര്‍വ്വ കായികതാരത്തിന്റെ!)പ്രണാമം..